അസ്വസ്ഥ ദാമ്പത്യങ്ങളുടെ മദ്ധ്യസ്ഥ
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2020
പരസ്പരം മനസ്സിലാക്കാനാകാതെ ഇരുവഴിയെ ഒഴുകിപ്പോകുന്ന ആധുനിക ദമ്പതിമാര്‍ക്ക് ഇതാ ഒരു മദ്ധ്യസ്ഥ. ദൈവദാസിയായ എലിസബത്ത് ലെസ്യോര്. ഡോക്ടറും നിരീശ്വരവാദിയുമായ ഭര്‍ത്താവിന്റെ നിരന്തരമായ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകളുമേറ്റ് വാടിക്കൊഴിഞ്ഞുപോയ ഒരു പുണ്യസൂനം. ഒടുവില്‍ ഭാര്യയുടെ മരണശേഷം അവളുടെ വിശ്വാസത്തിന്റെ തീക്ഷണതയും സത്യവും മനസ്സിലാക്കി എല്ലാ ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസത്തെ ആലിംഗനം ചെയ്യുകയും ഒടുവില്‍ വൈദികനായിത്തീരുകയും ചെയ്ത ഭര്‍ത്താവ് ഫെലിക്സ് ലേസ്യൂര്. നിരീശ്വരവാദിയെ സ്വന്തം വിശ്വാസതീക്ഷണതകൊണ്ടും സഹനം കൊണ്ടും ദൈവപിതാവിന്റെ പക്കലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന ഫ്രഞ്ച് വനിതയാണ്. എന്നെങ്കിലുമൊരിക്കല്‍ ശിഥിലമായ ദാമ്പത്യത്തിന്റെ മദ്ധ്യസ്ഥയായി മാറിയേക്കാവുന്ന ദൈവദാസി എലിസബത്ത് ലേസ്യൂര്.
കത്തോലിക്കസഭയിലെ കുടുംബസ്ഥരായ വിശുദ്ധരിലധികവും പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആഴമറിഞ്ഞവരായിരുന്നു. എന്നാല്‍, എലിസബത്ത് ലേസ്യൂറിന് അതിനുള്ള അവസരമുണ്ടായില്ല. ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിന്റെ മാനസികപീഡനങ്ങളേറ്റ് ഈ ലോകത്തില്‍ നിന്ന് വിടവാങ്ങുവാനായിരുന്നു അവളുടെ നിയോഗം. പ്രാര്‍ത്ഥനയും പരിത്യാഗവും നിറഞ്ഞ കുടുംബവയലില് മാത്രമല്ല നിരീശ്വരത്വത്തിന്റെ മരുഭൂമിയിലും വിശ്വാസം വളരുകയും വിളയുകയും ചെയ്യുമെന്ന് എലിസബത്ത് എന്ന പുണ്യവനിത നമുക്ക് കാണിച്ചുതരുന്നു. അവളുടെ വിശ്വാസം കൂടുന്നതനുസരിച്ച് ഭര്‍ത്താവിന്റെ കളിയാക്കലുകളും മാനസികപീഡനങ്ങളും കൂടിക്കൂടി വന്നു എങ്കിലും സ്വന്തം വിശ്വാസം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം കൂട്ടുകൂടാന്‍ അവള് തയാറായില്ല. പക്ഷേ, ദാമ്പത്യത്തിന്റെ മഹനീയമായ മാതൃകയാണ് അവള് ലോകത്തിന് കാണിച്ചുകൊടുത്തത്.
1866 ല്‍ ജനിച്ച് 1914 ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഈ പുണ്യചരിതയുടെ ജീവിതം നമുക്ക് ഉത്തമമാതൃകയാണ്. എലിസബത്ത് അരീഗി എന്നായിരുന്നു അവളുടെ പേര്. ഫ്രാന്‍സിലെ വളരെ സമ്പന്നമായ ഒരു കുടുംബപശ്ചാത്തലത്തില്‍ നിന്നായിരുന്നു അവള് വന്നത്. വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറുവാന്‍ വെമ്പുന്ന ഒരു യുവ ഡോക്ടറായിരുന്നു അവളുടെ ഭാവി വരന് ഫെലിക്സ് ലേസ്യൂര്. പരസ്പരം കണ്ടുമുട്ടിയ അവര്‍ ഹൃദയങ്ങള്‍ കൈമാറി. വിവാഹം 1889 ലായിരുന്നു. പ്രേമബദ്ധരായിരുന്നു അവര്‍. എല്ലാവരും എന്തു നല്ല മാച്ച് എന്ന് അസൂയപ്പെട്ടു. എന്നാല്‍ വിവാഹത്തിന് തൊട്ടുമുമ്പാണ് ഭാവിവരന് അവളോട് പറഞ്ഞത് എനിക്ക് ദൈവവിശ്വാസമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ മറ്റഉള്ളവരെ ബോധ്യപ്പെടുത്താന്‍ മാത്രം വിശ്വാസകാര്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. എന്നാല്‍ എലിസബത്ത് ആകട്ടെ വളരെ പരമ്പരാഗതമായ വിശ്വാസപന്ഥാവിലൂടെ, ഭക്തിനിര്‍ഭരമായ പശ്ചാത്തലത്തില്‍ വളര്‍ന്നവളായിരുന്നു. ഭര്‍ത്താവിന്റെ അവസാനനിമിഷത്തെ കുമ്പസാരം അവളെ ദുഖത്തിലാഴ്ത്തിയെങ്കിലും തന്റെ വിശ്വാസവും ഭര്‍ത്താവിന്റെ നിരീശ്വരവാദവും ഭാവിയില്‍ സംഘര്ഷത്തിലാകുമെന്ന് അവള് കരുതിയതേയില്ല.
