ജാര്‍ഖണ്ഡിലെ ചൂഷണത്തിന്റെ ഖനികള്‍ക്കുമേല്‍ ഉയര്‍ന്ന സത്യം വിളിച്ചുപറയുന്നവന്റെ സ്വരം
ജോര്‍ജ് .കെ. ജെ - ഒക്ടോബര്‍ 2020
സ്റ്റാന്‍ഡ് വിത്ത് സ്റ്റാന്‍ എന്ന വാക്കുകള്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും ഉയര്‍ന്നു കേള്‍ക്കുന്നു. ആരാണ് സ്റ്റാന്‍. ആരാണ് അദ്ദേഹത്തെ പേടിക്കുന്നത്. അതറിയണമെങ്കില്‍ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമി എന്ന ഈശോ സഭാ വൈദികനെക്കുറിച്ച് അറിയണം. സ്റ്റാന്‍ ലൂര്‍ദ് സ്വാമി എന്നാണ് മുഴുവന്‍ പേരെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത് സ്റ്റാന്‍ സ്വാമി എന്നാണ്. 83 കാരനായ ഈ ഈശോ സഭ വൈദികന് ഒരു ഒറ്റയാള്‍ പട്ടാളമാണ്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരമായി ശബ്ദിക്കുന്ന അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഭരണകൂടം ജയിലിലടച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വൈദികന്റെ അറസ്റ്റ് ഇന്ത്യന്‍ ജനതയെ ഇത്രമേല്‍ ഒരിക്കലും അസ്വസ്ഥമാക്കിയട്ടുണ്ടാകില്ല. ഒരു വൈദികന്റെ മോചനത്തിനായി ആരും ഇത്രമേല്‍ മുറവിളി കൂട്ടിയിട്ടുമുണ്ടാകില്ല.
1980 കളില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കുമ്പോള്‍ തന്നെ ദളിതരുടെയും ആദിവാസികളുടെയും മനുഷ്യവകാശങ്ങള്ക്കുവേണ്ടി പോരാടിയ വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍. അതിനുശേഷമാണ് അദ്ദേഹം ജാര്‍ഖണ്ഡിലെത്തുന്നത്. ജാര്‍ഖണ്ഡ് ജെസ്യൂട്ട് പ്രോവിന്സിലെ അംഗമായിരുന്ന അദ്ദേഹം ദളിതരുടെയും ആദിവാസികളുടെയും ചൂഷണ ഖനിയായ ജാര്‍ഖണ്ഡ് തന്നെയാണ് തന്റെ പുതിയ പ്രവര്‍ത്തനമണ്ഡലമെന്ന് തിരിച്ചറിഞ്ഞു.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഇടയിലിറങ്ങി പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ലെവല്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ ഫാ. സ്റ്റാന്‍ പെട്ടെന്നു തന്നെ ജാര്‍ഖണ്ഡിലെ ആദിവാസികളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും മിശിഹയായി മാറി. കാരണം അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അത്രമേല്‍ ദുര്‍ബലരായിരുന്നു അവര്‍.
ഭരണകൂടം തന്നെ അവിടുത്തെ ജനങ്ങളെ ഖനികമ്പനികള്ക്കു തീറെഴുതികൊടുക്കുമ്പോള്, ആദിവാസികളുടെ ഭൂമിയും വനവും തട്ടിയെടുക്കാന്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വന്‍കിട കമ്പനികള്‍ സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ ഖനനം തുടങ്ങിയപ്പോള്‍ കൃശാഗാത്രനായ സ്റ്റാന്‍ സ്വാമി അവര്‍ക്കുവേണ്ടി ശബ്ദിച്ചുതുടങ്ങി.
ലോകത്തിലെ തന്നെ ഏറ്റവും ധാതുസമ്പുഷ്ടമായ പ്രദേശമാണ് ജാര്‍ഖണ്ഡ്. ഇന്ത്യയിലെ ധാതുനിക്ഷേപത്തിന്റെ 40 ശതമാനവും ഇവിടെയാണത്രെ. എന്നിട്ടും ഇവിടുത്തെ ജനങ്ങള്‍ അധികവും ദാരിദ്ര്യത്തിലാണു താനും. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയും ആദിവാസികളെ അവരുടെ സ്വന്തം ഭൂമി കൂടി പിടിച്ചുപറിച്ച് പിച്ചക്കാരാക്കി മാറ്റുകയും ചെയ്യുന്ന ഭരണകൂട ഭീകരത അദ്ദേഹത്തിന് നോക്കിനില്ക്കാനായില്ല. അദ്ദേഹം സത്യം വിളിച്ചുപറയുവനായി മാറി.
