അനേകം ദശാബ്ദങ്ങളായി സീറോ മലബാര്‍ സഭയുടെ വളരെയധികം ഊര്‍ജവും സമയവും അതൊടൊപ്പം അതിന്റെ മഹത്വവും അപഹരിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ആരാധനക്രമ വിവാദം. ഇത് ഇന്ന് വളര്‍ന്ന് ഒരു ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നു എന്നത് തികച്ചും വേദനാജനകമാണ്. ആരാധനാക്രമം എന്ന പദം തന്നെ നമുക്ക് വ്യക്തമാക്കി തരുന്ന വസ്തുതയുണ്ട്. ആരാധനയ്ക്ക് ഒരു ക്രമം വേണം. ക്രമം ഇല്ലെങ്കില്‍ ഓരോ വ്യക്തിയും തങ്ങള്‍ക്ക് തോന്നുന്നതുപോലെ ആരാധനാ ശുശ്രൂഷകള്‍ നിര്‍വഹിക്കുമ്പോള്‍ അത് ക്രമരാഹിത്യത്തിന് കാരണമായി തീരും. കുര്‍ബാനയ്ക്ക് ഒരു ക്രമം ആവശ്യമാണ് അല്ലായെങ്കില്‍ വ്യക്തികളുടെയും സമൂഹങ്ങളുടെയും അഭിരുചികള്‍ക്ക് അനുസരിച്ച് കുര്‍ബാന അര്‍പ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ അത് ക്രമേണ ആശയകുഴപ്പങ്ങള്‍ക്കും ഭിന്നതയ്ക്കും തെറ്റുകള്‍ക്കും കാരണമായി തീരും. കാലക്രമേണ അത് സഭയില്‍ വിഭജനങ്ങള്‍ ഉണ്ടാക്കുന്നതിനുപോലും ഇടയാക്കിത്തീര്ത്തേക്കാം.
ദൗര്‍ഭാഗ്യവശാല്‍ സീറോ മലബാര്‍ സഭയുടെ ആരാധനക്രമ രൂപീകരണശ്രമങ്ങള്‍ വ്യത്യസ്തമായ രണ്ട് ചിന്താധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയാണ് ഉണ്ടായത്. ഈ കാരണത്താല്‍ കേരളത്തിലെ പല രൂപതകളിലും പല വിധത്തില്‍ ഉള്ള കുര്‍ബാന അര്‍പ്പണ രീതികള്‍ തുടര്‍ന്നു പോകുന്നു. എന്നാല്‍ സഭ വളര്‍ന്ന് കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും രൂപം കൊണ്ടപ്പോള്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. കാരണം കേരളത്തിലെ വ്യത്യസ്ത രൂപതകളില്‍ ജനിച്ച് വളര്‍ന്ന്, വ്യത്യസ്തമായ കുര്‍ബാന അര്പ്പണരീതികള് പരിചയിച്ച വ്യക്തികള്‍ വിദേശരാജ്യങ്ങളില്‍ ഒരുമിച്ച് ചേര്‍ന്ന ഒരു ഇടവക സമൂഹത്തിന് രൂപം കൊടുത്ത് കഴിഞ്ഞപ്പോള്‍ ഓരോ വ്യക്തിയും തങ്ങള്‍ പരിചയിച്ച് വളര്‍ന്ന ആ കുര്‍ബാന ശൈലി, അര്‍പ്പണരീതി തങ്ങളുടെ പുതിയ ഇടവകയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും അത് കലഹങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യും. അജപാലന ശുശ്രൂഷ വളരെ ബുദ്ധിമുട്ടി ഒരു സാഹചര്യത്തിലേക്ക് കടന്നുവരുന്നതിനത് കാരണമായി. അതോടൊപ്പം തന്നെ ടിവിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും എല്ലാം സീറോ മലബാര്‍ കുര്‍ബാന ടെലികാസ്റ്റ് ചെയ്യുമ്പോള്‍ അതിന് ഐകരൂപം ഇല്ലാത്തത് ജനങ്ങളില്‍ ആശയകുഴപ്പങ്ങളും അസ്വസ്ഥതകളും സൃഷ്ടിച്ചു. ഇതിന്റെ എല്ലാം ഫലമായി എത്രയും വേഗം എങ്ങനെയെങ്കിലും കുര്‍ബാന ക്രമത്തില്‍ ഒരു ഐകരൂപം ഉണ്ടാക്കണം എന്ന് സഭയെ സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്തു.