വിവാഹശേഷം അവള് ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. പക്ഷേ, അദ്ദേഹമാകട്ടെ നിരീശ്വരവാദവുമായി മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. സെക്കുലര്‍ ജേണലുകളില്‍ നിരന്തരമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. വൈകാതെ അദ്ദേഹത്തിന് ഭാര്യയുടെ വിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാനാകില്ല എന്ന സ്ഥിതിയായി. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹം അവളെ വളരെ ഭീകരമായി വിമര്‍ശിക്കുകുയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവളുടെ വിശ്വാസം ഉപേക്ഷിച്ച് നിരീശ്വരവാദിയായി മാറുവാന്‍. അവര്‍ ഒരുമിച്ച് വളരെയധികം യാത്രചെയ്തു. അവിടുത്തെ ബുദ്ധിജീവികളുമായി സംവദിച്ചു. പക്ഷേ ഫലം കണ്ടില്ല. 1898 ലാണ് ഫെലിക്സ് അവളെ ഏണസ്റ്റ് റെനാന്‍ എന്ന ആന്റി ക്രൈസ്തവ എഴുത്തുകാരന്റെ പുസ്തകം വായിക്കാന്‍ നിര്‍ബന്ധിച്ചു. എങ്ങനെയെങ്കിലും അവളെ കത്തോലിക്കസഭയില്‍ നിന്ന് അകറ്റുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ബുദ്ധിമതിയും വിവേകമതിയുമായ എലിസബത്തിന് ആ പുസ്തകം വായിച്ച് വിശ്വാസം കൂടിയതേയുള്ളു. അവരുടെ വാദങ്ങള്‍ എത്ര പൊള്ളയാണെന്ന് അവള് തിരിച്ചറിഞ്ഞു. ആ പുസ്തകം വായിച്ചതോടെ അവളുടെ വിശ്വാസം കൂടുതല്‍ ബലവത്തായി. 1899 മുതല്‍ അവള് ഡയറിയെഴുതുവാന് തുടങ്ങി. മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ ഡയറിയില്‍ വെറുതെ കുറിച്ചിട്ടു. ഒരിക്കല്‍ അവള് ഡയറിത്താളില്‍ ഇങ്ങനെ എഴുതി 'ശാന്തമായ എന്റെ ക്രൈസ്തവജീവിതം എത്ര മഹത്തരവും മനോഹരവും സന്തുഷ്ടപൂര്ണമവുമാണെന്ന് ഞാന്‍ തെളിയിക്കും'.
അതേസമയം തന്റെ ഭര്‍ത്താവിനോട് വാദിക്കുന്നത് വെറുതെയാണെന്നും അത് സംഘര്‍ഷത്തിലേ കലാശിക്കുവെന്നും അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് അവള് തന്റെ വിശ്വാസത്തിനതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും പീഡനങ്ങളും അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി മാറ്റുവാനും തന്റെ സങ്കടങ്ങള്‍ രഹസ്യമായി കാത്തുസൂക്ഷിക്കുവാനും അവള് തീരുമാനിച്ചു. എന്റെ ദൈവമേ എന്റെ ഭര്‍ത്താവും ഞാനും ആത്മീയമായ ഐക്യത്തില്‍ ഒരേ വിശ്വാസം ഏറ്റുപറയുന്നതിനും, നിന്നിലേക്ക് മാത്രം നോക്കുന്നതുമായ ഒരു ജീവിതം നയിക്കുന്നതിനും നീ എനിക്ക് ഒരു ദിവസം തരുമോ എന്ന ഡയറിക്കുറിപ്പില്‍ നിന്നും അവളുടെ വേദന നമുക്ക് മനസ്സിലാക്കാനാകും.
