ആത്മാക്കളെ നേടുന്ന പരസ്യ സംവിധായകന്
ബോബന് എബ്രാഹം - സെപ്റ്റംബര്‍ 2019
നഷ്ടപ്പെട്ട ആടുകളെ തേടി ഇടയന്മാര് വീടുകള്‍ തോറും അലഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പള്ളിയില്‍ വരുന്നതിനെക്കുറിച്ചും ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും അവരോട് പറഞ്ഞ് മനസിലാക്കി ദേവാലയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്ന കാലം. എന്നാല്‍, ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ സ്വപ്നം കണ്ട നവസുവിശേഷവത്ക്കരണത്തിന്റെ കാലമാണ് ഇപ്പോള്‍. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഉള്ള സുവിശേഷവത്ക്കരണം കൂടുതല്‍ ഫലപ്രദമാണെന്നു തെളിയിക്കുകയാണ് കാത്തലിക്സ് കം ഹോം മിനിസ്ട്രി. പരസ്യം സാധനങ്ങള്‍ വിറ്റഴിക്കാന്‍ മാത്രമല്ല, ആത്മാക്കളെ നേടാനും നല്ലതാണെന്ന് കാത്തലിക് കം ഹോം പരസ്യങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി അവര്‍ ടെലിവിഷന്‍ പരസ്യങ്ങളിലൂടെ കത്തോലിക്കരെ സുവിശേഷവത്ക്കരിക്കുന്നു. പരസ്യങ്ങള്‍ വലിയ വിജയം നേടിക്കൊണ്ടിരിക്കുകയാണെന്നും നഷ്ടപ്പെട്ടു പോയ കുഞ്ഞാടുകളെ കണ്ടെത്തി കൂട്ടിലേക്ക് മടക്കിക്കൊണ്ടുവരികയാണെന്നും നാഷണല്‍ കാത്തലിക് രജിസ്ട്രര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മനുഷ്യമനസുകളെ പിടിച്ചെടുക്കാന്‍ പരസ്യങ്ങള്‍ പോലെ മറ്റൊന്നുമില്ലെന്ന് വ്യക്തമായി അറിയാമായിരുന്ന ടോം പീറ്റേര്സനാണ് കാത്തലിക് കം ഹോം എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. കാരണം വര്‍ഷങ്ങളോളം പ്രഫഷണല്‍ അഡ്വര്‍ടൈസിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയയിരുന്നു അദ്ദേഹം. തനിക്കറിയാവുന്ന പരസ്യകല കൊണ്ട് അനേകരെ ക്രിസ്തുവിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു.
പരസ്യസംവിധായകാനായിരുന്ന അദ്ദേഹം ഒരിക്കല്‍ ദൈവത്തോട് ചോദിച്ചു. ദൈവമേ, നീ എങ്ങനെയാണ് എന്റെ കഴിവുകള്‍ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നത്. അതിന് ദൈവം കൊടുത്ത മറുപടിയാണ് അദ്ദേഹം പിന്നീട് നിര്‍മ്മിച്ച ഓരോ ടെലിവിഷന്‍ പരസ്യങ്ങളും. അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ കണ്ട് നിര്‍ജ്ജീവമായിരുന്ന പല ആത്മാക്കളും കുതിച്ചുചാടി. ദീര്‍ഘകാലമായി പള്ളിയിലേക്കുള്ള വഴി മറന്നുപോയിരുന്നവര് മെല്ലെ ദിവ്യബലിയ്ക്കും കൂദാശകള്‍ക്കും ദേവാലയത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഫിയോണിക്സ് രൂപതയിലെ ദേവാലയത്തിലേക്ക് എത്തിനോക്കാന്‍ മടിച്ചിരുന്ന ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് കാത്തലിക് കം ഹോം പരസ്യങ്ങള്‍ കണ്ട് ദേവാലയത്തിലേക്ക് മടങ്ങിവന്നതത്രെ.
പ്രഫഷണല്‍ പരസ്യനിര്മ്മാതാവായ പീറ്റേര്‍സണിന്റെ പരസ്യങ്ങളുടെ പ്രത്യേകത കത്തോലിക്കസഭയുടെ പോസിറ്റീവായ വശങ്ങള് വിശ്വാസികളിലേക്കെത്തിക്കുന്നുവെന്നതാണ്. മാധ്യമങ്ങള്‍ കത്തോലിക്കസഭയെ കരിതേച്ചുകാണിക്കുമ്പോള് സത്യം വിസ്മരിക്കപ്പെട്ടുപോകാതെ, സത്യമെന്താണെന്നും തങ്ങളുടെ ഭവനം എത്ര മനോഹരമാണെന്നും വിശ്വാസികള്‍ക്ക് ചെറിയ ചെറിയ പരസ്യങ്ങളിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നതിന് പീറ്റേര്സണ് കഴിയുന്നു.
