വാഴ്ത്തപ്പെട്ട കാര്‍ലോയുടെ അവസാന നാളുകളെക്കുറിച്ച് ഡോക്ടര്‍മാരും ചാപ്ലൈനും
ഷേര്‍ളി മാണി - ഒക്ടോബാര്‍ 2020
ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തകാലത്ത് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ന്യൂജറേഷന്‍ ബാലന് കാര്‍ലോയുടെ അവസാന നാളുകളെക്കുറിച്ച് അവനെ ചികിത്സിച്ച ഡോക്ടര്‍മാരും ചാപ്ലൈനും അനുസ്മരിക്കുന്നു. മാരകമായ ലുക്കേമിയ ബാധിതനായി എന്ന് കണ്ടെത്തിയതിനുശേഷം വെറും ഒരാഴ്ച മാത്രമേ വാഴ്ത്തപ്പെട്ട കാര്‍ലോ ഈ ഭൂമിയിലുണ്ടായിരുന്നുള്ളു. തന്റെ സഹനങ്ങള്‍ തിരുസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി കാഴ്ചവെച്ച് പുഞ്ചിരിയോടെ വേദനയെ നേരിട്ടുകൊണ്ട് കടന്നുപോയ ആ കുഞ്ഞുവിശുദ്ധനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും അവനെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും ഹോസ്പിറ്റല്‍ ചാപ്ലൈന്റെയും മനസ്സില്‍ മായാതെ നില്ക്കുന്നു.
മിലാനിലെ സെന്റ് ജെരാള്‍ഡ് ഹോസ്പിറ്റലിലെ ചാപ്ലൈനായിരുന്നു ഫാ. സാന്‍ഡ്രോ വില്ല. ഒക്ടോബര്‍ 10, 2006 ന് കാര്‍ലോയ്ക്ക് മാരകമായ ലുക്കേമിയയെത്തുടര്ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായി കോമയിലായി. അതിന് തൊട്ടുമുമ്പത്തെ ദിവസം ചാപ്ലൈനായിരുന്ന ഫാ. സാന്ഡ്രോയായിരുന്നു അവന് രോഗിലേപനവും പരിശുദ്ധ കുര്‍ബാനയും നല്‍കിയത്. ഹോസ്പിറ്റലില്‍ വെച്ച് ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴുണ്ടായിരുന്ന അവന്റെ ഭക്തിയും തീവ്രതയും ഹൃദയസ്പര്‍ശിയായിരുന്നുവെന്ന് ഫാ. സാന്‍ഡ്രോ അനുസ്മരിക്കുന്നു. ഹോസ്പിറ്റല്‍ കോറിഡോറിന്റെ അറ്റത്തുള്ള അവസാനത്തെ ചെറിയ ഒരു മുറിയില്‍ ഞാന്‍ ഒരു കൊച്ചു ബാലന്റെ മുമ്പില്‍ എത്തിപ്പെട്ടു. അവന്റെ വിളറിയതെങ്കിലും ശാന്തമായ മുഖം എന്നെ അത്ഭുതപ്പെടുത്തി. കാരണം വളരെ ഗുരുതരമായ ഒരു രോഗം ബാധിച്ച ഒരു വ്യക്തിയില്‍ അത് ഒരിക്കലും പ്രതീക്ഷിക്കാനാവാത്തതായിരുന്നു, അതും ഒരു കൗമാരക്കാരനില്‍ .... അദ്ദേഹം അനുസ്മരിക്കുന്നു.. ബുദ്ധിമുട്ടിയാണെങ്കിലും അവന് കൂദാശകള്‍ സ്വീകരിച്ച ഭക്തിയും ആവേശവും എന്നെ അത്ഭുതപ്പെടുത്തി. അവന് കൂദാശകള്‍ക്കായി കാത്തിരുന്നതുപോലെ, അവന് അത് വളരെ അത്യാവശ്യമാണെന്നതുപോലെയാണ് എനിക്ക് തോന്നിയത് ഫാ. സാന്‍ഡ്രോ ഓര്‍മ്മിക്കുന്നു.
ഫാ. സാന്‍ഡ്രോയെ സംബന്ധിച്ച് കൂദാശ നല്കിയതുമാത്രമായിരുന്നു അവനുമായുള്ള ഒരേയൊരു കണ്ടുമുട്ടല്‍. പക്ഷേ, അവന്റെ മുഖത്തെ ശാന്തത ഒരിക്കലും അദ്ദേഹത്തിന് മനസ്സില്‍ നിന്ന് തുടച്ചുനീക്കാനായില്ല. പിന്നീട് അവനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോഴാണ് അവന് യേശുവിന്റെ ദിവ്യകാരുണ്യത്തിലെ സാന്നിധ്യവുമായി അവന് സ്നേഹത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയത്.
