മൊബൈല്‍ കൊണ്ടു വരും ടെക്സ്റ്റ് നെക്
ജിയോ ജോര്‍ജ് - മേയ് 2019
മൊബൈലില്‍ മണിക്കൂറുകളോളം ടെക്സ്റ്റ് ചെയ്തും ചാറ്റു ചെയ്തും സമയം കളയുന്നവര്‍ സൂക്ഷിക്കുക. നിരന്തരമായ ടെക്സ്റ്റിംഗ് കഴുത്തിന് എട്ടിന്റെ പണി തരുമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകത്തിലെ 3.4 ബില്യണ്‍ സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളും ഓരോ പ്രാവശ്യം മെസേജ് ടൈപ്പ് ചെയ്യുമ്പോഴും അവനവന്റെ കഴുത്തിന് തന്നെ പണികൊടുക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.
ടെക്സ്റ്റ് നെക് എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം നട്ടെല്ലില്‍ സ്ട്രെസുണ്ടാക്കുന്നുവെന്ന് മാത്രമല്ല കഴുത്തിന്റെ സ്വഭാവികമായ വളവിനെ മാറ്റുകയും കഴുത്തിലെ സോഫ്റ്റ് ടിഷ്യൂസിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നു. അമിതമായ മൊബൈല്‍ ഉപയോഗം മൂലം യുവാക്കള്‍ക്ക് കഴുത്തുവേദനയും നടുവേദനയുമൊക്കെ മുതിര്‍ന്ന തലമുറയെ അപേക്ഷിച്ച് നേരത്തെ എത്തുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
തായ്ലാന്‍ഡിലെ കോണ്‍ കെയ്ന്‍ യുനിവേഴ്സിറ്റിയിലെയും യുനിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെയും ഗവേക്ഷകരാണ് പഠനം നടത്തിയത്. 18നും 25നും ഇടയിലുള്ള 30 സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളിലാണ് പഠനം നടത്തിയത്. കഴുത്തിനും ശരീരത്തിനും കാലുകള്‍ക്കും നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ മസ്കുലോസ്കെലിറ്റല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ കോണ്‍ കെയ്ന്‍ യുനവേഴ്സിറ്റിയിലെ സുവാലി നാംവോണ്ഗ്സ പറയുന്നു.
സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്വീകരിക്കുന്ന തെറ്റായ പോസ്ചറുകള്‍ കഴുത്തിലെ കശേരുക്കളെ ദോഷകരമായി ബാധിക്കുന്നു. സ്മാര്‍ട് ഫോണില്‍ മെസേജ് ടൈപ്പ് ചെയ്യുമ്പോഴും വായിക്കുമ്പോഴും നാം കഴുത്ത് അസ്വഭാവികമായ രീതിയില്‍ അല്പം മുന്നോട്ട് നീട്ടിപിടിക്കുന്നു. അത് കഴുത്തിലെ കശേരുക്കളില്‍ അസന്തുലിതമായ വിധത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും വേദനയക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് യുനിവേഴ്സിറ്റി ഓഫ് ഓസ്ട്രേലിയിലെ ഫിസിയോതെറാപ്പിസ്റ്റ് റോസ് ബൗക്കൗട് പറയുന്നു.
തായ് യുനിവേഴ്സിറ്റിയിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളായ 779 വിദ്യാര്‍ത്ഥികളില്‍ 32 ശതമാനം പേര് കഴുത്തിന് വേദനയുള്ളവരും 26 ശതമാനം പേര്‍ക്ക് തോളിനും 20 ശതമാനം പേര്‍ക്ക് നടുവിനും 19 ശതമാനം പേര്‍ക്ക് കൈയ്ക്കും വേദനയുണ്ടെന്നും കണ്ടെത്തി.
Send your feedback to : onlinekeralacatholic@gmail.com