ദൈവത്തിന്റെ ഊരുതെണ്ടി
ജോര്‍ജ് .കെ. ജെ - മേയ് 2019
ജോണ്‍ ബ്രാഡ്ബേണിന്റെ ജീവിതകഥ മരണത്തില്‍ നിന്നും തുടങ്ങുന്നതാണ് നല്ലത്. 1979 ല്‍ റൊഡേഷ്യ അഭ്യന്തരയുദ്ധം കൊണ്ട് കലുഷിതമായിരുന്നു. ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണകൂടത്തിനെതിരെ റോബര്‍ട്ട് മുഗാംബെയുടെ നേതൃത്വത്തിലുള്ള കറുത്ത വര്‍ഗ്ഗക്കാരുടെ സായുധപോരാട്ടം. സിംബാവേയിലെ മ്യുട്ടാവോ കുഷ്ഠരോഗ കോളനിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇംഗ്ലീഷ്കാരനും രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്റെ പട്ടാളക്കാരനുമായിരുന്ന ജോണ്‍ ബ്രാഡ്ബേണിനെ മുഗാംബെയുടെ പോരാളികള്‍ പിടികൂടി. 1969 മുതല്‍ മ്യുട്ടാവോ ലെപര് കോളനിയുടെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. പട്ടാളക്കാര്‍ ജോണിനെ തങ്ങളുടെ കമാന്‍ഡറുടെ പക്കലെത്തിച്ചു. വെള്ളക്കാരനായതുകൊണ്ട് അദ്ദേഹത്തെ കൊല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. ജോണിനെ കൊല്ലുന്നത് നല്ലതല്ലെന്ന് കമാന്‍ഡര്‍ക്ക് മനസ്സിലായി. കാരണം അദ്ദേഹം ആ നാട്ടിലെ പാവപ്പെട്ടവരുടെ ഇടയിലും കുഷ്ഠരോഗികള്‍ക്കും സേവനം ചെയ്തിരുന്നതിനാല്‍ എല്ലാവര്ക്കും ജോണിനെ ഇഷ്ടമായിരുന്നു. പോരാളികള്‍ ജോണിനെ വധിക്കണമെന്ന് നിര്‍ബന്ധിച്ചെങ്കിലും കമാന്‍ഡര്‍ അദ്ദേഹത്തെ കുഷ്ഠരോഗ കോളനിയില്‍ തന്നെ കൊണ്ടുവിടാന്‍ കല്പിച്ചു. സെപ്റ്റംബര്‍ 5 ന് അദ്ദേഹത്തെ പട്ടാളക്കാര്‍ തിരികെകൊണ്ടുപോയി. പോകുന്നവഴിക്ക് കമാന്‍ഡറുടെ കല്പന അവഗണിച്ച് അദ്ദേഹത്തെ വെടിവെച്ചുകൊന്നു. ജോണ്‍ ബ്രാഡ്ബേണ്‍ മരിച്ചതോടെ പെട്ടെന്ന് മനോഹരമായ ഗാനം കേട്ടു. ഗ്രാമവാസികളായിരിക്കുമെന്ന് കരുതി പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ ശരീരം ഉപേക്ഷിച്ച് ഓടിപ്പോയി. ആരും അറിയാതെ അദ്ദേഹത്തിന്റെ ശരീരം മറവുചെയ്യണമെന്ന് പട്ടാളക്കാര്‍ ആഗ്രഹിച്ചതിനാല്‍ വൈകുന്നേരം വീണ്ടുമെത്തി. ആദ്യം നിശബ്ദതയായിരുന്നുവെങ്കിലും, വീണ്ടും അടുത്തെത്തിയപ്പോള്‍ പാട്ട് കേള്‍ക്കാന്‍ തുടങ്ങിയതോടെ അവര്‍ ഭയചകിതരായി ഓടി മറഞ്ഞു. വൈകുന്നേരം ഒരിക്കല്‍ കൂടി മടങ്ങിയെത്തിയ അവര്‍ ബ്രാഡ്ബേണിന്റെ മൃതദേഹത്തിനുചുറ്റും വിവിധനിറത്തിലുള്ള വെളിച്ചം നിറഞ്ഞുനില്‍ക്കുന്നതായും അദ്ദേഹത്തിന്റെ ഭൗതികശരീരം മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നതായും കണ്ടു. പേടിച്ചരണ്ട പോരാളികള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും ഒടുവില്‍ ഗ്രാമവാസികള്‍ വന്ന് ബ്രാഡ്ബേണിന്റെ മൃതദേഹം കൊണ്ടുപോകുകയും ചെയ്തു.
