പര്‍വ്വതങ്ങള്‍ കീഴടക്കാന്‍ കൊതിച്ച വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രസാറ്റി
ജെയ്സണ്‍ പീറ്റര്‍ - ജൂലൈ 2020
ഇറ്റലിയിലെ ടൂറിനില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ലോകം സന്ദര്‍ശിച്ചുമടങ്ങിയ കാരുണ്യവാനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പിയര്‍ ജിയോര്‍ജിയോ ഫ്രസാറ്റി. പര്‍വ്വതാരോഹകനും അത്ലറ്റും കലാകാരനുമായിരുന്ന ആ ചെറുപ്പക്കാരന് അന്നത്തെ ചെറുപ്പക്കാരെപ്പോലെ തന്നെ അടിച്ചുപൊളിച്ചു ജീവിച്ചു. അടിപൊളിയിലും ആത്മീയതയില്‍ അവന് അടി തെറ്റിയില്ല. കാരണം അവന്റെ ജീവിതം ദൈവസ്നേഹത്തിലും സാധുസേവനത്തിലും അടിയുറച്ചതായിരുന്നു. വളരെ കുറച്ചു കാലം മാത്രമേ അവന് ലോകത്തില്‍ ജീവിച്ചുള്ളു. വെറും 24 വയസ് വരെ. 1925 ജൂലൈ 4 ന് പോളിയോ ബാധിതനായി സ്വന്തം അമ്മയുടെ മടിയില്‍ കിടന്ന് ആ മകന് അന്ത്യശ്വാസം വലിച്ചപ്പോള്‍ പോലും അവരറിഞ്ഞില്ല, അവന് ടൂറിനിലെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചാണ് മടങ്ങുന്നതെന്ന്. തെരുവിന്റെ മക്കളായിരുന്നു അവന്റെ സ്നേഹിതരിലധികവും. അവരിലാരോ ആയിരുന്നു അവന് പോളിയോ എന്ന രോഗം സമ്മാനിച്ചതും.
24 വര്‍ഷമേ ജീവിച്ചിരുന്നുവെള്ളുവെങ്കിലും ഇറ്റലിയിലെ ടൂറിനിലും പരിസര പ്രദേശത്തും അവനുണ്ടായിരുന്ന ജനപ്രീതി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ലോകം ഞെട്ടി. ആയിരക്കണക്കിനാളുകളാണ് അവന്റെ ഒടുവിലെ യാത്രയില്‍ അവന് അഭിവാദ്യമര്‍പ്പിക്കാനായി തടിച്ചുകൂടിയത്. ദേവാലയവും തെരുവീഥികളിലും അവന്റെ സുഹൃത്തുക്കള്‍ ഒഴുകിപരന്നു. ടൂറിന് അന്നുവരെ സാക്ഷ്യം വഹിക്കാത്ത തരത്തിലുള്ള ഒരു കബറടക്ക ശുശ്രൂഷയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഒരു ചെറുപ്പക്കാരനെ സമൂഹം ഇത്രമാത്രം സ്നേഹിക്കുവാന്‍ കാരണമായത് എന്തായിരുന്നു. ആ ചോദ്യത്തിനുത്തരം അവന്റെ വിശുദ്ധമായ ജീവിതം മാത്രമായിരുന്നു.
1901 ല്‍ ഇറ്റലിയിലെ സമ്പത്തും സ്വാധീനവുമുള്ള ഒരു ഉന്നത കുടുംബത്തിലായിരുന്നു പിയര്‍ ജിയോര്‍ജിയോയുടെ ജനനം. അവന്റെ പിതാവിന്റേതായിരുന്നു അവിടുത്തെ പ്രമുഖ ന്യൂസ്പേപ്പറായ ലാ സ്റ്റാമ്പ. ബിസ്നസ്സിലും രാഷ്ട്രീയത്തിലും മികവു തെളിയിച്ച അവന്റെ അച്ഛന് ഇറ്റലിയുടെ ജര്‍മ്മനിയിലെ അംബാസഡറുമായിരുന്നു. അമ്മയാകട്ടെ അറിയപ്പെടുന്ന ചിത്രകാരി. സമ്പത്തും സ്വാധീനവും വേണ്ടതിലധികം സമ്മേളിച്ച ആ ഉന്നതകുടുംബത്തിന്റെ ഭാവിവാഗ്ദാനമായിരുന്നു ചുറുചുറുക്കുള്ള ജിയോര്‍ജിയോ.
ചെറുപ്പത്തില്‍ തന്നെ അവന് മാതാവിനോടും ഈശോയോടും വലിയ ഭക്തിയുള്ളവനായിരുന്നു. എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാന സ്വീകരിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ ഈശോ ദിവ്യകാരുണ്യത്തിലൂടെ എന്നെ സന്ദര്‍ശിക്കുന്നു, ഞാന്‍ എനിക്കുകഴിയുന്ന വിധത്തില്‍ പാവപ്പെട്ടവരെ സന്ദര്‍ശിച്ചുകൊണ്ട് ഈശോയുടെ സന്ദര്‍ശനത്തിന് പകരം നല്കുന്നു. പാവപ്പെട്ടവരുടെ ആവശ്യങ്ങളില്‍ സഹായഹസ്തമായെത്തുന്ന അവന് വെറും 17 -ാമത്തെ വയസ്സില്‍ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അംഗമായിമാറി.
