ജപമാല ഉപേക്ഷിക്കാന്‍ വിസമ്മതിച്ച് രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ജിപ്സി
ബോബന് എബ്രാഹം - ഡിസംബര്‍ 2020
1936. സ്പെയ്ന്‍ ആഭ്യന്തരയുദ്ധത്തിന്റെ ചൂടിലായിരുന്നു. സെഫ്രീനൊ ജിമെനസ് മല്ല നഗരവീഥിയിലൂടെ കടന്നുപോകുകയായിരുന്നു. റിപ്പബ്ലിക്കന്‍ പട്ടാളം ഒരു നിരായുധനായ വൈദികനെ നിരത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് മല്ലയുടെ കണ്ണില്‍പ്പെട്ടു. ദൈവവിശ്വാസിയായിരുന്ന മല്ലയ്ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടു. വൈദികനെ സഹായിച്ചുവെന്നതുമാത്രമല്ല അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഒരു ജപമാല ഉണ്ടായിരുന്നുവെന്നതും പട്ടാളത്തെ ചൊടിപ്പിച്ചു. ജപമാല ചൊല്ലിക്കൊണ്ടിരുന്ന അദ്ദേഹത്തോട് അത് ഉപേക്ഷിക്കുവാന്‍ തയാറായാല്‍ തുറന്നുവിടാം എന്നായി പട്ടാളം. പക്ഷേ, അദ്ദേഹം സ്വാതന്ത്യത്തേക്കാള് ജപമാലയെ സ്നേഹിച്ചു. സഹികെട്ട പട്ടാളം അദ്ദേഹത്തെ പിന്നീട് ബാര്ബസ്റ്റോയിലെ സെമിത്തേരി മതിലില്‍ ചാരിനിര്‍ത്തി വെടിവെച്ചുകൊന്നു. കൂട്ടകുഴിമാടത്തിലേക്ക് വലിച്ചെറിഞ്ഞു. രക്തത്തുള്ളികള്‍ ചിതറിതെറിക്കുമ്പോഴും അദ്ദേഹം കൊന്തയിലുള്ള പിടിവിട്ടിരുന്നില്ല. ക്രിസ്തുരാജന് നീണാള്‍ വാഴട്ടെ! എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനവാക്കുകള്‍. കാലം കടന്നുപോയി. 1997 ല്‍ മഹാനായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ എന്നു വിളിച്ചു.
ജിപ്സികളോട് ലോകം വളരെ ക്രൂരമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്ന് ചരിത്രം പറയുന്നു. ജിമെനസ് മല്ലയും ഒരു ജിപ്സിയായിരുന്നു. ജനനം മുതല്‍ നാടും വീടുമില്ലാതെ അലഞ്ഞുതിരിയുന്ന വംശത്തില്‍ പിറന്നവന്. ചിതറിപ്പോയ ജനതതിയ്ക്കുള്ള മാതൃകയായിട്ടായിരുന്നു വത്തിക്കാന്‍ മല്ലയെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയത്. ജിപ്സികളുടെ വംശത്തിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി മാറി അദ്ദേഹം.
1861 ല്‍ കാറ്റലോണിയയിലായിരുന്നു ജനനം. തന്റെ ഗ്രാമത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ അദ്ദേഹം വളരെ തല്പരനായിരുന്നു. അക്ഷരാഭ്യാസം ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രായോഗിക പരിജ്ഞാനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സത്യസന്ധനായ കുതിരക്കച്ചവടനായിരുന്നു അദ്ദേഹം.
പള്ളിക്കൂടത്തിന്റെ പടിവാതിലിലൂടെ പോകാന്‍ അവസരം കിട്ടിയിരുന്നില്ലെങ്കിലും ജീവിതത്തില്‍ പുണ്യംകൊണ്ടും സത്ക്കര്‍മ്മം കൊണ്ടും അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായിത്തീര്‍ന്നു.
ജിപ്സികളും അല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവാഹകനാകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിശ്വാസത്തിന്റെ നിസ്തുലമായ മാതൃകയാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്.
ലോകത്തിലെ വിജ്ഞാനികളില്‍ നിന്നും പണ്ഡിതന്മാരില്നിന്നും ദൈവം മറച്ചുവെച്ച വിജ്ഞാനം സ്വന്തമാക്കിയ വ്യക്തിയായിരുന്നു മല്ല എന്ന് അദ്ദേഹത്തിന്റെ രൂപതയിലെ തന്നെ ബിഷപ്പായിരുന്ന ഫ്ളോറന്ഷ്യോ അസന്‍സിയോ ബറാസോ സാക്ഷ്യപ്പെടുത്തിയിരുന്നു. മല്ല കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബാര്ബസ്റ്റോയിലെ ബിഷപ്പും രക്തസാക്ഷിത്വമകുടം ചൂടി.
ദരിദ്രനായിരുന്നെങ്കിലും ഉപവിയില്‍ സമ്പനായിരുന്നു മല്ല. പാവപ്പെട്ടവനായിരുന്നു പക്ഷേ പുണ്യത്തില്‍ ധനവാനെ തോല്പിച്ചു. എളിമയുള്ളവനായിരുന്നു പക്ഷേ വിശ്വാസത്തില്‍ മഹത് വ്യക്തിയായിരുന്നു. സ്ഥിരമായി കുര്‍ബാനയില്‍ പങ്കെടുക്കുകയും വിശ്വാസത്തില്‍ വളരുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജപമാല അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു വെടിയുണ്ടകള്ക്കുമുമ്പിലും അദ്ദേഹം ജപമാല കൈയില്‍ മുറുകെ പിടിച്ചിരുന്നു.
78-ാമത്തെ വയസ്സില്‍ അദ്ദേഹത്തെ തേടിയെത്തിയ രക്തസാക്ഷിത്വമകുടം അദ്ദേഹത്തിന്റെ പൂണ്യജിവിതത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. സ്പെയിനിലെ രക്തസാക്ഷികളുടെ നിരയില്‍ സമുന്നതസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. അറിവല്ല അതിനേക്കാള്‍ പ്രധാനം വിശുദ്ധിയാണെന്നും അത് ആര്‍ക്കും സാധ്യമാണെന്നും ലോകത്തിന് കാണിച്ചുകൊടുത്ത വിശുദ്ധനാണ് മല്ല.
Send your feedback to : onlinekeralacatholic@gmail.com