ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായ ബ്രദര്‍ ആവേ
ജോര്‍ജ് .കെ. ജെ - സെപ്റ്റംബര്‍ 2019
സാധാരണക്കാരില്‍ സാധാരണക്കാരനായി ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുകയും മാതാവിനോടുള്ള ഭക്തി കൊണ്ട് നിറയുകയും ചെയ്ത് പുണ്യചരിതനായിരുന്നു ബ്രദര്‍ ആവേ എ്ന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ആന്റണി കോവാലിസ്ക്.
1866 ജൂണ്‍ 4 ന് പോളണ്ടിലെ സിയോര്സനോവ് എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹം പ്രപഞ്ചവെളിച്ചം ആദ്യമായി നുകര്‍ന്നത്. 12 മക്കളെപ്പെറ്റ ഒരമ്മയുടെ ആറാമത്തെ മകനായിരുന്നു അവന്. മാതാപിതാക്കളാവട്ടെ തീക്ഷണമതികളായ കത്തോലിക്കവിശ്വാസികളായിരുന്നു. പോളണ്ടിലെ ലുട്ടേഗ്നിയോയിലെ മാതാവിന്റെ ദേവാലയത്തില്‍ കൊണ്ടുചെന്ന് മാതാപിതാക്കള്‍ അവനെ മാമ്മോദീസ മുക്കി. മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയത്തില്‍ വെച്ച് ദിവ്യസ്നാനം സ്വീകരിച്ചതിനാലാവാം മാതാവിനോടുള്ള സ്നേഹമാണ് അദ്ദേഹത്തിന്റെ ശിഷ്ടജീവിതത്തില്‍ നിറഞ്ഞുനിന്നത്.
ഏഴാമത്തെ വയസ്സില്‍ സ്കൂളില്‍ പ്രവേശിച്ചു. സകൂള്‍ പഠനം കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ അവനെ പാടത്തേക്ക് അയച്ചു. അവിടെ അവന് മാതാപിതാക്കളോടോപ്പം കൃഷിയില്‍ മുഴുകി. അതിനുശേഷം ഒരു കൊല്ലന്റെ പക്കലേക്ക് അവനെ അപ്രന്റീസ് ആയി അയച്ചു. കൊല്ലപ്പണി പഠിച്ച് അവന് സഞ്ചാരിയായ കൊല്ലപ്പണിക്കാരനായി മാറി. അവിടെ നിന്നും അദ്ദേഹം ജര്‍മ്മനിയിലെ ഹാംബര്‍ഗിലെത്തി.ഒരു ഫാക്ടറിയില്‍ ജോലി ലഭിച്ചു. സഹപ്രവര്‍ത്തകര്‍ അവനൊരു കത്തോലിക്കനാണ് എന്ന് തിരിച്ചറിഞ്ഞതോടെ അവനെ കളിയാക്കാനും ഉപദ്രവിക്കാനും തുടങ്ങി. അവരുടെ നിരന്തരമായ മാനസികപീഡനം കൊണ്ട് അവന് രോഗിയായി ത്തീര്‍ന്നു.
പ്രാര്‍ത്ഥനയിലഭയം തേടിക്കൊണ്ട്, അവന് അവിടെ നിന്നും ജോലിയുപേക്ഷിച്ച് കൊളോണിലേയ്ക്ക് യാത്രായി. പ്രാര്‍ത്ഥന ദൈവം കേട്ടു. അവിടെ ഒരു കത്തോലിക്ക കുടുംബം അവനെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അവന് അവര്‍ ഒബ്ളേറ്റ്സ് ഓഫ് മേരി ഇമാക്കുലേറ്റ് സഭാംഗങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെയാണ് സന്യാസത്തിലൂടെ മറ്റുള്ളവരെ സേവിക്കുവാന്‍ അവസരമുണ്ടെന്ന് അവന് തിരിച്ചറിഞ്ഞത്. അങ്ങനെ കൊളോണിലെ സുഹൃത്തുക്കളോട് യാത്രപറഞ്ഞ് അവന് ഹോളണ്ടിലെത്തി. അവിടെ ഒബ്ളേറ്റ്സ് സഭയില്‍ നൊവിഷ്യേറ്റില്‍ പ്രവേശനം നേടി.
മൂന്ന് വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുംശേഷം അവന് 1892 ഒക്ടോബര്‍ 2 ന് വ്രതവാഗ്ദാനം ചെയ്തു. രണ്ടുവര്‍ഷത്തിനുശേഷം കാനഡയിലേ അവരുടെ മിഷന് പ്രദേശത്തേക്ക് അയച്ചു. അവിടെ നിന്നും എഡ്മോന്റണിലേക്കും നോര്‍ത്ത് ലാക് ലാ ബിച്ചെയിലേക്കും പോയി ക്രീ ആന്റ് മെറ്റീസ് ട്രൈബ്സിനിടയില് പ്രവര്‍ത്തിക്കാനാരംഭിച്ചു.