ഫ്രസാറ്റി പഠനത്തില്‍ വലിയ ശ്രദ്ധ നല്‍കിയില്ല. സാധുസേവനത്തിലായിരുന്ന ആ പണക്കാരന് ചെക്കന്റെ ശ്രദ്ധ മുഴുവനും. ഒടുവില്‍ മൈനിംഗ് എഞ്ചിനിയറിംഗ് പഠിക്കാന്‍ തീരുമാനിച്ചു. അതുതന്നെ ഖനിത്തൊഴിലാളികളുടെ ഇടയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാം എന്ന് കരുതിയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിലും രാഷ്ട്രീയത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യങ്ങളില്‍ നിന്ന് അവന് ഒരിക്കലും ഒഴിഞ്ഞുമാറിയില്ല.
അവനുള്ളതെല്ലാം അവന് പാവപ്പെട്ടവര്‍ക്ക് നല്കിക്കൊണ്ടിരുന്നു. എന്തിനുപറയുന്നു കോളജില്‍ പോകാനുള്ള ബസ് കൂലി പോലും അവന് പാവപ്പെട്ടവര്‍ക്ക് നല്കി. കൃത്യസമയ വീട്ടിലെത്താനായി ഓടുക പതിവായിരുന്നു. പണം മാത്രമല്ല, ജീവിതം മുഴുവനും അവന് പാവപ്പെട്ടവര്‍ക്ക് നല്കി. വേനല്‍ക്കാലത്ത് എല്ലാവരും അവധി ആഘോഷിക്കുവാന്‍ പോകുമ്പോള്‍ അവന് ടൂറിനില്‍ തന്നെ നില്ക്കും. എല്ലാവരും ടൂറിന് വിട്ടുപോയാല്‍ ഇവിടുത്തെ പാവപ്പെട്ടവരെ പിന്നെ ആരു നോക്കൂം അവന് ചോദിക്കുമായിരുന്നു. ദരിദ്രരോടും ആലംബഹീനരോടുമുള്ള അവന്റെ അദമ്യമായ സ്നേഹവും കരുതലും മനസ്സിലാക്കിയിട്ടാകാം ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 1990 ല്‍ അവനെ അഷ്ടഭാഗ്യങ്ങളുടെ മനുഷ്യന് എന്ന് വിശേഷിപ്പിച്ചത്.
സാമൂഹിക പ്രവര്‍ത്തനത്തിലും സഭാപ്രവര്‍ത്തനങ്ങളിലും അവന് ഒരു പോലെ ആക്ടീവായിരുന്നു. 1921 ല്‍ ലോകത്തെങ്ങുമുള്ള കത്തോലിക്കവിദ്യാര്ത്ഥികളെ ഒരുമിപ്പിച്ച് ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുവാനുള്ള പാക്സ് റൊമാന എന്ന സംഘടനയുടെ ആദ്യത്തെ കണ്വെന്ഷന് അവന് ഇറ്റലിയില്‍ സംഘടിപ്പിച്ചു.
വെറുമൊരു പ്രാര്‍ത്ഥനക്കാരന്‍ മാത്രമായിരുന്നില്ല അവന്. കൂട്ടുകാരെയും കൂട്ടി ജീവിതം അടിച്ചുപൊളിക്കുന്നതില് അവന് യാതൊരു പിശുക്കും കാണിച്ചില്ല. ഇറ്റലിയിലെ ഒട്ടുമിക്ക പര്‍വതങ്ങളും അവന് കയറി. കൂട്ടുകാര്‍ക്കൊപ്പം ഇറ്റാലിയന്‍ ആല്‍പ്സില്‍ ഔട്ടിംഗിനുപോകുക അവന് ഇഷ്ടമായിരുന്നു. എങ്കിലും അവന്റെ ആത്മീയ ജീവിതം അവന് ഒരു രഹസ്യമായി സൂക്ഷിച്ചില്ല. അവനെ പരിചയമുള്ളവരോടും സുഹൃത്തുക്കളോടും അത് പങ്കിടുന്നതില്‍ അവന് യാതൊരു മടിയും കാണിച്ചില്ല. അവന്റെ വിനോദങ്ങളെല്ലാം തന്നെ കൂട്ടുകാരെ യേശുവിലേക്ക് നയിക്കുന്നതിനുള്ള ഉപാധിയായി അവന് മാറ്റി. അവന് സ്ഥിരമായി കൂട്ടുകാരെ കുര്‍ബാനയ്ക്കും ജപമാലയക്കും ബൈബിള്‍ വായനയ്ക്കും കൂട്ടിക്കൊണ്ടുപോകുമായിരുന്നു.