ഒടുവില്‍ 2021 ഓഗസ്റ്റ് മാസം നടന്ന സീറോ മലബാര്‍ സിനഡ് വിശുദ്ധ കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും അനാഫറ ഭാഗം അള്‍ത്താര അഭിമുഖമായും കുര്‍ബാന സ്വീകരണത്തിന് ശേഷം ഉള്ള ഭാഗം ജനാഭിമുഖമായും നിജപ്പെടുത്തുകയും നവംബര്‍ 28 മുതല്‍ എല്ലാ രൂപതകളിലും പുതിയ കുര്‍ബാന അര്‍പ്പണരീതി പ്രാവര്‍ത്തികമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിലൂടെ പൂര്‍ണമായും ജനാഭിമുഖമായി കുര്‍ബാന അര്‍പ്പിക്കണം എന്ന ചിന്താഗതിയും, പൂര്‍ണമായി അള്‍ത്താര അഭിമുഖമായി അര്‍പ്പിക്കണം എന്ന ചിന്താഗതിയും സമന്വയിപ്പിക്കുകയാണ് സിനഡ് ചെയ്തത്. പക്ഷേ ചില രൂപതകളിലെ ചില വൈദികര്‍ സംഘടിച്ച് തങ്ങള്‍ സിനഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. ഇതെല്ലാം മീഡിയകളിലൂടെ കേട്ട് കൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നത് ഞാന്‍ അടുത്ത കാലത്ത് വായിച്ച ഒരു പുസ്തകമാണ്. THE DAY IS NOW FAR SPENT.
റോമിലെ കോണ്ഗ്രിഗേഷന് ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ഡിസിപ്ലിന്‍ ഓഫ് സാക്രമെന്റ്സ് -ന്റെ പ്രീഫെക്ട് ആയ കാര്‍ഡിനല്‍ റോബര്‍ട്ട് സാറ എഴുതിയ പുസ്തകം സഭയെ നവീകരിക്കുവാനും സഭയില്‍ മാറ്റം വരുത്തുവാനും പരിശ്രമിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. പാശ്ചാത്യസമൂഹത്തിന്റെ ആത്മീയവും ധാര്‍മ്മികവും രാഷ്ട്രീയവും ആയ തകര്‍ച്ചകളെയും അതിന്റെ കാരണങ്ങളെയും അവയ്ക്ക് ഉള്ള പരിഹാരമാര്‍ഗ്ഗങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥത്തിന്റെ തലക്കെട്ട് തന്നെ ചിന്തോദ്ദീപകമാണ്. ഇപ്പോള്‍ തന്നെ സമയം ഒരുപാട് ചിലവഴിക്കപ്പെട്ട് പോയി. ഇനിയെങ്കിലും നാം തിരിച്ചറിയണം, നാം തിരിച്ചുപോകണം ദൈവത്തിന്റെ വഴികളിലേക്ക്. പകല്‍ കഴിയാറായി രാത്രി സമീപിച്ച് കൊണ്ടിരിക്കുന്നു. ദിവസത്തിന്റെ ഏറെ ഭാഗവും നാം കലഹിച്ച് കളഞ്ഞു...The Day is now far spent.
ദശാബ്ദങ്ങള്‍ നീണ്ട ഈ ആരാധനക്രമ വിവാദത്തിന് ഒരു അവസാനം ഉണ്ടായേ തീരു. അതിനുള്ള ഏറ്റവും നല്ല അവസരമാണ് സിനഡിന്റെ ഈ തീരുമാനം നടപ്പാക്കുന്ന ഈ അവസരം. അത് നമ്മള് നഷ്ടപ്പെടുത്തരുത്. നമുക്ക് ഇനിയും ഇതിനുവേണ്ടി കലഹിച്ച് കളയാന്‍ സമയമില്ല. സഭയും ക്രിസ്തീയവിശ്വാസവും കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ നാളുകളില്‍ എത്രയും പെട്ടെന്ന് നമ്മുടെ ഉള്ളില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് കൊണ്ട് പുറമെ നിന്നുള്ള വെല്ലുവിളികള്‍ നേരിടുവാന്‍ തക്കവിധത്തില്‍ നമ്മള് സജ്ജരാകണം, സഭയെ നമ്മള് സജ്ജമാക്കേണ്ടിയിരിക്കുന്നു.
