ഈശോ തന്നെയാണ് തന്റെ വീല്‍ചെയര്‍ എന്ന് തിരിച്ചറിഞ്ഞ റീത്ത വീല്‍ചെയര്‍ വേണ്ടെന്ന് പിന്നെ വാശിപിടിച്ചതേയില്ല
ഷേര്‍ളി മാണി - മാര്‍ച്ച് 2021
വീല്‍ചെയറില്‍ നിന്നു മോചനമില്ലെന്നറിഞ്ഞ് ദൈവത്തെ വെറുക്കുകയും ഒടുവില്‍ തന്റെ വീല്‍ചെയര്‍ താങ്ങുന്നത് താന്‍ വെറുക്കുന്ന ക്രിസ്തുവാണെന്ന് തിരിച്ചറിയുകയും ചെയ്ത് വീണ്ടും ദൈവത്തിന്റെ മടിയിലേക്ക് തിരിച്ചുവന്ന വനിതയാണ് റീത്ത കൊറൂസി. അവളുടെ അഭിമുഖം അടുത്തകാലത്ത് ക്രിസ്റ്റ്യാനിറ്റി ടുഡേ എന്ന ഇറ്റാലിയന്‍ മാഗസിന് പ്രസിദ്ധീകരിച്ചതോടെയാണ് സഹനത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന അനേകര്‍ക്ക് അവളുടെ ജീവിതവും വാക്കുകളും പ്രചോദനമായി മാറിയത്.
റീത്തയുടെ ജീവിതം കഴിഞ്ഞ 34 വര്‍ഷമായി വീല്‍ ചെയറിലാണ്. മാസം തികയും മുമ്പേയായിരുന്നു അവളുടെ ജനനം. ജന്മനായുള്ള ഹിപ് ഡിസ്ലൊക്കേഷന്‍ അവളുടെ ജീവിതം വീല്ചെയറിലൊതുക്കി. . എണീക്കുവാനോ നില്ക്കുവാനോ അവള്‍ക്ക് കഴിയില്ലായിരുന്നു. ജനനം മുതല്‍ തന്നെ അവളുടെ അമ്മ കട്ടയ്ക്ക് കൂടെ നിന്നു. സാധാരണ ജീവിതം നയിക്കുന്നതിന് അവളെ ഒരുക്കിക്കൊണ്ടിരുന്നു. നിരന്തരമായ ഫിസിയോതെറാപ്പിയും മാറിമാറി നടത്തിയ മൂന്ന് സര്‍ജറികളും ഫലം കണ്ടില്ല.
വീല്‍ചെയറില്‍ നിന്നു മോചനമില്ലെന്ന സത്യം തിരിച്ചറിഞ്ഞ അവള് ദൈവത്തെ വെറുത്തു തുടങ്ങി. ആ സമയത്ത് അവളുടെ മാനസികവികാരങ്ങളെ അവള് ഈ വാക്കുകളില്‍ ഒതുക്കുന്നു..... ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു. അവസാനത്തെ ഓപ്പറേഷന് സമയത്ത് ഞാന്‍ എന്നെ പൂര്‍ണമായും അവന്റെ കൈകളിലേല്പ്പിച്ചു. അവന് എന്നെ മുറിവേല്‍പ്പിക്കുകയില്ല എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ, ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത വീല്‍ചെയറില്‍ തന്നെ എന്റെ ജീവിതം തിരിച്ചെത്തി. അതുകൊണ്ട് എനിക്ക് ദൈവത്തോട് വലിയ ദേഷ്യമായിരുന്നു. ദൈവം വളരെ ക്രൂരനും നീതിയില്ലാത്തവനുമാണെന്ന് ഞാന്‍ ആരോപിച്ചു. ദൈവത്തിന്റെ നന്മയിലും കരുണയിലും എനിക്ക് വിശ്വസം ഇല്ലാതെയായി.
