കൊളറാഡോ യൂനിവേഴ്സിറ്റിയിലെ ഹിപ്പിയച്ചന്
ജെയ്സണ്‍ പീറ്റര്‍ - ജൂലൈ 2020
കണ്ടാല്‍ കോളജ് കുമാരനാണെന്നെ തോന്നു.. നീട്ടിവളര്‍ത്തിയ മുടി. കൈയില്‍ ടാറ്റൂ. ഭഅച്ചടക്കമില്ലാത്ത താടി. അലസമായ പദചലനങ്ങള്‍. ചിലപ്പോള്‍ ആ ഹിപ്പി മനുഷ്യന് ജീപ്പില്‍ പാഞ്ഞുപോകുന്നതുകാണാം. ചിലപ്പോള്‍ കൊളറാഡോ യുനിവേഴിസിറ്റിയിലെ കുട്ടികളുടെ കൂടെ പട്ടം പറത്തികളിക്കുന്നതു കാണാം. തെരുവീഥികളിലൂടെ അദ്ദേഹം നടക്കുന്നതുകണ്ടാല്‍ നിരീശ്വരവാദം തലക്കുപിടിച്ച് സ്വന്തം അസ്തിത്വം അന്വേഷിച്ചുനടക്കുന്ന ന്യൂജെന്മാരുടെ പ്രതിനിധിയാണെന്നേ തോന്നൂ. പക്ഷേ, അടുത്തു ചെന്ന് നോക്കൂ.. അദ്ദേഹത്തിന്റെ കഴുത്തിലണിഞ്ഞിരിക്കുന്ന റോമന്‍ കോളര്‍ അദ്ദേഹം ഒരു വൈദികനാണ് എന്ന് സംശയം നമ്മളില്‍ ജനിപ്പിക്കും. അദ്ദേഹത്തോട് ഒന്ന് സംസാരിച്ചു നോക്കു.. അദ്ദേഹം നിങ്ങളെ ശ്രവിക്കും. പിന്നെ തന്റെ കൂടെ കൂട്ടിക്കൊണ്ടുപോകും. പക്ഷേ, ദൈവം ഉണ്ടോ, ഇല്ലയോ എന്നുള്ള താത്വിക അവലോകനമല്ല മറിച്ച് ദൈവത്തെയെങ്ങനെ കണ്ടെത്താമെന്നും നമ്മുടെ ജീവിതത്തില്‍ ദൈവത്തിനുളള്ള സ്ഥാനത്തെക്കുറിച്ചുമായിരിക്കും അദ്ദേഹം പറയുക. അദ്ദേഹമാണ് ഫാ. പീറ്റര്‍ മ്യൂസറ്റ്. ബൗള്‍ഡറിലെ വികാരിയും കാമ്പസ് മിനിസ്ട്രിയുടെ അമരക്കാരനുമായ ന്യൂജെന്‍ ഫാദര്‍.
ഈ ഹിപ്പിയച്ചനെക്കുറിച്ച് കൂടുതല്‍ മനസിലാക്കണമെങ്കില്‍ കുടുതല്‍ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ജീവിക്കുന്ന ബൗള്‍ഡര്‍ എന്ന നഗരത്തെക്കുറിച്ച് അറിയണം. കൊളറാഡോയിലെ ബൗള്‍ഡര്‍ അമേരിക്കയിലെ സന്തുഷ്ടമായ പത്ത് നഗരങ്ങളിലൊന്നാണത്രെ. ഏറ്റവും ആരോഗ്യകരമായ നഗരം മാത്രമല്ല സുന്ദരമായ കാലാവസ്ഥയും പ്രകൃതിഭംഗിയും ഒത്തിണങ്ങിയ സ്ഥലം. എന്നാല്‍, ദൈവവിശ്വാസവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുവനാഗ്രഹിക്കുന്നവര്ക്ക് ഈ നഗരം വലിയ വെല്ലുവിളിയാണ്. 2013 ല്‍ നടത്തിയ ഗാലപ് പോളില്‍ കണ്ടെത്തിയത് ഈ നഗരം മതവിശ്വാസം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ മുന്‍നിരയിലാണെന്നാണ്. ഇവിടുത്തെ ജനസംഖ്യില്‍ വെറും 17 ശതമാനം മാത്രമാണ് ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍. ദൈവമില്ലാത്ത പറുദീസ എന്ന് ഈ നഗരത്തെ വേണമെങ്കില്‍ വിളിക്കാം. ഈ നഗരമാണ് ഫാ. പീറ്ററിന്റെ പ്രവര്‍ത്തനമേഖല. ആ നഗരത്തിന്റെ ഒരു പ്രതിനിധിയെപ്പോലെ തന്നെയുള്ള ഒരു അച്ചനെയാണ് അവര്‍ക്ക് കിട്ടിയത്.
