നാല് അച്ചന്മാരുടെ അച്ഛനായ അച്ചന്
ജോര്‍ജ് .കെ. ജെ - ജുണ് 2019
ഫാ. പോബ്രോ വക്കേരിനിയെന്ന ഇറ്റാലിയന്‍ വൈദികന്റെ ജീവിതം ഒരു ഇംഗ്ലീഷ് സിനിമയുടെ തിരക്കഥയെ വെല്ലുന്നതാണ്. പിതാവ്, വൈദികന്, വൈദികരുടെ പിതാവ്, ശതാഭിക്ഷിക്തന്, എഴുത്തുകാരന്, പാദ്രേപിയോയുടെ ശിഷ്യന്, രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്. ഇങ്ങനെ നീണ്ടുപോകുന്ന ഫാ. പ്രോബോയുടെ ജീവചരിത്രത്തിലെ അദ്ധ്യായങ്ങള്‍. ഏഴ് കുദാശകളും സ്വീകരിക്കുവാന്‍ ഭാഗ്യം കിട്ടിയ ചുരുക്കം വ്യക്തികളിലൊരാളാണ് നൂറാം ജന്മദിനമാഘോഷിച്ച ഫാ. പോബ്രോ. മാത്രമല്ല സ്വന്തം മക്കളുടെ പക്കല്‍ നിന്ന് കുമ്പസാരമെന്ന കുദാശ സ്വീകരിക്കുവാനും സ്വന്തം മക്കള്‍ക്ക് കുമ്പസാരമെന്ന കൂദാശ പകര്‍ന്നു കൊടുക്കാനും കഴിഞ്ഞ അപൂര്‍വ്വതകളേറെയുള്ള വൈദികനുമാണ് ഇറ്റലിയിലെ റിമിനി രൂപതയിലെ നിത്യഹരിതനായകനായ ഫാ. പ്രോബോ എന്ന അച്ചന്മാരുടെ അച്ഛനായ അച്ചന്.
ഇരുപാതാം നൂറ്റാണ്ടിലെയും 21-ാം നൂറ്റാണ്ടിലെയും പ്രമുഖ വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും തൊട്ടറിഞ്ഞ വ്യക്തി മാത്രമല്ല ദൈവത്തിന്റെ കൈയെപ്പുള്ള വൈദികനുമാണ് അദ്ദേഹം.
പാദ്രെ പിയോയുടെ കുമ്പസാരം
1919 ലാണ് ഇറ്റലിയില്‍ പോബ്രോ ഭൂജാതനായത്. അന്നത്തെ പല ചെറുപ്പക്കാരെയും പോലെ അദ്ദേഹത്തിനും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കേണ്ടിവന്നു. റഷ്യയില്‍ യുദ്ധത്തിന് പോയി തിരിച്ചെത്തിയ അദ്ദേഹം സ്വന്തം കരിയറിലേക്ക് തിരിഞ്ഞു. സഹപട്ടാളക്കാരനുമായിരുന്ന സുഹൃത്തിനെ യാദൃശ്ചികമായി കണ്ടുമുട്ടിയതോടെയാണ് ഫാ. പ്രോബ്രോ എന്ന മുന്‍ പട്ടാളക്കാരന്റെ ജീവിതത്തിന്റെ തിരക്കഥ ദൈവം മാറ്റിയെഴുതിയത്.
അദ്ദേഹത്തിന്റെ സുഹൃത്തും സഹപടയാളിയുമായിരുന്നു ഹക്സ്. സൗന്ദര്യവും സമ്പത്തും ധാരാളമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം എപ്പോഴും ദുഖിതനായിരുന്നു. പലപ്പോഴും കാണാറുണ്ടെങ്കിലും അവസാനത്തെ കൂടിക്കാഴ്ചയില്‍ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു. അവനെന്തുപറ്റി എന്നുചോദിച്ചപ്പോള്‍ ഹക്സ് പറഞ്ഞു. ഞാന്‍ പാദ്രേ പിയോയുടെ പക്കല്‍ പോയി ഒന്നു കുമ്പസാരിച്ചു. എന്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. നീയും പോയി ഒന്നു കുമ്പസാരിക്ക് ഹക്സ് ഉപദേശിച്ചു.
സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് പോബ്രോയും പോയി കുമ്പസാരിക്കാന്‍. ഒന്നുപോയതെ ഉള്ളു. പിന്നെ വക്കോരിനിയുടെ സ്ഥിരം കുമ്പസാരക്കാരനായി മാറി പാദ്രെ പിയോ. ഒരു ദിവസം പാദ്രെ പിയോ അദ്ദേഹത്തോട് പറഞ്ഞു. വിവാഹം കഴിക്കണം, വലിയതും വിശുദ്ധവുമായൊരു കുടുംബം കെട്ടിപ്പടുക്കണം. വലുത് എളുപ്പമാണ്. പക്ഷേ, വിശുദ്ധിയുള്ള കുടുംബം അത്ര എളുപ്പമല്ലല്ലോ. അതുകൊണ്ട് പാദ്രെപിയോയുടെ ഉപദേശം ഫലം ചൂടാതെ കുറെയറേക്കാലം പോബ്രോയുടെ മനസ്സില്‍ വെറുതെ കിടന്നു. വീണ്ടും പാദ്രെപിയോയെക്കണ്ടപ്പോള് വക്കോരിനി ഒറ്റയാന് തന്നെയായിരുന്നു. പാദ്രെ പിയോ പറഞ്ഞു. ഇനി വൈകേണ്ട.
വലിയ കുടുംബം വിശുദ്ധ കുടുംബം
സ്ഥിരമായി പള്ളിയില്‍ പോകുന്ന സ്വഭാവം ഉണ്ടായിരുന്നതുകൊണ്ട് സ്ഥിരമായി പള്ളിയില്‍ വന്നിരുന്ന അന്ന മരിയ വനൂച്ചി എന്ന വനിതയുടെ കണ്ണും കരളും വക്കോരിനി എന്ന മുന്പട്ടാളക്കാരന് കവര്‍ന്നു. വിവാഹം കഴിഞ്ഞു. പദ്രെ പിയോ പറഞ്ഞതുപോലെ മക്കള്‍ ഏഴ്. നാല് ആണും മൂന്ന് പെണ്ണും. വലിയ കുടുംബം. അതങ്ങനെ സംഭവിച്ചതൊന്നുമല്ല. ഞാന്‍ തീരുമാനിച്ചതായിരുന്നു അദ്ദേഹം ഇറ്റാലിയന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അനുസ്മരിച്ചു. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 7 മക്കളെയും സമ്മാനിച്ച് അന്ന മരിയ എന്ന അദ്ദേഹത്തിന്റെ ഭാര്യ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി.
സഹധര്‍മ്മിണിയെ ദൈവം കൂട്ടിക്കൊണ്ടുപോയെങ്കിലും അദ്ദേഹം ഒറ്റയ്ക്ക് മക്കളെ വളര്‍ത്തി. പാദ്രെ പിയോയുടെ രണ്ടാമത്തെ വാഗ്ദാനം നിറവേറ്റാനുള്ള പരിശ്രമം ആരംഭിച്ചു. സ്വന്തം കുടുംബം വിശുദ്ധമായിക്കാണുവാന് അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. നാല് ആണ്മക്കളും ദൈവവിളി സ്വീകരിച്ചു. വൈദികരായി. ആദ്യത്തെ മകന് 1979 ല്‍ പട്ടം സ്വീകരിച്ചു. ഏറ്റവും ഇളയ മകന് 20 വര്‍ഷങ്ങള്‍ക്കുശേഷവും. ഒരു മകള്‍ ദൈവത്തിന്റെ മണവാട്ടിയുമായി.