The day is now far Spent എന്ന ഗ്രന്ഥത്തില്‍ കര്‍ദ്ദിനാള്‍ സറ പറയുന്ന ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. There can be no authentic reform in the absence of obedience to one's lawful superiors.
നിയമാനുസൃതമായ അധികാരത്തോടുള്ള അനുസരണത്തിന്റെ അഭാവത്തിലുള്ള യാതൊന്നും യഥാര്‍ത്ഥമായ നവീകരണമോ, പുനരുത്ഥാനമോ, നവോത്ഥാനമോ അല്ല.
നമുക്കറിയാം, കത്തോലിക്കസഭയുടെ ചരിത്രം പഠിച്ച് നോക്കുമ്പോള്‍ അനുസരണത്തിന്റെയും വിനയത്തിന്റെയും വഴികളിലൂടെ നടന്നവര്‍ മാത്രമാണ് സഭയില്‍ നവീകരണവും മാറ്റങ്ങളും സൃഷ്ടിച്ചിട്ടുള്ളു. വി. ഫ്രാന്‍സിസ് അസീസ്സിയുടെയും വി. ജോണ്‍ ഓഫ് ദ ക്രോസിന്റെയും വഴികളാണ് യഥാര്‍ത്ഥത്തില്‍ ക്രൈസ്തവവഴികള്, ദൈവത്തിന്റെ വഴികള്‍. നിലനില്‍ക്കുന്ന ഫലങ്ങള്‍ സഭയില്‍ ഉണ്ടാക്കണമെങ്കില്‍ അനുസരണയുടെയും വിധേയയത്വത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ കടന്നുപോകണം.
മാര്ട്ടിന് ലൂഥറിന്റെ വഴി പ്രൊട്ടസ്റ്റന്റ് വഴിയാണ്. അത് ലോകത്തിന്റെ വഴിയാണ്. അത് സഭയ്ക്ക് യാതൊരു നന്മയും ചെയ്യില്ല. അത് സഭാ മാതാവിനെ മുറിപ്പെടുത്തുകയും ഭിന്നതകള്‍ സൃഷ്ടിക്കുകയും മാത്രമാണ് ചെയ്യൂ. ഇപ്പോള്‍ സിനഡിന്റെ തീരുമാനത്തെ എതിര്‍ക്കുവാന്‍ വേണ്ടി സംഘടിച്ചിരിക്കുന്നവര്ക്കും അള്‍ത്താരയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവരും എല്ലാം തിരഞ്ഞെടുത്തിരിക്കുന്നത് പ്രൊട്ടസ്റ്റന്റ് വഴിയാണ് എന്ന സത്യം വേദനയോടെ നമ്മള് തിരിച്ചറിയണം. ഇത് യാതൊരു നന്മയും സഭയ്ക്ക് ചെയ്യുകയില്ല. ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജീവിതത്തിലും യാതൊരു നന്മയും ഉത്പാദിപ്പിക്കുകയില്ല. അതുകൊണ്ട് പ്രിയപ്പെട്ടവരെ, നമ്മള് ആത്മശോധന ചെയ്യേണ്ട ഒരു സമയമാണിത്. ഈ കാലഘട്ടത്തെക്കുറിച്ച് ഉള്ള ദൈവത്തിന്റെ തിരുമനസ്സ് സമാധാനം ആണ്. സഭയ്ക്കുള്ളില്‍ ഐക്യമാണ്. അതിനാണ് നാം പ്രധാന്യം കൊടുക്കേണ്ടത്. സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുക എന്നുള്ളതാണ് ദൈവഹിതം. ആരാധനാക്രമപ്രശ്നങ്ങള് ഉടല് എടുക്കാനുണ്ടായ പ്രത്യേക ചരിത്രപശ്ചാത്തലത്തില്‍ വ്യത്യസ്ത ചിന്താധാരകളുടെ വാക്താക്കളായി മാറിയതും അതിനുവേണ്ടി അവസാനം വരെ പോരാടിയതും തെറ്റൊന്നുമല്ല. പക്ഷേ, സിനഡ് ഒരു തീരുമാനം എടുത്താല്‍ പിന്നീട് പഴയ സംവാദങ്ങള്‍ക്ക് ഒന്നും യാതൊരു പ്രസക്തിയുമില്ല.
