കോവിഡ് വാക്സിനേഷനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഡോ. ജോര്‍ജ് തയ്യില്‍ - ഏപ്രില്‍ 2021
എന്താണ് വാക്സിനേഷന്? കോവിഡ് വാക്സിനേഷന് എടുക്കേണ്ടത് അത്യാവശ്യമാണോ?
ശരീരത്തിലെത്തപ്പെടുന്ന ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും മറ്റു പരാദങ്ങള്‍ക്കും എതിരായി ശരീരം സൃഷ്ടിക്കുന്ന പ്രതിരോധ കവചമാണ് ഇമ്മ്യൂണിറ്റി. ശരീരത്തിന്റെ ഇമ്യൂണ്‍ വ്യവസ്ഥ ശക്തമാണെങ്കില്‍ സാംക്രമികരോഗങ്ങളെ കീഴ്പ്പെടുത്തുന്നതില്‍ വിജയിക്കുന്നു. ചില രോഗങ്ങള്‍ വന്നാല്‍ ആയുഷ്ക്കാലം ഇമ്മ്യൂണിറ്റി ഉണ്ടാകുമെന്നോര്ക്കുക. (ഉദാ. ചിക്കന്‍ പോക്സ്. പ്രായാധിക്യത്താലും പല രോഗങ്ങളാലും പ്രതിരോധശക്തി കുറഞ്ഞവരെ രോഗാണു അക്രമിച്ചാല്‍ ശരീരം മൃതപ്രായമാകുക തന്നെ ചെയ്യും. അങ്ങനെയാണ് വയോധികരെയും ഇതരരോഗബാധിതരെയും കോവിഡ് 19 കൊന്നൊടുക്കിയത്. ഇതിനുള്ള പ്രതിവിധി രോഗാണുവിന്റെ ജനിതകഘടന മനസിലാക്കി അതിനെതിരായ വാക്സിനുകള്‍ ഉത്പാദിപ്പിച്ച് ശരീരത്തില്‍ സന്നിവേശിപ്പിക്കുന്നതാണ്.
ഇതിന് നിഷ്ക്രിയമാക്കപ്പെട്ട രോഗാണുവിന്റെ അംശങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വാക്സിന്, ചിമ്പന്സികളിലെ അഡിനോ വൈറസില്‍ കൊറോണ വൈറസിന്റെ പുറംതോടിലെ സ്പൈറ്റ് പ്രോട്ടീന്‍ സന്നിവേശിപ്പിച്ച് നിര്‍മിക്കുന്നു.
നിരുപ്രദവകാരികളായ അഡിനോ വൈറസുകളെ വാഹനമായി ഉപയോഗിച്ചാണ് കോവിഡിന്റെ പ്രോട്ടീന്‍ ഘടകം മനുഷ്യശരീരത്തില്‍ കുത്തിവെക്കുന്നത്. ആദ്യത്തെ കുത്തിവെയ്പിനുശേഷം 76 ശതമാനവും രണ്ടാമത്തെ കുത്തിവെയ്പിനുശേഷം 84 ശതമാനവും കോവിഡ് വൈറസിനെ ചെറുക്കാനുള്ള പ്രതിരോധ ശക്തിയുണ്ടാകുന്നു. കുത്തിവയ്പുകള്‍ക്ക് ഇടയിലുള്ള സമയം 2-3 മാസങ്ങള്‍ വരെ നീട്ടിയാല്‍ പ്രതിരോധശക്തി വീണ്ടും വര്‍ദ്ധിക്കുന്നു.
കോവാക്സിന് പരമ്പരാഗത വാക്സിന് നിര്‍മാണ ശൈലിയിലാണു വികസിപ്പിച്ചെടുത്തത്. നിഷ്ക്രിയമാക്കിയ കൊറോണ വൈറസ് തന്നെയാണ് കോവാക്സിന്. ഇതിന്റെ കുത്തിയവയ്പ് ഏറെ ഫലപ്രദമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു.