എലിസബത്തിന് വിശുദ്ധډാരുടെ ഐക്യത്തില്‍ വലിയ വിശ്വാസമായിരുന്നു. അത് കുര്‍ബാനയ്ക്കിടയില്‍ വെറുതെ ചൊല്ലുന്ന ഒരു പ്രാര്ത്ഥനയല്ലായിരുന്നു അവള്‍ക്ക്. ശുദ്ധീകരണസ്ഥലത്തിലും സ്വര്ഗ്ഗത്തിലുമള്ള വിശുദ്ധരുമായി വളരെ നല്ല അടുപ്പത്തിലായിരുന്നു അതുകൊണ്ട് തന്നെ തന്റെ സഹനങ്ങള്‍ ഏതെങ്കിലും ആത്മാക്കളുടെ വിശുദ്ധിക്കും രക്ഷയ്ക്കും ഉതകുമെന്ന് അവള് വിശ്വസിച്ചുപോന്നു.
എലിസബത്തിന്റെ മാനസികവും ആതമീയവുമായ സഹനങ്ങള്‍ ചെറുതായിരുന്നില്ല. ഒരു ദാമ്പത്യത്തോളം വലുതായിരുന്നു. വര്‍ഷങ്ങളോളം അവളുടെ ഭര്‍ത്താവ് അവളെ യാതൊരു മനസാക്ഷിയുമില്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. 1910 ല്‍ അവള് എഴുതിയ ഡയറിയില്‍ അത് വ്യക്തവുമാണ്. എന്റെ വിശ്വാസത്തെ പ്രതി കയ്പേറിയ സഹനവും കളിയാക്കലും അക്രമവും വിമര്‍ശനവും ഞാന്‍ ഏറ്റുവാങ്ങുന്നു. ദൈവം എന്റെ ഉള്ളില്‍ സ്നേഹവും പുറമെ ശാന്തതയും കാത്തുസൂക്ഷിക്കുവാന്‍ എറെ സഹായിക്കുന്നു. പക്ഷേ, ഇത് എന്തുമാത്രം ആകുലതയ്ക്ക് കാരണമാകുന്നുവെന്നോ. അതെ അവള് എല്ലാം മാതാവിനെപ്പോലെ ഹൃദയത്തിലൊതുക്കി. ഡയറിക്കുറിപ്പുകളില്‍ രഹസ്യമായി സൂക്ഷിച്ചു.
അനാരോഗ്യകരമായ ദാമ്പത്യം അവളുടെ ആരോഗ്യം കവര്‍ന്നെടുത്തു. ഒടുവില്‍ നിരീശ്വരവാദത്തിന് കീഴടങ്ങാതെ എലിസബത്ത് 1914 ല്‍ കാന്‍സറിന് കീഴടങ്ങി. നേരത്തെ പ്രവചിച്ചിരുന്നതുപോലെ ഫെലിക്സ് അവളുടെ രഹസ്യ ഡയറി കണ്ടുപിടിച്ചു. അദ്ദേഹം അത് വായിച്ചു. തന്റെ വാക്കുകളും ചെയ്തികളും അവളെ എത്ര വേദനിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുകയും കണ്ണീരൊഴുക്കുകയും ചെയ്തു. അവളുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് അദ്ദേഹം ദൈവത്തിലേക്കുള്ള വഴി തിരിച്ചറിഞ്ഞു. അദ്ദേഹം താനറിയാതെ പോയ പ്രിയതമയുടെ ഡയറിക്കുറിപ്പുകള്‍ ഒരു ജേണലില്‍ പ്രസിദ്ധീകരിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്ന് അവള് ഏറ്റവും അധികം സന്തോഷിച്ചിരിക്കുക അവളുടെ ഭര്‍ത്താവ് ദൈവത്തിലേക്ക് മടങ്ങിയപ്പോഴാണ്. വൈകാതെ അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 1950 ല്‍ നിരീശ്വരനായിരുന്ന ഫെലിക്സ് ദൈവത്തിന്റെ പുരോഹിതനായി.
പാറപോലെ ഉറച്ച ഹൃദയമാണെങ്കിലും കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മാറ്റിയെടുക്കുവാനാകുമെന്ന് എലിസബത്തിന്റെ ജീവിതം തെളിയിച്ചു. നിരന്തരമായ പ്രാര്‍ത്ഥനയും ദൈവകൃപയും ഉണ്ടെങ്കില്‍ ഏതു ശിലാഹൃദയവും അലിഞ്ഞുപോകുമെന്ന് അവളുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇണങ്ങിയും പിണങ്ങിയും ആണെങ്കില്‍ക്കൂടി ദാമ്പത്യം ഒടുവില്‍ ദൈവത്തിലേക്കുള്ള വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് ദൈവദാസിയായ എലിസബത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു.
Send your feedback to : onlinekeralacatholic@gmail.com