മൊബൈല്‍ എന്ന ഡിജിറ്റല്‍ ഹെറോയിന്‍
ജെയ്സണ്‍ പീറ്റര്‍ - മാർച്ച് 2020
കുഞ്ഞിന്റെ കരച്ചിലടക്കാന്‍, കുട്ടികളെ അടക്കിയിരുത്താന്‍, കുട്ടികള്‍ ആഹാരം കഴിക്കണമെങ്കില്‍, കുട്ടികള്‍ക്ക് പ്രോത്സാഹനം നല്കാന് മലയാളിക്കുള്ള ഒരേയൊരു ഉപകരണമാണ് മൊബൈല്‍. കരയുന്ന കുഞ്ഞിന്റെ കൈയില്‍ മൊബൈല്‍ കൊടുത്താല്‍ കുഞ്ഞ് കരച്ചില് നിര്‍ത്തും. മൊബൈല്‍ കിട്ടിയാല്‍ കുട്ടികള്‍ ഏറെ നേരം അടങ്ങിയിരുന്നുകൊള്ളും. സത്യത്തില്‍ നാം അറിയുന്നില്ല നമ്മുടെ മക്കളെ നാം ഡിജിറ്റല്‍ ഹെറോയിന്‍ അടിമകളാക്കുകയാണെന്ന്. മൊബൈല്‍ ഉപയോഗം കുട്ടികളെ ആപ്പിലാക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ അതിമാരകമാണെന്നും മയക്കുമരുന്നിനെക്കാള്‍ അപകടകരമെന്നും വിദഗ്ദ്ധര്‍ പറയുന്നു. മയക്കുമരുന്നിന് അടിമകളായ കട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇന്ന് സ്ക്രീന്‍ അഡിക്ഷന് ചികിത്സ തേടി എത്തുന്ന കുട്ടികളുടെ എണ്ണം. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടാതെ, ടാബ്ലെറ്റ്, ലാപ്ടോപ്, ടിവി തുടങ്ങിയവയും സ്ക്രീന്‍ അഡിക്ഷന്റെ ഭാഗം തന്നെയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് സൈക്യാട്രി വിഭാഗത്തില്‍ ഇത്തരത്തില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മയക്കുമരുന്ന് അഡിക്ഷനെക്കാള്‍ ഗുരുതരമായ പ്രത്യാഘാതം കുട്ടികളിലുണ്ടാക്കുന്നതിന് അമിതമായ സ്ക്രീന്‍ ഉപയോഗത്തിനാകുമെന്ന് കുട്ടികളുടെ സ്ക്രീന്‍ ഉപയോഗത്തെക്കുറിച്ച് പഠനം നടത്തിയ പ്രമുഖ അമേരിക്കന്‍ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കര്‍ദരസ് പറയുന്നു. സിഗരറ്റ് പായ്ക്കറ്റിലും മദ്യക്കുപ്പിയിലും പതിപ്പിച്ചിരിക്കുന്ന മുന്നറിയിപ്പുപോലെ അമിതമായ സ്ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഡിജിറ്റല്‍ വിനോദോപാധിയില്‍ പതിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. സ്ക്രീന്‍ എന്നാല്‍ ഡിജിറ്റല്‍ ഹെറോയിന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ ഹെറോയിന്‍ അഡിക്ടുകളെ ചികിത്സിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് സ്ക്രീന്‍ അഡിക്ടുകളെ ചികിത്സിക്കാനെന്നും അദ്ദേഹം പറയുന്നു.
അമിതമായ സ്ക്രീന്‍ ഉപയോഗം കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൗമാരക്കാരില്‍ നാലിലൊരാള്‍ പുതിയ ടെക്നോളജിയുമായി ബന്ധപ്പെട്ട സ്വഭാവവൈകല്യങ്ങള്‍ക്ക് ഇരയാകുന്നുവെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് പറയുന്നത്.
ഒരുകാലത്ത് ഇന്റര്‍നെറ്റ് അഡിക്ഷന് ജപ്പാനിലെ കുട്ടികളെ ജ്വരം പോലെ പിടികൂടിയിരുന്നു. 1990 കളുടെ ആദ്യഘട്ടങ്ങളില്‍ ജപ്പാനിലെ കുട്ടികള്‍ ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുകയും സാമൂഹികബന്ധങ്ങളില്‍ താല്പര്യമില്ലാത്തവരായി മാറുകയും ചെയ്തുവത്രെ. അവര്‍ അതിനെ 'ഹികികൊമോറി' എന്ന് വിളിച്ചു. സങ്കീര്‍ണമായ ഈ പ്രശ്നം അവിടുത്ത 20 ലക്ഷത്തോളം കൗമാരക്കാരെ ബാധിച്ചിരുന്നു. കുട്ടികള്‍ അവരുടെ മുറികളില്‍ അടിച്ചിരുന്ന്, ഏകാന്തതയിലേയ്ക്ക് ഉള്‍വലിഞ്ഞ് ഇന്റര്‍നെറ്റിലൂടെ മാത്രം മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നു. 'ഹികികൊമോറി' എന്ന ജപ്പാന് വാക്കിന്റെ അര്‍ത്ഥം 'ഉള്ളിലേക്ക് വലിയുക', 'തടവിലാകുക' എന്നെക്കെയാണ്. അമിതമായ സ്ക്രീന്‍ ഉപയോഗം അവരെ സമൂഹത്തില്‍ നിന്ന് അവരെ ഉള്ളിലേക്ക് വലിച്ചു. അവര്‍ സ്വയം തടവറയൊരുക്കി. ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം കുട്ടികളെ മറ്റൊന്നിലും താല്പര്യമില്ലാത്തവരായി മാറ്റി. മൊബൈല്‍ ഫോണുകള്‍ കുഞ്ഞുങ്ങള്‍ക്ക് സെല്ലുകളായി മാറാതിരിക്കാന്‍ അവയുടെ ഉപയോഗം നിജപ്പെടുത്തുന്നാതാണ് ഉത്തമം.
Send your feedback to : onlinekeralacatholic@gmail.com