അമേരിക്കയിലെ ഫൈസര്‍ കമ്പനി നിര്‍മ്മിക്കുന്ന വാക്സിന് വൈറസിന്റെ ജനിതകപദാര്‍ത്ഥമായ എം.ആര്.എന്‍.എ യാണ് ഉപയോഗിക്കുന്നത്. ഇതു കുത്തിവയ്ക്കുമ്പോളുണ്ടാകുന്ന പ്രതിരോധശക്തി 94 ശതമാനം വരെയാണെന്ന് അവകാശപ്പെടുന്നു. കൂടാതെ ജോണ്സണ് വാക്സിനും മോഡേര്‍ണയും റഷ്യയുടെ സ്പുട്നിക് വാക്സിനും ചൈനയുടെ സിനോവാക് വാക്സിനും വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.
കോവിഡ് രോഗം വന്നവര്‍ക്കു വാക്സിന് എടുക്കണോ?
തീര്‍ച്ചയായും. വൈറസ് ബാധയെത്തുടര്‍ന്ന് കൂടിവന്നാല്‍ 3-4 മാസത്തോളമാണു പ്രതിരോധശക്തി ഉണ്ടാകുന്നത്. അതുകൊണ്ട് രോഗം വന്നവര്‍ 3-4 മാസങ്ങള്‍ കഴിഞ്ഞ് വാക്സിന് എടുക്കണം.
വാക്സിനേഷന് കഴിഞ്ഞവര്‍ക്ക് എത്രനാള്‍ പ്രതിരോധശക്തി ലഭിക്കും? വാക്സിന് എടുത്ത ചിലര്‍ക്ക് വീണ്ടും രോഗം വരുന്നതായി കാണുന്നുണ്ടല്ലോ?
65 മുതല്‍ 95 ശതമാനം വരെ കാര്യക്ഷമതയോടെ വിവിധ വാക്സിനുകള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ശക്തമായ വൈറസ് ബാധയില്‍നിന്നു പരിരക്ഷിക്കുമെന്നാണു കണക്ക്. ഒരു വര്‍ഷമെന്നത് കൃത്യമായി പറയാന്‍ പറ്റില്ല. കാരണം ഇതേപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. വാക്സിനെടുത്തവര്‍ക്ക് ആപൂര്‍വ്വമായ വീണ്ടും രോഗബാധയുണ്ടാകാം. മാസ്കും സാമൂഹിക അകലവും കൈകഴുകലും കൃത്യമായി പാലിക്കാത്തവരിലാണ് ഇതുണ്ടാവുക. ഉദാഹരണത്തിന് വൈറസ് ലോഡ് കൂടുതലുളള ആള്‍ക്കൂട്ടങ്ങളില്‍ ചെന്നുപെട്ടാല്‍ വീണ്ടും കോവിഡ് ബാധയുണ്ടാകാം. എന്നാല്‍, വാക്സിനെടുത്തവരില്‍ രോഗതീവ്രത വളരെ കുറഞ്ഞിരിക്കും എന്നതു ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍ വാക്സിനേഷന് കഴിഞ്ഞും എല്ലാ കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുക.
വാക്സിന് എടുത്തശേഷം ഉണ്ടാകുന്ന അസ്വസ്ഥതകള്‍?
തലവേദന, ശരീരവേദന,ക്ഷീണം, അലര്‍ജി, വളരെ അപൂര്‍വ്വമായി നേരിയ പനി ഇവയുണ്ടാകാം. എന്നാല്‍, നിങ്ങളുടെ ഇമ്യൂണ്‍ വ്യവസ്ഥ സജീവമായതിന്റെ ലക്ഷണങ്ങളാണിവ. 24 മണിക്കൂര്‍ നേരം വിശ്രമിക്കുകയും ധാരാളം ചൂടുവെള്ളം കുടിക്കുകയും ഒരു പാരസെറ്റമോള്‍ ഗുളിക കഴിക്കുകയും ചെയ്താല്‍ ഈ ലക്ഷണങ്ങള്‍ മാറും.
ഹാര്‍ട്ടറ്റാക്ക്, ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി, സ്ട്രോക് തുടങ്ങിയവ കഴിഞ്ഞ് വാക്സിനേഷന് എടുക്കുന്നത് അപകടകരമാണോ?
