കൊലപാതകിയായ വിശുദ്ധന്?
ജെയ്സണ്‍ പീറ്റര്‍ - നവംബർ 2019
സഭയിലെ വിശുദ്ധന്മാരിലധികവും അള്‍ത്താരയ്ക്കു ചുറ്റും വിരിഞ്ഞ പുഷ്പങ്ങളായിരുന്നു. പാപവഴികളിലൂടെ നടന്ന്, അമ്മയുടെ കണ്ണുനീര് കൊണ്ട് പാപങ്ങള്‍ കഴുകി, ഒടുവില്‍ ദൈവത്തിലഭയം പ്രാപിക്കുകയും വിശുദ്ധനായി മാറുകയും ചെയ്ത അഗസ്തിനോസ് പുണ്യവാന്റെ ജീവിതം സകലവിശുദ്ധരെയും കുറിച്ചുള്ള നമ്മുടെ ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നു. എന്നാല്‍ അതിനേക്കാളും ഒരു പടികൂടി കടന്ന് മോഷ്ടാവും കൊലപാതകിയും വധശിക്ഷ ഏറ്റുവാങ്ങിയവനുമായ പാരീസിലെ ജാക്വസിന്റെ ജീവിതകഥ നമ്മെ അമ്പരിപ്പിച്ചുകളയും. പലരും ഗണ്മാന്മാരുടെ മദ്ധ്യസ്ഥനായി അദ്ദേഹത്തെ വാഴ്ത്താം എന്ന് പരിഹസിക്കുന്നുവെങ്കിലും അനന്തമായ ദൈവകരുണയുടെ മദ്ധ്യസ്ഥനായ ജാക്വസ് ഫെഷ് മാറിയേക്കും എന്നാണ് പ്രതീക്ഷ.
1957 ഒക്ടോബര്‍ 1 ന് മോഷണശ്രമത്തിനിടയില്‍ പോലീസുകാരനെ വധിച്ചതിന് ഉന്നതകുലജാതനും സമ്പന്നനുമായ ഒരു പിതാവിന്റെ മകനായ ജാക്വസ് ഫെഷ് ജയിലിലടയ്ക്കപ്പെട്ടു. ജയിലില്‍ കഴിയുമ്പോള്‍ മാനസാന്തരപ്പെട്ടെങ്കിലും കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഗില്ലറ്റിനില്‍ കഴുത്തറുത്ത് കൊല്ലുക. മരിക്കുന്നതിനുമുമ്പ് അദ്ദേഹം എഴുതിയത് വെറും അഞ്ച് മണിക്കൂര്‍ കഴിഞ്ഞാല്‍ എനിക്ക് ഈശോയെ കാണാമല്ലോ എന്നായിരുന്നു. കാരണം ജയിലറയില്‍വെച്ച് കൊലപാതകിയായ ഫെഷിന്റെ ആത്മാവിനെ നല്ല ഇടയനായ ഈശോ കണ്ടെത്തി കൈയടക്കിക്കഴിഞ്ഞിരുന്നു.
മറ്റ് വിശുദ്ധരെപ്പോലെ ചെറുപ്പം മുതലെ ഭക്തിയിലും വിശുദ്ധിയിലും വളര്‍ന്നുവരുവാന്‍ ഫെഷിന് കഴിഞ്ഞില്ല. മാതാപിതാക്കള്‍ അവനെ വല്ലാതെ അവഗണിച്ചുകളഞ്ഞു. അതോടെ അവന് ധൂര്ത്തപൂത്രനായി മാറി. വിഷയലമ്പടനും ദുര്‍വൃത്തനുമായിരുന്നു അവന്. അസ്വസ്ഥകള്‍ നിറഞ്ഞതായിരുന്നു അവന്റെ ജീവിതം. വെറുമൊരു തെമ്മാടിയായി ഒരു സ്ത്രീയില്‍ നിന്ന് മറ്റൊരു സ്ത്രിയിലേക്കും ഒരു ജോലിയില്‍ നിന്ന് മറ്റൊന്നിലേക്കും അവന് അലഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കേണ്ടിയുംവന്നു. അസ്വസ്ഥ ദാമ്പത്യത്തില്‍ ഒരു കുഞ്ഞും പിറന്നു.
കെട്ടഴിച്ചുവിട്ട അവന്റെ ജീവിതം പാപത്തിന്റെ വഴിയേ കുതിച്ചുപാഞ്ഞു. ഒടുവില്‍ ഒരു മോഷണ ശ്രമത്തിനിടെ ഒരു പോലീസുകാരന്റെ ജീവന് അവന് കവര്‍ന്നു. അറിഞ്ഞോ, അറിയാതെയോ. ഒടുവില്‍ പോലീസുകാരന്റെ ജീവനെടുത്തതിന് അവനെ പരീസിലെ കോടതി അവനെ വധശിക്ഷയ്ക്ക് വിധിച്ചു. അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിന് അപ്പീല്‍ നല്‍കിയെങ്കിലും അദ്ദേഹം മാപ്പ് നല്‍കിയില്ല. 1957 ഒക്ടോബര്‍ 1ന്, അനുതാപത്തോടെ ഫെഷ് തന്റെ കഴുത്ത് ഗില്ലറ്റിനിലേക്ക് നീട്ടിക്കൊടുത്തു.