ആത്മീയതയും ദൈവഭക്തിയും ശുഷ്ക്കിച്ചുപോയ സ്ഥലമാണ് ബൗള്‍ഡര്‍. ഈ ശൂന്യതയെ അകറ്റുവാന്‍ മന്ത്രവാദവും മയക്കുമരുന്നും അവര്‍ തേടിപ്പോകുന്നു. വളരെ ലിബറല്‍ ആണ് ഇവിടുത്തെ വ്യക്തികള്‍ എന്തിനും ഏതിനും സ്വാതന്ത്യമുള്ളവര്. യുനിവേഴ്സിറ്റി തന്നെ ഒരു അടിച്ചുപൊളിക്കുള്ള പാര്‍ട്ടി ഡെസ്റ്റിനേഷനാണ്. നേരത്തെ അവിടുത്തെ ഒരുത്സവമായിരുന്നു ഫെസ്റ്റിവല്‍ 420. അന്ന് കൊളാറോഡോ യുനിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ മരിജുവാന വലിച്ചു തള്ളും. അത് അവിടുത്തെ ഒരു ആചാരമായിരുന്നു.
ബൗള്‍ഡറില്‍ ജനിച്ചുവളര്‍ന്ന്, ലക്ഷ്യം തെറ്റി പായുന്ന തലതെറിച്ച യൗവ്വനങ്ങളോട് ദൈവത്തെക്കുറിച്ചും സഭയെക്കുറിച്ചും ഓര്‍മ്മിപ്പിക്കാന്‍ വരുന്നവരെ അവര്‍ ഉപമിച്ചിരുന്നത് വഴിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന പഴയ വാഹനമായിട്ടായിരുന്നു.
എന്നാല്‍ ബൗള്‍ഡറിലെ സെന്റ് തോമസ് അക്വീനാസ് ദേവാലയത്തിലെ ഫാ. പീറ്റര്‍ മ്യൂസറ്റ് എന്ന ഹിപ്പിയച്ചന് തന്റെ നഷ്ടപ്പെട്ടുപോയ കുഞ്ഞാടുകളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാനും കണ്ണീരൊഴുക്കുവാനുമല്ല തീരുമാനിച്ചത്. അദ്ദേഹം അവരിലേക്കിറങ്ങിച്ചെല്ലുവാന് തീരുമാനിച്ചു. അവരിലൊരാളായി മാറിക്കൊണ്ടാണ് അദ്ദേഹം അവരെ നേടുന്നത്.
അടിപൊളി വേഷവിധാനങ്ങളും നീട്ടിവളര്‍ത്തിയ തലമുടിയും ടാറ്റുവും ധരിച്ച് അദ്ദേഹം നടക്കുന്നതുകണ്ടാല്‍ ബൗള്‍ഡറിലെ യുനിവേഴ്സിറ്റി വിദ്യാര്ത്ഥിയാണെന്നെ തോന്നു. മുടിമുകളിലേയ്ക്ക് കെട്ടിവെച്ച് ന്യൂജെനെ വെല്ലുന്ന വിധത്തിലാണ് അദ്ദേഹം ചെത്തിനടക്കുക. മാത്രമല്ല, അവിടുത്തെ ഏതൊരു വിദ്യാര്‍ത്ഥിയെയും കാള്‍ വ്യത്യസ്തമായ അഭിരുചികളും ഹോബികളുമാണ് അദ്ദേഹത്തിനുള്ളത്. ജുഡോ അതിലൊന്നുമാത്രമാണ്. അദ്ദേഹത്തിന്റെ ഇടവകയില്‍ പെടുന്നതാണ് കൊളറാഡോ യുനിവേഴ്സിറ്റി. അവിടുത്തെ കുട്ടികള്‍ അദ്ദേഹത്തിന്റെ ക്യാമ്പസ് മിനിസ്ട്രിയുടെ ലക്ഷ്യവുമാണ്. ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യുനിവേഴ്സിറ്റി സ്റ്റുഡന്റസ് എന്ന സംഘടനയോടൈാപ്പം അദ്ദേഹം പ്രവര്‍ത്തിക്കുന്നു. തന്റെ വ്യത്യസ്തമായ ഹോബികളും താല്പര്യങ്ങളും വേറിട്ട സുവിശേഷവത്ക്കരണരീതിയും അദ്ദേഹത്തെ ഒരു പാലമാക്കി മാറ്റുന്നു. നിരീശ്വരത്വത്തില്‍ നിന്ന് ദൈവത്തിലേക്ക് വലിച്ചുകെട്ടിയിരിക്കുന്ന പാലം.