ഇതാണ് ജോണ്‍ പോള്‍ മാര്‍പാപ്പ പറഞ്ഞ നവസുവിശേഷവത്ക്കരണം. നവ മാധ്യമങ്ങളിലൂടെ അനേകായിരങ്ങളിലേക്ക് എത്തുക. വിശ്വാസം നിര്‍ജ്ജീവമായിപ്പോയ വിശ്വാസികളെ തിരികെ കൊണ്ടുവരികയാണ് തങ്ങളുടെ കാമ്പെയന്റെ ലക്ഷ്യമെന്ന് കാത്തലിക് കം ഹോം വ്യക്തമാക്കുന്നു. ടെലിവിഷന്‍ പരസ്യങ്ങള്‍ മാത്രമല്ല അവരുടെ ഇന്ററാക്ടീവ് വെബ്സൈറ്റും വിശ്വാസത്തിന്റെ തീ കെട്ടുപോയവര്‍ക്ക് വെളിച്ചം പകരുന്നു. വളരെ ഊഷ്മളവും മുന്‍വിധികളുമില്ലാത്ത വിധത്തില്‍ കത്തോലിക്കസഭയെക്കുറിച്ച് വ്യക്തമായി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും കാത്തലിക് കം ഹോം അവസരമൊരുക്കുന്നു. വിശ്വാസം നഷ്ടപ്പെട്ടവര്‍ക്കു മാത്രമല്ല, യേശുവിനെ കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് വലിയ സഹായമായി മാറിക്കഴിഞ്ഞു. വിശ്വാസത്തിലേക്ക് തിരിച്ചുവരവ് ഇതിനുമുമ്പ് ഇത്രമാത്രം എളുപ്പമല്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.
സെന്റ് ലൂയിസ് അതിരൂപതയില്‍ മാത്രം പരസ്യം കണ്ട് 37,000 കത്തോലിക്കര്‍ വിശ്വാസത്തിലേക്ക് മടങ്ങിയെത്തിയെന്ന് ആര്‍ച്ചുബിഷപ് കാള്സണ് പറയുന്നു. അതുപോലെ കൊളറാഡോ ബിഷപ് മൈക്കല്‍ ഷെരിഡിയന് പറയുന്നത് കാത്തലിക് കം ഹോം ടെലിവിഷന്‍ കാമ്പെയന്‍ അദ്ദേഹത്തിന്റെ രൂപതയിലെ ആയിരക്കണക്കിന് കത്തോലിക്കരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. സാക്രമെന്റോ ബിഷപ് ജെയിം സോട്ടോ പറയുന്നത് അദ്ദേഹത്തിന്റെ രൂപതയില്‍ ഈ കാമ്പെയിനിലൂടെ ദിവ്യബലിയ്ക്ക് അണയുന്നവരുടെ സംഖ്യയില്‍ 16.5 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ്.
വെറുതെയല്ല പീറ്റേര്‍സന്റെ പരസ്യങ്ങളെ കൊമേഷ്യല്‍സ് എന്നുവിളിക്കാതെ ഇവാഗോമെഷ്യല്സ് എന്നാണ് അറിയപ്പെടുന്നത്. അഥായത് സുവിശേഷവത്ക്കരണപരസ്യങ്ങള്. വയസന്മാര് മാത്രമല്ല പുതുതലമുറയെ പിടിക്കാന്‍ പരസ്യനിര്മ്മാണത്തിന് യൂത്ത് വിംഗും ഉണ്ട്. ഏതായാലും പരസ്യങ്ങള്‍ ഉപഭോഗസംസ്ക്കാരത്തിന് മാത്രം എന്ന കാഴ്ചപ്പാട് മാറി. പരസ്യങ്ങള്‍കൊണ്ട് ആത്മാവിനെ നേടാനും കഴിയുമെന്ന് പീറ്റേര്സണ് തെളിയിച്ചുകഴിഞ്ഞു. മാത്രമല്ല, നിനക്കുള്ള കഴിവ് എന്തുമായിക്കൊള്ളട്ടെ അതുകൊണ്ട് ദൈവത്തിന് ആവശ്യമുണ്ടെന്നും കാത്തലിക് കം ഹോം വിജയഗാഥ നമ്മെ പഠിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com