മാര്‍പാപ്പയെ കരയിച്ച കര്‍ദ്ദിനാള്‍
ജോര്‍ജ് .കെ. ജെ - മാർച്ച് 2019
ഞാന്‍ ഒരു പാവം വൈദികനാണ്, ക്രിസ്തുമാത്രമാണ് എന്റെ ഏക സമ്പത്ത്... അഭിക്ഷിക്ത ജീവിതത്തിന്റെ അധികഭാഗവും മൈനുകളില്‍ കഠിനമായ ജോലിയും ജയിലറയില്‍ പീഡനവും മുന്നില്‍ മരണവും മാത്രം പ്രതീക്ഷിച്ച് 28 വര്‍ഷക്കാലം ജീവിച്ച വൈദികന്. സഹനമാകുന്ന സുവിശേഷം കൊണ്ട് കത്തോലിക്കസഭയുടെ ജീവിക്കുന്ന രക്തസാക്ഷിയെന്നു വിശേഷിപ്പിക്കപ്പെട്ട കര്‍ദ്ദിനാള്‍ ട്രോഷാനിയ സിമോണിയുടേതാണ് ഈ വാക്കുകള്‍.
2014 ല്‍ അല്‍ബേനിയയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന്റെ തടവറയിലെ കഥകള്‍ കേട്ടശേഷം അദ്ദേഹത്തെ ആലിംഗനം ചെയ്തത് കണ്ണീരോടെയായിരുന്നു. അതുകൊണ്ടുതന്നെ മാര്‍പാപ്പയെ കരയിച്ച വൈദികനെന്നും അദ്ദേഹം വിളിക്കപ്പെടുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സഹനകഥകള്‍ കേട്ട് മാര്‍പാപ്പ കണ്ണീരണിഞ്ഞത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന അല്‍ബേനിയ ക്രൈസ്തവരെ ഒന്നടങ്കം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നടത്തിയ പരിശ്രമങ്ങളാണ് വിശ്വാസതീക്ഷണതയുടെ പ്രതീകമായ കര്‍ദ്ദിനാള്‍ സിമോണിയെ നമുക്ക് നല്‍കിയത്. പലപ്രവശ്യം വെടിവെച്ചുകൊല്ലാന്‍ വിധിക്കപ്പെട്ടുവെങ്കിലും ദൈവം കാത്തുവെച്ചതുകൊണ്ടാണ് തടവറയിലെ പീഡനകഥകളുമായി അദ്ദേഹം പുറത്തുവന്നത്.
2016 ല്‍ മാര്‍പാപ്പ പുതിയ കര്‍ദ്ദിനാള്‍മാരെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒരു വൈദികനുമുണ്ടായിരുന്നു. ആദ്യമായാണ് ബിഷപ്പല്ലാതിരുന്ന ഒരു വൈദികനെ മാര്‍പാപ്പ കര്‍ദ്ദിനാള്‍മാരുടെ സംഘത്തിലേയ്ക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാള്‍ ആയാല്‍ തന്നെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള പ്രായവും അദ്ദേഹം പിന്നിട്ടുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന് സഭയുടെ രാജകുമാരന് എന്ന് വിളിക്കപ്പെടുമ്പോള്‍ 88 വയസ്സായിരുന്നു.
