വിശുദ്ധ എന്ന ലേബലിലൊതുങ്ങാന് വിസമ്മതിച്ച സോഷ്യല്‍ ആക്ടിവിസ്റ്റായ ദൈവദാസി
ജിയോ ജോര്‍ജ് - ജൂലൈ 2020
ദൈവദാസിയായ ഡോറോത്തി ഡേ രൂപക്കൂട്ടിനിണങ്ങാത്ത വിശുദ്ധയായിരിക്കും. ഒരു വിശുദ്ധയെക്കുറിച്ചുള്ള സര്‍വ്വ സങ്കല്പങ്ങളും തിരുത്തിക്കുറിച്ച അമേരിക്കയിലെ വിവാദവനിതയായിരുന്ന ഡോറോത്തി ഡേ. ഡേയുടെ വാക്കുകളും പ്രവൃത്തിയും പലപ്പോഴും സഭയ്ക്കത്തും പുറത്തും നിരന്തരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കസഭയിലേയ്ക്ക് കടന്നുവരുന്നതിനുമുമ്പ് അവള് ഒരു റാഡിക്കല്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നു. ദ മാസസ് എന്ന പത്രത്തിന്റെ ആക്ടിംഗ് എഡിറ്ററായിരുന്ന ഡേ അറിയപ്പെടുന്ന ജേണലിസ്റ്റും സോഷ്യല്‍ ആക്ടിവിസ്റ്റുമായിരുന്നു. വനിതകളുടെ വോട്ടവകാശത്തിനുവേണ്ടി സമരം നയിക്കുകയും തല്ലുകൊള്ളുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട് ഡേ.
അരാജകവാദികളും കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമായിരുന്നു കമ്പനി. പല പ്രണയങ്ങളും അബോര്ഷനിലെത്തപ്പെട്ട സഹവാസവും അവളുടെ ജീവിതത്തിലുണ്ടായിരുന്നു. എന്നാല്‍ അതിനെയൊക്കെ കടത്തിവെട്ടുന്നതായിരുന്നു ഡേയുടെ പതിത സ്നേഹം. ദരിദ്രരിലും തൊഴിലാളികളിലും അവള് ക്രിസ്തുവിനെ കണ്ടു. ക്രിസ്തുവിന്റെ പ്രബോധനങ്ങളുമായി അവള് തെരുവീഥികളിലും പാതയോരങ്ങളിലും അലഞ്ഞു. ഡേ സ്ഥാപിച്ച കാത്തലിക് വര്‍ക്കര്‍ മൂവ്മെന്റും ദ കാത്തലിക് വര്‍ക്കര്‍ ന്യൂസ്പേപ്പറും എല്ലാം സാധാരണക്കാരോടുള്ള അവളുടെ കരുതലിന്റെ നിദര്‍ശനങ്ങളായിരുന്നു. ഒരിക്കല്‍ അഭിമുഖത്തിനെത്തിയ ഒരു ജേണലിസ്റ്റ് ഡോറോത്തി ഡേയോട് പറഞ്ഞു. ഞാന്‍ ആദ്യമായിട്ടാണ് ഒരു വിശുദ്ധയെ ഇന്റര്‍വ്യൂ ചെയ്യുന്നത്. എന്നെ ഒരു വിശുദ്ധയെന്ന് വിളിക്കരുത്. അങ്ങനെ വളരെ എളുപ്പത്തില്‍ എന്നെ ഒതുക്കുന്നത് എനിക്കിഷ്ടമില്ല എന്നായിരുന്നു ഡേയുടെ മറുപടി.
