വി. പാദ്രെ പിയോയുടെ അതിശക്തമായ രോഗശാന്തി പ്രാര്‍ത്ഥന ഇതായിരുന്നു
ഷേര്‍ളി പാറ്റാനി - മെയ് 2021
വി. പാദ്രെ പിയോ ക്രൂശിതന്റെ തിരുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ വിശുദ്ധനായിരുന്നു. പഞ്ചക്ഷതധാരിയായ അദ്ദേഹം അറിയപ്പെട്ടിരുന്നത് അതിശക്തമായ മദ്ധ്യസ്ഥപ്രാര്ത്ഥനയുടെയും രോഗശാന്തി പ്രാര്‍ത്ഥനയുടെയും പേരിലായിരുന്നു. ദൈവത്തില്‍ അചഞ്ചലമായ വിശ്വാസമായിരുന്ന വിശുദ്ധന് തന്റെ പക്കല്‍ സഹായം തേടിയെത്തിയവര്ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്തും ജീവിതശേഷവും എണ്ണിതിട്ടപ്പെടുത്താനാവാത്തത്ര അത്ഭുതങ്ങളാണ് അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥതയില്‍ നടന്നിട്ടുള്ളത്. വി. പാദ്രെപിയോ സ്വന്തം കൈപ്പടയിലെഴുതിയ രോഗശാന്തിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഇതായിരുന്നു....
രോഗശാന്തിക്കായുള്ള വി. പാദ്രെ പിയോയുടെ പ്രാര്‍ത്ഥന
ഓ എന്റെ ഈശോയെ, എന്റെ ദുര്‍ബലമായ മനുഷ്യപ്രകൃതം ഈ വിപ്രവാസ ജീവിതത്തിലെ ആകുലതകള്‍ക്കും സഹനങ്ങള്‍ക്കും നേരെ എതിര്പ്പുപ്രകടിപ്പിക്കുമ്പോള് അങ്ങയുടെ ശക്തി എനിക്ക് പകരുകയും എല്ലാ കാര്യങ്ങളും ശാന്തതയോടും സമാധാനത്തോടും കൂടി സ്വീകരിക്കുവാന്‍ എന്നെ പ്രാപ്തനാക്കുകയും ചെയ്യണമേ.
അങ്ങയുടെ രക്ഷാകരവേലയില്‍ പങ്കുചേരുന്നതിന് ഞാന്‍ എന്റെ സര്‍വ്വശക്തിയോടും കൂടി അങ്ങയുടെ യോഗ്യതകളെയും സഹനങ്ങളെയും കുരിശുമരണത്തെയും കണ്ണുനീരിനെയും ആശ്ലേഷിക്കുന്നു.
അങ്ങുടെ യാതനകളുടെയും രക്തത്തുള്ളികളുടെയും മരണത്തിന്റെയും ഏക കാരണമായ പാപത്തില്‍ നിന്ന് ഓടിയകലുവാന് എനിക്ക് ശക്തിനല്കണമേ. നിനക്ക് പ്രീതകരമല്ലാത്തതെല്ലാം എന്നില്‍ നിന്നും എടുത്തുമാറ്റി നിന്റെ പരിശുദ്ധ സ്നേഹത്തിന്റെയും സഹനങ്ങളുടെയും അഗ്നികൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ.
അങ്ങയുടെ ദാരുണമായ പീഡകളില്‍ അങ്ങയെ ഉപേക്ഷിച്ചോടിപ്പോകാതിരിക്കുവാന് ആര്‍ദ്രതയോടെ ശക്തമായി നീ എന്നെ നിന്നോട് ചേര്‍ത്ത് പിടിക്കണമേ. നിന്റെ ഹൃദയത്തില്‍ എനിക്ക് ഒരു അഭയസ്ഥാനം മാത്രം നല്കണമേ എന്ന് നിന്നോട് ഞാന്‍ യാചിക്കുന്നു.
ആമേന്‍
Send your feedback to : onlinekeralacatholic@gmail.com