യൗസേപ്പിതാവിന്റെ വര്‍ഷം: ഉറങ്ങുന്ന യൗസേപ്പിതാവിനോടുള്ള ഭക്തിയ്ക്കു പ്രിയമേറുന്നു
ജോര്‍ജ് കെ.ജെ - ജനുവരി 2021
ഉറങ്ങുന്ന യൗസേപ്പിതാവിനോടുള്ള ഭക്തി ലോകമെങ്ങും ഉണരുന്നു. ഉറങ്ങുന്ന ജോസഫിനോടുള്ള ഭക്തി പണ്ടുകാലം മുതല്‍ സൗത്ത് അമേരിക്കയിലും ഫിലിപ്പിന്സിലുമൊക്കെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ 2021 വി. ജോസഫിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതോടുകൂടി ഉറങ്ങുന്ന ജോസഫിനോടുള്ള ഭക്തി ഉറക്കമുണര്‍ന്ന് അതിവേഗം ലോകമെങ്ങും പടരുന്നു. ഇപ്പോള്‍ ഉറങ്ങുന്ന ജോസഫിന്റെ തിരുസ്വരൂപത്തിന് വന്‍ ഡിമാന്‍ഡ് ആണത്രെ. ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തിനുകീഴില് തങ്ങളുടെ നിയോഗങ്ങളും പ്രാര്‍ത്ഥനകളും സമര്‍പ്പിക്കുന്നതാണ് ഈ പ്രാര്‍ത്ഥനാരീതി. വി. ജോസഫ് തങ്ങളുടെ നിയോഗങ്ങള്‍ സ്വപ്നത്തില്‍ ഈശോയ്ക്ക് സമര്‍പ്പിച്ച് തങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കുമെന്ന് ഭക്തര്‍ വിശ്വിസിക്കുന്നു.
ഉറങ്ങുന്ന ജോസഫിനോടുള്ള ഭക്തി
സ്വപ്നമായിരുന്നു യൗസേപ്പിതാവും പിതാവായ ദൈവവും തമ്മിലുള്ള സമ്പര്‍ക്കമാധ്യമം. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ദൈവം സ്വപ്നത്തിലാണ് നീതിമാനായ ജോസഫിനോട് സംസാരിച്ചത്. അതുപോലെ, യൗസേപ്പിതാവിനോട് തങ്ങളുടെ നിയോഗങ്ങളില്‍ ഉറങ്ങി-ദൈവപുത്രനായ ക്രിസ്തുവിന് അത് സ്വപ്നമായി സമര്‍പ്പിക്കുവാനാണ് ഭക്തര്‍ അപേക്ഷിക്കുന്നത്. അതേ സമയം തന്നെ യൗസേപ്പിതാവ് ദൈവത്തിന്റെ സ്വരം സ്വപ്നത്തിലൂടെ തിരിച്ചറിഞ്ഞതുപോലെ ദൈവഹിതം തങ്ങള്‍ക്കും വെളിപ്പെട്ടുകിട്ടണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
പിതാവായ ദൈവം നസ്രത്തിലെ തിരുക്കുടുംബത്തെ വി. യൗസേപ്പിതാവിന്റെ സംരക്ഷണത്തിന് ഏല്‍പ്പിച്ചുകൊടുത്തപ്പോള്‍ ദൈവത്തിന്റെ ഹിതം തിരിച്ചറിയുവാനുള്ള ഒരേയൊരു വഴി. അതനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചതും. ബുദ്ധിമുട്ടുള്ള കാലങ്ങളില്‍ യൗസേപ്പിതാവ് സ്വപ്നങ്ങള്‍ സ്വീകരിച്ച് പൂര്‍ണമായും ദൈവത്തിനും ദൈവികപദ്ധതിക്കും തന്നെ തന്നെ സമര്‍പ്പിക്കുകയും ചെയ്തു.
ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള് ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ് (മത്ത 1: 20) എന്ന് കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് പറഞ്ഞു. മാലാഖ വീണ്ടും സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് മാതാവിനെയും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്യുവാന്‍ ആവശ്യപ്പെടുന്നു (മത്ത 2:13) അതിനുശേഷം തിരിച്ച് നസ്രത്തിലേക്ക് വരുവാനും ആവശ്യപ്പെടുന്നു (മത്താ 2: 19-23).