മകള്‍ ദൈവത്തോട് മറുതലിച്ച് തുടങ്ങിയപ്പോഴും അവളുടെ അമ്മ അവളെ നിരാശയ്ക്ക് വിട്ടുകൊടുത്തില്ല. മകളെ ദൈവം നിന്നെ ഉപേക്ഷിച്ചിട്ടില്ല എന്ന് ഉരുവിട്ടുകൊണ്ട് അമ്മ അവളുടെ ദ്വേഷ്യത്തെ ശമിപ്പിക്കാന്‍ വീല്ചെയറിനു പിന്നാലെ നടന്നു. ദൈവത്തിന് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് അമ്മ അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. നിന്നെ ദൈവം വീല്‍ചെയറില്‍ കഴിയാന്‍ അനുവദിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ അവസ്ഥയില്‍ നിനക്ക് ദൈവത്തെ സേവിക്കാന്‍ കഴിയും എന്നതുകൊണ്ട് മാത്രമാണെന്നും അമ്മ അവളോട് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ ആര് കേള്‍ക്കാന്‍.
ലൂര്‍ദ്ദിലേക്കുള്ള യാത്ര
ദൈവുമായി മല്പിടുത്തം നടന്നുകൊണ്ടിരിക്കുന്ന നാളുകളിലൊന്നില്‍ തന്നെയാണ് ഈ അത്ഭുതം സംഭവിച്ചത്. 2001 ല്‍ അവളുടെ തിയോളജി പ്രഫസര്‍ അവളെ ലൂര്‍ദ്ദ് സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചു. നിരസിക്കാന്‍ കഴിയാത്തതിനാല്‍ അവള് അതിന് സമ്മതം മൂളി. താല്പര്യം ലവലേശമില്ലായിരുന്നുവെങ്കിലും ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് ആരോ നിര്‍ബന്ധിക്കുന്നതുപോലെ...
ഒരത്ഭുതം സംഭവിച്ചാല്‍ കൊള്ളാമെന്ന് ഉള്ളിന്റെ ഉള്ളില്‍ അവള് ആഗ്രഹിച്ചുവെങ്കിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് അവളുടെ വിമത മനസ് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിലും ദൈവത്തോട് എതിരിടുന്നതിനുപകരം ലൂര്‍ദ്ദിലെ മാതാവിനോട് എന്താണ് എന്നെ ഈ വീല്‍ചെയറില്‍ തളച്ചിടാന്‍ കാരണമെന്ന് മാതാവിനോട് ചോദിക്കും എന്ന് അവള് തീരുമാനിച്ചു. ലൂര്‍ദ്ദിലെത്തി.
ലൂര്‍ദ്ദ് മാതാവിന്റെ വചസ്സുകള്‍
നഷ്ടപ്പെട്ടുപോയതെങ്കിലും ദീര്‍ഘകാലമായി മാതാവ് അവളെ കാത്തിരിക്കുകയായിരുന്നു. അന്നത്തെ സംഭവം റീത്ത അനുസ്മരിക്കുന്നു...
ഞാന്‍ എന്റെ ഉള്ളില്‍ ഒരു സ്വരം ശ്രവിച്ചു.. (ചെവികള്കൊണ്ടല്ല) മറിച്ച് ഹൃദയത്തില്‍,ഞാന്‍ മാതാവിനെ ശ്രവിച്ചു. മാതാവ് എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്തുകൊണ്ട് എന്നോട് പറയുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. മാതാവ് അവളോട് പറഞ്ഞു... നീ എന്നോട് ഉത്തരങ്ങള്‍ ചോദിച്ചു... ഞാനിതാ നല്കുന്നു.
കര്ത്താവിന് നിന്നെക്കുറിച്ച് ഒരു പ്ലാന്‍ ഉണ്ട്- മാനസാന്തരപ്പെടുക, സാക്ഷ്യം വഹിക്കുക.
തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് റീത്ത മനസില്‍ കരുതി, കാരണം തനിക്ക് ഈശോയെ നഷ്ടപെട്ടിരിക്കുന്നുവെന്ന് അവള്‍ക്ക് തോന്നി, അവന് തന്നെ ഉപേക്ഷിച്ചുവെന്ന് അവള്‍ക്ക് തോന്നി. പക്ഷേ, മാതാവ് പറഞ്ഞു...അത് ശരിയല്ല, താഴേക്ക് നോക്കുക എന്ന് വീണ്ടും വീണ്ടും അവളോട് പറഞ്ഞുകൊണ്ടിരുന്നു.