അടങ്ങിയിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇറങ്ങിച്ചെന്ന് പ്രതികരിക്കുകയും അവശരോടൊപ്പം നില്‍ക്കുകയും അഗതികള്‍ക്ക് ആതിഥ്യമരുളുകയും ചെയ്യണമെന്ന് അതിശക്തമായി വാദിക്കുകയും ചെയ്തിരുന്നു ദൈവദാസിയായ ഡോറോത്തി ഡേ. ഇന്നും അമേരിക്കയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ക്രൈസ്തവ നേതാക്കളിലൊരാളായി ഡോറോത്തി ഡേ എണ്ണപ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ല്‍ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ പറഞ്ഞത് ഡോറോത്തി ഡേ മഹാډാരായ നാല് അമേരിക്കകാരിലൊരാളാണ് എന്നായിരുന്നു. എബ്രാഹം ലിങ്കണും മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയറും തോമസ് മെര്ട്ടനുമാണ് മറ്റ് മൂന്ന് പേര്. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഡോറോത്തി ഡേ എന്ന ആധുനിക വിശുദ്ധയുടെ നാമകരണത്തിനായി അമേരിക്കയില്‍ മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കാരണം പോയ കാലത്തിന്റെ അല്ല ആധുനികകാലത്തിന്റെ വിശുദ്ധയാണ് ഡേ. ഡേയുടെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
1897 ല്‍ ന്യൂയോര്‍ക്കിലായിരുന്നു ജനനം. എപ്പിസ്കോപ്പല്‍ സഭാംഗമായിരുന്നു. 1927 ല്‍ ഡോറോത്തി മാമ്മോദീസ സ്വീകരിച്ച് കത്തോലിക്ക സഭയിലേക്ക് ചേക്കേറി. 1933 ല്‍ കാത്തലിക് വര്‍ക്കര്‍ മൂവ്മെന്റ് എന്ന സംഘടന പീറ്റര്‍ മൗറിന് എന്ന വ്യക്തിയോടൊപ്പം സ്ഥാപിച്ചു. സൂപ്പ് കിച്ചണുകളും ഫാം കമ്മ്യൂണിറ്റികളും കത്തോലിക്ക ന്യൂസ്പേപ്പറും സ്ഥാപിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ഡേയുടെ ജീവിതം എരിഞ്ഞുകൊണ്ടിരുന്നു. 1945 ല്‍ തന്റെ 77 മത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെ ഡേ പാവപ്പെട്ടവര്‍ക്കുവേണ്ടി നിരന്തരം ഓടിക്കൊണ്ടിരുന്നു.
ലളിതമായിരുന്നു ഡേയുടെ ജിവിതമെന്ന് പലരും തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, വളരെ തിരക്കേറിയതും സങ്കീര്‍ണവും സ്ട്രെസ്ഫുള്ളുമായിരുന്നു ദിവസങ്ങള്‍. യാത്രകളും കാത്തലിക് വര്‍ക്കര്‍ കമ്മ്യൂണിറ്റി സന്ദര്‍ശനവും, കോളേജുകളിലും സെമിനാരികളിലും പാരീഷുകളിലും ക്ലാസുകളും ഒക്കെയായി തിരക്കോടു തിരക്കായിരുന്നു. ഡേയുടെ സന്ദേശം വളരെ ലളിതമായിരുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ പരസ്പരം സ്നേഹിക്കുവാനായി വിളിക്കപ്പെട്ടവരാണ് നാം. ആരും സ്വീകരിക്കുവാനും എങ്ങോട്ടും പോകുവാനുമില്ലാത്ത അപരിചിതരില്‍ ക്രിസ്തുവുണ്ട്. പാവപ്പെട്ടവരില്‍ ക്രിസ്തുവിന്റെ മുഖം കാണാന്‍ കഴിയാത്തവര്‍ നിരീശ്വരവാദികളാണെന്നും വെട്ടിത്തുറന്നു പറയുവാന്‍ ഡേ മടിച്ചില്ല.