അല്‍ബേനിയയിലെ സ്കോഡ്രെ പള്ട്ട് അതിരൂപതയിലെ ഒരു സാധാരണ വൈദികനെ മാര്‍പാപ്പ കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ അംഗമാക്കിയത് എന്തുകൊണ്ടാണ്. ഒരു പക്ഷേ, ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കിരാതമായ മതപീഡനം ഏറ്റുവാങ്ങിയ അല്‍ബേനിയയിലെ ക്രൈസ്തവ രക്തസാക്ഷികളില്‍ ജീവിച്ചിരിക്കുന്ന അതിധീരനായ വൈദികനാണ് കര്‍ദ്ദിനാള്‍ സിമോണി. വെറും 27 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തുനിന്ന് ലോകത്തെ അതിശയിപ്പിക്കുന്ന വിശ്വാസതീക്ഷണതയുടെ കഥകള്‍ ലോകം അറിയണമെന്ന് മാര്‍പാപ്പ അതിയായി ആഗ്രഹിച്ചിരുന്നിരിക്കാം. കമ്മ്യൂണിസം തകര്‍ന്നെങ്കിലും കത്തോലിക്കവിശ്വാസത്തെ ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ലോകത്തിനുമുമ്പില്‍ സാക്ഷ്യമാകുവാനായിരിക്കാം മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയണിയിച്ചത്.
കര്‍ദ്ദിനാള്‍മാര്‍ ധരിക്കുന്ന സഭാവസ്ത്രത്തിന്റെ നിറം ചെമപ്പാണ്. ഏതുസമയവും സഭയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിക്കുവാനുള്ള അവരുടെ സന്നദ്ധതയെയാണ് അത് സൂചിപ്പിക്കുന്നത്. പലര്‍ക്കും അതൊരു സ്വപ്നം മാത്രായിരുന്നേക്കാം. പക്ഷേ, കര്‍ദ്ദിനാള്‍ സിമോണിയ്ക്ക് ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. കാരണം, രക്തത്തിന്റെ ചുവപ്പായിരുന്നു കര്‍ദ്ദിനാള്‍ സിമോണിയുടെ ജീവിതത്തിനും വിശ്വാസത്തിനും.
ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ സിമോണിയെ ആദ്യം കാണുന്നത് 2014 ല്‍ അല്ബേനയയിലേയ്ക്ക് അദ്ദേഹം നടത്തിയ ഏകദിന സന്ദര്ശനമധ്യേയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് അല്‍ബേനിയയിലെ വിശ്വാസികളും വൈദികരും സന്യസ്തരും ഏറ്റുവാങ്ങിയ പീഡനങ്ങളുടെ സാക്ഷ്യങ്ങള്‍ മാര്‍പാപ്പയെ പലതവണ കരയിച്ചു. കര്‍ദ്ദിനാള്‍ സിമോണിയുടെ അനുഭവ സാക്ഷ്യങ്ങള്‍ അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു..... സത്യത്തില്‍ ഞാനറിഞ്ഞിരുന്നില്ല, നിങ്ങളുടെ അതിഭയാനകമായ സഹനങ്ങള്‍.. എയര്‍പോര്‍ട്ടില്‍ നിന്ന് ഈ വേദിവരെ രക്തസാക്ഷികളുടെ പടങ്ങള്‍ കൊണ്ട് നിങ്ങള്‍ പാതയോരങ്ങളെ അലങ്കരിച്ചിരിക്കുന്നു. അല്‍ബേനിയന്‍ ജനത തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരണം വരിച്ചവരെ ഇപ്പോഴും ഓര്മ്മിക്കുന്നവെന്നതിന്റെ അടയാളമാണത്. ..രക്തസാക്ഷികളുടെ രാജ്യമാണിത്... ഇന്ന് ഞങ്ങള്‍ രക്തസാക്ഷികളെ സ്പര്‍ശിച്ചിരിക്കുന്നു....മാര്‍പാപ്പ പറഞ്ഞു.
