തീയിലെറിഞ്ഞിട്ടും ചാമ്പലാകാത്ത ആംസ്റ്റര്‍ഡാമിലെ ദിവ്യകാരുണ്യ അത്ഭുതം
ഷേര്‍ളി മാണി - ജനുവരി 2021
ആംസ്റ്റര്‍ഡാം. ഹോളണ്ടിലെ മുക്കുവډാരുടെ കുടിലുകള്‍ നിറഞ്ഞ ഒരു കൊച്ചുനഗരം. ഒരു ദേവാലയവും ഒരു മൊണാസ്റ്ററിയും മാത്രമായിരുന്നു വലുതെന്ന് പറയാന്‍ ആ നഗരത്തിലുണ്ടായിരുന്ന രണ്ടു കെട്ടിടങ്ങള്‍. 1345 മാര്‍ച്ച് 13. അന്നാണ് ആ നഗരത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ദിവ്യകാരുണ്യാത്ഭുതത്തിന് ആംസ്റ്റര്‍ഡാം സാക്ഷിയായത്. അവിടുത്തെ കല്വേര്സ്ട്രീറ്റിലെ ഒരു സാധാരണക്കാരനായ മുക്കുവനായിരുന്ന യെസബ്രാന്റ് ഡോമര്‍. മരണാസന്നനായ അദ്ദേഹം തനിക്ക് അന്ത്യകുദാശനല്കണമെന്ന് ഒരു വൈദികനോട് അഭ്യര്‍ത്ഥിച്ചു. വൈദികന് ദിവ്യകാരുണ്യവുമായി ആ ഭവനത്തിലെത്തി കുമ്പസാരം കേട്ടശേഷം അന്ത്യകൂദാശയും പരിശുദ്ധ കുര്‍ബാനയും നല്കി വൈദികന് പുറത്തിറങ്ങി. വൈദികന് പോയ ഉടനെ ആ മുക്കുവന് വല്ലാതെ ചുമയ്ക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ഒടിയെത്തി. ചുമ അധികമായി ഒടുവില്‍ ആ മുക്കുവന് ഛര്‍ദ്ദിച്ചു. ഛര്‍ദ്ദിയോടൊപ്പം ഒരു മാറ്റവുമില്ലാതെ ഡോമര്‍ സ്വീകരിച്ച ദിവ്യകാരുണ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പെട്ടന്നുതന്നെ അതെല്ലാം അടിച്ചുവാരി, ദിവ്യകാരുണ്യം ഉള്‍പ്പെടെ ഏരിഞ്ഞുകൊണ്ടിരുന്ന തീകുണ്ഠത്തിലേയ്ക്കിട്ടു....പെട്ടെന്ന് തന്നെ താന്‍ കാണിച്ച അബദ്ധത്തെക്കുറിച്ച് അവള് ബോധവതിയായെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതില്‍ കൈയിട്ട് ദിവ്യകാരുണ്യം തിരിച്ചെടുക്കാനായില്ല. ആ രാത്രി അവള് വേദനയോടെ ഉറങ്ങാന്‍ കിടന്നു. താന്‍ വലിയൊരു പാപമാണ് ചെയ്തതെന്ന കാരണത്താല്‍ അവള്‍ക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
രാവിലെ ഉണര്ന്നപാടെ തീയിട്ട സ്ഥലത്തേയ്ക്ക് അവള് ഒടിയെത്തി തീകുണ്ഠത്തിലെ തീ അണഞ്ഞിരുന്നില്ല. കരിക്കട്ടകള്‍ എരിഞ്ഞ് കത്തുന്നുണ്ടായിരുന്നു. അവള് കരിക്കട്ടകള്‍ തല്ലിക്കെടുത്തി. അവിശ്വസനീയമെന്ന് പറയട്ടെ, അവളുട ആശ്ചര്യത്തിനു തീകൊളുത്തിക്കൊണ്ട് ദിവ്യകാരുണ്യമതാ ഒരു കരിക്കഷ്ണത്തിനു മുകളില്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ ഇരിക്കുന്നു. ദിവ്യകാരണ്യത്തിന് തീ പിടിച്ചില്ലെന്നു മാത്രമല്ല, നിറത്തിനുപോലും ഒരു മാറ്റവും വന്നിട്ടില്ല. ദിവ്യോസ്തി വളരെ ഫ്രഷായി അവിടെ ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ അവള് തീക്കട്ടയില്നിന്ന് ദിവ്യോസ്തി തിരിച്ചെടുത്തു. ലിനന്‍ ക്ലോത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചു.
