ഭയം നമ്മെ തളര്‍ത്തിക്കളയുമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ നാം എന്തുചെയ്യണം? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ശ്രദ്ധിക്കുക
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2021
ഓരോ വര്‍ഷവും യുവജനദിനത്തോടനുബന്ധിച്ച് മാര്‍പാപ്പ ഓരോ സന്ദേശം നല്‍കാറുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുവരെ ഏഴ് യുവജനദിന സന്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. യുവജനങ്ങളുടെ അനുദിനജീവിതത്തിലെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ ബലം പകരുന്നവയാണ് ഓരോ സന്ദേശവും. യുവജനങ്ങള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ വഴിവിളക്കായിരിക്കും.
2018 ല്‍ അദ്ദേഹം നല്കിയ സന്ദേശം നമ്മുടെ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായിരുന്നു. അന്ന് മാര്‍പാപ്പ പറഞ്ഞത് എങ്ങനെയാണ് നാം ഭയത്തെ നേരിടേണ്ടതെന്നതായിരുന്നു. ഭയവും സംശയവും നമ്മുടെ ഹൃദയത്തില്‍ നിറയുമ്പോള്‍ നമുക്കാവശ്യം വിവേകമാണ്. ഭയത്തെ കീഴടക്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശിച്ച ആദ്യത്തെ സ്റ്റെപ് ഇതായിരുന്നു. ഭയത്തെ വ്യക്തമായി മനസ്സിലാക്കുക. അങ്ങനെയാകുമ്പോള്‍ ശുന്യവും മുഖമില്ലാത്തതുമായ പേടിയെന്ന ഭൂതത്തെയോര്ത്ത് നിങ്ങളുടെ സമയവും ഊര്‍ജവും വെയ്സ്റ്റ് ചെയ്യേണ്ടിവരില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളോരോരുത്തരോടും പറയുന്നു. നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക, നിങ്ങളുടെ ഭയത്തെ തിരിച്ചറിയുക ഇതായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.
ഭയത്തെ എങ്ങനെ തിരിച്ചറിയും
ഭയത്തെ തിരിച്ചറിയാന്‍ സ്വയം ചോദിക്കേണ്ട 3 പ്രധാനപ്പെട്ട ചോദ്യങ്ങളിതാണ്:
1. എന്റെ ജീവിതത്തിന്റെ ഈ നിമിഷത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്തിനെയാണ്.
2. മുന്നോട്ട് പോകുന്നതില്‍ നിന്ന് എന്നെ തടയുന്നത് എന്താണ്.
3. ഞാന്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്നെ അധൈര്യപ്പെടുത്തുന്നതെന്താണ്.
ഭയത്തെ നേരിടാന്‍ ഭയപ്പെടേണ്ടതില്ല
നമുക്ക് ഭയത്തെ സത്യസന്ധമായി തന്നെ നേരിടാം, അവയെ തിരിച്ചറിയുക, അതുമായി പൊരുത്തപ്പെടുക. അതിനുശേഷം മാര്‍പാപ്പ പറയുന്നു.. ബൈബിള്‍ മനുഷ്യന് അനുഭവിക്കുന്ന ഭയത്തെയും അതിന്റെ കാരണങ്ങളെയും ഒരിക്കലും താഴ്ത്തി കാണുന്നില്ല. അബ്രാഹം ഭയപ്പെട്ടിരുന്നു (ഉത്പ 12.10), യാക്കോബ് ഭയപ്പെട്ടിരുന്നു (ഉത്പ 31:31, 32:7), മോശ ഭയപ്പെട്ടിരുന്നു (പുറ. 2:14, 17:4), പത്രോസ് ഭയപ്പെട്ടിരുന്നു (മത്താ. 26:69), അപ്പസ്തോലന്മാര് ഭയപ്പെട്ടിരുന്നു (മര്‍ക്കോ: 4:3840, മത്താ. 26:56). ഈശോ പോലും താരതമ്യം ചെയ്യാന്‍ പറ്റാത്തവിധത്തില്‍ ഭയപ്പെട്ടിരുന്നു (മത്താ. 26:37. ലൂക്ക. 22:44).
ഭയം വിശ്വാസത്തില്‍ വളരുന്നതിന് തടസ്സം
ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നതില്‍ നിന്ന് പലപ്പോഴും നമ്മെ തടയുന്നത് ഈ ഭയമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു. നിങ്ങള്‍ എന്തിന് ഭയപ്പെടുന്നു. നിങ്ങള്‍ക്ക് വിശ്വാസമില്ലേ. (മാര്‍ക്കോ. 4:40). ശിഷ്യന്മാരെ ശകാരിച്ചുകൊണ്ട്, ഈശോ ചോദിച്ച ആ വാക്കുകള്‍ വിശ്വാസത്തിന് എതിരായി നില്‍ക്കുന്നത് സന്ദേഹമല്ല പേടിയാണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു.
ഭയത്തെ എങ്ങനെ കീഴടക്കാം
വിവേകം നമ്മുടെ ഭയത്തെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നു. അതിനുശേഷം അതിനെ കീഴടക്കാനും വെല്ലുവിളികളെ ശാന്തതയോടെ നേരിടുവാനും സഹായിക്കുന്നു.
ക്രൈസ്തവരെ സംബന്ധിച്ച് ഭയം ഒരു അവസാനവാക്കല്ല, മറിച്ച് ജീവിതത്തില്‍ ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുവാനുള്ള അവസരം കൂടിയാണ്. സാഹചര്യവും അന്തരീക്ഷവും ഭയാനകവും ക്ഷേഭകരവുമാണെങ്കിലും ദൈവം നമ്മെ ആത്യന്തികമായി നന്മയിലേക്ക് നയിക്കുമെന്ന വിശ്വാസം നമുക്കുണ്ടായിരിക്കണം.
ശരിയാണ് നാം ഭയത്തെ ഊട്ടിവളര്ത്തിയാല് നാം അന്തര്മുഖന്മാരായി മാറുകയും എല്ലാവരില്‍ നിന്നും എല്ലാത്തിലും നിന്ന് സ്വയം സംരക്ഷിക്കുന്നതിലേക്ക് ഒതുങ്ങുകയും ചെയ്യും. നമുക്ക് പ്രവര്‍ത്തിക്കാനുണ്ട്. ഒരിക്കലും ഉള്ളിലേക്ക് വലിയരുത്.. മാര്‍പാപ്പ പറയുന്നു.
ബൈബിളിലെ ഒളിഞ്ഞിരിക്കുന്ന സന്ദേശം
ഭയപ്പെടേണ്ട എന്ന വാക്ക് ബൈബിളില്‍ 365 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ രീതികളിലാണ് അവ പറഞ്ഞിട്ടുള്ളതെങ്കിലും ഓരോ ദിവസവും ഭയത്തില്‍ നിന്ന് സ്വതന്ത്രരായി ജീവിക്കണമെന്ന് ദൈവത്തിന് നമ്മോട് പറയാനുള്ളതുകൊണ്ടായിരിക്കാം ആ വാക്ക് ബൈബിളില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്നും മാര്‍പാപ്പ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com