ഈശോയുടെ കൈകളില്‍ ഞാന്‍
പെട്ടെന്ന'് വീല്‍ചെയറിലേക്ക് കണ്ണുകള്‍ താഴ്ത്തിയ അവള് കണ്ടത് ഈശോയുടെ കൈകളിലാണ് താനിരിക്കുന്നതായിട്ടാണ്. അവളുടെ വീല്‍ചെയറില്‍ അവള് ഈശോയെ തിരിച്ചറിഞ്ഞു....ഞാന്‍ താഴേക്ക് നോക്കി..വീല്‍ചെയര്‍ കണ്ടു. മറ്റൊന്നും അവിടെയില്ലായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈശോയാണ് എന്റെ വീല്‍ചെയര്‍. ഈശോ ഇത്രയും കാലം എന്നെ അവിടുത്തെ മടിയിലിരുത്തി. പക്ഷേ ഞാനതൊരിക്കലും തിരിച്ചറിഞ്ഞില്ല... റീത്ത അനുസ്മരിക്കുന്നു.
മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുമ്പില്‍ നിന്നു കിട്ടിയ വെളിച്ചത്തില്‍ അവള്‍ക്ക് മനസ്സിലായി.. തന്നെ ദൈവം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന സത്യം. അത് അവളുടെ രോഗത്തെക്കുറിച്ചുള്ള എതിര്‍പ്പിന്റെ ചിന്തകളെ അവളില്‍ അടര്‍ത്തിമാറ്റി. അവള് സ്വന്തം അവസ്ഥ സന്തോഷത്തോടെ സ്വീകരിച്ചു. താന്‍ ഈശോയുടെ മടിയിലാണെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അവള്‍ക്ക് സമാധാനവും സന്തോഷവും നല്കി, പിന്നെ തന്റെ ശാരീരികമായ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ക്ക് ഒരിക്കലും തോന്നിയിട്ടേയില്ല.
എത്ര അന്ധകാരമാണെങ്കിലും ദൈവം നമ്മുടെ അരികിലുണ്ട്...
ഉത്തരമില്ലാത്ത സഹനം മൂലം ദൈവത്തില്‍ നിന്നകന്നുപോയവര്ക്ക് സുവിശേഷമേകുന്ന തിരക്കിലാണ് റീത്ത ഇപ്പോള്‍. അവരുടെ മനസ് വായിക്കാന്‍ റീത്തയ്ക്ക് മറ്റാരേക്കാളും നന്നായി അറിയാം. അവരോട് റീത്ത പറയുന്നു..... എത്ര അന്ധകാരം നിറഞ്ഞ നിമിഷങ്ങളിലും ദൈവം നമുക്കരികിലുണ്ട്. ഒരു പക്ഷേ നമുക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും. ഈശോ ഒരിക്കലും നമ്മെ ഇട്ടിട്ടുപോകുകയില്ല. മറിച്ച് നമ്മളാണ് ഈശോയില്‍ നിന്നും ദൂരേയ്ക്ക് പോകുന്നത് കാരണം നാം നമ്മുടെ സഹനങ്ങളാല്‍ കെട്ടപ്പെട്ടുപോകുന്നു. എന്നാല്‍, ഏറ്റവും മോശമായ സമയത്ത് പോലും നാം നമ്മെ അവിടുത്തെ കൈകളില്‍ ഉപേക്ഷിക്കണം, അവിടുന്നില്‍ അന്ധമായി വിശ്വസിക്കണം, അവിടുത്തെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും. നമുക്ക് വേണ്ടത് ദൈവവുമായുള്ള ബന്ധമാണ്. അത് പറയുവാനുള്ള ധൈര്യവും ശക്തിയും നമുക്കുണ്ടാകണം റീത്ത ഓര്‍മ്മിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com