ആദിവാസി യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി അവരുടെ ഭുമി തട്ടിയെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി അദ്ദേഹത്തിന്റെ സ്വരം. നക്സല്‍ ബന്ധം ആരോപിച്ച് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ തളച്ചിട്ട ആദിവാസി യുവാക്കളിലധികവും 500 രൂപ പോലും എടുക്കാന്‍ കഴിവില്ലാത്തവരാണെന്നും അവര്‍ക്കെങ്ങനെ വക്കീലിനെ വെച്ച് കേസ് വാദിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. പോരാത്തതിന് 2014 ല്‍ അതെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കി പബ്ലീഷ് ചെയ്യുകയും ചെയ്തു. ആ റിപ്പോര്‍ട്ട് അനുസരിച്ച് 3000 ത്തോളം ആദിവാസി യുവാക്കളില്‍ 98 ശതമാനം പേര്‍ക്കും നക്സല്‍ പ്രസ്ഥാനങ്ങളുമായി പുലബന്ധം പോലുമില്ലായിരുന്നുവെന്നും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹം തന്നെ നിസ്വാര്‍ത്ഥമായ സംഭാവാനകള്‍ നല്കിക്കൊണ്ടും ജാമ്യം നിന്നുകൊണ്ടും് വക്കീല്‍മാരെ സമീപിച്ചുമാണ് അവരെ പുറത്തിറക്കിയത്. ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി ത'ിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്കാന് അനുവദിക്കില്ലെന്ന് ഫാ. സ്റ്റാന്‍ നിലപാടെടുത്തതോടെ അദ്ദേഹം ഭരണകൂടത്തിന്റെ കണ്ണിലെ കരടായി.
കത്തോലിക്ക സഭ പാവങ്ങള്‍ക്കൊപ്പമാണ് എന്നും എപ്പോഴും. അവരുടെ സമുദ്ധാരണത്തിനുവേണ്ടി സഭ തന്റെ സര്‍വ്വ സമ്പത്തും സഭയും മാറ്റിവെക്കുന്നു. എങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ട് പാവങ്ങള്‍ എന്തുകൊണ്ട് പാവങ്ങളായിത്തുടരുന്നു എന്ന ചോദ്യം ചോദിച്ച പ്രവാചകനാണ് ഫാ. സ്റ്റാന്‍. ചോദ്യം മാത്രമല്ല അതിനുളള ഉത്തരം തേടുകയും ചെയ്തു അദ്ദേഹം. അതുവരെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശബ്ദിക്കുവാന്‍ ആരും തുനിഞ്ഞിരുന്നില്ല. എന്നാല്‍ ഫാ. സ്റ്റാന്‍ തന്റെ പ്രവാചക ദൗത്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
അഞ്ചുപതിറ്റാണ്ടോളമായി ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ജീവിക്കുകയായിരുന്നു. ആദിവാസികളുടെയും മറ്റ് അധകൃതവര്ഗ്ഗത്തിന്റെയും ആവകാശങ്ങള്ക്കുവേണ്ടി പോരാടി, ആദിവാസി സമൂഹങ്ങളെ കുടിയിറക്കുന്നതിനെതിരെ ശബ്ദിച്ചു. കോര്‍പറേറ്റു കമ്പനികള്‍ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുതിനെതിരെ നിലകൊണ്ടു, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിചാരണപോലുമില്ലാതെ ജയിലിലടക്കപ്പെട്ട ആയിരക്കണക്കിന് ആദിവാസിയുവാക്കള്‍ക്ക് മോചകനായി, ജാര്‍ഖണ്ഡിലെ മുന്‍ ബിജെപി ഗവമെന്റ് കൊണ്ടുവന്ന ഭുപരിഷ്ക്കരണ-ഭുമിയേറ്റെടുക്കല്‍ നിയമങ്ങളെ എതിര്‍ത്തു... ഇതൊക്കെയാണ് സ്റ്റാന്‍ സ്വാമിയെ അനഭിമതനാക്കിയത്.
ആദിവാസി മേഖലകളില്‍ ഭരണഘടന അനുസാശിക്കുന്ന ആദിവാസി ഉപദേശക കൗസില്‍ രൂപീകരിക്കാത്തതിനെയും പെസ നടപ്പാക്കാതെ ഈ പ്രദേശങ്ങളെ അവഗണിക്കുതിനെയും അദ്ദേഹം വിമര്‍ശിച്ചു. ആദിവാസികളുടെ ഭുമിയില്‍ നിന്ന് എടുക്കുന്ന ധാതുക്കള്‍കൊണ്ട് പുറത്തുള്ള വ്യവസായികളും ബിസ്നസ്സുകാരും സമ്പന്നരായി. എന്നാല്‍ ആദിവാസികള്‍ പട്ടിണിമരണത്തിനടപ്പെട്ടു. ആദിവാസികളുടെ ഭുമിയിലെ മിനറല്‍സ് ഖനനം ചെയ്യുതിനുള്ള അവകാശം അവര്‍ക്ക് നല്കുന്ന 1977 ലെ സമതാ ജഡ്ജമെന്റിനെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ചോദിക്കാനും അദ്ദേഹം മടികാണിച്ചില്ല.
വയോധികനായ അദ്ദേഹത്തിന് വേണമെങ്കില്‍ സന്യാസ ജീവിതത്തിന്റെ ആവൃതിക്കുള്ളില്‍ ആവലാതികളില്ലാതെ കഴിയാമായിരുന്നു. പക്ഷേ, ക്രിസ്തുവിന്റെ പുരോഹിതനായ അദ്ദേഹത്തിന് പാവപ്പെട്ടവരോടൊപ്പം നടക്കുന്നതായിരുന്നു ഇഷ്ടം. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതായിരുന്നു ഇഷ്ടം. ഭാരതസഭയക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ ഒരു ഓര്‍മ്മപ്പെടുത്തലാണ്. അനീതിയും അടിച്ചമര്ത്തലുമുള്ളിടത്ത് പ്രവാചകനായി മാറാന്‍ വിളിക്കപ്പെട്ടവനാണ് വൈദികന് എന്ന ഓര്‍മ്മപ്പെടുത്തല്‍.
Send your feedback to : onlinekeralacatholic@gmail.com