നാട്ടുവൈദ്യത്തിന്റെ സുവിശേഷവുമായി ഊരുചുറ്റുന്ന സിസ്റ്ററമ്മ
ജോര്‍ജ് .കെ. ജെ - ജൂണ്‍ 2020
വയനാടന്‍ കുന്നുകളിലും നീലഗിരി മലമടക്കുകളിലും സ്നേഹത്തിന്റെ സുവിശേഷവും പാരമ്പര്യവൈദ്യത്തിന്റെ കൈപുണ്യവുമായി ഊരുചുറ്റുന്ന ക്രിസ്തുവിന്റെ മണവാട്ടിയാണ് സി. ഇന്നസെന്റ്. പുണ്യചരിതനായ വര്‍ക്കിയച്ചനാല്‍ സ്ഥാപിതമായ എം.എസ്.എം.ഐ സഭാഗമായ സി. ഇന്നസെന്റിന്റെ നിസ്തുലമായ ആതുരസേവനം നാലര പതിറ്റാണ്ട് പിന്നിടുന്നു. പാരമ്പര്യവൈദ്യത്തിന്റെ നډയുമായി രോഗികളെ തേടിയിറങ്ങുന്ന സി. ഇന്നസെന്റിന്റെ ജീവിതം തികച്ചും വേറിട്ടതാണ്.
ഓള്‍ട്ടര്‍നേറ്റീവ് ഹെല്‍ത്ത്കെയര്‍ രംഗത്തും അതിന്റെ പ്രചാരണത്തിലും സിസ്റ്റര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല. പാരമ്പര്യവൈദ്യരംഗത്ത് പൈതൃകമായി കിട്ടിയ ഔഷധക്കൂട്ടുകള്‍ കൊണ്ട് സാധാരണക്കാരായ മനുഷ്യരുടെ വേദനകള്‍ അകറ്റുവാന്‍ കഴിഞ്ഞുവെന്നുള്ളതാണ് സിസ്റ്ററമ്മയുടെ സമര്‍പ്പണജീവിതത്തിന്റെ തിളക്കം കൂട്ടുന്നത്. പ്രകൃതിയെയും മനുഷ്യരെയും അറിഞ്ഞ് പരമ്പരാഗതമായ ഔഷധക്കൂട്ടുകള്‍ കണ്ടെത്തി ആയിരക്കണക്കിന് രോഗികളുടെ വേദനയകറ്റിയ വ്യക്തിയാണ് സി. ഇന്നസെന്റ്.
നിങ്ങള്‍ വലിയ ആസ്പത്രികളല്ല. ചെറിയ ചെറിയ ക്ലിനിക്കുകള്‍ തുടങ്ങുക, എങ്കിലേ സാധാരണക്കാര്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകു എന്ന സഭാസ്ഥാപകനായ വര്‍ക്കിയച്ചന്റെ വാക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് സി. ഇന്നസെന്റ് നാട്ടുവൈദ്യത്തിന്റെ നډയുമായി ആദിവാസികളുടെയും സാധാരണക്കാരുടെയും ജീവിതത്തിലേക്ക് നടന്നുകയറിയത്.
