ഫിലിപ്പീന്‍സ് പട്ടാളത്തെ മുട്ടുകുത്തിച്ച കര്‍ദ്ദിനാള്‍ സിന്
ജോര്‍ജ് .കെ. ജെ - ഫെബ്രുവരി 2019
ഫിലിപ്പീന്‍സിലെ ജനപ്രിയനേതാവും കരുത്തനായ മനുഷ്യാവകാശപ്രവര്ത്തനും മനിലയിലെ മുന്‍ ആര്‍ച്ചുബിഷപ്പുമായിരുന്നു കര്‍ദ്ദിനാള്‍ ജെയിം സിന്. ഏഷ്യയിലെ ഏറ്റവും രാഷ്ട്രീയസ്വാധീനമുണ്ടായിരുന്ന ജനപ്രിയ കര്‍ദ്ദിനാളെന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ ചേര്‍ച്ച. വിമര്‍ശകനായ ഉപകാരി എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ സ്വരം സ്വേച്ഛാധിപതികളായ ഭരണാധികാരികളുടെ പേടിസ്വപ്നായിരുന്നു. കാരണം ധാര്‍മ്മികതയുടെ കീഴടക്കാനാകാത്ത സ്വരമായിരുന്നു അദ്ദേഹത്തിന്റേത്.
ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണം മാത്രമാണ്. എല്ലാം ചെയ്തത് ദൈവമാണ്. ദൈവം യാത്രചെയ്ത വെറുമൊരു കഴുത മാത്രമാണ് ഞാന്‍. എനിക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ല. എല്ലാം ദൈവകൃപ. ഫിലിപ്പീന്‍സ് ജനതയുടെ വിമോചകനെന്ന നിലയില്‍ ലോകമെങ്ങും ശ്രദ്ധയാകര്‍ഷിച്ച കര്‍ദ്ദിനാള്‍ സിന്നിന്റെ വാക്കുകളാണിവ.
ഫിലിപ്പീന്‍സ് ജനതയുടെ ജനാധിപത്യമോഹങ്ങള്ക്കുമേല് അഴിമതിയും അക്രമവും സ്വേച്ഛാധിപത്യവും കരിനിഴല്‍ പടര്‍ത്തിയപ്പോള്‍ ദേവാലയമണിപ്പോലെ മുഴങ്ങിയത് കര്‍ദ്ദിനാള്‍ സിന്നിന്റെ ധാര്‍മ്മിക സ്വരമായിരുന്നു. ആര്‍ച്ചുബിഷപ്പിന്റെ വേഷത്തില്‍ തന്നെ, മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പോരാടുവാന്‍ അരയും തലയും മുറുക്കി സര്വ്വജനങ്ങളോടുമൊപ്പം തെരുവീഥികളിലേയ്ക്കിറങ്ങിയ ആത്മീയനേതാവായിരുന്നു അദ്ദേഹം.
അഴിമതിയും അസമത്വവും അനീതിയും ഭരണമന്ദിരങ്ങളില് കൊടികുത്തിവാണപ്പോള്‍ കര്‍ദ്ദിനാള്‍ സിന് ജനങ്ങളെവിളിച്ചുണര്ത്തി. സമാധാനപൂര്‍ണമായ ജനകീയപ്രക്ഷോപങ്ങളിലൂടെ അഴിമതിവീരډാരായ രണ്ടു പ്രസിഡന്റുമാരെ താഴെയിറക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി.
അഴിമതിക്കാരുടെ പേടിസ്വപ്നം
1986 ഫെര്‍ഡിനന്‍സ് മാര്‍ക്കോസ് പ്രസിഡാന്റായി വാഴും കാലം. അഴിമതിയും അരാജകത്വവും മനുഷ്യാവകാശലംഘനങ്ങളും അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി.മാര്‍ക്കോസിന്റെ പ്രിയപത്നി ഇമല്‍ഡയുടെ ആര്ഭാടകഥകള് നാട്ടിലെങ്ങും പാട്ടായി. നിരാശാജനകമായ സ്ഥിതിഗതികള്‍ സാധാരണജനതയെ അക്രമത്തിന്റെ പാതയിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്ന് കര്‍ദ്ദിനാള്‍ മണത്തറിഞ്ഞു.