വി. യൗസേപ്പിതാവ് ദൈവത്തിന്റെ വാക്കുകള്‍ എല്ലായ്പ്പോഴും നിശബ്ദമായി ചെവിക്കൊണ്ടു അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കി. വി. യൗസേപ്പിതാവിനെപ്പോലെ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും സ്വീകരിക്കുവാനും പ്രതികരിക്കുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും നമുക്ക് കഴിയുമോ.
ഫ്രാന്‍സിസ് മാര്‍പാപ്പ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ വലിയൊരു ഭക്തനാണ്. 2015 ല്‍ തന്റെ ഫിലിപ്പീന്‍സ് സന്ദര്‍ശനവേളയില്‍ അദ്ദേഹം പറഞ്ഞു: ജോസഫിന്റെ വിശ്രമം ദൈവത്തിന്റെ പദ്ധതി അദ്ദേഹത്തിനു വെളിപ്പെടുത്തിക്കൊടുത്തു. ദൈവത്തില്‍ വിശ്രമിക്കുന്ന നിമിഷങ്ങളില്‍, നമ്മുടെ അനുദിനജീവിതത്തിലെ കടമകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും നാം അല്പം പോസ് ചെയ്യുമ്പോള്‍, ദൈവം നമ്മോടും സംസാരിക്കുന്നുണ്ട്.
വളരെ വ്യക്തിപരമായ ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയട്ടെ. എനിക്ക് വി. യൗസേപ്പിതാവിനെ വലിയ ഇഷ്ടമാണ്. നിശബ്ദതയുടെ ശക്തനായ മനുഷ്യനാണ് അദ്ദേഹം. എന്റെ മേശയില്‍ ഞാന്‍ ഉറങ്ങുന്ന വി. യൗസേപ്പിതാവിന്റെ ഒരു തിരുസ്വരൂപം സൂക്ഷിക്കുന്നുണ്ട്.
ഉറങ്ങുമ്പോള്‍ അദ്ദേഹം സഭയെ കാത്തുസൂക്ഷിക്കുന്നു. അതെ, അദ്ദേഹത്തിന് അത് കഴിയും. അത് നമുക്കറിയാം. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടോ ഉള്ളപ്പോള്‍, ഞാനത് ഒരു പേപ്പറില്‍ എഴുതി അദ്ദേഹത്തിന്റെ തലയ്ക്കുകീഴെ വയ്ക്കും, അപ്പോള്‍ അദ്ദേഹത്തിന് അതിനെക്കുറിച്ച് സ്വപ്നം കാണാമല്ലോ. അതിനര്‍ത്ഥം ഈ പ്രശ്നപരിഹാരത്തിനായി വി. യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുക എന്നാണ്.
യൗസേപ്പിതാവിന്റെ സമയം
തീക്ഷ്ണമതികളായ കത്തോലിക്കര്‍ വി. യൗസേപ്പിതാവിന്റെ ശക്തമായ മാദ്ധ്യസ്ഥ്യം തേടുന്നു, വി. യൗസേപ്പിതാവിന്റെ വര്ഷമായതുകൊണ്ടുമാത്രമല്ല ഇന്നത്തെ ലോകത്തിലെ ആത്മീയ യുദ്ധത്തില്‍ സഭയുടെ സംരക്ഷകനും പോരാളിയുമായ അദ്ദേഹം കൂടുതല്‍ പ്രസക്തനാണ്.
ഫാ. ഡൊണാള്‍ഡ് കാലോവേയുടെ കോണ്സഗ്രേഷന് ടു സെന്റ് ജോസഫ് എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു സെന്റ് ജോസഫിന്റെ സമയമാണ് ഇപ്പോള്‍. അതിശയോക്തി കലര്‍ത്താതെ പറയട്ടെ, 1800 വര്‍ഷത്തെ സഭയുടെ ചരിത്രത്തിലേതിനേക്കാള് വി.യൗസേപ്പിതാവിന്റെ ഭക്തി പ്രചരിപ്പിക്കുതിന് കഴിഞ്ഞ 150 വര്‍ഷം സഭ പരിശ്രമിച്ചിട്ടുണ്ട്.
എന്തുകൊണ്ട് ഇപ്പോള്‍? എന്തുകൊണ്ട് വി. യൗസേപ്പിതാവ്?
