നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലുകളുണ്ടോ എന്ന് തിരിച്ചറിയാനുള്ള 5 അടയാളങ്ങള്‍
സി. അര്‍പ്പണ - മാര്‍ച്ച് 2025
നാം തിരിച്ചറിയുന്നില്ലെങ്കില്‍ പോലും, നാം അവിടുത്തോട് ഒന്നും ആവശ്യപ്പെടുന്നില്ലെങ്കില്‍ പോലും, ദൈവം നമ്മുടെ ഉള്ളില്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.. നാം വിചാരിക്കാത്തപ്പോള്‍ പോലും നാം പ്രതീക്ഷിക്കാത്തപ്പോള്‍ പോലും ദൈവം നിശബ്ദമായി, വലിയ ബഹളങ്ങളൊന്നുമില്ലാതെ നമ്മെ നയിച്ചുകൊണ്ടിരിക്കും. ദൈവം എന്റെ കൂടെയുണ്ടോ എന്ന് പലപ്പോഴും നാം ചിന്തിക്കാറുണ്ട്. ദൈവം നമ്മുടെ ജീവിതത്തില്‍ വലിയ അടയാളങ്ങള്‍ പ്രവര്ത്തിക്കണമെന്നായിരിക്കും നാം ആഗ്രഹിക്കുക. എന്നാല്‍ ദൈവം നമ്മുടെ ഉള്ളില്‍ നിശബ്ദമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഒറ്റനോട്ടത്തില്‍ നമുക്ക് അത് തിരിച്ചറിയാന്‍ പോലും കഴിയില്ല. നാം എങ്ങനെയാണ് നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ തിരിച്ചറിയുക. നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലുകളെയും പരിപാലനയെയും തിരിച്ചറിയാനുള്ള 5 അടയാളങ്ങള്‍ ഇതാ.
1. വിശദീകരിക്കാനാവാത്ത പ്രചോദനങ്ങള്‍ ലഭിക്കുന്നു
പെട്ടെന്ന് ഒന്ന് പ്രാര്ത്ഥിച്ചുകളയാം എന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ, പലപ്പോഴും അത് നിങ്ങള്‍ ദീര്‍ഘനാളായി ഓഴിവാക്കിക്കൊണ്ടിരുന്ന ഒരു വിചാരമായിരിക്കാം. ഇത്തരത്തിലുള്ള ചില ഹൃദയവിചാരങ്ങള്‍ പലപ്പോഴും ദൈവം നമ്മെ നയിക്കുന്നുവെന്നതിന്റെ തെളിവാണ്. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ പലപ്പോഴും വളരെ ദുര്‍ഗ്രഹമായിരിക്കും, എങ്കിലും അത് നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നന്മയയി ഭവിക്കുന്നതായിരിക്കും. നന്മയിലേക്ക് നയിക്കുന്ന ഇത്തരം വിവരണാതീതമായ പ്രചോദനങ്ങള്‍ തീര്‍ച്ചയായും ദൈവനം നിങ്ങളെ നയിക്കുന്നുവെന്നതിന്റെ തെളിവാണ്. അതുകൊണ്ട് ആത്മാവിന്റെ മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ക്കുക വിശ്വാസത്തോടെ അതിന് പ്രത്യുത്തരം നല്‍കുക.
2. പലപ്പോഴും പ്രതീക്ഷിച്ചതുപോലെയല്ലെങ്കിലും പ്രാര്‍ത്ഥനകള്‍ക്ക് ഫലം ലഭിക്കുന്നു
നമ്മുടെ ആഗ്രഹങ്ങള്‍ പൂര്ത്തീകരിക്കുമെന്നതിന്റെ ഗാരന്റി അല്ല പ്രാര്‍ത്ഥന. നമ്മുടെ ജീവിതത്തിന് ഏറ്റവും ഉചിതമായതായിരിക്കും ദൈവം എപ്പോഴും നല്‍കുക, പലപ്പോഴും നമുക്ക് അത് മനസ്സിലായില്ലെങ്കില്‍ പോലും. നാം ആശിച്ചുപ്രാര്ത്ഥിച്ച ആ ജോലി കിട്ടിയില്ലെന്നുവരാം, പക്ഷേ, അതിനേക്കാള്‍ നല്ല അവസരം വേറെ വന്നെന്നിരിക്കും. നിങ്ങളുടെ ആഗ്രഹം സാധിച്ചില്ലെങ്കിലും, പകരം നിങ്ങള്‍ കൂടുതല്‍ മനസാധാനം കണ്ടെത്തിയെന്നുവരാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ദൈവം പരിപാലിക്കുന്നുവെന്നതിന്റെ തെളിവാണ്.
3. നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവരെ കണ്ടുമുട്ടുന്നു
ദൈവം മറ്റുള്ളവരിലൂടെയായിരിക്കും പ്രവര്‍ത്തിക്കുക. അത് നിങ്ങളുടെ മുമ്പില്‍ യാദൃശ്ചികമായി പ്രത്യക്കപ്പെട്ട ഒരു സുഹൃത്തായിരിക്കാം, നിങ്ങള്‍ക്ക് ഉന്മേഷം നല്കുന്ന ഒരു സംഭാഷണം ആയിരിക്കാം, ആരെങ്കിലും നിങ്ങള്‍ക്കായി പ്രാര്ത്ഥിക്കുന്നതായിരിക്കാം. കാണേണ്ട വ്യക്തിയെ കറക്റ്റ് സമയത്ത് കാണുന്നത് വെറും യാദൃശ്ചികമായിരിക്കില്ല, അത് ദൈവം നമ്മുടെ പാതകളില്‍ നമുക്കാവശ്യമുള്ളവരെ അയക്കുന്നുവെന്നതിന്റെ അടയാളമാണ്.
4. ബുദ്ധിമുട്ടുള്ളപ്പോഴും ഉള്ളില്‍ സമാധാനം അനുഭവിക്കുന്നു
പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൊന്നാണ് സമാധാനം. സാഹചര്യം പ്രതീക്ഷയില്ലാത്തതും കുഴഞ്ഞുമറിഞ്ഞതുമായി തോന്നിയേക്കാം, എങ്കിലും നിങ്ങളുടെ ഉള്ളില്‍ സമാധാനം അനുഭവപ്പെടുന്നുവെങ്കില്‍ അത് ദൈവം തരുന്നതാണ്. ഈ സമാധാനം ദൈവം നമ്മോടൊപ്പം ഉണ്ട് എന്നതിന്റെ അടയാളമാണ്.
5. കഷ്ടപ്പാടില്‍നിന്നും നന്മ ഉരിത്തിരിയുന്നു
സഹനം നമ്മെ സഹാനുഭൂതിയുള്ളവരാക്കിയിട്ടുണ്ടാക്കാം, തോല്‍വി വീണ്ടും പ്രവര്‍ത്തിക്കാന്‍ പ്രചോദനമായിട്ടുണ്ടാകാം, ബുദ്ധിമുട്ടേറിയ ഒരു സഹനം നമ്മെ ദൈവത്തോട് അടുപ്പിച്ചിട്ടുണ്ടാകാം. ഇതും ദൈവം നമ്മെ പരിപാലിക്കുന്നുവെന്നതിന്റെ അടയാളമാണ്.
Send your feedback to : onlinekeralacatholic@gmail.com