പാവപ്പെട്ട രോഗികളോട് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പ്രതിഫലമായി ചോദിച്ച പ്രഗത്ഭനായ ഒപ്താല്‍മോളജിസ്റ്റ്
ഷേര്‍ളി മാണി - ജനുവരി 2021
കണ്ണില്‍ ചോരയില്ലാത്ത ആസ്പത്രികളും കാരുണ്യമില്ലാത്ത ഡോക്ടര്‍മാരും കളങ്കപ്പെടുത്തുന്ന ഇന്നത്തെ ആതുരസേവനരംഗത്തിന് മാതൃകയാക്കാന്‍ അനുയോജ്യനായ ഒരു ഡോക്ടറായിരുന്നു ഹംഗറിക്കാരനായ വാഴ്ത്തപ്പെട്ട ലാഡിസ്ലാവൂസ് ബത്തിയാനെ സ്ട്രാറ്റ്മാന്‍. പരിശോധന ഫീസ് നല്കാന് കഴിവില്ലാത്ത, തന്റെ അരികിലെത്തിയ ഒരു രോഗിയെ പോലും അദ്ദേഹം തിരിച്ചയച്ചില്ല. പാവപ്പെട്ട രോഗികളോട് അദ്ദേഹം ഒന്നുമാത്രമേ ചോദിച്ചുള്ളു. തനിക്കുവേണ്ടി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലി കാഴ്ചവെക്കുക. ബില്ലിനുപകരം അദ്ദേഹം നല്‍കിയിരുന്നത് കര്‍ത്താവിന്റെ തിരുരൂപവും ആത്മീയവളര്‍ച്ചയ്ക്കുതകുന്ന ഒരു പുസ്തകവുമായിരുന്നു. പണക്കാരനുവേണ്ടിയല്ല പാവപ്പെട്ട രോഗികള്‍ക്കുവേണ്ടി തന്റെ കഴിവും സമ്പത്തും മാറ്റിവെച്ച നിസ്വാര്‍ത്ഥനായ വൈദ്യനായിരുന്നു വാഴ്ത്തപ്പെട്ട ലാഡിസ്ലാവൂസ്.
ഹംഗറിയിലെ ഒരു ഉന്നതുകുടുംബത്തിലായിരുന്നു 1870 ല്‍ അദ്ദേഹത്തിന്റെ ജനനം. 10 മക്കളുള്ള കുടുംബത്തിലെ ആറാമന്‍. 12 വയസുള്ളപ്പോള്‍ അമ്മ മരിച്ചു. ചെറുപ്പത്തില്‍ തന്നെ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു ഡോക്ടറായി മാറണമെന്ന് അവന് ആഗ്രഹിച്ചിരുന്നു. രാജകുടുംബത്തില്‍ നിന്നുതന്നെ വിവാഹം കഴിച്ച അദ്ദേഹം വിശ്വാസതീക്ഷണമായ ജീവിതം നയിച്ചു. 13 മക്കളുള്ള സ്നേഹനിധിയായ പിതാവായിരുന്നു പ്രശസ്തനായ ഒപ്താല്മോളജിസ്റ്റായി മാറിയ അദ്ദേഹം. അദ്ദേഹവും ഭാര്യയും മക്കളും ഒരിക്കല്‍പോലും ദിവ്യബലി മുടക്കിയില്ല.
ഡോക്ടര്‍ ലാഡിസ്ലാവൂസിന്റെ പാവപ്പെട്ട രോഗികളോടുള്ള അഗാധമായ സേവനത്തിന് കാരണം ദൈവത്തോടുള്ള സ്നേഹം ഒന്നുമാത്രമായിരുന്നു. അദ്ദേഹം വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവനായിരുന്നു. പൈതൃകമായി കിട്ടിയ സമ്പത്തിനുപുറമെ അമ്മാവന്റെ മരണശേഷം അദ്ദേഹത്തിന് ഹംഗറിയിലെ കോര്മെന്ഡ് കാസിലും സ്വന്തമായി കിട്ടി. അതോടുകൂടി അദ്ദേഹത്തിന്റെ പേരിനുപിന്നില്‍ സ്ട്രാറ്റ്മാന്‍ എന്ന വിശേഷണം കൂടി ചേര്‍ക്കപ്പെട്ടു. രാജകീയമായ സ്വത്തുവകകള്‍ സംരക്ഷിച്ച് സുഖലോലുപനായി ജീവിക്കുന്നതിന് പകരം ഡോക്ടര്‍ ലാഡിസ്ലാവൂസ് തന്റെ കൊട്ടാരത്തിന്റെ ഒരു ഭാഗം ഹോസ്പിറ്റലാക്കി മാറ്റി.
