അര്‍ജന്റീനയുടെ കൗബോയ് വിശുദ്ധന്
ജിയോ ജോര്‍ജ് - ജുണ് 2019
എന്റെ പക്കല്‍ നിന്ന് സാത്താന് ഒരു ആത്മാവിനെ തട്ടിയെടുത്താല്‍ എനിക്ക് ദുരിതം എന്ന് പറഞ്ഞ് കാടും മലകളും താണ്ടി അജഗണങ്ങളെ തേടിപ്പോയ വൈദികനായിരുന്നു അര്‍ജന്റീനയിലെ കൗബോയ് പ്രീസ്റ്റ് എന്നറയിപ്പെടുന്ന വിശുദ്ധ ജോസ് ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊച്ചെരോ. അര്‍ജന്റീനയില്‍ 1840 ല്‍ ഇഗ്നേഷ്യ ബ്രൊച്ചാരോയുടെയും പെട്രോണ ഡാവിലയുടെയും പത്തുമക്കളില്‍ നാലാമനായിട്ടായിരുന്നു ജനനം. 16-ാം വയസ്സില്‍ സെമിനാരിയില്‍ചേര്‍ന്നു. അര്‍ജന്റീനയിലെ കോര്‍ഡോബ അതിരൂപതയ്ക്കുവേണ്ടി 26 ാം വയസ്സില്‍ വൈദികനായി. ഏതാനും വര്‍ഷം സെമിനാരിയില്‍ ഫിലോസഫി പഠിപ്പിച്ചു. പിന്നീട് സെന്റ് ആല്‍ബര്‍ട്ട് ഇടവകയിലെ അജപാലനദൗത്യം ഏറ്റെടുത്തു. 1675 സ്ക്വയര്‍ മൈല്‍ വിസ്തീര്‍ണ്ണവും 10000 ഇടവകക്കാരുമുള്ള അതിവിശാലമായ ഇടവക. അപകടകരങ്ങളായ കുന്നുകളും മലകളും കാടും മേടും നിറഞ്ഞ ഇടവകയില്‍ അദ്ദേഹത്തെ ഭരമേല്പിച്ചിരുന്ന ഇടവകയിലെ ജനങ്ങള്‍ പലസ്ഥലങ്ങളിലായി ചിതറിക്കിടക്കുകയയിരുന്നു. ദേവാലയത്തിലേക്ക് വരിക അവര്‍ക്ക് ദുഷ്ക്കരമായിരുന്നു അതുകൊണ്ട് നല്ല ഇടയനായ അദ്ദേഹം അവരെ തേടി അവരുടെ അടുത്തേക്ക് ചെന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍, എന്നാല്‍ ദൈവം ഉപേക്ഷിക്കാത്തവര് എന്നായിരുന്നു അദ്ദേഹം തന്റെ ഇടവകക്കാരെ വിശേഷിപ്പിച്ചിരുന്നത്.
കല്ലും മണ്ണും നിറഞ്ഞ റോഡുകളും കുന്നും കുഴിയും നിറഞ്ഞ മലയിടുക്കുകളും അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയില്ല. റോഡുകളോ മറ്റ് യാത്രാസൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഒരു കോവര്‍ കഴുതയായിരുന്നു അദ്ദേഹത്തിന്റെ വാഹനം. കൗബോയ് തൊപ്പിയും കോട്ടും ബുട്ടും ബെല്‍റ്റുമെല്ലാം ധരിച്ച് കഴുതപ്പുറത്ത് പോകുന്ന ആ വൈദികനെ കണ്ടാല്‍ സിനിമകളില്‍ കാണുന്നതുപോലെയുള്ള ഒരു കൗബോയ് ലുക്കായിരുന്നു. കഴുതപ്പുറത്ത് മാതാവിന്റെ രൂപം, ഭാണ്ഢത്തില്‍ പ്രാര്‍ത്ഥനാപുസ്തകങ്ങളും വീഞ്ഞും ഓസ്തിയും. പ്രാര്‍ത്ഥനയും കുമ്പസാരവും കുര്‍ബാനയുമില്ലാതെ അലയുന്ന ആത്മായരെ തേടിയായിരുന്നു അദ്ദേഹത്തിന്റെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്ര. പള്ളിമേടയിലെ താമസം വേണ്ടെന്നുവെച്ച് ഭാണ്ഡവുമായി അച്ചന് കഴുതപ്പുറത്തേറി ഇടവകയിലെ ജനങ്ങളെ തേടിയിറങ്ങും. നാട്ടുകാര്‍ അദ്ദേഹത്തിന് ഒരു വിളിപ്പേരു ചാര്‍ത്തിക്കൊടുത്തു കൗബോയ് പ്രീസ്റ്റ്.
