ഇടത്തോട്ടോ, വലത്തോട്ടോ ഉറക്കം?
റോയ് പോള്‍ - മേയ് 2019
ഉറക്കം വന്നാല്‍ വെട്ടിയിട്ട വാഴപോലെ ബെഡിലേക്ക് ഒരു വീഴ്ചയാണ്. പിന്നെ കിടന്നത് ഇടത്തോട്ടോ, വലത്തോട്ടെ എന്ന് നോക്കാന്‍ ആര്‍ക്കു നേരം അല്ലേ. ചിലര്‍ ഇടത്തോട്ടു തിരിഞ്ഞുകിടക്കും. ചിലര്‍ വലത്തോട്ടും, ചിലര്‍ നേരെ കിടക്കും. ചിലര്‍ ചുരുണ്ടുകൂടി കിടക്കും. ചിലര്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. പക്ഷേ, ഏതുവശത്തേക്ക് തിരിഞ്ഞുകിടക്കുന്നുവെന്നതിലും കാര്യമുണ്ടത്രെ. നന്നായി ഉറങ്ങാന്‍ കഴിഞ്ഞാല്‍ എങ്ങനെ ഉറങ്ങിയാലും നല്ലതാണ്. പക്ഷേ, തിരക്കേറിയ മണിക്കൂറുകള്‍ക്കൊടുവില്‍ നാം ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴാണ് ശരീരത്തിലെ പല അവയവങ്ങളും പണി തുടങ്ങുന്നതും, ശരീരം റീചാര്‍ജ്ജ് ചെയ്യുന്നതും ഓര്‍മ്മകള്‍ ഫയല്‍ ചെയ്യുന്നതുമൊക്കെ. ശരീരിത്തിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതിന് ഇടതുവശത്തേക്ക് തിരിഞ്ഞ് കിടക്കുന്നതാണത്രെ ഉത്തമം. അതുതന്നയൊണ് ആരോഗ്യകരമായ ഉറക്കത്തിനും ശരീരത്തിനും ഉചിതമായ പൊസിഷന്‍. അതാണ് ഉറക്കത്തിന്റെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്. വറുതെയല്ല, ഇടത്തോട്ടായാല് ഒരുപാടുണ്ട് ഗുണങ്ങള്‍:
ദഹനപ്രക്രിയ എളുപ്പമാക്കുന്നു
ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചാല്‍ ദഹിക്കില്ല, തടികൂടും എന്നൊക്കെ പലരും പറയാറുണ്ട്. എന്നാല്‍ ഉറങ്ങുമ്പോഴും ദഹനം പതിയെ നടന്നുകൊണ്ടിരിക്കും. ഇടുതുവശത്തേക്ക് തിരിഞ്ഞുകിടക്കുകയാണെങ്കില് ദഹനപ്രക്രിയ കുടുതല്‍ എളുപ്പത്തിലാകും.
ഹൃദയത്തിന് വിശ്രമം നല്കുന്നു
ഉണര്‍വിലും ഉറക്കത്തിലും ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും. ഇടതുവശത്തേയ്ക്ക് തിരിഞ്ഞുകിടക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആയാസരഹിതമാകും. കാരണം ഗുരുത്വാര്‍ഷണം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തെ സഹായിക്കുന്നതിനാല്‍ ഹൃദയത്തിന് വളരെ കുറച്ച് അദ്ധ്വാനിച്ചാല്‍ മതിയാകും.
നടുവേദനയില്‍ നിന്ന് ആശ്വാസം നല്‍കും
ഉറക്കമെഴുന്നേറ്റ് വരുമ്പോള്‍ പലര്‍ക്കും കഴുത്തിനും നടുവിനുമൊക്കെ വേദനയായിരിക്കും. കാരണം കിടപ്പുദോഷം തന്നെ. ഇടതുവശത്തേക്ക് തിരിഞ്ഞ് കിടക്കുമ്പോള്‍ നട്ടെല്ലിന് സ്ട്രെസ് കുറയും. ബാക്ക് പെയ്ന് ഉണ്ടാവുകയുമില്ല.
ലിംഫാറ്റിക് സിസ്റ്റത്തെ സഹായിക്കും
ശരീരത്തെ ശുദ്ധിയാക്കുകയും ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ടോക്സിന്‍സും വെയ്സ്റ്റും ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യുന്ന ലിംഫാറ്റിക് സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇടതുവശത്തേക്ക് തിരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് ഉത്തമം.
നെഞ്ചരിച്ചില്‍ കുറയ്ക്കും
രാത്രി വൈകി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയാല്‍ ദഹനരസങ്ങള്‍ അന്നനാളത്തിലെത്തുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യും. എന്നാല്‍, ഇടതുവശത്തേക്ക് തിരിഞ്ഞ് കിടന്നുറങ്ങിയാല്‍ അതിനുള്ള സാധ്യത കുറവാണത്രെ.
കൂര്‍ക്കം വലി കുറയ്ക്കും
കുര്‍ക്കം വലിക്കുന്നവരെ ഇടത്തുവശത്തേക്ക് തിരിച്ചുകിടത്തിയാല് കൂര്‍ക്കം വലി കുറയും. കാരണം, ഇടതുവശത്തേക്ക് കിടക്കുമ്പോള്‍ നാക്കും തൊണ്ടയും ന്യൂട്രല്‍ പൊസിഷിനിലായിരിക്കുകയും എയര്‍വേയ്സ് ക്ലിയറായിരിക്കുകയും ചെയ്യും.
ചായ് വ് ഇടത്തോ, വലത്തോ ആണെങ്കിലും കിടപ്പ് ഇടത്താണ് നല്ലത്. ഇടതാണെങ്കില്‍ ഉറക്കം ആരോഗ്യകരമാകും. രോഗങ്ങള്‍ കുറയുകയും ചെയ്യും.
Send your feedback to : onlinekeralacatholic@gmail.com