1975 ല്‍ ഗൂഡല്ലൂരിലെ കുടിയിറക്കിന്റെ കാലത്താണ് സിസ്റ്റര്‍ ആവൃതിക്കുള്ളില്‍ നിന്നും സാധാരണക്കാരുടെ ജീവിത പ്രതിസന്ധികളിലേക്ക് കടന്നുവന്നത്. കര്‍ഷകരുടെ വിയര്‍പ്പില്‍ കുതിര്‍ന്ന വിളകള്‍ നശിപ്പിക്കാന്‍ വന്ന പോലീസിനും വനപാലകര്ക്കമെതിരേ വൈദികര്‍ക്കൊപ്പം സമരം നയിച്ച സി. ഇന്നസെന്റ് കര്‍ഷകരോടൊപ്പം സമരമുഖത്തണിചേര്ന്നു. ഒടുവില്‍ സിസ്റ്ററിനെ പോലീസിന് വീട്ടുതടങ്കലിലാക്കേണ്ടിവന്നു. സമരരംഗത്തുനിന്നു ലഭിച്ച ഊര്‍ജ്ജവുമായി സിസ്റ്റര്‍ കാലെടുത്തുവെച്ചത് ആതുരസേവനരംഗത്തേയ്ക്കായിരുന്നു. കുടിയേറ്റ മേഖലകളിലെ വീടുകളിലേക്ക് കാടും മേടും കയറിയിറങ്ങിയുള്ള യാത്രകള്‍ ആരംഭിച്ചു. ദിവസവും ചുരുങ്ങിയത് 20 കിമി വരെ കാനനവഴികളിലൂടെ നടക്കേണ്ടിയിരുന്നു. ആനകളിറങ്ങുന്ന വഴിത്താരകളിലൂടെ സിസ്റ്റര്‍ പാവപ്പെട്ടവരെ തേടിച്ചെന്നു അവരുടെ കണ്ണീരൊപ്പുവാന്‍. സാമ്പത്തിക പരാധീനതകളും രോഗങ്ങളും കുടിയിറക്കല്‍ ഭീഷണിയും കുടുംബങ്ങളുടെ താളം തകര്‍ക്കുന്നുവെന്ന് മനസിലാക്കിയ സിസ്റ്റര്‍ സഹസന്യാസിനിമാരുടെ സഹായത്തോടെ കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിച്ചു. അലോപ്പതി മരുന്നുമായി ചെറിയ ഡിസ്പെന്‍സറി ആരംഭിച്ച് സൗജന്യ ചികിത്സ ആരംഭിച്ചു. അലോപ്പതി മരുന്ന് ചെലവേറിയതോടെ ആയുര്‍വേദ മരുന്നുകളിലേക്ക് മാറി.
വയനാട്ടിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച സിസ്റ്ററിനെ അവര്‍ അമ്മ എന്നാണ് വിളിച്ചിരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നു താനും. ഓരോ രോഗിയെയും അവരുടെ ചെറ്റക്കുടിലുകളില്‍ ചെന്ന് സ്വന്തം അമ്മയെ പോലെ പരിചരിച്ച സിസ്റ്ററിനെ മറ്റേതുവാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായിരുന്ന അരിവാള്‍ രോഗത്തിന് ആയുര്‍വേദത്തില്‍ ഔഷധക്കൂട്ട് വികസിപ്പിച്ചെടുത്ത് മരുന്നുമായി രോഗികളുടെ കുടിലുകളിലെത്തി അവര്‍ക്ക് മരുന്നു നല്കി. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മലേറിയ വ്യാപകമായ കാലത്ത് സര്‍ക്കാര്‍ നല്കിയ പ്രതിരോധമരുന്നുമായി സി. അവരുടെ വീടുകളിലെത്തി. ആദിവാസികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് കണ്ടെത്തിയ സിസ്റ്റര്‍് കാത്തലിക് റിലീഫ് സര്‍വീസ് മുഖേന പോഷകാഹാരവിതരണം ആരംഭിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഹെല്‍ത്ത് കോ-ഓര്ഡിനറ്ററായി സേവനം ചെയ്യുന്ന കാലത്ത് ആദിവാസി കോളനികള്‍ തോറും കയറിയിറങ്ങി നാട്ടുുമരുന്നുകള് ഉണ്ടാക്കുവാന്‍ അവരെ പഠിപ്പിച്ചു. ആദിവാസികള്‍ക്കിടയില്‍ ബോധവത്ക്കരണവും കൗസിലിംഗും നടത്തി.
40 വര്‍ഷത്തോളം അരിവാള്‍ രോഗത്തെ സംബന്ധിച്ചു പഠനം നടത്തിയ സി.ഇന്നസെന്റിന് നാട്ടുവൈദ്യപ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം കിട്ടി. ഇതിന്റെ തുടര്‍ച്ചയായി 1986 ല്‍ ജപ്പാനിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം ലഭിച്ചു. രാജ്യത്തിനകത്തും പുറത്തുമായി രണ്ടായിരത്തോളം ക്ലാസുകളും പരിശീലനപരിപാടികളും നടത്തിയിട്ടുണ്ട്. ഗ്രാമങ്ങള്‍ തോറും പരമ്പരാഗത വൈദ്യചികിത്സ പ്രചരിപ്പിക്കുതിനായി ഡിപ്പാര്‍ട്ടമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായി സിസ്റ്റര്‍ സേവനം ചെയ്യുവാനും അവസരം ലഭിച്ചു. ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും സി. ഇന്നസെന്റിന് അവസരം കിട്ടി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പൊതുജനപങ്കാളിത്തത്തോടെ നാട്ടുമരുന്നു ബോധവത്ക്കരണവും പ്രതിരോധമരുന്നു നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച സ്വാസ്ഥ്യം പ്രോജക്റ്റിനും സിസ്റ്റര്‍ നേതൃത്വം നല്കി.
