കണ്ണുകാണാത്ത കന്യാസ്ത്രികള്‍
റോയ് പോള്‍ - ഫെബ്രുവരി 2019
അന്ധകാരം നിറഞ്ഞ ലോകത്തിന് ക്രിസ്തുവിന്റെ രക്ഷയുടെ വെളിച്ചമേകാന്‍ തങ്ങളുടെ അന്ധതയെ സമര്‍പ്പിച്ച് നിത്യാരാധനയില്‍ ലയിക്കുന്ന കന്യാസ്ത്രികള്‍. തങ്ങളുടെ അന്ധതയെന്ന വൈകല്യത്തെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട്. അവര്‍ നിത്യാരാധനയില്‍ മുഴുകിയിരിക്കുന്നത് കണ്ണുണ്ടായിട്ടും ക്രിസ്തുവിനെയും അവിടുത്തെ രക്ഷയെയും കാണുവാന്‍ കഴിയാതെ അലയുന്ന മാനവരാശിക്കുവേണ്ടിയാണ്.
ചിലിയിലെ സാന്റിയാഗോയിലെ സാക്രമെന്റൈന്‍ സിസ്റ്റേഴ്സ് ഓഫ് ഡോണ്‍ ഓറിയോണ്‍ എന്ന സഭയിലെ അംഗങ്ങളാണ് ഈ ത്രിമൂര്‍ത്തികള്‍. മറ്റെല്ലാ സംഭയില്‍ നിന്നും വ്യത്യസ്തമായ ചൈതന്യമാണ് ഇവരുടേത്. ലോകത്തിന് കൂടുതല്‍ രക്ഷാദര്ശനമുണ്ടാകുവാനായി ഇവര്‍ തങ്ങളുടെ വൈകല്യത്തെ തന്നെയാണ് ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നതാണ് അവരുടെ സമര്‍പ്പണജീവിതം തികച്ചും വ്യത്യസ്തമാക്കുന്നത്.
സാക്രമെന്റൈന്‍ സിസ്റ്റേഴ്സ് ഓഫ് ഡോണ്‍ ഓറിയോണ്‍ എന്ന സന്യാസ സഭ കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടി സ്ഥാപിതമായ സന്യാസസഭയാണ്. കാഴ്ചയുള്ളവര്‍ക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുക എന്ന ദൗത്യമേറ്റെടുത്ത അവര്‍ തങ്ങളുടെ അന്ധത ദൈവത്തിന് സമര്‍പ്പിച്ച് 24 മണിക്കൂറൂം നിത്യാരാധന നടത്തുന്നു.
വിശുദ്ധ ലൂയിജി ഓറിയോനെ ആണ് 1927 ഓഗസ്റ്റ് 15 ന് ഈ സഭ സ്ഥാപിച്ചത്. ഈ പുതിയ സന്യാസസമൂഹത്തെ പരിശുദ്ധ അമ്മയുടെ സിംഹാസനത്തിനുമുമ്പില്‍ മനോഹരമായ ഒരു പൂവായി സമര്‍പ്പിക്കുന്നു, അമ്മ തന്റെ അനുഗ്രഹീതമായ കരങ്ങള്‍ക്കൊണ്ട് ഈ കുസുമത്തെ ദിവ്യകാരുണ്യത്തിലെഴുന്നള്ളിയിരിക്കുന്ന ഊശോയ്ക്ക് സമര്‍പ്പിക്കും സഭ സ്ഥാപിക്കുമ്പോള്‍ അദ്ദേഹം സഭാംഗങ്ങളോട് പറഞ്ഞ വാക്കുകളാണിത്.
ലിറ്റില്‍ മിഷനറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്നും ഈ സഭയെ വിളിച്ചുപോരുന്നു. വി. ലുയീജി സണ്‍സ് ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് എന്നൊരു സന്യാസസഭയും കൂടി സ്ഥാപിച്ചിട്ടുണ്ട്. ദിവ്യബലിയും നിത്യാരാധനയുമാണ് അവരുടെ ദൗത്യം. ഇറ്റലി, സ്പെയ്ന്‍, ഫിലീപ്പീന്‍സ്, കെനിയ, അര്‍ജന്റീന, ബ്രസീല്‍, ചിലി എന്നിവിടങ്ങളില്‍ ഈ സന്യാസസഭയ്ക്ക് ഭവനങ്ങളുണ്ട്. 1943 മുതല്‍ അവര്‍ ചിലിയിലുണ്ട്.
സി. മരിയ ലൂസ് ഒജേഡ, സി. എലിസബത്ത് സെപുല്വേഡ, സി. മരിയ പിയ ഉര്‍ബിന എന്നി സഹോദരിമാര്‍ ചിലിയിലെ മഠത്തിലെ അംഗങ്ങളാണ്. അവര്‍ക്ക് ലഭിക്കുന്ന പ്രാര്‍ത്ഥന അപേക്ഷകള്‍ ദൈവത്തിനുമുമ്പില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുയാണ് അവരുടെ മിഷന്.
സി. മരിയ ലൂസിന്റ കാഴ്ച ദൈവം തിരിച്ചെടുത്തത് ചെറുപ്പത്തിലുണ്ടായ ഒരു അപകടത്തിലൂടെയായിരുന്നു. അപകടത്തിലൂടെ കാഴ്ചശക്തിക്ക് അപകടത്തിലായ സിസ്റ്ററിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് 30 വയസ്സുള്ളപ്പോഴായിരുന്നു. ആ അപകടമുണ്ടായതുകൊണ്ടുമാത്രമാണ് തനിക്ക് ഈ സഭയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്ന് പറഞ്ഞുകൊണ്ട് ദൈവത്തിന് എന്നും നന്ദിയര്പ്പിക്കാറുണ്ടെന്ന് സിസ്റ്റര്‍ അനുസ്മരിക്കുന്നു. ദൈവമേ ഇതാണ് നിനക്കുവേണ്ടി ആത്മാക്കളെ രക്ഷിക്കുവാനുള്ള എന്റെ മാര്‍ഗ്ഗമെന്നും ഞാനതില്‍ വളരെയധികം സന്തോഷവതിയാണെന്നും സിസ്റ്റര്‍ മരിയ പറയുന്നു.
ലോകത്തിന്റെ ദാരിദ്യവും, സഹനങ്ങളും വേദനയും ഞങ്ങള്‍ പ്രാര്‍ത്ഥനയും ആരാധനയും വഴിയായി ദൈവത്തിന് സമര്പ്പിക്കു്ന്നുവെന്ന് സിസ്റ്റേഴ്സ് പറയുന്നു. മാത്രമല്ല, ആഴ്ചയിലെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക നിയോഗവുമുണ്ട്. തിങ്കളാഴ്ച രോഗികള്‍ക്കും ചൊവ്വ, യുവാക്കള്‍ക്കും ബുധന്‍ സമാധാനത്തിനും വ്യാഴം ദൈവവിളിക്കും, വെള്ളി പ്രായമായവര്‍ക്കും, ശനി കുട്ടികള്‍ക്കും ഞായര്‍ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്ത്ഥിക്കുവാനുള്ളതാണ്. ഫേസ് ബുക്കിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന പ്രാര്‍ത്ഥനാഭ്യര്‍ത്ഥനകള്‍ മനസ്സിലാക്കി അത് ദൈവത്തിന്റെ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നതിനായി കമ്പ്യൂട്ടറില്‍ പ്രത്യേകപരിശീലനവും ഈ സഹോദരിമാര്‍ നേടുന്നുണ്ട്.
Send your feedback to : onlinekeralacatholic@gmail.com