നിങ്ങളെ ശരിക്കും സുന്ദരനോ സുന്ദരിയോ ആക്കുന്ന 10 സ്വഭാവഗുണങ്ങള്‍
ജിയോ ജോര്‍ജ് - ഏപ്രില്‍ 2024
സൗന്ദര്യത്തെക്കുറിച്ച് അമിതമായി ആകുലപ്പെടുന്നവരാണോ നിങ്ങള്‍. സൗന്ദര്യം എന്നാല്‍ വെറും ബാഹ്യമോടി മാത്രമാണോ? ഒരു വ്യക്തിയുടെ സൗന്ദര്യത്തില്‍ ആ്ന്തരികസൗന്ദര്യത്തിന് എന്തെങ്കിലും സ്ഥാനമുണ്ടോ.. ഉണ്ട് എന്നതാണ് സത്യം. ബാഹ്യസൗന്ദര്യം പ്രായമാകുന്തോറും ചുക്കിച്ചുളിയും എന്നാല്‍ ആന്തരികസൗന്ദര്യം കാലം ചെല്ലുന്തോറും കൂടിക്കൂടിവരും. സത്യത്തില്‍ നമ്മെ മറ്റുള്ളവരുടെ കണ്ണില്‍ സുന്ദരനോ, സുന്ദരിയോ ആക്കുന്നത് വെറും ബാഹ്യമായ ഫീച്ചറുകളല്ല, മറിച്ച് വിലമതിക്കപ്പെടാനാവാത്ത സ്വഭാവഗുണങ്ങള്‍ കൂടിയാണ് എന്നതാണ് സത്യം. ആന്തരികസൗന്ദര്യം ഊജ്ജീവിപ്പിക്കുന്നില്ലെങ്കില് ബാഹ്യസൗന്ദര്യം അപൂര്‍ണമാണ്. ആത്മാവിന്റെ സൗന്ദര്യം ശരീരത്തിന്റെ സൗന്ദര്യത്തിനുമേല്‍ രഹസ്യാത്മകമായ ഒരു പ്രകാശം പോലെ പരന്നുകിടക്കുന്നുവെന്ന് വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ സെല്‍ഫിയുടെ കാലത്ത്, നാം അനിവാര്യമായിട്ടുള്ള ആന്തരികസൗന്ദര്യത്തെ വിസ്മരിക്കുകയും ബാഹ്യസൗന്ദര്യത്തെ പ്രണയിക്കുകയും ചെയ്യുന്നു. ആന്തരികസൗന്ദര്യം എന്നത് കാണാന്‍ കഴിയില്ലെങ്കിലും നമ്മുടെ പേര്‍സണാലിറ്റിയുടെ അഭിവാജ്യഘടകം തന്നെയാണ്. നമ്മുടെ ബാഹ്യസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ആന്തരികസൗന്ദര്യത്തിന് എന്തെങ്കിലും കണക്ഷനുണ്ടോ. ശരിക്കും നമ്മെ മറ്റുള്ളവരുടെ കണ്ണില്‍ സൗന്ദര്യമുള്ളവരാക്കുന്ന സ്വഭാവവിശേഷങ്ങള്‍ ഇതാണ്....
1. ഉത്സാഹം
ഏപ്പോഴും ഉത്സാഹഭരിതരായിരിക്കുന്നവരെ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു ശിശുവിനെപ്പോലെ ചെറിയ കാര്യങ്ങളില്‍പോലും സന്തോഷം കണ്ടെത്തുവാനും അതിന്റെ മൂല്യത്തെ അഭിനന്ദിക്കുവാനുമുള്ള കഴിവാണത്. നമ്മുടെ ആത്മാവില്‍ നിന്നും പുറപ്പെടുന്ന ലാളിത്യവും മൃദുലതയും അതുപോലെ തന്നെ ഭയരഹിതമായി പ്രകടിപ്പിക്കുവാനുമുള്ള കഴിവാണത്.
2. മറ്റുളളവരോടുള്ള പരിഗണന
മറ്റുള്ളവര്‍ നിങ്ങളോട് എന്തു ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ മറ്റുള്ളവരോടും ചെയ്യുക എന്നാണ് സുവിശേഷത്തില്‍ പറയുന്നത്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും മറ്റുള്ളവരെ സ്നേഹിക്കുക.. മറ്റുള്ളവരെ സ്നേഹിക്കുകയും അവരുടെ നന്മ മാത്രം ആഗ്രഹിക്കുകയും ചെയ്യുന്ന സ്വഭാവഗുണമുള്ളവരാണോ നിങ്ങള്‍, എങ്കില്‍ അത് നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.
3. എളിമ
എളിമ പലപ്പോഴും ബലഹീനതയായിട്ടാണ് വ്യാഖാനിക്കപ്പെടുതെങ്കിലും സത്യത്തില്‍ എളിമ സൗന്ദര്യവും ലാളിത്യവും വളര്‍ത്തുന്നു. എളിമയിലാണ് നാം ആത്മീയ ജീവിതത്തിന്റെ അടിത്തറ പണിയേണ്ടത്. എളിമയുള്ളവര്‍ക്ക് എ്ല്ലാവരെയും ആകര്‍ഷിക്കുവാന്‍ കഴിയുന്നു.