ഉടന്‍തന്നെ അവള് കഴിഞ്ഞദിവസം ദിവ്യോസ്തികൊണ്ടുവന്ന വൈദികനെ വിവരമറിയിച്ചു. അദ്ദേഹം തിരുവേസ്തി കുസ്തോതിയിലേയ്ക്ക് മാറ്റി. തിരുവേസ്തി പൊതിഞ്ഞുസൂക്ഷിച്ച ലിനന്‍ തുണി കഴുകി വൃത്തിയാക്കി. അതിനുശേഷം ദിവ്യോസ്തി സെന്റ് നിക്കോളാസ് ഇടവക ദേവാലയത്തിലേയ്ക്ക് കൊണ്ടുപോയി. ആ സ്ത്രീക്കും പുരുഷനും നാണക്കേടുണ്ടാക്കണ്ട എന്നു കരുതി വൈദികന് ഇക്കാര്യം ആരോടും പറഞ്ഞില്ല. അദ്ദേഹം ദിവ്യോസ്തി വളരെ ഭദ്രമായി പൊതിഞ്ഞ് ദേവലായത്തിലെ സക്രാരിയില്‍ സൂക്ഷിച്ചു.
പിറ്റേന്ന് രാവിലെ വൈദികന് സക്രാരി തുറന്നുനോക്കിയപ്പോള്‍ ദിവ്യോസ്തി അവിടെ ഉണ്ടായിരുന്നില്ല. ആ സ്ത്രീ വീട്ടില്‍ താന്‍ ആദ്യം തിരുവേസ്തി സുക്ഷിച്ചിരുന്ന അതേ സ്ഥലത്ത് തന്നെ ആ ദിവ്യകാരുണ്യം യാദൃശ്ചികമായി വീണ്ടും കണ്ടെത്തി. ദൈവം തന്റെ കുറ്റങ്ങള്‍ക്ക് തന്നെ ശിക്ഷിക്കുകയാണ് എന്ന് ചിന്തിച്ച ആ സ്ത്രീ വീണ്ടും ഓടി ദേവാലയത്തിലെത്തി വൈദികനെ വിവരമറിയിച്ചു. വീണ്ടും ദിവ്യകാരുണ്യം പഴയതുപോലെ വൈദികന് സക്രാരിയിലെത്തിച്ചു. ~ഒരിക്കല്‍ കൂടി ദിവ്യകാരുണ്യം ദേവാലയത്തില്‍ നിന്നും അപ്രത്യക്ഷമായി ആ സ്ത്രീയുടെ വീട്ടില്‍ കാണപ്പെട്ടു.
ദൈവത്തിന്റെ പ്രത്യേകമായ പ്രവര്‍ത്തനം ദര്‍ശിച്ച വൈദികന് ഈ വിവരം തന്റെ സഹവൈദികരെ അറിയിച്ചു. ഈശോ ഈ അത്ഭുതത്തിലൂടെ തന്റെ ജനതയെ ഉണര്ത്തുവാനാഗ്രഹിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. അത് ദൈവത്തിന്റെ ഇടപെടലാണ് എന്ന് തിരിച്ചറിഞ്ഞ അവര്‍ ദിവ്യകാരുണ്യാത്ഭുതം പൊതുവായി അംഗീകരിക്കണമെന്ന് അഭിപ്രയപ്പെട്ടു.
വൈദികന് തന്റെ സഹവൈദികരോട് ഈ അത്ഭുതത്തെക്കുറിച്ച് സംസാരിച്ചു. അത് കാട്ടുതീ പോലെ പടര്‍ന്നു. വലിയ ആള്‍ക്കൂട്ടം ആ മുക്കുവന്റെ വീട്ടില്‍നിന്ന് തിരുവേസ്തി ദേവാലയത്തിലേയ്ക്ക് കൊണ്ടുവരുവാന്‍ വൈദികനൊപ്പം പ്രദിക്ഷണമായി വന്നു. വീണ്ടും അവര്‍ തിരുവേസ്തി സെന്റ് നിക്കോളാസ് ദേവാലയത്തിലേയ്ക്ക് കൊണ്ടുവന്നു.
അതേസമയം മരണാസന്നനായിരുന്ന ആ മുക്കുവന് രോഗം മാറി സൗഖ്യം പ്രാപിക്കുകയും ചെയ്തു. സംഭവമറിഞ്ഞ അനേകര്‍ മുക്കുവന്റെ വീട് സന്ദര്‍ശിക്കുകയും സാവധാനം അത് ഒരു തീര്ത്ഥാടനകേന്ദ്രമാവുകയും അവിടെ ഒരു ചാപ്പല്‍ സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് ഔദ്യോഗിക അന്വേഷണങ്ങള്‍ നടക്കുകയും സിവില്‍ മജിസ്ട്രേറ്റ് അന്വേഷിച്ച് സംഭവം സത്യമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. യുട്രെക്റ്റ് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇതേക്കുറിച്ച് പഠിക്കുകയും സഭ അത് അംഗീകരിക്കുകയും ചെയ്തു. അതിനുശേഷം ഇടയലേഖനത്തിലൂടെ ബിഷപ് ദിവ്യകാരുണ്യാത്ഭുതം അംഗീകരിച്ചു. ആംസ്റ്റര്‍ഡാമിലെ ആ ദിവ്യകാരുണ്യാത്ഭുതം യുറോപ്പിന് വെളിച്ചം പകര്‍ന്ന ദിവ്യാത്ഭുതമായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com