അവിടെ തന്റെ സേവനം ആരംഭിച്ച അദ്ദേഹം നല്ലൊരു മെക്കാനിക്കായിരുന്നു. ഒരിക്കല്‍ സന്യാസിമാര്‍ ലംബര്മില്ലില് പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ പവര്‍ ബെല്‍റ്റ് പൊട്ടി വാള് ബ്രദര്‍ ആന്റണിയുടെ വലതുകൈപ്പത്തി മുറിച്ചെടുത്തു. വേദനകൊണ്ട് പുളഞ്ഞ അദ്ദേഹത്തെ സഹസന്യാസികള്‍ വാരിയെടുത്തു. അപ്പോഴും അദ്ദേഹം പറഞ്ഞു. ഇത് ദൈവത്തിന്റെ ഹിതമാണ്.
നാലുദിവസം കൊണ്ടാണ് ആ ഓണം കേറാമൂലയില്‍ നിന്ന് അദ്ദേഹത്തെ എഡ്മോന്റണിലുള്ള ഹോസ്പിറ്റലിലെത്തിച്ചത്. അവിടെ വെച്ച് അദ്ദേഹത്തിന്റെ കൈമുറിച്ചുമാറ്റി. ഒരു അനസ്തേഷ്യ പോലും കൊടുക്കാതെ. കൈമുട്ടിനുതാഴെ മുറിച്ചു മാറ്റുന്ന വേദന സഹിക്കാന്‍ അദ്ദേഹം ചോദിച്ചുവാങ്ങിയത് കൈയില്‍പിടിക്കാന്‍ ഒരു കുരിശുരൂപമായിരുന്നു.
1897 ല്‍ സെന്റ് പോള്‍ ഡി മെറ്റിസിലെ മിഷനിലേയ്ക്ക് അയച്ചു. അവിടെ അദ്ദേഹം മറ്റ് രണ്ടു സഹോദരന്മാരോടുകൂടി ഒരു സോമില്ലും ഒരു ഫ്ളോര്മില്ലും സ്ഥാപിച്ചു. 1899 ല്‍ അദ്ദേഹം നിത്യവ്രതം ചെയ്ത് നിത്യമായി ഒബ്ളേറ്റ് ബ്രദറായി സമര്‍പ്പിച്ചു.
അവിടെ നിന്ന് അദ്ദേഹം പിന്നീട് എഡ്മോന്റണിലെ സെന്റ് ജോണ്‍സ് കോളജിലേക്ക് അയക്കപ്പെട്ടു. 1912 ല്‍ അദ്ദേഹത്തിന് ഒരു കൃത്രിമകൈവെച്ചുപിടിപ്പിച്ചു. പുതിയ കരം അദ്ദേഹത്തിന്റെ സേവനത്തിന് സ്പീഡ് കൂട്ടി. അങ്ങനെ അദ്ദേഹം അവിടുത്തെ കൊല്ലനും ഗാര്‍ഡനറും, ബെല്‍ റിംഗറും സാക്രിസ്റ്റിയനും എല്ലാമെല്ലാമായി മാറി. ഹോക്കിസ്റ്റിക് നന്നാക്കുന്നതിലും അദ്ദേഹം നിപുണനായിരുന്നു.
ചെറിയ ചെറിയ ജോലികള്‍ ചെയ്ത് അദ്ദേഹം ദൈവത്തിന് പ്രീതികരമായി ജീവിച്ചു. ചെറുപ്പക്കാര്‍ക്ക് വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രചോദനം നല്കി. അവര്‍ അദ്ദേഹത്തെ ബ്രദര്‍ ആവേ എന്ന് വിളിച്ചു. കാരണം അദ്ദേഹത്തിന് മാതാവിനോടുള്ള സ്നേഹം അപാരമായിരുന്നു. അദ്ദേഹത്തോട് ആര് പ്രാര്‍ത്ഥന ചോദിച്ചാലും അദ്ദേഹം അവരോട് പറഞ്ഞിരുന്നത് ഒരു നന്മനിറഞ്ഞ മറിയം എക്സട്രാ ചൊല്ലുക എന്നായിരുന്നു.
1947 ജൂലൈ 10 ന് 81 ാമത്തെ വയസ്സില്‍ ചെറിയ ഒരു രോഗത്തെ തുടര്‍ന്ന് ബ്രദര്‍ ആന്റണി കോവാല്സിക് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കാനഡയിലെത്തിയ ആദ്യത്തെ പോളിഷ് ഒബ്ളേറ്റായിരുന്നു അദ്ദേഹം.
2013 മാര്‍ച്ച് 28 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ധീരോചിതപുണ്യങ്ങളുടെ മനുഷ്യന് എന്ന് വിളിച്ചു. അങ്ങനെ അദ്ദേഹം വണങ്ങപ്പെട്ടവനായി.വിശുദ്ധപദവിയിലേക്കുള്ള പ്രയാണം ആരംഭിച്ചു.
Send your feedback to : onlinekeralacatholic@gmail.com