തീര്‍ച്ചയായും അല്ല. ഹാര്‍ട്ടറ്റാക്കും സ്ട്രോക്കും കഴിഞ്ഞ് ഏതാണ്ട് 1-2 മാസങ്ങള്‍ക്കുശേഷം വാക്സിന് എടുക്കാം. ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ് സര്‍ജറിയോ കഴിഞ്ഞവര്‍ വാക്സിന് എടുക്കുന്നതില്‍ തര്‍ക്കമില്ല. തീര്‍ച്ചയായും ഇക്കൂട്ടര്‍ വാക്സിന് എടുത്തിരിക്കണം. ഹാര്‍ട്ടറ്റാക്കും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസും കഴിഞ്ഞു രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ സേവിക്കുന്നവര്‍ വാക്സിന് എടുക്കാമോ എന്നതിനെപ്പറ്റി ഏറെ തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. രക്തം നേര്‍പ്പിക്കുന്ന ആസ്പിരിന്‍, ക്ലോപിഡോഗ്രേല്‍ തുടങ്ങിയ മരുന്നുകള്‍ തുടര്‍ന്നുകൊണ്ടുതന്നെ വാക്സിന് എടുക്കണം. ഇക്കൂട്ടര്‍ക്കു വാക്സിനെടുത്താല്‍ രക്തം കട്ടിപിടിക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ഹൃദയവാല്‍വുകള്‍ മാറ്റിവച്ച രോഗികള്‍ രക്തം നേര്‍പ്പിക്കുന്ന ഔഷധങ്ങളായ വാര്‍ഫ്, അസിടുട്രാം തുടങ്ങിയവ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ പരിശോധനാ സൂചകമായ ഐ.എന്‍.ആര് 3-ല്‍ കുറഞ്ഞിരിക്കണമെന്നുണ്ട്. കൂടുതലെങ്കില്‍ കുറച്ചിട്ടു മാത്രം വാക്സിനെടുക്കുക.
അമിതരക്തസമ്മര്‍ദ്ദവും പ്രമേഹവുമുള്ളവര്ക്കു വാക്സിനെടുക്കാമോ?
ഇരുകൂട്ടരും വാക്സിനെടുക്കണം. എന്നാല്‍, കുട്ടികള്‍ക്കു പ്രമേഹബാധയുണ്ടെങ്കില് 18 വയസില്‍ കുറവായതുകൊണ്ടു വാക്സിനെടുക്കാന്‍ നിര്‍ദ്ദേശങ്ങളില്ല. 18 വയസില്‍ താഴെയുള്ളവരെ ഉള്‍പ്പെടുത്തി പഠനങ്ങള്‍ നടത്താത്തതുകൊണ്ടാണ് ഇക്കൂട്ടരെ വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നത്. അതുപോലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് എടുക്കാന്‍ പാടില്ല.
ആസ്തമയോ ശ്വാസകോശരോഗങ്ങളോ ഉള്ളവര്‍ക്ക് വാക്സിനെടുക്കുന്നതില്‍ അപകടമുണ്ടോ?
കോവിഡ് 19 ശ്വാസകോശരോഗങ്ങളെ പ്രധാനമായി ബാധിക്കുന്നതുകൊണ്ട് ഇക്കൂട്ടര്‍ നിര്‍ബന്ധമായും വാക്സിനെടുത്തിരിക്കണം.
മദ്യം അമിതായി ഉപയോഗിക്കുന്നവര്‍ക്കും കരള്‍ രോഗികള്‍ക്കും വാക്സിനെടുക്കാമോ?
ഇക്കൂട്ടരുടെ കരളിന്റെ ആരോഗ്യ മാനദണ്ഡങ്ങളായ സൂചകങ്ങളും ഐഎന്ആറും തൃപ്തികരമെങ്കില്‍ വാക്സിനെടുക്കാം. ഐ.എന്‍.ആര് 3ല്‍ താഴെയായിരിക്കണം.
ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്കു വാക്സിനെടുക്കാമോ?
ഡയാലിസിസ് ചെയ്യുന്നവര്‍ക്കും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷവും വാക്സിനെടുക്കാം. കഴിക്കുന്ന മരുന്നുകള്‍ കൃത്യമായി ചികിത്സകന്റെ നിര്‍ദ്ദേശപ്രകാരം സേവിക്കുക.