അല്‍ബേനിയന്‍ സഭയുടെ പീഡനകഥകള്‍ ആരംഭിക്കുന്നത് 14ാം നൂറ്റാണ്ടിലെ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ അധിനിവേശത്തോടെയാണ്. അല്‍ബേനിയയുടെ മേലുള്ള കടന്നുകയറ്റം വളരെ ഭീകരമായിരുന്നു. ഇന്നും മറ്റ് ബാള്‍ക്കാന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അല്‍ബേനിയയിലെ ക്രൈസ്തവ ജനസംഖ്യ വെറും 20 ശതനമാനത്തിലും താഴെയായി നിലകൊള്ളുന്നത് ആ അധിനിവേശത്തിന്റെ പരിണിതഫലമാണ്.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലി അല്‍ബേനിയ കീഴടക്കി കൈവശമാക്കിയെങ്കിലും അത് അധികം നിണ്ടുനിന്നില്ല. ബാള്‍ക്കന്‍സിലെ നാസികളുടെ മേല്‍ സോവിയറ്റ് യൂണിയന് വിജയം നേടിയതോടെ, കമ്മ്യൂണിസ്റ്റ് ശകതികള്‍ ഇവിടെ ശക്തി പ്രാപിച്ചു ഭരണം കൈയടക്കി. അല്‍ബേനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു എന്‍വര്‍ ഹോക്സ. അധികാരം കൈക്കലാക്കിയ അദ്ദേഹം മതത്തെ തന്റെ ഏറ്റവും വലിയ ശത്രുവായി കരുതി. അദ്ദേഹത്തിന്റെ കിരാതമായ ഭരണം 1944 മുതല്‍ 1985 വരെ നീണ്ടു. ഭരണകൂടത്തിന് ഏതിരെ നില്‍ക്കുന്നവരെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് തന്ത്രമായിരുന്നു അദ്ദേഹം ഇവിടെയും പ്രയോഗിച്ചത്. അതില്‍ കത്തോലിക്കസഭയെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെട്ടു. കാരണം വത്തിക്കാന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം ക്രൈസ്തവരോടുള്ള ശത്രുതയ്ക്കും പീഡനത്തിനും ആക്കം കൂട്ടി. ചൈനയിലെ സാംസ്ക്കാരികവിപ്ലവത്തോടെ ഹോക്സയുടെ കമ്മ്യൂണിസം കൂടുതല്‍ രൗദ്രമായി. അദ്ദേഹം 1967 ല്‍ അല്‍ബേനിയയെ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിച്ചു. അതിനെതിരെ നില്‍ക്കുന്നവരെ വകവരുത്തുവാന്‍ പീഡനവും നാടുകടത്തലും കൊല്ലും കൊലയും അഴിച്ചുവിട്ടു.
കത്തോലിക്കവിശ്വാസം ഉപേക്ഷിക്കുവാന്‍ തയാറാകാതിരിന്നവര്ക്കുവേണ്ടി അദ്ദേഹം വത്തിക്കാനുമായ ബന്ധമില്ലാത്ത ഒരു സഭ സ്ഥാപിച്ചു. അതിന് വശംവദരാകാതിരുനന ബിഷപ്പുമാരെയും വൈദികരെയും നീചമായ പീഡനങ്ങള്‍ക്ക് ഇരയാക്കി. ക്രൈസ്തവരുടെ രക്തം കൊണ്ട് അല്‍ബേനിയയുടെ മണ്ണ് ചുവന്നു. കൊലചെയ്യപ്പെട്ടവരില്‍ 38 രക്തസാക്ഷികളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതില്‍ 2 ബിഷപ്പും 21 രൂപതാവൈദികരും 7 ഫ്രാന്‍സിസ്ക്കന്‍ വൈദികരും 3 ജെസ്യൂട്ട് വൈദികരും ഒരു വൈദിക വിദ്യാര്‍ത്ഥിയും 4 ആത്മായരും ഉള്‍പ്പെടുന്നു. അവര്‍ വിശ്വാസത്തിനുവേണ്ടി ഏറ്റുവാങ്ങിയത് അതിക്രൂരമായി പീഡനങ്ങളായിരുന്നു. കര്‍ത്താവിലും സഭയിലുമുള്ള വിശ്വാസം ത്യജിക്കുവാന്‍ പീഡനങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല. രണ്ടുവൈദികരെ ക്ലോസറ്റില്‍ തലമുക്കിക്കൊന്നു, ഒരാളെ ജീവനോടെ കുഴിച്ചുമൂടി. മരിയ ടുസി എന്ന 22 കാരിയായ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനിയെ നഗ്നനയാക്കി ചാക്കില്‍കെട്ടി വന്യമൃഗത്തിന് എറിഞ്ഞുകൊടുത്തു.