പാവപ്പെട്ടവരുടെ ഡോക്ടര്‍ എന്നാണ് അദ്ദേഹത്തെ വത്തിക്കാന്‍ തയാറാക്കിയ ജീവചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത്. ഹംഗറിയിലും വിദേശത്തും അന്ന് വളരെയധികം അറിയപ്പെടുന്ന ഒപ്താല്മോളജിസ്റ്റായിരുന്നു അദ്ദേഹം . പാവപ്പെട്ടവര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തിന്റെ കൊട്ടാരത്തിനുമുമ്പില്‍ കാത്തുനിന്നു. അദ്ദേഹം അവരെയെല്ലാം നയാപൈസപോലും വാങ്ങാതെ ചികിത്സിച്ചു. പരിശോധനഫീസും ഹോസ്പിറ്റല്‍ ബില്ലുമായി അദ്ദേഹം ചോദിച്ചത് തനിക്കുവേണ്ടി ഒരു കര്‍ത്തൃപ്രാര്‍ത്ഥന മാത്രമായിരുന്നു. മരുന്നും ചികിത്സയും മാത്രമല്ല ആവശ്യമായ സാമ്പത്തികസഹായവും അവര്‍ക്ക് അദ്ദേഹം കൊടുക്കുമായിരുന്നു.
അദ്ദേഹത്തിന്റെ ഔദാര്യം ആഴവും അചഞ്ചലവുമായ ദൈവവിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതായിരുന്നു. ഓരോ സര്ജറിക്കുമുമ്പും സൗഖ്യദായകനായ രോഗിയെയും സര്‍ജറിയെയും ദൈവത്തിന് സമര്‍പ്പിക്കുമായിരുന്നു. സര്‍ജറിക്കുമുമ്പ് അദ്ദേഹം ദൈവത്തോട് ആശിര്‍വാദം ചോദിച്ചുവാങ്ങുമായിരുന്നു. താന്‍ ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണെന്നും സൗഖ്യം ദൈവത്തിന്റെ ദാനമാണെന്നും നല്ല വണ്ണം അദ്ദേഹത്തിനറിമായിരുന്നു. രോഗികള്‍ ഡിസ്ചാര്‍ജ് ആയിപ്പോകുമ്പോള്‍ ബില്ലിനുപകരം അവര്‍ക്ക് അദ്ദേഹം കൊടുത്തിരുന്നത് കര്‍ത്താവിന്റെ ഒരു രൂപവും 'ഓപ്പണ്‍ യുവര്‍ ഐസ് ആന്റ് സീ' എന്ന ആത്മീയപുസ്തകവുമായിരുന്നു. അത് അവരുടെ പിന്നീടുള്ള ആത്മീയജീവിതത്തിന് നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുവേണ്ടിയായിരുന്നു. രോഗികള്‍ മാത്രമല്ല ബന്ധുക്കളും ജീവിതകാലത്തു തന്നെ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കിയിരുന്നു.
ഡോ. ലാഡിസ്ലാവുസിന്റെ ജീവിതം അനേകര്‍ക്ക് പ്രചോദനമായിരുന്നു. 1931 ജനുവരി 22 ന് അദ്ദേഹം സ്വര്ഗ്ഗീയവൈദ്യന്റെ പക്കലേക്ക് വിളിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ പ്രചോദനം ദീര്‍ഘകാലം അനേകായിരങ്ങളെ സ്വാധീനിച്ചു.
വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ലാഡിസ്ലാവൂസിനെ വാഴ്ത്തപ്പെട്ടവാനായി വാഴിച്ചത് 2003 ലായിരുന്നു. മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്ന എല്ലാവര്ക്കും വളരെ ശക്തനായ മാദ്ധ്യസ്ഥനാണ് വാഴ്ത്തപ്പെട്ട ലാഡിസ്ലാവൂസ്.
Send your feedback to : onlinekeralacatholic@gmail.com