അലഞ്ഞുതിരിഞ്ഞു നടക്കുന്നതുപോലെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ആത്മാക്കളുടെ രക്ഷതന്നയാണ്. മറ്റുള്ളവരെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം അവര്‍ ഈ ലോകത്തിലും പരലോകത്തിലും ക്രിസ്തുവിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരായിരിക്കണം എന്നുള്ളതുമാത്രമാണ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ രൂപവും വേഷവിധാനങ്ങളും ന്യൂജډാരെ അദ്ദേഹത്തിലേക്ക് എളുപ്പത്തില്‍ അടുപ്പിക്കുന്നു. സംവാദത്തിന് ഏളുപ്പത്തില്‍ വാതില്‍ തുറക്കുന്നു.
കുട്ടികളെ നേടുവാനായി അദ്ദേഹം അവരെപ്പോലെ അഭിനയിക്കുകയല്ല, മറിച്ച് അദ്ദേഹം ആയിരിക്കുന്നതുപോലെ ജീവിക്കുയാണ് ചെയ്യുന്നത്. ഞാന്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ എല്ലാവരും വിചാരിച്ചത് ഞാന്‍ ബൗള്‍ഡറിലെ അടിപൊളി യുവാക്കളുടെ ഒരു ഭാഗമാണെന്നായിരുന്നു. ഞാന്‍ എല്ലാം ആസ്വദിക്കുന്നു. എന്റെ സ്വാതന്ത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതശൈലി കണ്ടും പ്രവര്‍ത്തനങ്ങള്‍ കണ്ടും ആരെങ്കിലും കത്തോലിക്കസഭയിലേക്ക് വാതില്‍ തുറന്നുവരുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ സഹായിക്കുകയാണ് എന്റെ ലക്ഷ്യം.. ഞാന്‍ ഒരു കലാകാരനാണ്. ഞാന്‍ വരയ്ക്കും. ശില്പം നിര്‍മ്മിക്കും. ഫോട്ടോ എടുക്കും. അതുപോലെ തന്നെ മറ്റുള്ളവരുടെ ആത്മരക്ഷയില്‍ അതീവതല്പരനുമാണ് അദ്ദേഹം പറയുന്നു.
ഒരിക്കല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ടീമംഗങ്ങളും കൂടി അഞ്ച് നിരീശ്വരവാദികളെ ധ്യാനത്തിന് കൊണ്ടുപോയി. ഏതാനും ദിവസത്തെ സ്വയം കണ്ടെത്തലുകള്‍കൊണ്ട് അവര്‍ സഭയിലേയ്ക്ക് തിരിച്ചുവന്നു.
കൊളറാഡോ യുനിവേഴ്സിറ്റിയില്‍ നിന്നും സ്കള്‍പ്ച്ചര്‍, ഫോട്ടോഗ്രാഫി, ആര്‍ട്ട് എന്നിവയില്‍ ഗ്രാജുവേഷന് നേടിയതിനുശേഷമാണ് അദ്ദേഹം നേരെ സെമിനാരിയിലേയ്ക്ക് പ്രവേശിച്ചത്. അച്ചനായ ശേഷം ആദ്യമായി നിയമിതനായതു ഇവിടുത്തെ ഇടവകയിലായിരുന്നു. 2006 ല്‍ ഇവിടെയെത്തി. 14 വര്‍ഷമായി ഹിപ്പിയച്ചന് കൊളറാഡോ യുനിവേഴിസിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ആത്മീയസാന്നിധ്യമായി നിറഞ്ഞുനില്ക്കുന്നു.
കോളജ് വിദ്യാര്‍ത്ഥികള്‍ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപോകുന്നതാണ് ഇവിടുത്തെ ശൈലി. പക്ഷേ, കോളജ് കാലത്ത് മതം വേണ്ടെന്ന് പറഞ്ഞുനടന്നവര്‍ പഠനത്തിനുശേഷം കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞ് കത്തോലിക്കസഭയിലേക്ക് തിരിച്ചുവരുന്നുണ്ട്. അമേരിക്കയിലെ കത്തോലിക്ക വിശ്വാസികളില്‍ 10 ശതമാനം ആളുകളും കോളജ് പഠനത്തിനുശേഷം കത്തോലിക്കസഭയിലേക്ക് മടങ്ങിവന്നവരാണെത്രെ. അതുതന്നെയാണ് ഫാ. പീറ്ററിന്റെ ആഹ്വാനവും -നിങ്ങള്‍ എന്താണോ അതായിരിക്കുക. ദൈവത്തിലേയ്ക്ക് മടങ്ങിവരിക.
Send your feedback to : onlinekeralacatholic@gmail.com