എന്നാല്‍ കര്‍ദ്ദിനാള്‍ സിമോണി ഈ പീഡനങ്ങളെയെല്ലാം അതിജീവിച്ചു. വര്‍ഷങ്ങളോളം അദ്ദേഹം സഹനങ്ങള്‍ ഏറ്റുവാങ്ങി. കര്‍ത്താവില്‍ പ്രതീക്ഷകളര്‍പ്പിച്ച് തടവറയില്‍ അദ്ദേഹം വിശ്വാസത്തിന്റെ കാവലാളായി മാറി. നിര്‍ബന്ധിത ലേബര്‍ ക്യാമ്പിലെ ജോലി അദ്ദേഹത്തിന്റെ ശരീരത്തെ തളര്‍ത്തിയെങ്കിലും ആത്മാവിനെ ശക്തിപ്പെടുത്തി.
അടുത്തകാലത്ത് അദ്ദേഹം ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ നല്കിയ അഭിമുഖത്തില്‍ നിന്ന്:
1.താങ്കളെ ഇന്റര്‍വ്യൂ ചെയ്യുക എന്നത് വലിയൊരു ബഹുമതിയാണ്. 2014 ല്‍ മാര്‍പാപ്പയ കരയിച്ചതൊടെയാണ് താങ്കളുടെ സാക്ഷ്യം ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. താങ്കളുടെ ബാല്യത്തെയും ദൈവവിളിയെയും കുറിച്ച് പറയാമോ?
ഞങ്ങളുടെ നഗരത്തിലുള്ളവരെ പോലെ തന്നെ ഞങ്ങളും പാവപ്പെട്ടവരായിരുന്നു. എനിക്കു 10 വയസ്സുള്ളപ്പള് തന്നെ ഞാന്‍ ഒരു വൈദികനാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ പിതാവ് ഇടവക കാര്യങ്ങളില്‍ വളരെ ആക്ടീവായിരുന്നു. കൂര്‍ബാനയ്ക്ക് മാത്രമല്ല, ഇടവകയച്ചനെ അദ്ദേഹത്തിന്റെ ജോലികളില്‍ സഹായിക്കുന്നതിനും അദ്ദേഹം വളരെ തല്പരനായിരുന്നു. എനിക്ക് 10 വയസ്സുള്ളപ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി എന്നെ ഫ്രാന്‍സിസ്ക്കന്‍സിന്റെ പക്കലേയ്ക്ക് അയച്ചു. സ്കൂള്‍ പഠനവും സെമിനാരി പഠനവും അവിടെത്തന്നെയായിരുന്നു. സെമിനാരി അടച്ചുപൂട്ടും വരെ അവിടെയായിരുന്നു എന്റെ ഫോര്മേഷന് നടന്നിരുന്നത്. അവിടെ ഞാന്‍ 10 വര്‍ഷം പഠിച്ചു. സെമിനാരിയന് എന്ന നിലയില്‍ ബിഷപ് എന്നെ ഒരു നാട്ടിന്‍പുറത്തെ ഇടവകയിലേയ്ക്ക് അയച്ചു. കമ്മ്യൂണിസ്റ്റുകാര്‍ എത്തിപ്പെടാത്ത സ്ഥലമായിരുന്നു അത്. ഞാന്‍ അവിടെ 4 മണിക്കൂര്‍ പ്രാര്‍ത്ഥനയും നാലുമണിക്കൂര്‍ കുട്ടികള്‍ക്ക് വേദപാഠവും പഠിപ്പിച്ചുകൊണ്ടിരുന്നു.
