പോളണ്ടിനെ കാത്തുപരിപാലിക്കുന്ന ബ്ലാക് മഡോണ
ജിയോ ജോര്‍ജ് - സെപ്തംബര്‍ 2020
ഔര്‍ ലേഡി ഓഫ് ഷെസ്റ്റോചെവാ അഥവാ ബ്ലാക് മഡോണയ്ക്ക് പോളണ്ടിന്റെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള്ളത്. പോളണ്ടിലെത്തിയ ഒരു മാര്‍പാപ്പയും പോളണ്ടിന്റെ രാജ്ഞിയായ ബ്ലാക് മഡോണയുടെ സമക്ഷം എത്താതെ മടങ്ങിയിട്ടില്ല. യുറോപ്പിനെ സംബന്ധിച്ച് പ്രത്യേകിച്ചും പോളണ്ടുകാരെ സംബന്ധിച്ച് ബ്ലാക് മഡോണയുടെ തിരുസ്വരൂപം വളരെ വളരെ പ്രധാനപ്പെട്ടതാണ്. അതിനുകാരണം ബ്ലാക് മഡോണയുടെ അത്ഭുതം വമിക്കുന്ന ചരിത്രം തന്നെയാണ്.
പന്ത്രണ്ട് അപ്പസ്തോലډാരുടെ കാലത്തോളം നീളുന്നതാണ് ബ്ലാക് മഡോണയുടെ ചരിത്രം. പുരാതനമായ ഒരു ഐതീഹ്യം അതനുസരിച്ച് ഈ സ്വരൂപം പെയ്ന്റ് ചെയ്തത് വി. ലൂക്ക സുവിശേഷകനായിരുന്നുവത്രെ. ലൂക്ക സുവിശേഷകന് ഈ രൂപം പെയ്ന്റു ചെയ്യുമ്പോഴായിരുന്നുവത്രെ പരിശുദ്ധ അമ്മ ഈശോയുടെ ജീവിതത്തിലെ സംഭവങ്ങള്‍ ഒന്നൊന്നായി അനുസ്മരിച്ചത്. ആ ഓര്‍മ്മകളാണ് അദ്ദേഹം സുവിശേഷത്താളുകളില്‍ പകര്‍ത്തിയതെന്നും കരുതപ്പെടുന്നു.
എ.ഡി 326 ല്‍ വി. ഹെലന് ജറുസലേം സന്ദര്‍ശിച്ചപ്പോള്‍ ഈ രൂപം കാണാനിടയാവുകയും അത് അവള് തന്റെ പുത്രനായ കോണ്സ്റ്റന്റൈന് സമ്മാനിക്കകയും ചെയ്തുവത്രെ. അദ്ദേഹം മാതാവിന്റെ ഈ തിരുസ്വരൂപത്തെ വണങ്ങുവാനായി ഒരു ദേവാലയം പണിയുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. സറാന്സുമായുള്ള യുദ്ധത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ മതിലില്‍ ഈ രൂപം പ്രദര്‍ശിപ്പിക്കുകയും ശത്രുക്കള്‍ തോല്പിക്കപ്പെടുകയും ചെയ്തത് ഈ രൂപത്തിന്റെ ശക്തിയായി കരുതിപ്പോന്നിരുന്നു.
പിന്നീട് ഈ ചിത്രം ഷാര്‍ലെമാഗെയിന്റെ കൈയില്‍ എത്തിപ്പെടുയും അദ്ദേഹം അത് നോര്‍ത്ത് വെസ്റ്റ് ഹംഗറിയിലെ റുത്തേനിയായിലെ ലിയോ രാജാവിന് സമ്മാനിക്കുകയും ചെയ്തു. 11 ാം നൂറ്റാണ്ട് വരെ അത് അവിടെ സംരക്ഷിച്ചുപോന്നു. അക്കാലഘട്ടത്തിലെ ഒരു യുദ്ധത്തിനിടയില്‍ രാജാവ് തന്റെ ചെറു സൈന്യത്തെ സംരക്ഷിക്കണമെയെന്ന് ബ്ലാക് മഡോണയോടു പ്രാര്‍ത്ഥിച്ചു. ഉടനെ ശത്രുപക്ഷത്ത് ഇരുട്ട് നിറയുകയും അവര്‍ പരസ്പരം പടവെട്ടി മരിക്കുകയും ചെയ്തുവെന്നുമാണ് ഐതീഹ്യം.
14-ാം നൂറ്റാണ്ടിലായിരുന്നു ഈ തിരുസ്വരൂപം പോളണ്ടിലെ ജാസ്ന ഗോരയില്‍ എത്തിയത്. അത് അവിടുത്തെ രാജാവായിരുന്ന ലഡിസ്ലാവൂസിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നായിരുന്നു. അദ്ദേത്തിന്റെ കാലത്താണ് ഈ തിരുസ്വരൂപത്തിന്റെ ചരിത്രം പ്രത്യേകമായ വിധത്തില്‍ രേഖപ്പെടുത്തപ്പെട്ടത്.