ആയൂര്‍വേദ വൈദ്യകുടുംബമായിരുന്നു സിസ്റ്ററുടേത്. കോട്ടയം കടപ്ലാമറ്റം വല്യഅയ്യങ്കനാല് ജോസഫ് -ഏലിക്കുട്ടി ദമ്പതികളുടെ മകളായി 1944 ല്‍ ആണ് സി. ഇസെന്റിന്റെ ജനനം. അഞ്ചാം വയസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കണ്ണൂരിലെ ചെമ്പേരിയിലേക്ക് കുടിയേറി. പിതാവ് ജോസഫ് സ്വാതന്ത്ര്യസമരസേനാനിയും ചെമ്പേരി പഞ്ചായത്തംഗവുമായിരുന്നു. കുടിയേറ്റകാലത്ത് മലമ്പനി ബാധിതര്‍ക്ക് ഹെര്‍ബോ-മിനറല്‍ ഗുളികകള്‍ ശേഖരിച്ച് അദ്ദേഹം വിതരണം ചെയ്തിരുന്നു. പിതാവിന്റെ ചിന്താഗതികളും സാമൂഹികപ്രതിബദ്ധതയും തന്നെ വളരെയധികം സ്വാധീനിച്ചിരുുവെന്ന് സി. ഇന്നസെന്റ് പറയുന്നു.
സഭാനിയമങ്ങള്‍ തന്റെ സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും കൂച്ചുവിലങ്ങിട്ടില്ലെന്നും മറിച്ച് ശക്തിപകരുക മാത്രമാണ് ചെയ്തിട്ടുളളതെന്നും സിസ്റ്റര്‍ ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നു. സഭയുടെ നിയമങ്ങള്‍ ഒരിക്കലും എന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലാതാക്കിയിട്ടില്ല. പല ത്യാഗങ്ങളും സഹിക്കേണ്ടിവന്നേക്കാം. കാരണം ദൈവം നമ്മെ ഏല്പിച്ച കാര്യങ്ങള്‍ നിയമം അനുസരിച്ചും സഭയുടെ നിയമങ്ങള്‍ അനുശാസിക്കുന്ന വിധത്തിലും ചെയ്യുമ്പോള്‍ മാത്രമേ അത് ദൈവസ്നേഹപ്രവര്ത്തിയാകു. അല്ലെങ്കില്‍ അത് വെറും വ്യക്തിപ്രവര്ത്തനം മാത്രമായി അധപതിക്കും. സന്യാസത്തില്‍ സ്വാതന്ത്ര്യം ഇല്ലെന്ന് വിലപിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന വിവേകശൂന്യരായ കന്യകമാരും ഉള്ള ഈ കാലത്ത് സിസ്റ്റര്‍ ഇന്നസെന്റിന്റെ ജീവിതം കാലാതീതമായ സുവിശേഷമാണ്.
ഇപ്പോള്‍ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍ വിമലമേരി കോണ്‍വെന്റില്‍ വിശ്രമനാളുകളിലാണെങ്കിലും വിശ്രമമേതുമില്ലാതെ സേവനം ചെയ്യുകയാണ് സിസ്റ്റര്‍. ലോക്ക് ഡൗണ്‍ നാളുകളില്‍ പോലും സിസ്റ്റര്‍ തിരക്കിലായിരുന്നു. ദിവസവും അമ്പതുപേരെങ്കിലും സിസ്റ്ററിനെ വിളിക്കും. ടെലിഫോണിലൂടെ പ്രതിരോധമരുന്നുകളും ഔഷധക്കൂട്ടുകളും സിസ്റ്റര്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കും.
Send your feedback to : onlinekeralacatholic@gmail.com