ന്യൂജന്‍ വിശുദ്ധന് കാര്‍ലോ അക്യൂട്ടിസ് അമ്മയുടെ ഓര്‍മ്മകളില്‍
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2020
പരിശുദ്ധ കുര്‍ബാനയോടുള്ള അപാരമായ ഭക്തിയായിരുന്നു കമ്പ്യൂട്ടര്‍ ജീനിയസും വിശ്വസാകാര്യത്തില് വളരെ തീക്ഷണമതിയുമായിരുന്നു കാര്‍ലോ അക്യൂട്ടിസ് എന്ന ന്യൂജന്‍ വിശുദ്ധന്. നമ്മുക്കിടയിലൂടെ നടന്ന് പോയ സാധാരണക്കാരില്‍ സാധാരണക്കാരനായ പയ്യന്. ദിവ്യകാരുണ്യത്തോടുളള അടങ്ങാത്ത സ്നേഹവുമായിരുന്നു അവനെ ദൈവത്തിനും ലോകത്തിനും പ്രിയംകരനാക്കിയത്. വെറും 15 വയസ്സുവരെ മാത്രമേ അവന് ഭൂമിയില്‍ ജീവിച്ചുള്ളു. അതിനിടയില്‍ അവന് ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ സമാഹരിച്ച് വെബ്സൈറ്റ് നിര്‍മ്മിച്ചു. ഇന്ന് ലോകമെമ്പാടും ആ ദിവ്യകാരുണ്യ എക്സ്പോ അനേകരെ ദിവ്യകാരുണ്യത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. 2006 ലാണ് അവന് ലുക്കേമിയ ബാധിച്ചത് മരണത്തിന് കീഴടങ്ങിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ലോയുടെ നാമത്തിലുള്ള പുതിയ അത്ഭുതം കൂടി അംഗീകരിച്ചതോടെ ഈ ന്യൂജന്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഈ വര്‍ഷം തന്നെ ഉയര്‍ത്തപ്പെടും. സാധാരണ വിശുദ്ധരുടെ അമ്മമാരാണ് മക്കളെ ദൈവവഴിയിലൂടെ നടത്തുക. എന്നാല്‍ ഇവിടെ തിരിച്ചായിരുന്നു. കാര്‍ലോയുടെ അമ്മ അന്റോണിയോ സല്‍സാനോ വിശുദ്ധനായ മകനെ അനുസ്മരിക്കുന്നു.
അമ്മയുടെ നിരന്തരമായ പ്രാര്‍ത്ഥനയോ, കണ്ണീരോ ഒന്നുമല്ല അവനെ വിശുദ്ധനാക്കിയത്. മറിച്ച്, അവന്റെ സാന്നിധ്യവും ചോദ്യങ്ങളും തന്നെ ദിവ്യകാരുണ്യത്തെക്കുറിച്ചും സഭയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചുവെന്നാണ് അവന്റെ അമ്മ അന്റോണിയോ സല്‍സാനോ പറയുന്നത്. സാധാരണ കൗമാരപ്രായത്തില്‍ കുട്ടികള്‍ മരണവെറുപ്പിക്കലായിരിക്കും എന്നാല്‍ കുഞ്ഞു കാര്‍ലോ അങ്ങനെയായിരുന്നില്ല. അവന് അമ്മയോട് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നുവത്രെ. അവന്റെ ചോദ്യമാണ് തന്റെ വിശ്വാസം വര്‍ദ്ധിപ്പിച്ചതെന്ന് അന്റോണിയ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കമ്പ്യൂട്ടര്‍ ജീനിയസ് ആയിരുന്നു നമ്മുടെ കാര്‍ലോ. പക്ഷേ രാവിലെ കമ്പ്യൂട്ടറിലും മൊബൈലിലും കുത്തിക്കളിച്ച് സമയം കളയുകയല്ല. മറിച്ച് എല്ലാ ദിവസവും ദിവ്യബലിക്ക് അവന് പോകുമായിരുന്നു. സാധാരണമായ ഒരു ജീവിതം തികച്ചും അസാധാരണമായ വിധത്തില്‍ ജിവിച്ച വ്യക്തിയായിരുന്നു അവന്. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും, മറ്റ് കുട്ടികളെയും പ്രായമായവരെയും സഹായിച്ചും അയിരുന്നു അവന് വളര്‍ന്നത്.
കാര്‍ലോ നല്ല തീക്ഷണതയുള്ള കുഞ്ഞായിരുന്നു. ചെറുപ്പത്തില്‍ തന്നെ നന്നായി പ്രാര്ത്ഥിക്കുമായിരുന്നും, പള്ളിയില്‍ പോകും, ഓരോ ദിവസവും വിശ്വാസത്തക്കുറിച്ച് കൂടുതല്‍ പഠിക്കും. ഞാനാകട്ടെ പള്ളിയില്‍ പോക്ക് ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. സെകുലര്‍ ആയ ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടാകാം അങ്ങനെ... അന്റോണിയ അനുസ്മരിക്കുന്നു. മകന്റെ ചോദ്യങ്ങളാണ് സ്വന്തം അമ്മയെ ദൈവത്തിലേക്ക് അടുപ്പിച്ചതും ദൈവം സ്നേഹമാണെന്ന് കണ്ടെത്താന്‍ സഹായിച്ചതും.
