നാസിപീഡനങ്ങളെ അതിജീവിച്ച സന്തോഷത്തിന്റെ പ്രകാശം പരത്തുന്ന മുത്തശ്ശി
ക്രിസ് ജോര്‍ജ് - സെപ്തംബര്‍ 2021
മഗ്ദ ഹോളന്‍ഡര്‍ ലാഫോണ്‍ എന്ന പേര് സഹനങ്ങളില്‍ ഉരുകിത്തെളിഞ്ഞുവന്ന സ്നേഹത്തിന്റേതാണ്. ഹിറ്റലറുടെ നാസി തടങ്കല്‍ പാളയങ്ങളെ അതിജീവിച്ചുവന്നതുകൊണ്ടാവാം മഗ്ദ എന്ന അമ്മൂമ്മയ്ക്ക് ജീവന്റെയും സന്തോഷത്തിന്റെ വില നന്നായി അറിയാം.
ഹംഗറിയില്‍ നിന്ന് നാടുകടത്തപ്പെട്ട മഗ്ദ നാസി ലേബര്‍ ക്യാമ്പുകളെ അതിജീവിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. അവിടുത്തെ അതികിരാതമായ പീഡനങ്ങളെ അതിജീവിക്കുവാന്‍ അവള്‍ക്ക് വളരെക്കാലം വേണ്ടിവന്നുവെങ്കിലും 93 കാരിയായ മഗ്ദ അതിനെയെല്ലാം കീഴടക്കി ലോകത്തിനുമുമ്പില്‍ സന്തോഷത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു. സ്നേഹമുണ്ടെങ്കില്‍ അസാധ്യമായതെന്തും ചെയ്യാന്‍ കഴിയും എന്നാണ് മഗ്ദ പറയുന്നത്.
ഹംഗറിയിലെ സഹോനിയിലായിരുന്നു 1927 ല്‍ മഗ്ദ ജനിച്ചത്. അവിടെനിന്നും നാടുകടത്തപ്പെട്ട 437403 ഹംഗേറിയന്‍ ജൂതന്മാരില് 16 കാരിയായ മഗ്ദയുമുണ്ടായിരുന്നു. ഓഷേവിറ്റസ് ബിര്ക്കേനോ ക്യാമ്പിലേക്കായിരുന്നു അവരെ കൊണ്ടുപോയത്. അവിടെയെത്തിയപ്പോള്‍ ആരോ അവളുടെ കാതില്‍ മന്ത്രിച്ചു നീ 18 കാരിയാണ്. അതുകൊണ്ടുമാത്രം അവള് ഗ്യാസ് ചേമ്പറിലെ ഭീകരമരണത്തില് നിന്നും രക്ഷപ്പെട്ടു. പക്ഷേ അവളുടെ അമ്മയെയും സഹോദരിയെയും അവള്‍ക്ക് എന്നേന്നേക്കുമായി നഷ്ടപ്പെട്ടു. പിന്നീട് അവളുടെ ജീവിതത്തില്‍ സഹനങ്ങളുടെ പ്രവാഹമായിരുന്നു... വിശപ്പ്, പീഡനം, നിര്‍ബന്ധിത ജോലി, അവഗണന അതെല്ലാം അവളുടെ നാസി ലേബര്‍ ക്യാമ്പിലെ ജീവിതം നരകതുല്യമാക്കിമാറ്റിക്കൊണ്ടിരുന്നു.
താന്‍ മരിക്കുവാന്‍ പോകുകയാണ് എന്ന ചിന്ത അവള് സ്വീകരിച്ചു. അവളുടെ ഊര്‍ജസ്വലതയും ഭാവനയും അവളെ എങ്ങനെയെങ്കിലും ജീവിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
1945 ലെ ശൈത്യകാലത്ത് അവള്‍ക്ക് മൈലുകളോളം ഐസ് മലകളിലൂടെ ലേബര്‍ ക്യാമ്പുകളിലേക്ക് പോകുന്ന മറ്റ് ജൂതരോടൊപ്പം നടക്കേണ്ടിവന്നു. 1945 ഏപ്രില്‍ മാസത്തില്‍ മറ്റ് 4 തടവുകാരോടൊപ്പം മഗ്ദ തടവുകാരുടെ ലൈനില്‍ നിന്നും രക്ഷപ്പെട്ട് ഫോറസ്റ്റിലൊളിച്ചു.