സമൂഹത്തെ നിശിതമായി വിമര്ശിക്കുവാന് കിട്ടിയ അവസരമൊന്നും ഡോറോത്തി ഡേ വെറുതെ കളഞ്ഞില്ല. പലരുടെയും ജീവിതത്തില്‍ ദേശീയതയാണ് സുവിശേഷത്തെക്കാള്‍ ശക്തമായിട്ടുള്ളതെന്ന് ഡേ ആരോപിച്ചു. പതാകയില്‍ പൊതിഞ്ഞ കൊലപാതകം എന്നായിരുന്നു യുദ്ധത്തെക്കുറിച്ച് ഡേ പറഞ്ഞത്. സാമൂഹിക പ്രശ്നങ്ങളില്‍ റാഡിക്കലും സഭാ കാര്യങ്ങളില്‍ യാഥാസ്ഥിതകയുമായിരുന്നു ഡേ. പുതിയ പുതിയ ഡോക്ടറിനുകളല്ല നമുക്കാവശ്യം നിലവിലുള്ളതനുസരിച്ച് ജീവിക്കുകയാണ് എന്നായിരുന്നു സഭാ കാര്യങ്ങളിലെ ഡേയുടെ നിലപാട്.
സ്വയം സ്വീകരിച്ച ദാരിദ്ര്യവും കരുണയുടെ പ്രവര്‍ത്തികളുമായിരുന്നു അവളുടെ വിശുദ്ധിയുടെ കാതല്‍. ഇന്നും അമേരിക്കയിലും വിവിധരാജ്യങ്ങളിലുമായി ഡേ തുടക്കം കുറിച്ച 185 ലധികം കാത്തലിക് വര്‍ക്കര്‍ കമ്മ്യൂണിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
വിശക്കുന്നവന് ഭക്ഷണം നല്‍കുക, ദാഹിക്കുന്നവന് കുടിക്കാന്‍ കൊടുക്കുക, വസ്ത്രമില്ലാത്തവനെ ഉടുപ്പിക്കുക, വീടില്ലാത്തവരെ സ്വീകരിക്കുക, രോഗികളെ പരിചരിക്കുക, തടവുകാരെ സന്ദര്‍ശിക്കുക, മരിച്ചവരെ സംസ്ക്കരിക്കുക, പാപിയെ ശാസിക്കുക, അറിവില്ലാത്തവനെ പഠിപ്പിക്കുക, സംശയമുള്ളവര്‍ക്ക് സംശയനിവാരണം നടത്തുക, ദുഖിതരെ ആശ്വസിപ്പിക്കുക, തെറ്റുകള്‍ ക്ഷമിക്കുക, ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക ഇങ്ങനെ കാരുണ്യപ്രവര്‍ത്തികളുടെ സമാഹാരമായിരുന്നു ഡേയുടെ ജീവിതം.
ഡോറോത്തി ഡേ വളരെ സ്വതന്ത്രയായി ജീവിച്ച വ്യക്തിയായിയിരുന്നു. അതേസമയം തന്നെ അച്ചടക്കമുള്ളവളും. നഗരത്തിലോ, യാത്രയിലോ എവിടെയായിരുന്നാലും ഒരു ദിവസം പോലും ദിവ്യബലി മുടക്കിയില്ല, എത്ര തിരക്കാണെങ്കിലും എല്ലാ ശനിയാഴ്ചയും വൈകുന്നേരം ഡേ കുമ്പസാരത്തിനണയുമായിരുന്നു. കൂദാശ ജീവിതമായിരുന്നു ഡേയുടെ കാരുണ്യകരങ്ങളുടെ ചാലകശക്തി.
സ്നേഹത്തിന്റെ ലളിതമാര്ഗ്ഗമായിരുന്നു ഡോറോത്തിയുടെ പുണ്യമാര്‍ഗ്ഗം. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിതന്നെയാണ് സ്വര്‍ഗ്ഗം എന്ന സിയന്നയിലെ വി. കാതറിന്റെ ദര്‍ശനമായിരുന്നു ഡേയുടെയും ജീവിത ദര്‍ശനം.
Send your feedback to : onlinekeralacatholic@gmail.com