മാരകമായ രക്താര്‍ബുദം ബാധിച്ച കാര്‍ലോ മരണക്കിടക്കിയില് കിടന്നുകൊണ്ട് അമ്മയോടു പറഞ്ഞു അമ്മ പേടിക്കേണ്ട, എന്റെ ശാരീരികമായ വേദന ഞാന്‍ മാര്‍പാപ്പയ്ക്കും സഭയ്ക്കും വേണ്ടി കാഴ്ചവെക്കുകയാണ്... അമ്മ നിറകണ്ണുകളോടെ തന്റെ മകനെ ഓര്‍മ്മിക്കുന്നു.
നാം ഒറിജിനാലാണ്. എന്നാല്‍ നാം ഫോട്ടോ കോപ്പികളായി ജീവിക്കുകയാണ്. ഈശോ നമുക്ക് കൂദാശകള്‍ നല്‍കിയിരിക്കുന്നത് നാം ഫോട്ടോ കോപ്പികളായി മരിക്കാതിരിക്കാനാണ് അവന് പറയുമായിരുന്നു.
ജീവിച്ചുകൊതിതീരും മുമ്പേ തിരികെവിളിക്കപ്പെട്ട തന്റെ പ്രിയപുത്രന്റെ രോഗശയ്യയിലെ വാക്കുകളും മുഖത്തെ ധൈര്യവും തനിക്ക് വളരെ പ്രചോദനമേകിയെന്നും അമ്മ പറയുന്നു. അമ്മേ പേടിക്കേണ്ട. ഈശോയുടെ മനുഷ്യാവതാതരത്തോടെ മരണം നിത്യജീവനായി മാറി. മരണത്തില്‍ നിന്നും രക്ഷപ്പെടേണ്ട ആവശ്യമേയില്ല. അലൗകികമായ എന്തോ ഒന്നാണ് നമ്മെ കാത്തിരിക്കുന്നത്... അവന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. നമ്മുടെ ലക്ഷ്യം സ്വര്‍ഗ്ഗമാണ്, അത് നമ്മുടെ മാതൃദേശമാണ്. സ്വര്‍ഗ്ഗം നമ്മുക്കായി കാത്തിരിക്കുകയാണ് അവന്റെ വാക്കുകള്‍ അമ്മ സ്നേഹത്തോടെ ഓര്‍ക്കുന്നു.
എന്നെ സംബന്ധിച്ച് എന്റെ കുഞ്ഞു കാര്‍ലോ എനിക്ക് സത്യത്തിന്റെ പാത കാണിച്ചുതന്ന രക്ഷകനാണ് അവന്. അവന് കാണിച്ചുതന്ന മാര്‍ഗ്ഗത്തിലൂടെയാണ് ഇനി എന്റെ യാത്ര. പ്രത്യേകിച്ചും ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്ചല്‍ എക്സ്പോ എല്ലാ ഭുഖണ്ഡങ്ങളിലും സഞ്ചരിച്ചുകഴിഞ്ഞു. അനേകര്‍ക്ക് വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിക്കഴിഞ്ഞു.
ഈശോ സ്നേഹമാണെന്നും നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ സ്നേഹമാണ് സ്വീകരിക്കുന്നതെന്ന് മനസിലാക്കുവാനും എനിക്ക് സഹായമായത് എന്റെ മകന്റെ വാക്കുകളാണ്. ഓരോ ക്രൈസ്തവന്റെയും ലക്ഷ്യം വിശുദ്ധരാകുകയെന്നതാണ്. അതാകട്ട എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിച്ചുകൊണ്ടും, അയല്‍ക്കാരെ സ്നേഹിച്ചുകൊണ്ടും ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടുമാണ് സാധിക്കുക. നമ്മളെ തന്നെ മറ്റുള്ളവര്‍ക്ക് നല്കുവാനും ദൈവസ്നേഹത്തില്‍ വളരുവാനുമാണ് ഈശോ നമ്മെ പഠിപ്പിച്ചത്. ഈ ഒരു കാഴ്ചപ്പാടായിരുന്ന കാര്‍ലോ മരണം വരെ അനുവര്‍ത്തിച്ചത്. ഏഴാമത്തെ വയസു മുതല്‍ മരണം വരെ, ഒരിക്കല്‍ പോലും അവന് ദിവ്യകാരുണ്യം മുടക്കിയില്ല. ദിവ്യകാരുണ്യം സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേ എന്ന് കാര്‍ലോ പറയുമായിരുന്നു. അതുകൊണ്ടാണ് അവന് ആ അമൂല്യമായ സമ്മാനത്തെക്കുറിച്ച് എല്ലാവരും അറിയണമെന്ന് ആഗ്രഹിച്ചത്.
Send your feedback to : onlinekeralacatholic@gmail.com