ദൈവത്തിന്റെ എല്ലാ മക്കളോടും ക്രിസ്തുവിന്റെ പ്രബോധനങ്ങളനുസരിക്കുവാന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫിലിപ്പീന്‍സിലെ വ്യവസ്ഥിതികള്‍ മാറ്റിയെഴുതുന്നതിന് സമാധാനമാര്‍ഗ്ഗം സ്വീകരിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. സര്‍വ്വമതസ്ഥരോടും അനീതിക്കെതിരെ ഒന്നിച്ചണിനിരക്കുവാനും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ തെരുവീഥികളിലേയ്ക്കിറങ്ങുവാനും അദ്ദേഹം കത്തോലിക്ക റേഡിയോ വെരിറ്റാസിലൂടെ ആഹ്വാനം ചെയ്തു. വൈദികരോടും കന്യാസ്ത്രീകളോടും ജനങ്ങളോടൊപ്പം നഗരവീഥികളിലെത്തുവാനും അദ്ദേഹം ആവശ്യപ്പെട്ടു. നിമിഷനേരം കൊണ്ട് ജനക്കൂട്ടം തെരുവീഥികളിലേയ്ക്ക് ഇരമ്പിയെത്തി.
മുട്ടുകുത്തിയ പട്ടാളം
മാര്‍ക്കോസും ഭാര്യയും കര്‍ദ്ദിനാളിനോട് തങ്ങളുടെ പക്ഷം ചേരുവാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷേ അദ്ദേഹം അത് കൂസാക്കിയില്ല. ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് മാര്‍ക്കോസ് ഭീക്ഷണിപ്പെടുത്തി. മനിലയിലെ തെരുവുകളില്‍ സമാധാനസമരം നടത്തുന്ന ജനങ്ങളെ അടിച്ചൊതുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ക്കോസിനോട് പറഞ്ഞു. പക്ഷേ, കര്‍ദ്ദിനാളിന്റെ വാക്കുകള്‍ക്ക് വിലകല്പിക്കാതെ അദ്ദേഹം ജനക്കൂട്ടത്തെ അടിച്ചമര്‍ത്താന്‍ പട്ടാളത്തെ നിയോഗിച്ചു.
കൊന്തചൊല്ലിയും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചും റോഡുകളില്‍ മുട്ടിേډല്‍ നിന്ന ഫിലപ്പീന്‍സ് ജനതയുടെ മുന്നില്‍ പട്ടാളം മുട്ടുമടക്കി. ജനകീയ പ്രക്ഷോഭങ്ങള്ക്കുമുമ്പില് പിടിച്ചുനില്‍ക്കാനാകാതെ മാര്‍ക്കോസും കുടുംബവും പലായനം ചെയ്തു. ദൈവം നല്കിയ ശക്തമായ ഒരു അടയാളമായി കര്‍ദ്ദിനാള്‍ സിന് അത് മനസ്സിലാക്കി.
ഫിലിപ്പീന്‍സ് ജനതയുടെ വിമോചകന്
2001-ല്‍ വീണ്ടും അദ്ദേഹം ഫിലിപ്പീന്‍സ് ജനതയുടെ രക്ഷകനായി. അഴിമതിയുടെ മറുവാക്കായി മാറിയ പ്രസിഡന്റ് ജോസഫ് എസ്ത്രെഡെയ്ക്ക് ഭരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഒരിക്കല്‍കൂടി തെരുവിലേയ്ക്കിറങ്ങി. ഒപ്പം ഫിലിപ്പീന്‍സ് ജനതയും. കര്‍ദ്ദിനാള്‍ സിന് നേതൃത്വം നല്കിയ ജനകീയ പ്രക്ഷോഭകൊടുങ്കാറ്റില്‍ പിടിച്ചുനില്ക്കാന് എസ്ത്രാഡെയ്ക്കും കഴിഞ്ഞില്ല.