ഒരു ഗ്രാമത്തിലെത്തിയാല് അവിടുത്തെ വിശ്വാസികളെ വിളിച്ചുകൂട്ടി പ്രാര്‍ത്ഥനയും കൂദാശയും നല്‍കും. അതിനുശേഷം അവര്‍ക്ക് ഒരു കാര്പന്ററെയാണ് വേണ്ടതെങ്കില്‍ അദ്ദേഹം ആ റോള്‍ ഏറ്റെടുക്കും. വഴി വെട്ടുകാരനെയാണെങ്കില് കുപ്പായം തെറുത്തുകേറ്റി അദ്ദേഹം അവരോടൊപ്പം റോഡ് വെട്ടാന്‍ ഇറങ്ങും. പ്രാര്‍ത്ഥനയും ജോലിയും കഴിഞ്ഞാല്‍ ഒരു ഗ്രാമത്തില്‍ നിന്ന് അപകടകരമായ മലമടക്കുകളിലൂടെ അടുത്തതിലേക്ക് അദ്ദഹം യാത്രതിരിക്കും. അങ്ങനെ നിരന്തരം യാത്രയിലായിരുന്നു ഈ കൗബോയ് വൈദികന്.
അദ്ദേഹത്തിന്റെ വാക്കുകള്‍ സാധാരണക്കാരുടെ വാക്കുകളായിരുന്നു. വേണ്ടിവന്നാല്‍ നല്ല പുളിച്ച ചീത്ത വിളിക്കുന്നതിനും അദ്ദേഹത്തിന് മടിയൊന്നുമില്ലായിരുന്നു. സിഗരറ്റുവലിയുമുണ്ടായിരുന്നു കൂടെ. അതുകൊണ്ടുതന്നെ വിശുദ്ധപദവിക്ക് പരിഗണിക്കപ്പെട്ടപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. സാധാരണ വിശുദ്ധരുടെ ഫ്രെയിമില്‍ നിന്നും തികച്ചും സാധാരണക്കാരനായിപ്പോയി എന്നതുകൊണ്ടാകാം വിശുദ്ധപദിവി അല്പം വൈകിപ്പോയത്. പക്ഷേ, നാട്ടുകാരുടെ സംസാരരീതികളും ജീവിതശൈലിയും മനസ്സിലാക്കി അവരിലൊരാളെപ്പോലെ അദ്ദേഹം അവരുമായി താദാത്മ്യപ്പെടുകായായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ തടസ്സങ്ങള്‍ മാറി. വാഴ്ത്തപ്പെട്ടവനെന്ന് വിളിച്ചിട്ട് 50 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനെന്ന് വിളിച്ചത്.
ദരിദ്രരോടും പാവപ്പെട്ടവരോടും സമൂഹത്തിലെ അവഗണിക്കപ്പെട്ടവരോടും കൂടെ അദ്ദേഹം വസിച്ചു. ഇടയന് ആടുകള്ക്കൊപ്പമെന്ന പോലെ തന്നെ. പട്ടം കിട്ടയതിന്റെ പിറ്റേ വര്‍ഷം അദ്ദേഹം പോയത് കോര്‍ഡോബയിലെ കോളറ ബാധിതരെ സഹായിക്കാനായിരുന്നു. പാവപ്പെട്ടവരോടും രോഗികളോടുമൊപ്പം അദ്ദേഹം സഹവസിച്ചു. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും അദ്ദേഹം യഥാര്‍ത്ഥ ഇടയനായി. അടികൊടുക്കേണ്ടവനെ അടിച്ചും ശാസിക്കേണ്ടവനെ ശാസിച്ചും ചീത്തവിളിക്കേണ്ടവനെ ചീത്തവിളിച്ചും അദ്ദേഹം നല്ല വഴിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തന്റെ ഇടവകയിലുണ്ടായിരുന്ന ഒരു കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കുകയും ഒപ്പം താമസിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് കുഷ്ഠരോഗം പകര്‍ന്നു. കണ്ണിന്റെ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടുവെങ്കിലും പ്രാര്‍ത്ഥനയ്ക്കും ബലിയര്‍പ്പണത്തിനും അത് തടസ്സമായില്ല. 1914 ജനുവരി 26 ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെടുമ്പോള്‍ സ്വന്തം സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു.
അര്‍ജന്റീനയുടെ ഈ സ്വന്തം വിശുദ്ധന് നടന്ന വഴികളിലൂടെയും അദ്ദേഹത്തിന്റെ കബറിടത്തിലേക്കും സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം അസംഖ്യമാണ്. 2016 ല്‍ അദ്ദേഹത്തെ ആടിന്റെ മണമുള്ള വൈദികന് എന്നു വിളിച്ചുകൊണ്ട് വിശുദ്ധപദവിയിലേക്കുയര്ത്തിയപ്പോള് കഴുതപ്പുറത്തേറി പോകുന്ന ഒരു കൗബോയ് വൈദികന്റെ പ്രതിമയും അനാച്ഛാദനം ചെയ്തിരുന്നു. അദ്ദേഹത്തെ അങ്ങനെ തന്നെ കാണുവാനാണ് ഇപ്പോഴും അര്‍ജന്റീനയിലെ ജനങ്ങള്‍ക്കിഷ്ടം.
Send your feedback to : onlinekeralacatholic@gmail.com