1951 ല്‍ സ്റ്റാലിന് യുദ്ധം പ്രഖ്യാപിച്ചതോടെ എന്റെ ഫിലോസഫി പഠനം പൂര്‍ത്തിയാക്കി ഞാന്‍ പട്ടാളത്തില്‍ ചേരേണ്ടിവന്നു. ആറുമാസം പട്ടാള സേവനം നടത്തിയശേഷം തിയോളജി പഠനം പൂര്‍ത്തിയാക്കുന്നതിനായി വീണ്ടും രൂപത സെമിനാരിയില്‍ ചേര്‍ന്നു.
2. അല്‍ബേനിയയെ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിക്കുന്നിതലേയ്ക്ക് നയിച്ചെതെന്തായിരുന്നു.
1933 ല്‍ കമ്മ്യൂണിസം രാജ്യത്തേക്ക് നുഴഞ്ഞുകയറി കത്തോലിക്കസഭയെ നശിപ്പിക്കുവാനുള്ള കുരിശുയുദ്ധം ആരംഭിച്ചു. അല്‍ബേനിയയില്‍ നിന്ന് കത്തോലിക്കസഭയെ തുടച്ചുനീക്കുവനാണ് അല്‍ബേനിയയെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റുകരുടെ ലക്ഷ്യം വൈദികരായിരുന്നു. വൈദികരെ നശിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ലക്ഷ്യം കാണാനാവില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.
1945 ല്‍ സഭയ്ക്കും വൈദികര്‍ക്കും ദൈവത്തിനും എതിരായ യുദ്ധം ആരംഭിച്ചു. അനേകം ഫ്രാന്‍സിസ്ക്കന്‍ വൈദികരെ ഫയറിംഗ് സ്ക്വാഡ് വെടിവെച്ചുകൊന്നു. അനേകം ദേവാലയങ്ങളും ഞങ്ങളുടെ സെമിനാരിയും അടച്ചുപൂട്ടി.
3. പൗരോഹ്യത്യം സ്വീകരിച്ചശേഷമുള്ള ജീവിതം എങ്ങനെയായിരുന്നു.
1956 ഏപ്രില്‍ 7 നായിരുന്നു ഞാന്‍ പൗരോഹിത്യം സ്വീകരിച്ച് ആദ്യബലിയര്പ്പിച്ചത്. 61 വര്‍ഷമായി ഞാന്‍ വൈദികനാണ്. ഏന്റെ ആദ്യത്തെ അപ്പോയന്റ്മെന്റ് സ്കോഡറിലെ തടവിലാക്കപ്പെട്ട വൈദികനുപകരം ജോലി ഏറ്റെടുക്കുകയായിരുന്നു. സ്കോഡറില് ഞാന്‍ ചെയ്ത സേവനങ്ങള്‍ കണ്ട കമ്മ്യൂണിസ്റ്റുകാര്‍ എന്നെ നോട്ടമിട്ടു. അനേകം കുട്ടികള്‍ അള്‍ത്താരബാലډാരായുണ്ടായിരന്നു. ദിവ്യബലിക്ക് വിശ്വാസികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
4. അറസ്റ്റിന് കാരണം എന്തായിരുന്നു.
പല കമ്മ്യൂണിസ്റ്റുകാരും എന്നോടു ചോദിക്കുമായിരുന്നു. എങ്ങനെയാണ് താങ്കള്‍ വെറും നുണപറഞ്ഞുകൊണ്ട് ഇത്രയും മനുഷ്യരെ കബളിപ്പിക്കുന്നതെന്ന്. കത്തോലിക്കസഭ 2000 വര്‍ഷമായി ആത്മാക്കളുടെ രക്ഷയ്ക്കായി നിലകൊള്ളുന്നു; നിങ്ങളുടെ ആത്മാക്കളുടെ രക്ഷക്കുവേണ്ടി കൂടിയും ഇതായിരുന്നു എന്റെ മറുപടി.