സഭയ്ക്കും ധാര്മ്മികതയ്ക്കുമെതിരെ ബീഭത്സമായ അക്രമങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉറങ്ങുന്ന യൗസേപ്പിതാവിനെ വിളിച്ചുണര്‍ത്തുന്നത് ഒട്ടും അനിവാര്യമാണ്. തകര്ടിഞ്ഞുപോകുന്ന വിവാഹവും കുടുംബവും സംരക്ഷിക്കുവാന്‍ യൗസേപ്പിതാവിന്റെ ആത്മീയപിതൃത്വം നമുക്കാവശ്യമാണ്െ ഫാ. കാലോവേ പറയുന്നു. വിവാഹം, പുരുഷത്വം, സ്ത്രീത്വം, ഉദര ശിശുക്കള്‍, മനുഷ്യജീവന്റെ മഹത്വം എന്നിവയെക്കെതിരെ ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്തത്തത്ര വലിയ അക്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പിശാചുക്കളുടെ പേടിസ്വപ്നമായ വി. യൗസേപ്പിതാവിനെ, നമ്മുടെ സഹായത്തിനെത്തുവാനും നാരകീയശക്തികള്ക്കെതിരെ പേരാടുവാനും, വിളിച്ചപേക്ഷിക്കുവാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്.
ഹെറോദിന്റെ കൊലക്കത്തിയില്‍ നിന്നും മാതാവിനേയും ഉണ്ണിയേശുവിനെയും കാത്തുസൂക്ഷിച്ച ജോസഫിനെപ്പോലെ സഭയ്ക്കെതിരെയുള്ള വെല്ലുവിളികള്‍ മുന്‍കൂട്ടിയറിഞ്ഞ് സഭയെയും സഭാപഠനങ്ങളെയും പ്രബോധനങ്ങളെയും നാരകീയ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാനാകും.
ഉണ്ണിയേശുവിന് പിറക്കാനിടം തേടി അലഞ്ഞ ജോസഫിനുമുന്നിലെ അടഞ്ഞ വാതിലുകള്‍ ഇപ്പോഴുമുണ്ട്. ഇന്നും പലരും ദൈവത്തിനും ദൈവത്തിന്റെ പദ്ധതികള്‍ക്കുമെതിരെ വാതിലുകള്‍ കൊട്ടിയടക്കുന്നു.
നമ്മുടെ ഹൃദയങ്ങളില്‍ ഈശോ ജനിക്കുന്നതിനായി, നമുക്ക് യൗസേപ്പിതാവിനെ വിളിച്ചപേക്ഷിക്കാം. യൗസേപ്പിതാവായിരുന്നു ആദ്യത്തെ മിഷനറി. ഇന്ന് വീണ്ടും ലോകത്തിലേക്ക് യേശുവിനെ കൊണ്ടുവരുവാന്‍ യൗസേപ്പിതാവ് ആഗ്രഹിക്കുന്നുവെന്ന് ഫാ. കാലോവേ പറയുന്നു.
അമ്മ ത്രേസ്യയുടെ വാക്കുകളില്‍
ജീവിതത്തിലെ ആവശ്യനേരങ്ങളില്‍ നമ്മെ സഹായിക്കുവാനായി ദൈവം നമുക്ക് ശക്തിയുള്ള അനേകം വിശുദ്ധരെ നല്‍കിയിട്ടുണ്ട്. പക്ഷേ യൗസേപ്പിതാവിനു നല്കിയ ശക്തി അപാരമാണ്, യൗസേപ്പിതാവിന്റെ ശക്തി നമ്മുടെ അനുദിനജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലേക്കും എത്തുന്നതും വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുന്നവരെ തീര്‍ച്ചയായും ശ്രവിക്കുന്നതുമാണ്.
കഷ്ടപ്പാടിലും കണ്‍ഫ്യൂഷനിലും പ്രേലോഭനങ്ങളിലും ദൈവത്തിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയാത്തപ്പോളും നമുക്ക് വി. യൗസേപ്പിനെ വിളിച്ചപേക്ഷിക്കാം. സഭയുടെ നിശബ്ദനും ശക്തനുമായ സംരക്ഷകനും സ്വര്‍ഗ്ഗീയ സ്വപ്നങ്ങളുടെ മദ്ധ്യസ്ഥനുമാണ് അദ്ദേഹം.
നമ്മുടെ വിശ്വാസത്തെ പിടിച്ചുകുലുക്കവാനും സത്യത്തിലേക്ക് ലോക ഹൃദയം തുറക്കുവാനുമായി അതെ ഏറ്റവും ശക്തനായ വിശുദ്ധന് ഉണര്‍ന്നുകഴിഞ്ഞു.
Send your feedback to : onlinekeralacatholic@gmail.com