മരണം കാത്ത് ഏകാന്തതടവില്‍ കഴിയുന്ന സമയത്താണ് അവന് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഉപാധികളില്ലാത്ത സ്നേഹം തിരിച്ചറിഞ്ഞത്. അതോടെ തന്റെ ഭാര്യയേയും കുഞ്ഞിനെയും ഫെഷ് അഗാധമായി സ്നേഹിക്കുവാന്‍ തുടങ്ങി. ജയിലിലെ ചാപ്ലൈന്‍ അദ്ദേഹത്തിന് ദൈവത്തിലേക്കുള്ള വഴികാട്ടിയായി. ലോകത്തോടും ദൈവത്തോടുമുള്ള അവന്റെ ദേഷ്യവും വൈരാഗ്യവുമെല്ലാം അഗാധമായ പശ്ചാത്താപത്തിലേക്കും യഥാര്‍ത്ഥമായ വിശ്വാസത്തിലേക്കും തിരിച്ചുവിടാന്‍ അവന്റെ ചാപ്പൈന് സഹായിച്ചു. ഫെഷ് തടവറയില്‍ വെച്ചെഴുതിയ കത്തുകളില്‍ ദൈവത്തിന്റെ നിരുപാധികമായ ക്ഷമയും സൗഖ്യദായകമായ സ്നേഹവും കത്തിനില്ക്കുന്നതുകാണാം.
ആദ്യം ആരും അവനെ സ്നേഹിച്ചിരുന്നില്ലെങ്കിലും ഫെഷിന്റെ ജയിലിലെ ജേണലുകള്‍ വെളിച്ചം കണ്ടതോടെ, ഫെഷിന്റെ ആത്മാവിന്റെ വെളിച്ചം ലോകം തിരിച്ചറിഞ്ഞു. അരനൂറ്റാണ്ടിനുശേഷം വധശിക്ഷയേറ്റുവാങ്ങിയ കൊടുംകുറ്റവാളിയില്‍ നിന്നും ദൈവത്തിന്റെ സ്നേഹം തൊട്ടറിഞ്ഞ വിശുദ്ധനായി അവനെ അള്‍ത്താരയിലേക്ക് പ്രതിഷ്ഠിക്കുവാനുള്ള പരിശ്രമത്തിലാണ് പാരീസിലെ കത്തോലിക്കസഭ. നാമകരണ നടപടികള്‍ക്ക് വേണ്ട സഹായം ചെയ്യുവാന്‍ അദ്ദേഹത്തിന്റെ സ്വന്തം പുത്രനായ ജെരാള്ഡും മുമ്പന്തിയിലുണ്ട്. അദ്ദേഹത്തിന്റെ നാമകരണനടപടികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് സഭ ധൂര്ത്തപുത്രന്മാര്ക്കുകൂടി ഉള്ളതാണെന്ന് വീണ്ടും തെളിയിക്കുന്നു. അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന് എത്രമേല്‍ സന്തോഷമുണ്ടാകുമെന്നും ഫെഷിന്റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ജയിലറയില്‍ വെച്ച് അദ്ദേഹമെഴുതിയ കത്തുകള്‍ അദ്ദേഹത്തിന്റെ വിശുദ്ധിയുടെ ആഴം വിളിച്ചോതുന്നവയാണ്. അമ്മയുടെ സ്നേഹം ദൈവത്തിന്റെ കരുണയിലേക്ക് നയിക്കട്ടെ, അത് നമ്മുടെ ഉള്ളില്‍ ഒരു വിശുദ്ധന് ഉറങ്ങികിടക്കുന്നുവെന്ന് നമുക്ക് വെളിപ്പെടുത്തിത്തരും. നമ്മുടെ ജീവിതം നമ്മുടേതല്ല. ദൈവസ്നേഹമൊഴിച്ച് നമ്മുടെ ഉള്ളിലുളളതിനെയെല്ലാം നാം ഇല്ലായ്മ ചെയ്യണം. അത് ചെയ്യാന്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. മറ്റെല്ലാം നിരര്‍ത്ഥകമായി കരുതണം. നമുക്ക് നല്‍കിയിരിക്കുന്ന ആത്മവിശ്വസത്തിനും കഴിവുകള്‍ക്കും നാം ഉണ്ണിയേശുവിനോട് എപ്പോഴും നന്ദിയുള്ളവരായിരിക്കണം. എന്നെപ്പോലെ, എല്ലാവരെയും പോലെ അമ്മയും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണ്, അതൊരിക്കലും മറക്കരുത്.. ജാക്വസ് ജയിലറയിലെ ഇരുണ്ട രാത്രികളിലൊന്നില്‍ സ്വന്തം അമ്മയ്ക്കെഴുതിയ കത്തിലെ വാചകങ്ങളാണിത്. ദൈവത്തിന്റെ സ്നേഹം അറിയാതെ ഉഴലുകയും ഒടുവില്‍ അത് തിരിച്ചറിഞ്ഞപ്പോള്‍ ദൈവത്തില്‍ പൂര്‍ണമായും പ്രാപിക്കുകയും ചെയ്ത് ധൂര്‍ത്തപുത്രനാണ് ജാക്വസ് ഫെഷ്.
Send your feedback to : onlinekeralacatholic@gmail.com