വിശുദ്ധന്മാര്ക്ക് നമ്മുടെ വണക്കം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?
ഷേര്‍ളി മാണി - നവംബര്‍ 2023
എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും വിശുദ്ധരുടെ തിരുന്നാള്‍ കൊണ്ടാടുകയും നൊവേന ചൊല്ലുകയും രൂപങ്ങള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പലപ്പോഴും വിശുദ്ധരോടുള്ള വണക്കത്തെ വിശുദ്ധന്മാരോടുള്ള ആരാധനയെന്ന് പലരും ദുര്‍വ്യാഖ്യാനം ചെയ്യാറുമുണ്ട്. എന്നാല്‍, കത്തോലിക്കര്‍ വിശുദ്ധരെ ആരാധിക്കുകയല്ല, വണങ്ങുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. അപ്പോള്‍ ഒരു ചോദ്യം ഉദിച്ചേക്കാം. വിശുദ്ധരെ നാം വണങ്ങുന്നതുകൊണ്ട് അവര്‍ക്കെന്തെങ്കിലും മെച്ചമുണ്ടോ? വിശുദ്ധന്മാരെ നാം വണങ്ങുന്നതുകൊണ്ട് സത്യത്തില്‍ അവര്‍ക്ക് യാതൊരു മെച്ചവുമില്ല. കാരണം അവര്‍ ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്നവരാണ്, അതിനേക്കാള്‍ വലിയ സൗഭാഗ്യം ഇനി മറ്റൈാന്നുമില്ലല്ലോ.
'നമ്മുടെ വണക്കമോ, ആഘോഷങ്ങളോ, പ്രശംസകളോ ഒന്നും വിശുദ്ധന്മാര്ക്ക് ഗുണം ചെയ്യുകയില്ല. കാരണം പിതാവായ ദൈവത്തിന്റെ സമക്ഷം തന്റെ പുത്രന് നല്കിയ വാഗ്ദാനങ്ങള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ നമ്മുടെ ഭൗതികമായ വണക്കം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വിശുദ്ധന്മാര്ക്ക് നമ്മുടെ വണക്കം ആവശ്യമില്ല, മാത്രമല്ല അതുകൊണ്ട് അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ ചെറിയൊരു മാറ്റം വരുത്താന്‍ പോലുമാകില്ല... എന്നുമാണ് ക്ലെയര്‍വോയിലെ വിശുദ്ധ ബര്‍ണാര്‍ഡ് പറയുന്നത്.
പിന്നെ ആര്‍ക്കാണ് ഗുണം?
വിശുദ്ധന്മാരോടുള്ള വണക്കത്തിന്റെ പ്രഥമ ഗുണഭോക്താക്കള്‍ നമ്മള് തന്നെയാണ്. വ്യക്തമായി പറഞ്ഞാല്‍, നാം അവരുടെ ഓര്‍മ്മ ആചരിക്കുമ്പോള്‍, അത് നമുക്കാണ് ഗുണം ചെയ്യുന്നത്, അവര്‍ക്കല്ല. എന്നാല്‍ ഞാന്‍ പറയട്ടെ, ഞാന്‍ അവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ, നമ്മുടെ ഉള്ളില്‍ അവരെപ്പോലെ ആകുവാനുള്ള ഒരു അതിതീവ്രമായ ആഗ്രഹം ആളിക്കത്തും...അവരക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമുക്ക് അത് പ്രചോദനമാവുകയും അവരുടെ കൂട്ടായ്മ നമുക്കുചിതമായി തോന്നുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍, നാം വിശുദ്ധന്മാരുമായി സന്തോഷത്തില്‍ ഒന്നുചേരുന്നു എന്നുമാണ് വിശുദ്ധന് തുടര്‍ന്നു പറയുന്നത്.
നാം വിശുദ്ധരെക്കുറിച്ച് ഓര്‍മ്മിക്കുകയോ, അവരുടെ തിരുന്നാള്‍ ആഘോഷിക്കുകയോ, അവരുടെ രൂപം സ്ഥാപിക്കുകയോ ചെയ്യുമ്പോള്‍, അത് സ്വര്‍ഗ്ഗത്തില്‍ അവരുമായി ഒന്നുചേരുന്നതിനുള്ള ആഗ്രഹം നമ്മില്‍ ജനിപ്പിക്കുകയും അവര്‍ ഭൂമിയിലായിരുന്നപ്പോള്‍ നല്കിയ മാതൃക പിന്തുടരുന്നതിന് പ്രചോദിപ്പിക്കുകയും ചെയ്യും.
വിശുദ്ധര്‍ക്ക് നമ്മുടെ പക്കല്‍ നിന്ന് ഒന്നും ആവശ്യമില്ല, സത്യത്തില്‍ നമ്മെ സ്വര്‍ഗ്ഗത്തോട് അടുപ്പിക്കുന്ന എന്തെങ്കിലും നമുക്ക് അവരില്‍ നിന്ന് ലഭിക്കുമോ എന്നാണ് നാം നോക്കേണ്ടത്.
Send your feedback to : onlinekeralacatholic@gmail.com