ഫിലിപ്പീന്‍സിലെ അഴിമതിയും അക്രമവും അസമത്വവും അദ്ദേഹത്തിലെ മനുഷ്യാവാകാശപ്രവര്ത്തകനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. അരമനയുടെ സുഖസൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടാതെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുവാന്‍ അദ്ദേഹം തയാറായി. സത്യം വിളിച്ചുപറയുന്നവന്റെ സ്വരം അധികാരത്തിന്റെ ഇടനാഴികളില്‍ വിഭ്രാന്തി വിതച്ചു. ഫിലിപ്പീന്‍സ് കത്തോലിക്കരുടെ ആത്മീയനേതാവുമാത്രമായി ഒതുങ്ങുവാന്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. മഹാനായ വിമോചകനെന്നും ദൈവത്തിന്റെ ചാമ്പ്യന്‍ എന്നും മാധ്യമങ്ങള്‍ അദ്ദേഹത്തെ വാതോരാതെ പുകഴ്ത്തി.
ദൈവശാസ്ത്രത്തിന്റെ മുഖം അദ്ദേഹം ദരിദ്രന്റെ ഇറയത്തേയ്ക്ക് തിരിച്ചുവെച്ചു. പീഡിതന്റെ നിലവിളികള്‍ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അനുകമ്പയും തന്നെ ഏറെ സ്വാധീനിച്ചുവെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഗ്ലോറിയ മഗ്പാല് ഒരിക്കല്‍ പറഞ്ഞത്.
ഫിലിപ്പീന്‍സ് ജനതയുടെ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു കര്‍ദ്ദിനാള്‍ സിന്. മാര്‍ക്കോസിന്റെ സേനയ്ക്കെതിരെ 19 ലക്ഷംപേരുടെ മനുഷ്യമതില്‍ പണിതുകൊണ്ടാണ് അദ്ദേഹം ലോകത്തിന്റെ കണ്ണുകള്‍ കവര്‍ന്നത്. 2003ല്‍ ആരോഗ്യകാരണങ്ങളാല്‍ വിരമിക്കുംവരെ അദ്ദേഹം മനില ആര്‍ച്ചുബിഷപ്പായി സേവനംചെയ്തു. മൂന്നുപതിറ്റാണ്ടോളം നീണ്ട സംഭവബഹുലമായ ആ കാലഘട്ടത്തില്‍ ഫിലിപ്പീന്‍സില്‍ കത്തോലിക്കസഭ വന്‍ശക്തിയായി മാറി. ജനാധിപത്യത്തിനും അഴിമതിരഹിതഭരണത്തിനുമായുള്ള ഒറ്റയാള്‍ പോരാട്ടം അദ്ദേഹത്തിന് എന്തെന്നില്ലാത്ത ജനപ്രീതിനേടിക്കൊടുത്തു.
കൃത്രിമ ജനനനിയന്ത്രണത്തിനെതിരെ തെരുവില്‍
കൃത്രിമജനനനിയന്ത്രണത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. 1974-ല്‍ ജനസംഖ്യനിയന്ത്രിക്കാന്‍ ഗര്‍ഭനിരോധനഉറകള്‍ വ്യാപകമാക്കിയ സര്‍ക്കാര്‍ നയത്തിനെതിരെ അദ്ദേഹം വീണ്ടും തെരുവീഥികളിലേയ്ക്കിറങ്ങി. ഗര്‍ഭപാത്രങ്ങളില്‍ അതിക്രൂരമായി വധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിശബ്ദമായ നിലവിളികള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ജനനനിയന്ത്രണം, വിവാഹമോചനം, രാഷ്ട്രീയം, വിവാഹമോചനം എന്നിവയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കര്‍ക്കശമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിന് അക്ഷരാര്‍ത്ഥത്തില്‍ ഭരണാധികാരികളെപ്പോലും പിടിച്ചുകുലുക്കുവാനുള്ള കരുത്തുണ്ടായിരുന്നു. ഗര്‍ഭപാത്രം മുതല്‍ കല്ലറ വരെ മനുഷ്യജീവന് സംരക്ഷിക്കുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അഗോള ഹിറ്റായി.
ചൈനയിലെ സഭയ്ക്ക് അദ്ദേേഹം ചെയ്ത നډകള്‍ അവിസ്മരണീയമാണ്. ചൈനയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും ഫിലിപ്പീന്‍സില്‍ ഉപരിപഠനത്തിന് അവസരമൊരുക്കിക്കൊണ്ടാണ് ചൈനയിലെ പീഡിതസഭയോട് അദ്ദേഹം ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. വത്തിക്കാനും ചൈനയുമായുള്ള ബന്ധം പുനസ്ഥാപിക്കുവാന്‍ അദ്ദേഹം ഏറെ പരിശ്രമിച്ചു.