വാക്സിനെടുത്തശേഷം ഹാര്‍ട്ടറ്റാക്കും സ്ട്രോക്കും മരണവും സംഭവിച്ചെന്നു പത്രവാര്‍ത്തകള്‍ വന്നല്ലോ. ശരിയാണോ?
കോവിഡ് വാക്സിനേഷന് എടുത്തവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതകള്‍ കൂടുതലായുണ്ടായി എന്നാണു പരാതികള്‍. ഈ സംശയം വച്ചാണ് അസ്ട്രാസെനിക്ക വാക്സിനെ (ചാഡോക്സ്1, കോവിഷീല്‍ഡ്) യൂറോപ്പില്‍ നിരോധിച്ചത്. വാക്സിനെടുത്തവരില്‍ ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതായും രക്തം കട്ടപിടിക്കുന്നതായും കണ്ടു. എന്നാല്‍, ഈ കണ്ടെത്തലുകള്‍ അത്യപൂര്‍വ്വമായി ഉണ്ടായതാണെന്നും വാക്സിന് ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും ലോകാരോഗ്യസംഘടന പിന്നീടു പ്രസ്താവിച്ചു. വാക്സിനേഷനുശേഷം ഹാര്‍ട്ടറ്റാക്കും സ്ട്രോക്കും മരണവും സംഭവിച്ചെന്ന വാദം തെറ്റാണെന്നു പിന്നീട് തെളിഞ്ഞു. സാധാരണ ഉണ്ടാകേണ്ടിയിരുന്ന ഹാര്‍ട്ടറ്റാക്ക് വാക്സിനേഷനുശേഷം സംഭവിച്ചതുകൊണ്ട് അടിസ്ഥാനമില്ലാതെ അതു വാക്സിനേഷനോടു ബന്ധപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അതുപോലെ വാക്സിനേഷനെത്തുടര്‍ന്ന് മരണവും ഉണ്ടായിട്ടില്ല. കേരളത്തില്‍ വാക്സിനെടുത്തവരില്‍ ഇതുവരെ ഇത്തരം പ്രതിഭാസങ്ങള്‍ കണ്ടെത്തിയിട്ടില്ല.
പലരും കൃത്യമായി കഴിക്കേണ്ട മരുന്നുകള്‍ വാക്സിനേഷന്റെ സമയത്ത് ചികിത്സകന്റെ അനുവാദമില്ലാതെ നിര്‍ത്തുന്നു. പ്രത്യേകിച്ചും രക്തം നേര്‍പ്പിക്കുന്ന മരുന്നുകളാണ് നിര്‍ത്തുക.
കോവിഡ് ബാധ തടയാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റാങ്ങള്‍?
കൃത്യമായി മാസ്ക് ധരിക്കുകയും ആളകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കുകയും ചെയ്യുന്നതുകൂടാതെ ജീവിതശൈലിയില്‍ ക്രിയാത്മകമായ പല പരിവര്‍ത്തനങ്ങളും സ്വായത്തമാക്കണം. എട്ടു മണിക്കൂര്‍ ഉറക്കം, ധാരാളം ചൂടുവെള്ളം കുടിക്കുക, ദിവസേന വ്യായാമം ചെയ്യുക, ശുദ്ധവായു ശ്വസിക്കുക, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക, വിവിധ രോഗങ്ങളുള്ളവര്‍ ചികിത്സകന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഔഷധങ്ങള്‍ കൃത്യമായി സേവിക്കുക ഇവയെല്ലാം ഏറെ പ്രധാനം. ഹൃദ്രോഗമോ മറ്റസുഖങ്ങളോ തീവ്രമായാല്‍ ഭയപ്പെടാതെ ആശുപത്രിയിലെത്തിക്കുക. മാറ്റിവയ്ക്കാവുന്ന ചികിത്സകള്‍, ശസ്ത്രക്രിയകള്‍ വാക്സിനേഷനുശേഷം ചെയ്യുക. എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക. നല്ലതു ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഈ ഭീഷണമായ വൈറസ് വ്യാപനത്തെ നമുക്കു തീര്‍ച്ചയായും തടയനാകും. എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു മാത്രം.
(കടപ്പാട്: ദീപിക)
Send your feedback to : onlinekeralacatholic@gmail.com