1382 ല്‍ ബെല്‍സിലെ കോട്ട ടാര്ത്താര്സ് അക്രമിച്ചു. അവരുടെ അമ്പ് ബ്ലാക് മഡോണയുടെ കഴുത്തില്‍ തറച്ചു. ശത്രുക്കളുടെ കൈകളില്‍ ഈ തിരുസ്വരൂപം എത്തിപ്പെടാതിരിക്കാന്‍ രാജാവ് ഈ രൂപം അവിടെനിന്നും എടുത്തുകൊണ്ട് പലായനം ചെയ്തു. അങ്ങനെയാണ് ഈ തിരുസ്വരൂപം ഇപ്പോഴത്തെ സ്ഥലത്ത് എത്തിയത്. അവിടെ ഈ രൂപം ഒരു ചെറിയ ദേവാലയത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. പിന്നീട് രാജാവ് അവിടെ ഒരു പൗളിന് മൊണാസ്റ്ററിയും ദേവാലയവും സ്ഥാപിച്ച് ഈ സ്വരൂപത്തിന്റെ സുരക്ഷ ഉറപ്പാക്കി.
1430 ല്‍ ഹൂസൈറ്റ്സ് ഈ മൊണാസ്റ്ററി പിടിച്ചെടുത്ത് ഈ സ്വരൂപം സ്വന്തമാക്കാന്‍ ശ്രമിച്ചു. അതിലൊരാള്‍ ഈ രൂപമെടുത്ത് തന്റെ കുതിരവണ്ടിയില്‍ വെച്ച് ഓടിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും കുതിരകള്‍ ഒരടിപോലും അനങ്ങിയില്ല. ദ്വേഷ്യം പിടിച്ച ആ മനുഷ്യന് വാളെടുത്ത് തിരുസ്വരൂപത്തില്‍ വെട്ടി. രണ്ടാമത്തെ വെട്ടുകഴിഞ്ഞ് മൂന്നാമത് വെട്ടാനായി കൈ ഉയര്‍ത്തിയ അയാള്‍ വേദന കൊണ്ട് പിടഞ്ഞു താഴെ വീണ് മരിച്ചു. ബ്ലാക് മഡോണയുടെ ദേഹത്തുള്ള വാളിന്റെയും അമ്പിന്റെയും പാടുകള്‍ പലവിധത്തിലും മായിക്കുവാന്‍ ശ്രമിച്ചെങ്കിലും ഇന്നും അത് കാണാവുന്നതാണ്.
1665 ല്‍ ചാള്‍സ് പത്താമന്‍ രാജാവ് പോളണ്ട് കീഴടക്കിയമ്പോള് കൊവേന്ത നിന്നിരുന്ന സ്ഥലം മാത്രം കീഴടക്കാനായില്ല. പിന്നീട് യുദ്ധം നടന്ന 40 ദിവസത്തോളം അവിടെ ഉണ്ടായിരുന്ന സന്യാസികള്‍ ആ രൂപം കാത്തുസൂക്ഷിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ അക്രമികളെ തുരത്തിയോടിക്കുകയും ചെയ്തു. അതിനുശേഷം ജോണ്‍ രണ്ടാമന് കാസിമിര്‍ വാസ രാജാവ് മാതാവിനെ പോളണ്ടിന്റെ രാജ്ഞിയായി പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ മാതാവിന്റെ സംരക്ഷണത്തിനും സഹായത്തിനുമായി സമര്‍പ്പിച്ചു.
1920 ല്‍ റഷ്യ പോളണ്ട് അക്രമിച്ചു. അവര്‍ വിസ്തുല നദിയുടെ തീരത്ത് വാര്‍സോ കീഴടക്കാനായി എത്തിയപ്പോള്‍ മേഘത്തില്‍ മാതാവിന്റെ ഈ രൂപം ദര്‍ശിക്കുകയും മടങ്ങിപ്പോകുകയും ചെയ്തുവെന്നാണ് മറ്റൊരു ഐതീഹ്യം.
മാതാവിന് ബ്ലാക് മഡോണ എന്ന പേരുകിട്ടിയത്, നൂറ്റാണ്ടുകളായി രൂപത്തിനുമുമ്പില്‍ തെളിഞ്ഞുകൊണ്ടിരുന്ന തിരിയുടെ കരിയും പുകയും ചേര്‍ന്ന് മാതാവിന്റെ രൂപത്തിന് കറുത്ത നിറം പകര്ന്നതുകൊണ്ടായിരിക്കാം.
Send your feedback to : onlinekeralacatholic@gmail.com