ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരു മദ്ധ്യസ്ഥനേയുള്ളു എന്ന് ബൈബിള്‍ പറയുന്നുണ്ടല്ലോ; എന്നിട്ടും നമ്മളെന്തിനാ ജപമാല ചൊല്ലുന്നേ?
ജോര്‍ജ് കെ.ജെ - ഏപ്രില്‍ 2021
സത്യത്തില്‍ ജപമാല ബൈബിള്‍ അധിഷ്ഠിതമായ ഒരു പ്രാര്‍ത്ഥനയാണോ?
ജപമാല പോലെ ഇത്രയും മനോഹരവും സമ്പന്നവുമായ മറ്റൊരു പ്രാര്‍ത്ഥനയുമില്ല. എന്നിട്ടും പലരും ഒളിഞ്ഞും തെളിഞ്ഞും ജപമാലയെ അക്രമിക്കുന്നു. അത് ബൈബിള്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥനയല്ലെന്ന് അവര്‍ ആരോപിക്കുന്നു. ദൈവത്തിനും മനുഷ്യനും ഇടയില്‍ ഒരു മദ്ധ്യസ്ഥനേയുള്ളു, മനുഷ്യനായ യേശുക്രിസ്തു എന്ന വി. തിമോത്തിയോസിന്റെ വാക്കുകള്‍ (1 തിമോ 2:5) അവര്‍ ഉദ്ധരിക്കുന്നു. ഒപ്പം മത്തായി സുവിശേഷകന്റെ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതിയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത് (മത്താ 6:7) എന്ന വാക്കുകളും കോര്‍ത്തിണക്കി ജപമാലയ്ക്കെതിരെ അവര്‍ അണിചേരുന്നു. അവര്‍ ചോദിക്കുന്നു ഈ ജപമാല ചൊല്ലുന്നതെന്തിനാണ്?
സത്യത്തില്‍ ജപമാല മാതാവിനോടുളള പ്രാര്‍ത്ഥനയല്ല. ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ധ്യാനമാണ് ജപമാല. സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന ക്രിസ്തുവിന്റെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ അധിഷ്ഠിതമാക്കിയാണ് ജപമാലയുടെ ഓരോ രഹസ്യവും ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് ഒരിക്കലും ജപമാല ഒരു ബൈബിള്‍ അധിഷ്ഠിത പ്രാര്‍ത്ഥന അല്ലെന്ന് പറയുവാന്‍ കഴിയുകയില്ല. തീര്‍ച്ചയായും അത് ബൈബിള്‍ അധിഷ്ഠിതമാണ്.
ജപമാല വെറും അധരവ്യായാമോ, ആവര്‍ത്തനമോ അല്ല എന്ന് മനസിലാക്കുവാന്‍ ജപമാലയുടെ ഓരോ ഭാഗവും പരിശോധിച്ചുനോക്കിയാല്‍ മതി. നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന, ത്രിത്വസ്തുതി, വിശ്വാസപ്രമാണം, രഹസ്യങ്ങള്‍, പരിശുദ്ധരാജ്ഞി എന്നീ പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജപമാല.
നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ കത്തോലിക്കര്‍ മേരിയോട് പ്രാര്‍ത്ഥിക്കുകയല്ല മറിച്ച് തങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കണമേ എന്ന് യാചിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സുഹൃത്തുക്കളോടോ, സഹോദരങ്ങളോടോ, അമ്മയോടോ വൈദികരോടോ ഒക്കെ നാം പ്രാര്‍ത്ഥന യാചിക്കാറില്ലേ. അതുതന്നെ ഇതും. മേരിയുടെ മദ്ധ്യസ്ഥ്യപ്രാര്ത്ഥന തീര്‍ച്ചയായും കൂടുതല്‍ ശക്തിയുള്ളതായിരിക്കും കാരണം അവള് ദൈവമാതാവും സ്വര്‍ഗ്ഗത്തില്‍ തന്റെ തിരുക്കുമാരനൊപ്പം വസിക്കുകയും ചെയ്യുന്നവളാണ്.
നന്മനിറഞ്ഞ മറിയമേ സ്വസ്തി കര്‍ത്താവ് നിന്നോടുകൂടെ എന്ന അഭിസംബോധന ബൈബിളില്‍ നിന്നും നേരിട്ടെടുത്തിട്ടുള്ളതാണ്. ഗബ്രിയേല്‍ മാലാഖ മേരിയോട് പറഞ്ഞ വാക്കുകളാണത്. (ലൂക്ക 1:28). സ്ത്രീകളില്‍ നീ അനുഗ്രഹീത, നിന്റെ ഉദരഫലം അനുഗ്രഹീതം എന്നീ വാക്കുകള്‍ എലിസബത്തിന്റേതുമാണ് (ലൂക്ക 1: 42). പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാര്‍ത്ഥന പരിശുദ്ധ ത്രീത്വത്തിനുള്ള സ്തുതിപ്പാണ്.
ജപമാലയിലെ സന്തോഷത്തിന്റെയും മഹിമയുടെയും ദുഖത്തിന്റെയും പ്രകാശത്തിന്റെയും രഹസ്യങ്ങളെല്ലാം ഓരോന്നും ഈശോയുടെ ജീവിതത്തിലെ സന്തോഷവും, ദുഖവും സഹനവും ത്യാഗവും അത്ഭുതങ്ങളുമൊക്ക പ്രതിപാദിക്കുന്നതും വിശ്വാസികളെ കൂടുതല്‍ ധ്യാനത്മകതയിലേക്ക് നയിക്കുന്നതിന് ഉചിതവുമാണ്.
സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന കര്‍ത്തൃ പ്രാര്‍ത്ഥനയാകട്ടെ ഈശോ തന്നെ നമ്മെ നേരിട്ട് പഠിപ്പിച്ചതുമാണ്.
ഇതുപോലെ ബൈബിളിലധിഷ്ഠിതവും ദൈവശാസ്ത്രപരവും ആത്മീയവും ആഴമേറിയതുമായ മറ്റൊരു പ്രാര്‍ത്ഥനയും ഉണ്ടെന്ന് തോന്നുന്നില്ല. ദൈവത്തെ നാമുമായി കോര്‍ത്തിണക്കുന്ന കണ്ണിയാണ് ജപമാല.
Send your feedback to : onlinekeralacatholic@gmail.com