അമേരിക്കന്‍ സൈനികര്‍ അവരെ കണ്ടെത്തി അവിടുത്തെ കര്‍ഷകരെ അവരുടെ സംരക്ഷണം ഏല്പിച്ചു. വളരെ സമയമെടുത്താണ് അവള് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മറ്റുള്ളവരുടെ സ്നേഹവും സാമിപ്യവും അവളെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചു.
പിന്നീട് മഗ്ദ ഹോളന്‍ഡര്‍ പഠിച്ച് ചൈല്‍ഡ് സൈക്കോളജിസ്റ്റായി, ഫ്രഞ്ച് ഭാഷ പഠിച്ചു. ക്രിസ്തുമതം സ്വീകരിച്ചു. കുടുംബജീവിതം തുടങ്ങി.
മഗ്ദ ഇപ്പോള്‍ ഫ്രാന്‍സിലാണ് താമസം. വര്‍ഷങ്ങളായി അവള് യുവാക്കള്‍ക്ക് ക്ലാസെടുക്കുന്നു. അവരെ നല്ലവരാക്കി മാറ്റുവാനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നു.
ഈ വല്യമ്മയുടെ മുന്നിലെത്തിയാല്‍ അസാധാരണായ നോട്ടത്തിലൂടെ ഓരോരുത്തരെയും തങ്ങളുടെ കഴിവുകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും മനസ്സിലാക്കുവാന്‍ സഹായിക്കും. ഈ പകര്‍ച്ചവ്യാധി ലോകത്തെ കീഴടക്കുമ്പോള്‍ ലോകത്തെ സ്നേഹം കൊണ്ടും ഐക്യദാര്‍ഡ്യം കൊണ്ടും കീഴടക്കുക എന്നാണ് മഗ്ദമുത്തശ്ശിയുടെ ഉപദേശം. ഒരു ജീവിതം തിരിച്ചുപിടിക്കാന്‍ ഒരു നോട്ടവും പുഞ്ചിരിയും മതി എന്നാണ് മഗ്ദ മുത്തശ്ശി പറയുന്നത്.
മഗ്ദയുടെ ജീവിതത്തെ മാറ്റിമറിച്ചത് ലേബര്‍ ക്യാമ്പിലെ ഒരു മുതിര്‍ന്ന സ്ത്രീയായിരുന്നു. തനിക്കുകിട്ടിയ ബ്രഡ് കഷണം മഗ്ദയ്ക്കു നേരെ നീട്ടിക്കൊണ്ട് ആ കുലീനയായ സ്ത്രീ പറഞ്ഞു. നീ ചെറുപ്പമാണ്, നീ ജിവിക്കണം. ആ സ്ത്രീയുടെ ത്യാഗം മഗ്ദയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചു.
2012 ല്‍ മഗ്ദ ഫ്രഞ്ച് ഭാഷയില്‍ ഒരു പുസ്തകവുമെഴുതിയിരുന്നു തന്റെ ജീവിതകഥകള്‍ ചേര്‍ത്തുവെച്ചുകൊണ്ട്. അതിലെ പ്രചോദനാത്കമായ ചില വരികള്‍ ഇങ്ങനെയാണ്....
ഞാന്‍ ഇന്ന് ആയിരിക്കുന്ന അവസ്ഥയിലേക്കുള്ള എന്റെ യാത്രയില്‍ എന്റെ വഴികളില്‍ നീ നിയോഗിച്ച എല്ലാ പ്രകാശ ജീവികള്‍ക്കും നന്ദി. എന്റെ യാത്രകളുടെ വിളവെടുപ്പുകള്‍ക്ക് നന്ദി. എനിക്കുള്ള ഓരോ ദിവസത്തെയും ബ്രഡ് കുഴയ്ക്കുവാന്‍ നീ എന്നെ സഹായിക്കുന്നു. ജീവിതത്തിലെ ഓരോ ഒടിവുകള്‍ക്കും ഞാന്‍ നിന്നെ സ്തുതിക്കുന്നു....
Send your feedback to : onlinekeralacatholic@gmail.com