അതോടെ, അവര്‍ എന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വെല്ലുവിളിയായി കണ്ടു. എന്നെകൊണ്ട് പാര്‍ട്ടിക്കെതിരെ സംസാരിക്കുവാന്‍ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഏന്റെ സുഹൃത്തുക്കള്‍ക്ക് കൈക്കൂലികൊടുത്ത് ചാരډാരാക്കി. ഗവണ്മെന്റിനെതിരെ എന്നെക്കൊണ്ട് എന്തെങ്കിലും പറയിക്കുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു.. പക്ഷേ, ചതി എനിക്ക് മനസ്സിലായിരുന്നു.
1963 ലെ ക്രിസ്തുമസ് തലേന്ന് എന്റെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഞാന്‍ അര്‍ദ്ധരാത്രിയിലെ കൂര്‍ബാന അര്പ്പിച്ചുകഴിഞ്ഞപാടെ പോലീസെത്തി എന്റെ കൈകളില്‍ വിലങ്ങണിയിച്ചു.
രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തുന്നുവന്നാരോപിച്ച് എന്നെ കോടതിയില്‍ ഹാജരാക്കി. തെളിവെന്തെങ്കിലും കിട്ടുന്നതിനായി ജഡ്ജി എന്നോട് ചോദിച്ചു. എന്തുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ താങ്കള്‍ തയാറണെന്ന് ജനങ്ങളോട് പറയുന്നത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു... നാം നമ്മുടെ ശത്രുക്കളോട് ക്ഷമിക്കുകയും, സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം.
മൂന്ന് മാസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കോടതി എന്നെ 18 വര്‍ഷം നിര്‍ബന്ധിത ജോലിക്കയ്ക്ക് വിധിച്ചു. ലെഷെയിലെ കോപ്പര്‍ മൈനിലേയ്ക്കായിരുന്നു എന്നെ അയച്ചത്. എന്റെ ആദ്യത്തെ വിധി ഫയറിംഗ് സ്ക്വാഡിനെക്കൊണ്ട് വെടിവെച്ചുകൊല്ലാനായിരുന്നു. പക്ഷേ, ദൈവത്തിന്റെ കൃപ കൊണ്ട് അത് നടന്നില്ല.
5. താങ്കളുടെ തടവുകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍.
ലേബര്‍ ക്യാമ്പിലെ സാഹചര്യം വളരെ ദുസ്സഹമായിരുന്നു. കോപ്പര്‍ മൈനുകളില്‍ മണിക്കൂറുകളോളം പണിയെടുപ്പിച്ചു. തണുപ്പുകൊണ്ട് പലരും മരിച്ചുവീണു. കോപ്പര്‍ പൊലൂഷന്‍ കാരണം വെള്ളത്തിനുപോലും ചുവന്ന കളറായിരുന്നു.
1973 ല്‍ ജയിലില്‍ കലാപമുണ്ടായി. അതിനുശേഷം ഗാര്‍ഡുമാര്‍ ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എനിക്ക് തടവുപുള്ളികളുടെ മേല്‍ ഉണ്ടായിരുന്ന സ്വാധീനം കൊണ്ട് ഞാനാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്ന് അവര്‍ ആരോപിച്ചു. പക്ഷ, സഹതടവുകാര്‍ എനിക്ക് അനുകൂലമായി നിന്നതുകൊണ്ടാകാം കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല. തോക്കിന് മുനയില്‍ നിന്ന് വീണ്ടും ഞാന്‍ രക്ഷപ്പെട്ടു. വീണ്ടും ലേബര്‍ ക്യാമ്പിലേയ്ക്ക് അയക്കപ്പെട്ടു.
