ചിരിക്കാന്‍ മറക്കരുതെ, ചിരി നമ്മുടെ പ്രതിരോധശേഷി കൂട്ടുമോ?
ജിയോ ജോര്‍ജ് - മെയ് 2021
ജീവിതം മുഴുവന്‍ ടെന്‍ഷന്‍ നിറഞ്ഞ് ചിരിക്കാന്‍ തന്നെ മറന്നുപോകുകയാണ് നാം. എന്നാല്‍ ചിരിയുടെ ഗുണങ്ങളെ അങ്ങനെ ചിരിച്ചു തള്ളാന്‍ വരട്ടെ. ചിരിക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വളരെ വലിയ പങ്കാണുള്ളതെന്ന് അനേകം ശാസ്ത്രീയപഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ട്. ചിരി നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ഹൃദ്രോഗം, സ്ട്രെസ്സ്, ഡിപ്രഷന് എന്നിവയെ തടയുകയും ചെയ്യുമത്രെ. എന്നുമാത്രമല്ല മറ്റുള്ളവരുമായി നല്ല ബന്ധം ഡെവലപ് ചെയ്യുന്നതിനും ഒരു ചിരി മതിയത്രെ. ചിരി നമ്മുടെ ബ്രെയിനിലെ ഡോപോമൈന്‍ അളവ് കൂട്ടുകയും നമ്മുക്ക് സന്തോഷം പകരുകയും ചെയ്യുന്നു.
നല്ല ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കില്‍, നമുക്ക് ചിരി ശാരീരികവ്യായാമം പോലെ തന്നെ ചിരി ആവശ്യമാണ്. നല്ലൊരു ചിരി നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയും നമ്മുടെ ആകുലതകളെ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് ചിരിക്കാന്‍ മറക്കരുത്.. നല്ല ഹ്യൂമര്‍ സെന്‍സ് ക്രൈസ്തവന് നല്ലതാണെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. വി. തോമസ് മൂര്‍ നല്ല രസികനായ വിശുദ്ധനായിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ വന്ന ആരച്ചാരോട് വിശുദ്ധ തോമസ് മൂര്‍ പറഞ്ഞു... എന്റെ താടി തെറ്റൊന്നും ചെയ്തില്ലല്ലോ... അതിനുശേഷം അദ്ദേഹം ആരച്ചാര്ക്ക് കഴുത്തില്‍ കത്തിവെക്കുവാനായി തന്റെ ദീക്ഷ മാറ്റിക്കൊടുത്തുവത്രെ. മരിക്കാന്‍ പോകുമ്പോഴും അദ്ദേഹം ഹ്യൂമര്‍ സെന്‍സ് കളഞ്ഞില്ല. മാത്രമല്ല, എനിക്ക് നല്ല ഹ്യൂമര്‍ സെന്‍സ് തരണമേ എന്ന് ദൈവത്തോട് അദ്ദേഹം നിരന്തരം പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും പറയപ്പെടുന്നു.
ഒരു തമാശ കേട്ടാല്‍ എല്ലാവരും ചിരിക്കും. എന്നാല്‍, ഒരു തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ അല്പം ബുദ്ധിമുട്ടാണ്. അവര്‍ക്കും കൂടിയുള്ളതാണ് സെന്റ് തോമസ് മൂറിന്റെ ഈ പ്രാര്‍ത്ഥന.
ദൈവമേ, എനിക്ക് നല്ല ഹ്യൂമര്‍ സെന്‍സ് തരണമേ. തമാശയിലൂടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കണ്ടെത്തുവാനും അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും എനിക്ക് കൃപ നല്കണമേ.
ആമേന്‍.
ചിരിക്കാന്‍ കോമഡി കാണുന്നതും കേള്‍ക്കുന്നതും നല്ലതാണ്. ഗെയിമുകള്‍ കുട്ടികള്ക്കുമാത്രമുള്ളതാണെന്ന് തെറ്റിദ്ധരിക്കാതെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ചിരിക്കാനുള്ള അവസരമായി മാറ്റാം. ഭക്തി മൂത്ത് ചിലര്‍ ചിരിക്കാന്‍ മറന്നുപോയേക്കാം. പക്ഷേ ചിരി എല്ലാവര്ക്കും നല്ലതാണ്. പ്രഭാഷകന്‍ പറയുന്നു എല്ലാത്തിനുമുണ്ട് ഒരു സമയം. അതുകൊണ്ട് ജീവിതത്തില്‍ ചിരിക്കാനുള്ള ഒരു സമയം കണ്ടെത്തുക.
Send your feedback to : onlinekeralacatholic@gmail.com