വൈകിവന്ന പൗരോഹിത്യം
ഇക്കാലത്തിനിടയില്‍ വക്കോരിനി പെര്‍മന്റ് ഡീക്കനായി അഭിക്ഷിക്തനായി. ഇറ്റലിയിലെ സാന്‍ മാര്‍ട്ടിനോ ഇടവകയിലെ ഡീക്കനായി സേവനം തുടങ്ങി. ദൈവം ഏല്പിച്ച ജോലികളെല്ലാം അദ്ദേഹം ഭംഗിയായി നിറവേറ്റിക്കൊണ്ടിരുന്നു. എങ്കിലും അവിടെ കുര്ബാനയര്പ്പിക്കുവാനൊരു വൈദികനെ കണ്ടെത്തുക അദ്ദേഹത്തിന് ബുദ്ധിമുട്ടായി തോന്നി. നീ ഒരു വൈദികനാകുമെന്ന് അദ്ദേഹത്തോട് ഒരു ദിവ്യബലി മധ്യേ പാദ്രെ പിയോ തന്നോട് പറയുന്നതായി അദ്ദേഹത്തിന് തോന്നി. 1988 ല്‍ 69 ാമത്ത വയസ്സില്‍ മക്കളെപ്പോലെ അദ്ദേഹവും വൈദികനായി.
വൈദികനായതോടെ പട്ടക്കാരായ മക്കളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് അത് നല്ല അവസരമായി. തന്റെ പിതാവ് അച്ചനും അച്ഛനും സഹോദരനും ആത്മീയപിതാവുമക്കെയാണെന്ന് മൂത്ത മകന് പറയുന്നു. അച്ചന്മാരുടെ പിതാവായ അദ്ദേഹം അവരുടെ പക്കല്‍ പോയി കുമ്പസാരിക്കുക പതിവാണ്.
പക്ഷേ, തങ്ങളുടെ പിതാവിന് ഒരു പ്രശ്നമുണ്ട്. വചനപ്രഘോഷണമദ്ധ്യേ അദ്ദേഹം അറിയാതെ എന്റെ ഭാര്യ പതിവായി പറയാറുണ്ടായിരുന്നുവെന്ന് പറഞ്ഞുപോകും. അസ്ഥാനത്തുള്ള ഈ ഭാര്യപരമാര്ശം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചരിത്രമറിയാത്ത വിശ്വാസികള്‍ ഞെട്ടുമെന്നും മകനായ ഫാ. ഗുസിപ്പെ പറയുന്നു.
വയസ്സാം കാലത്ത് ഫാ. പ്രോബോ വെറുതെയിരിക്കുകയല്ല. ബലിയും കൂദാശകളും നല്കി കഴിഞ്ഞാല്‍ പുസ്തകരചനയാണ്. 15 പുസ്തകങ്ങങ്ങള്‍ സ്വന്തം പേരിലെഴുതിക്കഴിഞ്ഞു. സ്വന്തം ആത്മകഥയായ ഹസ്ബന്‍ഡ്, വിഡോവര്‍, പ്രീസ്റ്റ് എന്ന പേരിലെഴുതിയ അദ്ദേഹത്തിന്റെ ആത്മകഥ സൂപ്പര്‍ഹിറ്റാണ്.
ദൈവം തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ കാത്തിരിക്കുകയാണ് നൂറുകഴിഞ്ഞ ഈ പള്ളീലച്ചന്. എനിക്ക് ഭാര്യയുണ്ടായിരുന്നു... മക്കളുണ്ടായിരുന്നു... ആത്മീയ മക്കളുണ്ട്... എല്ലാമായി... ഇനി ഞാന്‍ ദൈവത്തിന്റെ വിളിക്കായി കാത്തിരിക്കുന്നു, ശതാഭിക്ഷിക്തനായ അച്ചന്മാരുടെ അച്ചന് പറയുന്നു. ദൈവത്തിന്റെ വിളിക്കായി കാത്തിരിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com