ജയിലിലായിരിക്കുമ്പോള്‍ ഞാന്‍ രഹസ്യമായി കുര്‍ബാന ചൊല്ലി ലത്തീന്‍ ഭാഷയിലായിരുന്നു അത്. എന്നെ വിശ്വസിച്ചിരുന്നവരും ഒപ്പമുണ്ടായിരുന്നു.. കുര്‍ബാന പുസ്തകമില്ലാത്തതിനാല്‍ ഓര്‍മ്മയില്‍ നിന്നാണ് ഞാന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിയത്. ഒരു സുഹൃത്ത് പുറത്തുനിന്ന് ബ്രഡും വൈനും കടത്തിക്കൊണ്ടു വരുമായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ബലിയര്‍പ്പണം തുടര്‍ന്നു.
7. എപ്പോഴാണ് താങ്കള്‍ മോചിതനായത്. കമ്മ്യൂണിസം തകര്‍ന്നതിനുശേഷമുള്ള ജീവിതം എങ്ങനെയായിരുന്നു.
1981 ല്‍ ഞാന്‍ ജയില്‍ മോചിതനായി. ജയിലില്‍ നിന്ന് ഞാന്‍ വീട്ടിലേയ്ക്ക് അയക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ എന്റെ വീട്ടുകാരോട് എന്നെ വിവാഹം ചെയ്ത് പൗരോഹിത്യജീവിതം ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കണമെന്ന് സമ്മര്‍ദ്ദം ചൊലുത്തിക്കൊണ്ടിരുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ വീണ്ടും എന്നെ ജയിലിലേയ്ക്കയക്കുകയില്ലെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഞാന്‍ ഏറ്റവും സുന്ദരിയായ വധുവിനെ കണ്ടെത്തിക്കഴിഞ്ഞു.. ഞാന്‍ എപ്പഴോ ക്രിസ്തുവിന്റെ മണവാട്ടിയായ കത്തോലിക്കസഭയെ വിവാഹം ചെയ്തുകഴിഞ്ഞുവെന്ന് ഞാന്‍ അവരോട് പറഞ്ഞു.
1981 മുതല്‍ 1991 വരെ ഞാന്‍ കുര്‍ബാനയര്‍പ്പിക്കുകയും കുമ്പസാരം കേള്‍ക്കുകയും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ എക്സോര്‍സിസം നടത്തുകയും ചെയ്തിരുന്നു. 1990 ജൂലൈ 5 ന് വീണ്ടും എന്നെ ഭരണകൂടം വിളിപ്പിച്ചു. സ്കോഡറിലെ എന്റെ സേവനത്തെക്കുറിച്ച് അരോ പറഞ്ഞറിഞ്ഞിട്ടായിരിക്കാം എന്നുകരുതി ഞാന്‍ ഭയപ്പെട്ടു. പക്ഷേ, അവിടെ ചെന്നപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ദേവാലയങ്ങള്‍ തുറക്കുകയും ബന്ധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്യുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയായിരുന്നു.
8. ഇന്ന് അല്‍ബേനിയയിലെ സ്ഥിതി എന്താണ്. ഇന്ന് അവിടെ മതസ്വാതന്ത്ര്യം ഉണ്ടോ.
അല്‍ബേനിയയില്‍ കത്തോലിക്കരുടെയും ഓര്‍ത്തഡോക്സ്, മുസ്ലിം മതങ്ങളുടെയും ഇടയില്‍ ഇന്ന് മതസൗഹാര്‍ദ്ദം ഉണ്ട്. കമ്മ്യൂണിസം ഞങ്ങളുടെ മണ്ണില്‍നിന്നും പാടെ പിഴുതെറിയപ്പെട്ടിരിക്കുന്നു.
9. യുറോപ്പിലും കമ്മ്യൂണിസം തകര്‍ന്നു. പക്ഷേ സെക്കുലറിസം കത്തോലിക്കസഭയുടെ കിരീടമായിരുന്ന യുറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു. എന്തുകൊണ്ടാണത്. യുറോപ്പിന് വീണ്ടും കത്തോലിക്കവിശ്വാസത്തിലേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കുമോ.