ഡോ. ആന്‍ഡ്രിയ ബിയോണ്ടിയും ഡോ. മോംസിലോ ജോന്കോവിക്കുമായിരുന്നു കാര്‍ലോയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാര്‍. ഞങ്ങളുടെ വാര്‍ഡിലൂടെ പെട്ടെന്ന് വന്നുകടന്നുപോയ ഒരു ധ്രൂവനക്ഷത്രമായിരുന്നു കാര്‍ലോ അവര്‍ പറയുന്നു. അവനെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കുന്നതിനുമുമ്പേ അവനെ ലുക്കേമിയ കൂട്ടിക്കൊണ്ടുപോയി. പക്ഷേ അവന്റെ സുന്ദരമായ കണ്ണുകള്‍ ഞങ്ങളുടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്ക്കുന്നു. അവന്റെ കണ്ണുകളില്‍ വല്ലാത്ത ആകര്‍ഷണവും ധൈര്യവും സ്നേഹവും ശക്തമായ സഹാനുഭൂതിയും നിറഞ്ഞിരുന്നു....മറ്റുള്ളവരിലേക്ക് പകര്ന്നുനല്കാന് അവന് ആഗ്രഹിച്ച വിശ്വാസം അവനില്‍ തെളിഞ്ഞുനിന്നിരുന്നു. അവന്റെ പ്രകാശമാനമായ മിഴികള്‍ ഞങ്ങളെ പഠിപ്പിച്ചത് ഇതാണ്... ജീവിതം അത് എത്ര ചെറുതോ വലുതോ ആകട്ടെ അത് സ്വന്തവും മറ്റുള്ളവര്‍ക്കും വേണ്ടി തീക്ഷണതയോടെ ജീവിച്ചുതീര്ക്കേണ്ടതാണ്... ഡോക്ടര്‍മാര്‍ അനുസ്മരിക്കുന്നു.
കാര്‍ലോയുടെ ഹൃദയസ്പന്ദനം നിലച്ചത് ഒക്ടോബര്‍ 12 നായിരുന്നു. അവന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചെങ്കിലും ലുക്കേമിയ മൂലമായിരുന്നു മരണമെന്നതുകൊണ്ട് അത് വേണ്ടെന്ന് വെക്കേണ്ടി വന്നു. ഇപ്പോള്‍ അഴുകാത്ത ശരീരത്തിലെ കാര്‍ലോയുടെ ഹൃദയം ഒരു തിരുശേഷിപ്പാണ്. റിലിന്ക്വറിയില് സൂക്ഷിച്ചിരിക്കുന്ന അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.. ദിവ്യകാരുണ്യമാണ് എന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ.
കാന്‍സറാണെന്ന് തിരിച്ചറിയുന്നതിനുമുമ്പ് കാര്‍ലോയ്ക്ക് ദിവ്യകാരുണ്യത്തോട് പ്രത്യേക ഭക്തിയായിരുന്നു. അവന്റെ കത്തോലിക്കരായ മാതാപിതാക്കള്‍ക്ക് പള്ളിയില്‍ പോകുന്ന ശീലം ഇല്ലായിരുന്നുവെങ്കിലും വളരെ ചെറിയ പ്രായത്തില്‍ തന്നെ അവന് ദൈവത്തോട് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ അവന് മുതിര്‍ന്നതോടെ എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. ദേവാലയത്തിലേക്ക് പോകുമ്പോള്‍ കുടുംബാംഗങ്ങളെക്കൂടി വലിച്ചിഴച്ച് കൊണ്ടുപോകുമായിരുന്നു അവന്. കുര്‍ബാനയ്ക്ക് ശേഷവും അവന് ആരാധനയില്‍ മുഴുകി. എല്ലാ ആഴ്ചയും കുമ്പസാരിക്കുമായിരുന്നു.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ആളൊരു ജീനിയസായിരുന്നു. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചും മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും അവന് ഒരു വെബ്സൈറ്റ് തന്നെ സ്വന്തമായി ഉണ്ടാക്കിയിരുന്നു. നാം എത്ര മാത്രം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നുവോ, അത്രമാത്രം നാം ഈശോയെപ്പോലെ ആകുന്നു, അങ്ങനെ നമുക്ക് ഈ ലോകത്തില്‍ സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ലഭിക്കുന്നു...അവന്റെ വെബ്സൈറ്റില്‍ അവന് കുറിച്ചിട്ട വാക്കുകള്‍ അവന്റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com