മോഡലിംഗ് വേണ്ട, വൈദികനായാല്‍ മതി ഇറ്റലിയിലെ ഏറ്റവും സുന്ദരനായ യുവാവ് സെമിനാരിയില്‍
ക്രിസ് ജോര്‍ജ് - ഡിസംബര്‍ 2023
എഡുരാഡോ സാന്റീനി എന്ന ചെറുപ്പക്കാരനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കാരണം അവന് ഇറ്റലിയിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. മോഡലിംഗില്‍ കത്തിക്കയറുമ്പോഴാണ് ചെക്കന്റെ മനസ്സില്‍ ലഡു പൊട്ടിയത്. തനിക്കിനി മോഡലിംഗ് വേണ്ട. പുരോഹിതനാകണം. ഈ മണ്ടനെന്തുപറ്റിയെന്ന് ആരാധകര്‍ മാത്രമല്ല അവന്റെ വല്യമ്മയും മുഖത്ത് നോക്കി ചോദിച്ചു. പക്ഷേ അവനതൊന്നും വകവെച്ചില്ല. ഇപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്ന് കര്‍ത്താവിന്റെ അഭിക്ഷിക്തനാകാനുള്ള പഠനത്തിലാണ്. ദൈവത്തിന്റെ ഓരോ കളികള്‍ അല്ലാതെന്താ...
എഡുരാഡോ സാന്റീനി എന്ന സുന്ദരനായ ചെറുപ്പക്കാരന് വേണമെങ്കില്‍ മോഡലിംഗിലും അഭിനയത്തിലും കത്തിക്കയറാമായിരുന്നു. നാലു കാശും കിട്ടും നാലാള് അറിയുകയും ചെയ്യും. പക്ഷേ, മോഡലിംഗ് വേണ്ട, ദൈവം മതി എന്ന പയ്യന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു.
ഡാന്‍സറും നീന്തല്‍താരവും ആക്ടറുമാണ് അവന്. 2019 ല്‍ 17-ാമത്തെ വയസില്‍ അവന് ഇറ്റലിയിലെ ദേശീയ മത്സരത്തില്‍ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ പദവി തന്നെ അവന് ഗ്ലാമറിന്റെ മാസ്മരികപ്രഭയിലേക്കും മോഡലിംഗ് രംഗത്തെ അനന്തസാധ്യതകളിലേക്കും വാതില്‍ തുറന്നുകൊടുത്തു. മോഡലിംഗ് രംഗത്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ പദവി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, പയ്യന് വേണ്ട. പിന്നെ എന്തുചെയ്യും.
സോഷ്യല്‍ മീഡിയയില്‍ നവംബറില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എഡുരാഡോ ദൈവം അനുവദിക്കുകയാണെങ്കില്‍ താനൊരു വൈദികനാകുവാനുളള പാതയിലാണെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. കടന്നുപോയ വര്‍ഷങ്ങളില്‍ താന്‍ കത്തോലിക്കസഭയിലാരിക്കുക എന്നാല്‍ എന്തു വലിയ അനുഭവമാണെന്ന് തിരിച്ചറിഞ്ഞെന്നും അതിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയെന്നും പങ്കുവെച്ചു. കത്തോലിക്കസഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ചെറുപ്പം മുതലെ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരും പറഞ്ഞില്ല. ഭയം മൂലം ആരോടും ചോദിച്ചുമില്ല... അവന് വെളിപ്പെടുത്തി.
ജനുവരി 2020 ല്‍ ഞാന്‍ യഥാര്‍ത്ഥ സഭയെ തിരിച്ചറിഞ്ഞു, അതിനുശേഷമാണ് താന്‍ സോഷ്യല്‍ മീഡിയിയല്‍ ദൈവത്തെക്കുറിച്ചും തന്റെ വിളിയെക്കുറിച്ചുമൊക്കെ സംസാരിച്ചുതുടങ്ങിയത്. ദൈവത്തോടൊപ്പം ജീവിക്കുക എന്നാല്‍ നമ്മെ സഭയുടെ മതിലുകള്‍ക്കുള്ളില്‍ പൂട്ടിയിടുക എന്നല്ല മറിച്ച് നമ്മുടെ ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുക എന്നാണ് അവന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
ദൈവവിളി സ്വീകരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ത്തവരില്‍ ഒന്നാം സ്ഥാനത്ത് ഗ്രാന്‍ഡ് മദറായിരുന്നു. വല്യമ്മ എന്നില്‍ നിന്നും മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ആരൊക്കെ എതിര്‍ത്താലും താന്‍ എടുത്ത തീരുമാനത്തില്‍ താന്‍ തനിച്ചല്ലെന്നും ഒരടി പോലും പിന്നോട്ടില്ലെന്നും അവന് പറയുന്നു.
ഇറ്റലിയിലെ ടസ്കനിയില് നിന്നുള്ള എഡ്യുരാഡോ സെമിനാരി ജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ മനസ്സിലാക്കുന്നതിനായി രണ്ട് വൈദികര്‍ക്കൊപ്പം താമസിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്നാണ് അദ്ദേഹം ആ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ താന്‍ സെമിനാരി പ്രവേശനത്തിനുള്ള പ്രിപ്പറേറ്ററി കോഴ്സ് അറ്റന്‍ഡ് ചെയ്യുകയാണെന്നും ഫ്ളോറന്‍സ് രൂപതയിലെ രണ്ട് ഇടവകകളില്‍ സഹായത്തിനായി പോകുന്നുണ്ടെന്നും അവന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ലിസ്ബണില്‍ നടന്ന ലോക യുവജനസമ്മേളനം തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും അവന് പറയുന്നു. യുവജനസമ്മേളനം വെറും കളിയും ചിരിയും ഡാന്‍സും ചാട്ടവും മാത്രമല്ല, പൊട്ടിമുളയ്ക്കുന്ന സൗഹൃദങ്ങള്‍ക്കിടയില്‍ സഭ എത്ര മനോഹരിയാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും എഡ്യുരാഡോ പറയുന്നു. 21 വയസായ താന്‍ ദൈവത്തിന്റെ വിളിക്ക് യെസ് എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അവന് പറയുന്നു. ഏതായാലും സുന്ദരന്‍ പുരോഹിതനായി വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
Send your feedback to : onlinekeralacatholic@gmail.com