4. സഹാനുഭൂതി
മറ്റുള്ളവരോടുള്ള പരിഗണന ഹൃദയത്തിന്റെ ഭാഷയാണ്. മറ്റുള്ളവര്‍ കടന്നുപോകുന്ന സാഹചര്യങ്ങളെ മനസ്സിലാക്കുക എന്നതാണ് സഹാനുഭൂതി. മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും അവരുടെ ദുഖം അവരെപ്പോലെ അനുഭവിക്കുകയും ചെയ്യുവാന്‍ കഴിയുന്ന അവസ്ഥയാണത്. സഹാനുഭൂതി മറ്റുള്ളവര്‍ക്ക് നമ്മെ ഹൃദയം തുറന്ന് നമ്മെ സ്നേഹിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും സഹായിക്കുന്നു.
5. സമഗ്രത
ഒരു വ്യക്തിയുടെ ശക്തിയും വിശ്വാസവും സമഗ്രതയില്‍ നിന്നാണ് ഉറവയെടുക്കുന്നത്. സമഗ്രത എന്ന് പറയുന്നത് നമ്മോടു തന്നെ സത്യസന്ധരായിരിക്കുന്നതും, നാം എന്താണോ അത് പുറത്തുകാണിക്കുന്നതിലും നാം വിശ്വസിക്കുന്നത് പ്രകടിപ്പിക്കുന്നതിലും ഒരു മടിയും കാണിക്കാത്ത പ്രകൃതമാണ്. മറ്റുള്ളവരെ കളിപ്പിക്കുക, പ്രതികാരം ചെയ്യുക, സത്യസന്ധതയില്ലാതെ പെരുമാറുക എന്നിവയൊക്കെ ഒഴിവാക്കുന്നതാണ്. ഈ ഗുണമുണ്ടെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരുടെ കണ്ണില്‍ ശരിക്കും സുന്ദരനോ, സുന്ദരിയോ ആണ്.
6. ആന്തരികസമാധാനം
മറ്റുള്ളവരോട് ശാന്തതയോടെയും ബഹുമാനത്തോടെയും പെരുമാറുവാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. അത് നമ്മുടെ വാക്കുകളിലും പ്രവര്‍ത്തിയിലുമുള്ള സമാധാനമാണ് പ്രതിഫലിപ്പിക്കുന്നത്. ആന്തരിക സമാധാനം അനുഭവിക്കുന്ന വ്യക്തികള്‍ക്ക് അത് മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുവാനും സന്തോഷം പകരുവാനും സാധിക്കും.
7. ആധികാരികത
ആധികാരികമായിരിക്കുക എന്നാല്‍ സത്യസന്ധത, സുതാര്യത, ആത്മാര്‍ത്ഥത എന്നിവയെ തിരഞ്ഞെടുക്കുക എന്നതാണ്. അതായത്, നാമായിരിക്കുന്ന അവസ്ഥ അംഗീകരിച്ച്, കാപട്യമില്ലാതെ, നമ്മുടെ ചിന്തകളും വികാരങ്ങളും മൂല്യങ്ങളും താല്പര്യങ്ങളും വിശ്വാസങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ നാം ആധികാരികതയുള്ളവരാണ്. മറ്റുള്ളവര്‍ നമ്മുടെ വ്യക്തിത്വത്തില്‍ ആകര്‍ഷിക്കപ്പെടുവാന്‍ അത് ഒരു കാരണവുമാണ്.
8. ധൈര്യം
ധൈര്യം എന്ന വാക്ക് വരുന്നത് ലത്തീന്‍ ഭാഷയിലെ കോര്‍ എന്ന വാക്കില്‍ നിന്നാണ്. അതിനര്‍ത്ഥം ഹാര്‍ട്ട് എന്നാണ്. ധൈര്യം എന്നത് ഹൃദയത്തിന്റെ പുണ്യമാണ്. അപകടങ്ങളിലും സഹനങ്ങളിലും തിരിച്ചടികളിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും നമ്മുടെ ഭയത്തെ കീഴടക്കുന്നതിനുള്ള നമ്മുടെ സ്വഭാവസവിശേഷതയാണ്. ധൈര്യമുള്ളവരെ എല്ലാവര്ക്കും ഇഷ്ടമായിരിക്കും.
9. ആനന്ദഭാവം
വാക്കുകള്‍ക്കതീതമായി നമ്മുടെ ഒരു നോട്ടമോ, പുഞ്ചിരിയോ കൊണ്ട് പൂര്‍ണമായും നമ്മില്‍ നിന്നും അന്യമായിരിക്കുന്ന അപരന്റെ രഹസ്യത്തിന്റെ വാതില്‍ തുറക്കാനാകും. നമ്മുടെ ഉള്ളില്‍ സ്ഥായിയായ ഒരു ആനന്ദഭാവം അഥവാ സന്തോഷം നിലകൊള്ളുന്നുണ്ടെങ്കില്‍ അത് മറ്റുള്ളവരെ നമ്മിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കും.
10. ദൈവിക ഭാവം
ദൈവം നമ്മെ അവിടുത്തെ സാദൃശ്യത്തിലാണ് സൃഷ്ടിച്ചത്. നമ്മുടെ ചിന്തകളിലും വാക്കിലും പ്രവൃത്തിയിലും നാം ആ ദൈവികഭാവം പ്രതിഫലിപ്പിക്കുന്നുവെങ്കില് അത് നമ്മുടെ സന്ദര്യത്തിന് മോടി കൂട്ടും. അതുകൊണ്ട് നമ്മുടെ ഉള്ളിലുള്ള ദൈവികചൈതന്യത്തെ പ്രസരിപ്പിക്കുന്നവരായിരിക്കുക. അപ്പോള്‍ നാം യഥാര്‍ത്ഥ സൗന്ദര്യമുള്ളവരായിത്തീരും.
Send your feedback to : onlinekeralacatholic@gmail.com