നിത്യതയിലേക്ക് മടങ്ങും മുമ്പേ ബ്രസീലിലെ ഒരു വല്യമ്മ കുടുംബാംഗങ്ങള്‍ക്കെഴുതിയ ഹൃദയസ്പര്‍ശിയായ കത്ത്
ജെയ്സണ്‍ പീറ്റര്‍ - ഓഗസ്റ്റ് 2021
ഒരച്ഛന് ജയിലില്‍ നിന്ന് മകള്‍ക്കയച്ച കത്ത് ലോകപ്രശസ്തമാണ്. എന്നാല്‍, ബ്രസീലിലെ 96 വയസ്സുള്ള ഒരു വല്യമ്മ തന്റെ മരണത്തിനുമുമ്പ് കുടുംബാംഗങ്ങള്‍ക്ക് അയച്ച ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബ്രസീലിലെ എലൈനോര ഗോണ്‍സാല്‍വസ് കാരി എന്ന മുത്തശ്ശിയാണ് താരം. വല്യമ്മയുടെ യാത്രാമൊഴി അതിലെ ഹൃദ്യതയും ആത്മാര്‍ത്ഥതയും കൊണ്ട് ഏതൊരാളുടെയും ഹൃദയം കവരുന്നതാണ്. മാത്രമല്ല, ലോകത്തിലുള്ളതു മുഴുവന്‍ വാരിപ്പിടിക്കുവാന് മക്കളെ ഉപദേശിക്കുന്ന അമ്മമാരുടെ ഈ കാലത്ത് വിശ്വാസമാണ് എല്ലാറ്റിലുമുപരിയായി വേണ്ടതെന്ന മക്കളെയും പേരക്കിടാങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. വല്യമ്മ പിതാവായ ദൈവത്തിന്റെ പക്കലേക്ക് പറകന്ന ശേഷം ഒരു വൈദികനായ ജോര്‍ഗെ റിക്കാര്‍ഡോ അവരുടെ മക്കളുടെ അനുവാദത്തോടെയാണ് ഫേസ്ബുക്കില്‍ ഈ കത്ത് ഷെയര്‍ ചെയ്തത്. പെട്ടെന്നുതന്നെ കത്ത് സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാവുകയും ചെയ്തു.
ഹൃദയസ്പര്‍ശിയായ കത്തിന്റെ പൂര്‍ണ്ണരൂപം ഇതാ....എന്റെ പ്രിയപ്പെട്ടവരായ പുത്രന്മാരെ, പുത്രിമാരെ, മരുമക്കളെ, പേരക്കിടാങ്ങളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
ഈ ലോകം വിട്ട് ദൈവത്തിന്റെ പക്കലേക്ക് പോകുവാനുള്ള എന്റെ സമയം അടുത്തുവരികയാണെന്ന് എനിക്കു തോന്നുന്നു. ദൈവത്തിന്റെ പദ്ധതിയനുസരിച്ചുകൊണ്ട് നിങ്ങള്‍ ആശ്വസിക്കപ്പെട്ടവരും സാന്ത്വനിക്കപ്പെട്ടവരും ആയിരിക്കണമെന്ന് ഞാന്‍ നിങ്ങളെല്ലാവരോടും അപേക്ഷിക്കുന്നു. കാരണം ദൈവം നല്‍കുകയും തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ.
നിങ്ങളാരും നിരാശരാകരുത്. നിങ്ങളെല്ലാവരും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഈ അമ്മയ്ക്ക് ചെയ്തു തന്നിട്ടുണ്ട്. അതിന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും നന്ദിപറയുന്നു. ഞാന്‍ സന്തോഷത്തോടെ മരണാനന്തരജീവിതത്തിലേക്ക് യാത്രചെയ്യുകയാണ്. ഞാന്‍ എപ്പോഴെങ്കിലും നിങ്ങളെ വേദനിപ്പിക്കുകയോ, ശല്യപ്പെടുത്തുകയോ, അനവസരത്തില്‍ തിരുത്തുകയോ ചെയ്തിട്ടുണ്ടെങ്കിലും, ചില കാര്യങ്ങളില്‍ ഞാന്‍ പരാജയപ്പെട്ടുപോയിട്ടുണ്ടെങ്കിലും നിങ്ങള്‍ എന്നോട് ക്ഷമിക്കണം. നിങ്ങളുടെ തോല്‍വികള്‍ക്ക് ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു.