കമ്മ്യൂണിസത്തില്‍ നിന്നും ആണ് കണ്‍സ്യൂമറിസവും മെറ്റീരിയലിസവും ഉണ്ടായത്. അതിനെ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ പ്രത്യേകം വിമര്‍ശിച്ചിരുന്നു. കണ്‍സ്യൂമറിസം നമ്മുടെ പോക്കറ്റുകളും വയറുകളും ശാരീരികമായ സന്തോഷങ്ങളും നിറവേറ്റുന്നു. ധാര്‍മ്മികത വലിച്ചെറിയപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനെ എല്ലാവരും മറന്നിരിക്കുന്നു. ദൈവത്തിനെ സന്തോഷങ്ങള്‍ക്കു പകരം പ്രതിഷ്ഠിച്ചിരിക്കുന്നു. ക്രൈസ്തവരെന്ന നിലയില്‍ ക്രിസ്തു നമ്മുടെ ന്യായാധിപനും നമ്മുടെ ആത്മാക്കളുടെ രക്ഷകനുമാണ് എന്ന് നാം മറന്നിരിക്കുന്നു. ക്രിസ്തുവിനെ കൂടാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ജപമാലയും കുര്‍ബാനയും നാം ഉപേക്ഷിച്ചിരിക്കുന്നു. ഈശോ പറഞ്ഞിട്ടുണ്ട് ഞാന്‍ വന്നിരിക്കുന്നത് പാപികളെ വിളിക്കുവാനാണ്. പക്ഷേ, അനുതപിക്കാത്തവരെ നമുക്ക് സഹായിക്കാനാവില്ലല്ലോ.
ദിവ്യബലിയും ത്യാഗവും ജപമാലയും അണ് തിന്മയെ തോല്പിക്കുവാനുള്ള ശക്തമായ മാര്‍ഗ്ഗങ്ങള്‍. ഈ മുന്ന് വസ്തുക്കള്‍കൊണ്ട് നമുക്ക് ചെകുത്താന്റെ തലതകര്‍ക്കാന്‍ കഴിയും.
ഫാത്തിമയിലെ പ്രവചനം ഇന്ന് നിറവേറുന്നത് നമുക്ക് കാണാം. ജനം ക്രിസ്തുവിലേയ്ക്ക് തിരിയുന്നില്ലെങ്കില്‍, അന്ധകാരം ലോകത്തെ മൂടും. ദൈവത്തില്‍ വിശ്വസിക്കുയും അവനിലേയ്ക്ക് തിരിയുകയും ചെയ്താല്‍ നമുക്ക് ഒന്നും പേടിക്കാനില്ല.
10. താങ്കളുടെ പൗരോഹിത്യം അനേകര്‍ക്ക് പ്രചോദനമാണ്. വലിയ തടസ്സങ്ങള്‍ക്കിടയിലും താങ്കള്‍ വിളിയില്‍ ഉറച്ചുനിന്നു. ഇന്നത്തെ വൈദികര്‍ക്കും വൈദികാര്‍ത്ഥികള്‍ക്കും താങ്കള്‍ക്ക് നല്‍കാനുള്ള സന്ദേശം.
നിങ്ങളുടെ ദൈവവിളി മാതാവിനെ ഏല്പിക്കുക. എപ്പോഴും സത്യം അന്വേഷിക്കുക. ക്രിസ്തുവിന്റെ സ്നേഹം അനന്തമാണ് എന്ന് മനസ്സിലാക്കുക. ലോകത്തിന്റെ സ്നേഹം നിങ്ങളെ ഏപ്പോഴും വഞ്ചിക്കും. കുരിശില്‍ പ്രചോദനം തേടുക. കാരണം കുരിശിലാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്നേഹം നാം കണ്ടത്തുന്നത്.
Send your feedback to : onlinekeralacatholic@gmail.com