അവന്റ മാതാവ് അറിയപ്പെടുന്ന പെയിന്ററായിരുന്നു. അവനും കലയിലും സാഹിത്യത്തിലും താലപര്യമുണ്ടായിരുന്നു. തിയേറ്ററുകളും മ്യൂസിയവും ഓപറ ഹൗസുകളും അവന്റെ നിത്യസന്ദര്ശനകേന്ദ്രങ്ങളായിരുന്നു.
കോളജ് പഠനം പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുമ്പായിരുന്ന അവന് പോളിയോ ബാധിച്ചത്. തെരുവുകളിലെ രോഗികളെ ശുശ്രൂഷിച്ചപ്പോള്‍ പകര്‍ന്നതായിരുന്നു അത്. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം കാര്യം അവഗണിച്ച് അവന് മരണാസന്നയായ അവന്റെ വല്യമ്മയെ ശുശ്രൂഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന കഠിനമായ വേദനയ്ക്കൊടുവില്‍ സ്വന്തം മാതാവിന്റെ മടിയില്‍ കിടന്ന് 1925 ജൂലൈ 4ന് 24 ാമത്തെ വയസില്‍ ജിയോര്‍ജിയോ ഫ്രസാറ്റി എന്ന യുവനക്ഷത്രം വിടവാങ്ങി.
അവസാന നിമിഷം വരെ അവന്റെ ചിന്ത പാവപ്പെട്ടവരെ കുറിച്ചായിരുന്നു. മരണമെത്തുന്നതിനു തലേന്ന് അവന് തെരുവിലെ കോണ്വെര്സോ എന്ന രോഗിയ്ക്ക് നല്‍കാനുള്ള മരുന്ന് അടിയന്തിരമായി എത്തിച്ചുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സുഹൃത്തിന് സന്ദേശം കൊടുത്തയച്ചിരുന്നു. ഫ്രസാറ്റി മരിച്ചുകഴിഞ്ഞപ്പോഴാണ് അവന് സമൂഹത്തിലുള്ള സ്ഥാനം അവന്റെ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. അവന്റെ അന്തിമയാത്രയില്‍ പങ്കെടുക്കുവാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. അന്നാണ് തങ്ങളെ സഹായിക്കാനെത്തിയിരുന്ന ഈ ചെറുപ്പക്കാരന് അതിസമ്പന്ന കുടുംബത്തിലെ അംഗമായിരുന്നവെന്നു പോലും തെരുവിന്റ മക്കള്‍ തിരിച്ചറിഞ്ഞതു പോലും.
മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും കഥകളും വിശുദ്ധിയെക്കുറിച്ചും അഡ്വഞ്ചറിനെക്കുറിച്ചും നല്ലസ്വഭാവത്തെക്കുറിച്ചും കൂട്ടുകാര്‍ക്കിടയില്‍ കഥകള്‍ പ്രചരിച്ചു. 1932 ല്‍ സുഹൃത്തുക്കളും സമൂഹവും നല്കിയ ടൂറിന് ആര്ച്ച്ബിഷപിന് അപേക്ഷ നല്കി. അപ്പോഴാണ് സഭ അവനെക്കുറിച്ച പഠിച്ചത്. വൈകാതെ അവന്റെ വിശുദ്ധിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ത്വരിതപ്പെട്ടു. അത് പാതിവഴിയില്‍ തടസ്സപ്പെട്ടെങ്കിലും 1987 ല്‍ അദ്ദേഹത്തെ ദൈവദാസനായും 1990 ല്‍ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.
1989 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ പല്ലോണിലെ ഫ്രസാറ്റിയുടെ കബറിടം സന്ദര്‍ശിച്ചശേഷം പറഞ്ഞത്. ഈ നൂറ്റാണ്ടില്‍ ക്രിസ്തുവിന് ഒറ്റയ്ക്ക് സാക്ഷ്യം വഹിച്ച ഒരു ചെറുപ്പകാരന് പ്രണാമം അര്‍പ്പിക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു. 1990 മെയ് 20 ന് മാര്‍പാപ്പ പിയര്‍ ജിയോര്‍ജിയെ വാഴ്ത്തപ്പെട്ടവനാക്കി ഉയര്‍ത്തിക്കൊണ്ട് അഷ്ടഭാഗ്യങ്ങലുടെ മനുഷ്യന് എന്ന് വിശേഷിപ്പിച്ചു.
1981 മാര്‍ച്ച് 31 ന് ഫ്രസാറ്റിയുടെ തിരുശേഷിപ്പുകള്‍ കുടുംബകല്ലറയില്‍ നിന്നും ടൂറിനിലേ കത്തീഡ്രലിലേക്ക് മാറ്റുവാനായി തുറന്നപ്പോള്‍ അവന്റെ ശരീരം അഴുകാതിരിക്കുന്നതായി കണ്ടെത്തി.
Send your feedback to : onlinekeralacatholic@gmail.com