പൗലോസ് ശ്ലീഹ ഫീലിപ്പിയര്ക്ക് എഴുതിയ ലേഖനത്തില്‍ രണ്ടാമത്തെ അദ്ധ്യായത്തില്‍ 1-5 വാക്യങ്ങളിലൂടെ ദൈവം നമ്മോട് വ്യക്തമായിട്ട് സംസാരിക്കുന്നു. ' ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ, സ്നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ, ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ, അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.'
തുടര്‍ന്ന് പൗലോസ്ശ്ലീഹ പറയുന്നു- ' മാത്സര്യമോ, വ്യര്‍ത്ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച് ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാല്‍ പോരോ, മറിച്ച് മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.'
2019 ല്‍ മദ്ധ്യകേരളത്തിലെ ഒരു നഗരത്തില്‍ ശാലോം വായനക്കാര്‍ക്കും ശാലോം ടീവിയുടെ പ്രേക്ഷകര്‍ക്കുമുള്ള ഒരു പ്രോഗ്രാം നടക്കുകയായിരുന്നു. വൈകുന്നേരം 4 മണി വരെയായിരുന്നു പ്രോഗ്രാം. എന്നാല്‍ 2 മണി ആയപ്പോള്‍ 75 ഓളം വയസ്സുള്ള ഒരു മനുഷ്യന് എന്റെ അടുത്ത് വന്ന് വിശേഷങ്ങള്‍ ഒക്കെ പറഞ്ഞതിനുശേഷം പറഞ്ഞു. ' സാറേ ഞാന്‍ അല്പം നേരത്തെ വീട്ടില്‍ പോകുകയാണ്. ഇന്നലെ രാത്രി 3 മണിക്ക് എഴുന്നേറ്റതാണ്, ഇന്ന് രാത്രിയും 3 മണിക്ക് എഴുന്നേല്‍ക്കണം.' ഞാന്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, കുറെ നാളായി അദ്ദേഹം എല്ലാ രാത്രികളിലും 3 മണിക്ക് എഴുന്നേറ്റ് മുട്ടുകുത്തി സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആണ്-പത്രത്തിലൂടെയും ടിവിയിലൂടെയും നമ്മുടെ സഭയെക്കുറിച്ചുള്ള പല വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ ചങ്ക് തകര്‍ന്നുപോകുകയാണ് സാറേ, എനിക്ക് എന്നാ ചെയ്യാന്‍ പറ്റും? പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ. നമ്മുടെ കര്‍ത്താവ് എന്ത് മാത്രമാ വിഷമിക്കുന്നത്, നമ്മുടെ അച്ചന്മാര് ഇങ്ങനെ കിടന്ന് വഴക്കടിക്കുന്നത് കാണുമ്പോള്‍. അതുകൊണ്ട് എല്ലാ രാത്രിയും ഞാന്‍ കട്ടിലിന്റെ താഴെ മുട്ടുകുത്തി നിലവിളിച്ച് പ്രാര്‍ത്ഥിക്കും. ആ പാവപ്പെട്ട മനുഷ്യന് ദൈവശാസ്ത്രം പഠിച്ചിട്ടൊന്നുമില്ല, എന്നാല്‍, അദ്ദേഹം കര്‍ത്താവിന്റെ ശാസ്ത്രം -സ്നേഹത്തിന്റെ ശാസ്ത്രം പഠിച്ച മനുഷ്യനാണ്. ആ മനുഷ്യന്റെ വാക്കുകള്‍ ഇന്നും എന്റെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള അനേകായിരങ്ങളുടെ കണ്ണുനീര് സഭയില്‍ സമാധാനത്തിനുവേണ്ടി ദൈവത്തിന്റെ സന്നിധിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആ കണ്ണുനീര് എല്ലാ ഉയര്‍ത്തി കൊണ്ട് ഞാന്‍ അപേക്ഷിക്കുകയാണ്. പ്രിയപ്പെട്ട അച്ചന്മാരെ, സഹോദരങ്ങളെ, സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിയണം. ഇനിയും കലഹിച്ച് കളയാന്‍ നമുക്ക് സമയമില്ല. ഐക്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗ്ഗത്തിലേക്ക് കടന്നുപോകുവാന്‍ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കട്ടെ.
പ്രയ്സ് ദ ലോഡ്.