ആരായിരുന്നു ഈ മനുഷ്യന്
മരണശേഷം ഇതുപോലെ അവിശ്വസനീയമായ കാര്യങ്ങള്‍ സംഭവിക്കണമെങ്കില്‍ ആരായിരുന്നു ഈ മനുഷ്യന് എന്നറിയണം. കവിയും ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗവും കുഷ്ഠരോഗികളെ പരിചരിക്കുവാനായി ജീവിതം മാറ്റിവെക്കുകയും ചെയ്ത ജോണ്‍ ബ്രാഡ്ബേണിന്റെ നാമകരണനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
1922 ല്‍ ഒരു ആംഗ്ലിക്കന്‍ വൈദികന്റെ മകനായി ഇംഗ്ലണ്ടിലെ കുംബ്രിയയിലായിരുന്നു ബ്രാഡ്ബേണിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് അദ്ദേഹം ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്ന് മലയയിലും ബര്‍മയിലും യുദ്ധത്തില്‍ പങ്കെടുത്തു. പട്ടാളത്തിലായിരിക്കുമ്പോഴാണ് ജോണ്‍ ദൈവവുമായി ആഴമായ ബന്ധം വാര്‍ത്തെടുത്തത്, മാതാവിനോടുള്ള ഭക്തിയിലൂടെ. അവിടെ വെച്ചായിരുന്നു അദ്ദേഹം ഈശോസഭ വൈദികനായ ജോണ്‍ ഡോവിനെ കണ്ടുമുട്ടിയതും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഫാ. ജോണ്‍ ഡോവ്.
പട്ടാളത്തില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയ ജോണ്‍ കത്തോലിക്കസഭയോട് കൂടുതല്‍ അടുത്തു. 1947 ല്‍ കത്തോലിക്കനായി. ഏതാനും മാസം ബാക്ക്ബസ്റ്റ് ആശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം ഊരുചുറ്റാനിറങ്ങി. ഇറ്റലിയിലും ഇംഗ്ലണ്ടിലും മിഡില്‍ ഈസ്റ്റിലും അദ്ദേഹം 16 വര്‍ഷത്തോളം അലഞ്ഞു. ആ സമയംകൊണ്ട് പല സന്യാസസഭകളിലും താമസിച്ചു. അവിടെനിന്നെല്ലാം ദൈവസ്നേഹത്തിന്റെ അഗ്നിയുമായി നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു.
ലോകത്തിലൊന്നിനും അദ്ദേഹത്തിന്റെ നിശബ്ദവും ധ്യാനനിരതവുമായ ജീവിതാഭിലാഷത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. 1962 ല്‍ അദ്ദേഹം തന്റെ സുഹൃത്തും റൊഡേഷ്യയില്‍ മിഷനറിയായിമായിരുന്ന ഫാ. ജോണ്‍ ഡോവിനോട് തനിക്ക് ആഫ്രിക്കയില്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റിയ ഒരു ഗുഹ ഉണ്ടാകുമോ എന്ന് എഴുതി ചോദിച്ചു. ഫാ. ഡോവിന്റെ പുതിയ മിഷന് പ്രദേശത്തേക്ക് വോളന്റിയര്‍മാരെ ആവശ്യമുള്ള സമയമായിരുന്നു അത്. വൈകിയില്ല. ജോണ്‍ ബ്രാഡ്ബേണ്‍ അങ്ങോട്ട് വണ്ടികയറി. അവിടെയെത്തിയ അദ്ദേഹം ഇനി തനിക്ക് കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക, രക്തസാക്ഷിയാകുക, വി.ഫ്രാന്‍സിസ് അസീസിയുടെ സഭാവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് കബറടക്കപ്പെടുക എന്നീ മൂന്ന് ആഗ്രഹങ്ങളാണുള്ളതെന്ന് സുഹൃത്തായ ഫാ. ബാരോള്ഡ് ഹാരി എസ്.ജെ-യോട് പറഞ്ഞു.
ഊരു ചുറ്റലിനൊടുവില്
1969 ല്‍ ജോണ്‍ മ്യൂട്ടേവയിലെ കുഷ്ഠരോഗികളുടെ കോളനി സന്ദര്‍ശിച്ചു. അത് തന്റെ വീടാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് അവര്‍ക്കുവേണ്ടിയായി അദ്ദേഹത്തിന്റെ ജീവിതം. പലപ്പോഴും പട്ടിണിയും തെറ്റിദ്ധാരണയുമായിരുന്നു പ്രതിഫലം. കുഷ്ഠരോഗികളെ കടിച്ചുമുറിക്കാന്‍ വരുന്ന എലികളോടായിരുന്നു അദ്യത്തെ പോരാട്ടം. പിന്നീട് അവരുടെ അപ്പപാത്രത്തില് കൈയിടാന്‍ വന്നവരോടും. എലികള്‍ ക്ഷമിച്ചെങ്കിലും കുഷ്ഠരോഗികളുടെ ഭക്ഷണം വെട്ടിക്കുറയ്ക്കാന്‍ വന്നവര്‍ അദ്ദേഹത്തിന്റെ എതിര്‍പ്പുകാരണം അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കി. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം കോളനിക്കുപുറത്ത് തട്ടിക്കൂട്ടിയ ഒരു കൊച്ചുകിടിലിലായിരുന്നു, യാതൊരു സൗകര്യങ്ങളുമില്ലാതെ.
