സ്വര്‍ഗ്ഗവും നരകവും അല്ലാതെ ശുദ്ധീകരണ സ്ഥലം എന്നൊന്നുണ്ടോ?
ജോര്‍ജ് കൊമ്മറ്റം - നവംബര്‍ 2021
ഇംഗ്ലീഷ് ഭാഷയിലെ പര്‍ഗറ്ററി എന്ന വാക്കിന്റെ മലയാള പരിഭാഷയാണ് ശുദ്ധീകരണസ്ഥലം. പര്‍ഗറ്ററി എന്ന വാക്കിന്റെ അര്‍ത്ഥം ശുദ്ധീകരിക്കുന്ന സ്ഥലം എന്നാണ്.
സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയ്ക്ക് മറ്റൊരു സ്ഥലം എന്ന നിലയില്‍ ശുദ്ധീകരണസ്ഥലം എന്നത് പലര്‍ക്കും അപരിചിതമായി തോന്നിയോക്കാം. യഥാര്‍ത്ഥത്തില്‍ ശുദ്ധീകരണസ്ഥലം സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്, ആ വാക്കില്‍ തന്നെ അവിടെ എന്ത് സംഭവിക്കുന്നുവെന്നതിന്റെ ധ്വനിയുമുണ്ട്.
പര്ഗെരെ എന്ന ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം വൃത്തിയാക്കുക, വിശുദ്ധീകരീക്കുക എന്നൊക്കെയാണ്. ആ വാക്കില്‍ നിന്നാണ് പര്‍ഗറ്ററി എന്ന വാക്ക് ഉടലെടുത്തത്.
ദൈവത്തിന്റെ അതിരില്ലാത്ത കരുണയുടെ പാരമ്യമാണ് ശുദ്ധീകരണസ്ഥലം. ദൈവകാരുണയുടെ ഭാഗമായി അനുതപിക്കുന്ന പാപികള്‍ക്ക് പറുദീസയില്‍ പ്രവേശിക്കുവാന്‍ സജ്ജമാക്കുന്ന സ്ഥലമായി വേണം ശുദ്ധീകരണസ്ഥലത്തെ കാണാന്‍ അല്ലാതെ അതൊരു ശിക്ഷാവിധിയുടെ സ്ഥലമല്ല.
ഒരു തരത്തില്‍, ഓരോ ക്രൈസ്തവനും മരിക്കുന്നത് അവന്റെ ജോലി പൂര്‍ണമാക്കാതെയാണ്. ശുദ്ധീകരണസ്ഥലം എന്നത് അതിന് ഫിനിഷിംഗ് ടച്ച് നല്കുന്ന സ്ഥലമാണ്... എന്നാണ് വി. ജോണ്‍ ഹെന്റി ന്യൂമാന്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആത്മാവിനെ ശുദ്ധീകരിക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. അതിനെക്കുറിച്ച് കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പറയുന്നത് ഇങ്ങനെയാണ്...
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്കുന്ന അന്തിമ ശുദ്ധീകരണമാണ് പര്‍ഗറ്ററി എന്നതുകൊണ്ട് സഭ ഉദ്ദേശിക്കുന്നത്. അത് നിത്യശിക്ഷയ്ക്ക് വിധിക്കപ്പെട്ടതില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമാണ്. സഭ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വിശ്വാസസത്യം രൂപീകരിച്ചത് ഫ്ളോറന്‍സ് ആന്റ് ട്രെന്റ് കൗണ്സിലുകളിലാണ്. സഭയുടെ പാരമ്പര്യം, വിശുദ്ധഗ്രന്ഥത്തിലെ ചില പരമാര്‍ശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്, ശുദ്ധീകരിക്കുന്ന അഗ്നിയെക്കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് അന്തിമവിധിക്കു മുമ്പ്, ചില ലഘുവായ കുറ്റങ്ങള്‍ക്ക് വിശുദ്ധീകരിക്കുന്ന അഗ്നിയുണ്ടായിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. സത്യം തന്നെയായവന് പറയുന്നു പരിശുദ്ധാത്മാവിനെതിരെ ദുഷണം പറഞ്ഞാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല. ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നത് ചില പാപങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടും, എന്നാല്‍ ചിലത് വരാനിരിക്കുന്ന യുഗത്തിലായിരിക്കും ക്ഷമിക്കപ്പെടുക. (സിസിസി 1031).
ചുരുക്കത്തില്‍ കുഞ്ഞാടിന്റെ വിരുന്നില്‍ പ്രവേശിക്കുവാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവര്ക്കായുള്ള വാഷിംഗ് റൂം എന്നുവേണമെങ്കില്‍ ശുദ്ധീകരണസ്ഥലത്തെ വിശേഷിപ്പിക്കാം.
എല്ലാ ആത്മാക്കള്‍ക്കും ഈ ശുദ്ധീകരണ ആവശ്യമുണ്ടാകില്ല, പക്ഷേ അനേകര്‍ക്ക് വേണ്ടി വന്നേക്കാം. എല്ലാ ആത്മാക്കളും സ്വര്ഗ്ഗത്തിലെത്തിച്ചേരണമെന്ന പിതാവായ ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ ഭാഗമാണ് ശുദ്ധീകരണസ്ഥലം എന്നുവേണം കരുതാന്‍.
സഭ പറയുന്നു... ദൈവത്തിന്റെ സ്നേഹത്തിലും കൃപയിലും മരിക്കുന്നവരാണെങ്കിലും പരിപൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തവര്ക്കും ദൈവം നിത്യരക്ഷ ഉറപ്പാക്കുന്നു. പക്ഷേ, സ്വര്‍ഗ്ഗത്തിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നതിന് അനിവാര്യമായി വിശുദ്ധി നേടുന്നതിന് മരണശേഷം അവര്‍ക്ക് ശുദ്ധീകരണത്തിന് വിധേയരാകേണ്ടിവരും. (സിസിസി 1030)
Send your feedback to : onlinekeralacatholic@gmail.com