തിരുഹൃദയ ഭക്തര്‍ക്ക് ഈശോ നല്കുന്ന 12 വാഗ്ദാനങ്ങള്‍ എന്താണെന്നറിയാമോ
ബോബന് എബ്രാഹം - ഫെബ്രുവരി 2021
ഈശോയുടെ തിരുഹൃദയ ഭക്തി ഇന്ന് വളരെ പ്രചാരം നേടിക്കഴിഞ്ഞു. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ ആരംഭം 12-ാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. വി. ഫ്രാന്‍സിസ് അസീസ്സി സ്ഥാപിച്ച ഫ്രാന്‍സിസ്ക്കന്‍ സഭാഗംങ്ങള്‍ തിരുഹൃദയത്തോട് സവിശേഷഭക്തിയുള്ളവരായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 17-ാം നൂറ്റാണ്ടില്‍ വി. മേരി അലക്കോക്കിന് ഈശോ നല്കിയ ദര്‍ശനങ്ങളുടെ വെളിച്ചത്തിലാണ് സഭയില്‍ തിരുഹൃദയഭക്തി കൂടുതല്‍ പ്രചാരം നേടിയത്. ഈശോയുടെ തിരുഹൃദയഭക്തി എങ്ങനെ ആചരിക്കണമെന്നതിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പോലും ഈശോ തനിക്ക് നല്‍കിയിരുന്നുവെന്ന് വിശുദ്ധ സാക്ഷ്യപ്പെടുത്തുന്നു. ആ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ രേഖപ്പെടുത്തുകയും പിന്നീട് അത് പുസ്തകരൂപത്തിലാക്കുകയും ചെയ്തു. ആ പുസ്തകം പെട്ടെന്നുതന്നെ ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ലോകം മുഴുവനിലും പ്രചരിച്ചു. 19-ാം നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ട മേരി ഓഫ് ദ ഡിവൈന്‍ ഹാര്‍ട്ട് എന്ന കന്യാസ്ത്രിക്ക് തനിക്ക് ലഭിച്ച ഈശോയുടെ ദര്‍ശനമനുസരിച്ച് ലോകം മുഴുവനെയും ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുവാന്‍ ഈശോ ആവശ്യപ്പെട്ടുവെന്നറിയിച്ചുകൊണ്ട് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയ്ക്ക് കത്തെഴുതി. ആദ്യം പോപ്പ് സംശയിച്ചുവെങ്കിലും 1899 ജൂണ്‍ 11 ന് മാര്‍പാപ്പ ലോകം മുഴുവനെയും ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു. എന്നാല്‍ വാഴ്ത്തപ്പെട്ട മേരി അതിന് 3 ദിവസം മുമ്പേ ജൂണ്‍ 8 ന് തിരുഹൃദയത്തിരുന്നാള്‍ ദിനത്തില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തു.
ഈശോയുടെ തിരുഹൃദയദര്‍ശനം അനേകം വിശുദ്ധര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച സ്വകാര്യവെളിപാടുകളുടെ വെളിച്ചത്തിലായിരുന്നു ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചുരപ്രചാരം നേടിയത്. തന്റെ തിരുഹൃദയ ഭക്തി ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഈശോ നല്കിയ 12 വാഗ്ദാനങ്ങള്‍ ഇതാ...
1. ഓരോരുത്തരുടെയും ജീവിതാന്തസ്സിന് യോജിച്ച കൃപാവരം ഞാന്‍ നല്‍കും.
2. അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും
3. അവരുടെ കഷ്ടപ്പാടുകളില്‍ അവരെ ആശ്വസിപ്പിക്കും
4. ജീവിതകാലത്തും അതിലുപരി മരണശേഷവും ഞാന്‍ അവരുടെ സുരക്ഷിതമായ ആശ്രമായിരിക്കും
5. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ വലിയ അനുഗ്രഹങ്ങള്‍ വര്‍ഷിക്കും.
6. പാപികള്‍ എന്റെ ഹൃദയത്തില്‍ കരുണയുടെ ഉറവയും കടലും കണ്ടെത്തും
7. മന്ദോഷ്ണമായ ആത്മാക്കള്‍ കൂടുതല്‍ തീക്ഷണതയുള്ളതാകും
8. തീക്ഷണമതികളായ ആത്മാക്കള്‍ പരിപൂര്‍ണതയുടെ ഉന്നതിയിലെത്തും
9. എന്റെ തിരുഹൃദയത്തിന്റെ പടം പ്രദര്‍ശിപ്പിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന ഭവനങ്ങളെ ഞാന്‍ അനുഗ്രഹിക്കും
10. വൈദികര്‍ക്ക് ഞാന്‍ അതികഠിനമായ ഹൃദയങ്ങളെപ്പോലും സ്പര്‍ശിക്കുന്നതിനുള്ള കൃപ നല്‍കും.
11. തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ പേര് എന്റെ ഹൃദയത്തിലെഴുതപ്പെടും.
12. എന്റെ ഹൃദയത്തിന്റെ അപാരമായ കരുണയില്‍ നിന്നും ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു..എന്റെ അതിശക്തമായ സ്നേഹത്താല്‍, 9 ആദി വെള്ളിയാഴചകളില്‍ അടുപ്പിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് ഞാന്‍ അവസാനം വരെ പിടിച്ചുനില്‍ക്കുന്നതിനുള്ള കൃപ നല്‍കും. അവര്‍ എന്റെ കൃപയില്ലാതെയും കൂദാശകള്‍ സ്വീകരിക്കാതെയും മരിക്കാനിടയാകില്ല. എന്റെ ദിവ്യഹൃദയം അവരുടെ അവരുടെ അവസാന നിമിഷങ്ങളില്‍ സുരക്ഷിതമായ അഭയകേന്ദ്രമായിരിക്കും.
Send your feedback to : onlinekeralacatholic@gmail.com