വി. ഫ്രാന്‍സിസ് അസീസിയെപ്പോലെ അദ്ദേഹം കുഷ്ഠരോഗികള്‍ക്കുവേണ്ടി പാട്ടുകള്‍പാടി. മദര്‍തെരേസയെപ്പോലെ അദ്ദേഹം അവരെ കുളിപ്പിച്ചു. വിരലുകളില്ലാത്തവര്ക്ക് ഭക്ഷണം വാരിക്കൊടുത്തു. മരണനേരത്ത് അവരെ ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. കോളനയിലെ ചാപ്പലിലേക്ക് കുര്‍ബാനയ്ക്ക് അദ്ദേഹം ഉന്തുവണ്ടിയില്‍ കുഷ്ഠരോഗികളെ തള്ളിക്കൊണ്ടുവന്നു. അദ്ദേഹം അവരെ ഗ്രിഗോറിയന്‍ ചാന്റ് പഠിപ്പിച്ചു. ഇന്നും അദ്ദേഹം പഠിപ്പിച്ച ഗാനമാണ് അവര്‍ ദിവ്യബലിയില്‍ ആലപിക്കുന്നത്. ഇടവേളകളില്‍ അദ്ദേഹം ആയിരക്കണക്കിന് കവിതകളെഴുതി.
റൊഡേഷ്യയിലെ രക്തസാക്ഷി
1979 ല്‍ റൊഡേഷ്യയിലെ ആഭ്യന്തരയുദ്ധത്തിന്റെ അലയൊലികള്‍ മ്യുട്ടേവയിലുമെത്തി. നാല് ഈശോസഭാവെദികരെയും മൂന്ന് ഡൊമിനിക്കന്‍ സിസ്റ്റേഴ്സിനെയും ഒരു ഇറ്റാലിയന്‍ ഡോക്ടറെയും അക്രമികള്‍ വെടിവെച്ചുകൊന്നു. സുഹൃത്തുക്കള്‍ ജോണിനോട് രക്ഷപ്പെടുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും തന്റെ കുടുംബമായ കോളനി ഉപേക്ഷിച്ചുപോകാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. വളരെ ചെറിയ ഒരു കുടിലില്‍ അദ്ദേഹത്തെ കണ്ടെത്തിയ അക്രമികള്‍ അവിടെനിന്നും അദ്ദേഹത്തെ പിടികൂടി. ക്യാമ്പിലെത്തിച്ച അദ്ദേഹത്തെ അവിടെയുള്ള ഒരു പെണ്ണിനൊപ്പം ശയിക്കാന്‍ നിര്‍ബന്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ മറുപടി മൗനവും മുട്ടിന്നിന്നുള്ള പ്രാര്‍ത്ഥനയുമായിരുന്നു. ഒടുവില്‍ വധിക്കപ്പെടുകയും ചെയ്തു.
ശവസംസ്ക്കാരസമയത്ത് ഹരാരെ കത്തീഡ്രലിലെത്തിച്ച അദ്ദേഹത്തിന്റെ ശവപ്പെട്ടിയില്‍ നിന്നും മൂന്നു തുള്ളി രക്തം ഇറ്റുവീണു. അവര്‍ പെട്ടിതുറന്നുനോക്കി. ഉള്ളില്‍ രക്തം കാണപ്പെട്ടിട്ടില്ല. പെട്ടിതുറന്നപ്പോഴാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള ഫ്രാന്‍സിസ്കന്‍ വസ്ത്രമല്ല ധരിപ്പിച്ചിട്ടുള്ളതെന്ന് ഫാ. ഡേവിഡ് ഹാരിക്ക് മനസ്സിലായത്. ഉടനെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള സഭാവസ്ത്രം ധരിപ്പിച്ചു. അങ്ങനെ ജോണ്‍ ബ്രാഡ്ബേണിന്റെ മൂന്നാമത്തെ ആഗ്രഹവും ദൈവം നിറവേറ്റി.
നാല്പത് വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം മായാതെ നില്ക്കുന്നു. ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ശവകൂടിരത്തിലേക്കും മ്യുട്ടോവയിലെ കോളനിയിലേക്കും എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം അതിനുള്ള തെളിവാണ്. പിന്നെ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങളും.
Send your feedback to : onlinekeralacatholic@gmail.com