മാതാവിന്റെ ഭക്തനായ സിന്
മധ്യഫിലിപ്പീന്‍സിലെ അക് ലാന് പ്രവിശ്യയില്‍ 1928 ഓഗസ്റ്റ് 31 നായിരുന്നു ജനനം. ചൈനീസ് വംശജനായ സിന് പുവാത് കോയുടെയും മാക്സിമ ലക്ച്ചികയുടെയും 16 മക്കളില്‍ 14-ാമനായിരുന്നു ജിം എന്നുപേരുള്ള ജെയിം ലക്ചിക സിന്. സമ്പന്നനായ ബിസ്നസ്സുകാരനായ പിതാവ് ബുദ്ധമതവിശ്വാസിയായിരുന്നു. പിന്നീട് കത്തോലിക്കവിശ്വാസം സ്വീകരിച്ച് ഭാര്യയോടൊപ്പം തീക്ഷണതയുള്ള വിശ്വാസിയായി മാറി.
സ്ഥിരം രോഗിയായിരുന്നു ജിം. രോഗം വിട്ടുമാറിയ നേരം കുറവായിരുന്നു ജിമ്മിന്റെ ജീവിതത്തില്‍. തന്റെ ആസ്തമ മാറ്റിത്തന്നാല് പാവങ്ങളെ സഹായിച്ചുകൊള്ളാമെന്ന് മതാവിനോട് ജീം വാഗ്ദാനം ചെയ്തു.രോഗം മാറി. അദ്ദേഹം വാഗ്ദാനവും നിറവേറ്റി. 1954 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 47-ാമത്തെ വയസ്സില്‍ സഭയിലെ രാജകുമാരനായി. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളായിരുന്നു അന്ന് അദ്ദേഹം. 1974 ല്‍ മനിലയിലെ ആര്‍ച്ചു ബിഷപ്പായി. 1977 ല്‍ ഫിലിപ്പീന്‍സ് കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സിന്റെ തലവനായി. നീണ്ട 29 വര്‍ഷം മനില അതിരൂപതയെ നയിച്ചു. 2003 ല്‍ കിഡ്നി സംബന്ധമായ രോഗം അദ്ദേഹത്തെ കീഴടക്കി. 2005 ല്‍ എന്നെന്നേയ്ക്കുമായി വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന് 76 വയസ്സായിരുന്നു.
ക്രിസ്തുവിനെ രാഷ്ട്രീയത്തിലിറക്കിയ കര്‍ദ്ദിനാള്‍
ക്രിസ്തുവിനെ രാഷ്ട്രീയത്തിലിറക്കുകയാണ് തന്റെ കടമയെന്നും ക്രിസ്തുവില്ലാത്ത രാഷ്ട്രീയം രാജ്യത്തിന് ശാപമാണെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. ദൈവത്തിനും രാജ്യത്തിനും തന്റെ കഴിവിന്റെ പാതിവീതം പകുത്തുനല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. ആകര്‍ഷകമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. സരസസംഭാഷണങ്ങളിലൂടെ അദ്ദേഹം ഏവരുടെയും പ്രീതി സ്വന്തമാക്കി.
നിരായുധരായ ജനക്കൂട്ടത്തെ സമാധാനപ്രക്ഷോഭത്തിലൂടെ വന്‍ശക്തിയാക്കി മാറ്റിയ അദ്ദേഹത്തിന് ഫിലിപ്പീന്‍സിലെ മുന്‍പ്രസിഡന്റ് നല്കിയ വിശേഷമായിരുന്നു ദൈവിക സേനാധിപന്. അദ്ദേഹത്തിന്റെ ജീവിതം അത് പരിപൂര്‍ണമായും അന്വര്‍ത്ഥമാക്കി. ഇന്നും മഹാനും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന കര്‍ദ്ദിനാള്‍ സിന്നിന്റെ ഓര്‍മ്മകള്‍ ഫിലിപ്പീന്‍സ് ജനതയുടെ മനസ്സില്‍ പച്ചകെടാതെ നില്ക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com