എന്റെ കുഞ്ഞുങ്ങളെ, സഭയെ ഉപേക്ഷിക്കരുതെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു, നിങ്ങളുടെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കരുത്. വിശ്വാസകാര്യങ്ങളിലെല്ലാം പങ്കെടുക്കുക, പ്രര്‍ത്ഥിക്കുക, നമ്മുടെ കര്‍ത്താവായ ഈശോയോട് കരുണയും സനേഹവും യാചിക്കുക, ധൈര്യവും സമര്‍പ്പണവും ചോദിച്ചുവാങ്ങുക. നിങ്ങള്‍ ഓരോരുത്തരും ഒരു കാര്യം ഓര്‍ക്കണം നിങ്ങളെല്ലാം മാമ്മോദീസ മുക്കപ്പെട്ടവരാണ്, അതിനാലാണ് നിങ്ങള്‍ ക്രിസ്ത്യാനികളായിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ഈശോയുടെ ഹൃദയത്തിനും നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവഹൃദയത്തിനും സമര്പ്പിക്കപ്പെട്ടവരാണെന്നോര്ക്കണം.
എന്റെ മക്കളെ, പരസ്പരം സ്നേഹിക്കുക, പരസ്പരം സന്ദര്‍ശിക്കുക ഓരോരുത്തരുടെയും ആവശ്യങ്ങളില്‍ പരസ്പരം സഹായിക്കുക.
നിങ്ങള്‍ ഒരിക്കലും പരസ്പരം ഉപേക്ഷിക്കരുത്, സ്നേഹമുള്ളവരും സഹായമനസ്ഥിതി ഉള്ളവരും ആയിരിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ മുകളിലിരുന്ന നിരീക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ മാതാവിനും പിതാവിനും വേണ്ടി പ്രാര്‍ത്ഥിക്കുക, ദൈവം ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും നിത്യവിശ്രമം നല്‍കുകയും ചെയ്യുമാറാകട്ടെ.
ഗുഡ്ബൈ, ഓരോരുത്തര്‍ക്കും സ്നേഹചുംബനവും ആലിംഗനവും. ഉടനെ കാണാം. നിരാശരാകരുതെ, നാം വേഗം തന്നെ ഒരുമിച്ചാകും.
ഈശോ സ്ഥാപിച്ച കത്തോലിക്കസഭയില്‍ പിറന്നുവീണതില് ഞാന്‍ ആഹ്ലാദിക്കുന്നു. കത്തോലിക്കയായിരിക്കുന്നതില് ഞാന്‍ സന്തുഷ്ടയാണ്. ഈശോയുടെ സഭയില്‍ മരിക്കുന്നതിനും ഞാന്‍ സന്തുഷ്ടയാണ്. നിങ്ങളുടെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കരുത്. ഒരേയൊരു വിശ്വാസവും ഒരേയൊരു മാമ്മോദീസായുമേയുള്ളു.
റാറ്റില്‍സ്നേക്ക്
ജൂലൈ 2, 2021
എലൈനോര ഗോണ്‍സാല്‍വസ് കാരി
NB: കത്തെഴുതി അധികം കഴിയുന്നതിനുമുമ്പേ, അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണശേഷം ഈ കത്ത് ശ്രദ്ധയില്‍പ്പെട്ട ഒരു വൈദികനാണ് ഹൃദയകാരിയായ ഈ കത്ത് പ്രസിദ്ധപ്പെടുത്തിയത്. ദൈവം നല്കിയ ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ച് കടന്നുപോയ ആ അമ്മയുടെ വാക്കുകള്‍ ആര്‍ക്കാണ് മറക്കാനാകുക.
Send your feedback to : onlinekeralacatholic@gmail.com