പരിശുദ്ധാത്മാവിനെക്കുറിച്ച് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
ജോര്‍ജ് കെ.ജെ - ഏപ്രില്‍ 2021
ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പേടിച്ചുവിറച്ച് സെഹിയോന്‍ ഊട്ടു ശാലയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതോടെ ഭീരുക്കളായിരുന്ന ശിഷ്യന്മാര് ജറുസലേം തെരുവീഥികളിലേക്ക് ചാടിയിറങ്ങി സുവിശേഷം പ്രഘോഷിക്കുവാന്‍ തുടങ്ങി. ഒറ്റ ദിവസം തന്നെ മൂവായിരത്തോളം പേര് അവരോടൊപ്പം ചേര്‍ന്നു (അപ്പ 2:41). ആരാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ:
1. പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്
പരിശുദ്ധാത്മാവ് ഇതോ അതോ അല്ല മറിച്ച് ഒരാള്‍, ഒരു വ്യക്തി ആണ്. പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ ആള്. പിതാവിനെയും പുത്രനെയും പോലെ അത്രമാത്രം അറിയപ്പെടാതെ രഹസ്യമായി നിലകൊള്ളുന്നതായി നമുക്ക് തോന്നാമെങ്കിലും പരിശുദ്ധാത്മാവും ത്രീത്വയൈക ദൈവത്തിലൊരാളാണ്.
2. പരിശുദ്ധാത്മാവ് പൂര്‍ണമായും ദൈവമാണ്
പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയാണ് പരിശുദ്ധാത്മാവ്. പിതാവിനെയും പുത്രനെയും കാള്‍ കുറഞ്ഞയാളാണ് എന്ന് അതൊരിക്കലും അര്‍ത്ഥമാക്കുന്നില്ല. അത്തനേസിയന് വിശ്വാസപ്രമാണം അനുസരിച്ച് മൂന്ന് ആളുകളും പൂര്‍ണ്ണമായും ദൈവവും മഹത്വത്തില്‍ തുല്യരുമാണ്.
3. പരിശുദ്ധാത്മാവ് ആദിമുതല് ഉണ്ടായിരുന്നു, പഴയനിയമത്തിലും കാണാം
പുത്രനായ ദൈവത്തെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും നാം പുതിയ നിയമത്തിലാണ് കൂടുതല്‍ മനസ്സിലാക്കുന്നതെങ്കിലും ആദിമുതല് പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു. ദൈവം നിത്യമായി ആയിരിക്കുന്നത് - മൂന്ന് വ്യക്തികളായിണ്ടാണ് എന്നതാണ് സത്യം. പഴയനിയമത്തില്‍ ദൈവത്തെക്കുറിച്ച് വായിക്കുമ്പോള്‍, ഓര്‍മ്മിക്കുക ദൈവം മൂന്ന് വ്യക്തികളും കൂടിച്ചേര്‍ന്നതാണ്.
4. പരിശുദ്ധാത്മാവിനെ മാമ്മോദീസയിലും സ്ഥൈര്യലേപനത്തിലും നാം സ്വീകരിക്കുന്നു
നമുക്കറിയാന്‍ പോലും കഴിയാത്തവിധം അദൃശ്യമായിട്ടായിരിക്കാം പരിശുദ്ധാത്മാവ് ലോകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു വ്യക്തി പരിശുദ്ധാത്മാവിനെ ആദ്യം സ്വീകരിക്കുക മാമ്മോദീസ സമയത്താണ് (അപ്പ 2-38). സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിനാല്‍ കുടുതല്‍ സ്ഥിരപ്പെടുത്തപ്പെടുകയും ചെയ്യുന്നു.
5. പരിശുദ്ധാത്മാവിന്റെ ആലയമാണ് ഓരോ ക്രൈസ്തവനും
ഓരോ ക്രൈസ്തവന്റെയും ഉള്ളില്‍ പ്രത്യേകമായ വിധത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശരീരം പരിശുദ്ധമാണ് ക്രൈസ്തവര്‍ക്ക് അതുകൊണ്ടുതന്നെ കൂടുതല്‍ ഗൗരവതരമായ ധാര്മ്മികതയുണ്ടായിരിക്കണം. വി. പൗലോസ് ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക:
വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന് ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കുവാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ (1 കോറി 6. 18-20).
Send your feedback to : onlinekeralacatholic@gmail.com