വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ അമ്മ അബോര്ഷന് നിരസിച്ചില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?
ജോര്‍ജ് കൊമ്മറ്റം - ഒക്ടോബര്‍ 2021
ലോകം കണ്ട മാര്‍പാപ്പമാരുടെ മാര്‍പാപ്പ എന്ന ലോകം വിശേഷിപ്പിച്ച വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അമ്മയുടെ ഉദരത്തിലായിരിക്കുന്ന നാളുകള്‍. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ അമ്മ എമിലിയ വോയ്റ്റീവയും പിതാവ് കരോള്‍ വോയ്റ്റീവയും. എമിലിയുടെ രണ്ടാമത്തെ ഗര്‍ഭധാരണം പ്രശ്നസങ്കീര്‍ണമായിരുന്നു. അമ്മയുടെ ജീവന് രക്ഷിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഉദരത്തിലെ കുഞ്ഞിനെ അബോര്ഷന് നടത്തണം എന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. പക്ഷേ, വിശുദ്ധിയുടെ മകുടമായിരുന്ന എമിലിയ തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊന്നിട്ട് ഒരു ജീവിതം ആഗ്രഹിച്ചില്ല. അതുകൊണ്ട് കത്തോലിക്കസഭയ്ക്ക് മഹാനായ ഒരു മാര്പാപ്പയെയും വിശുദ്ധനെയും കിട്ടി.
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ മാതാപിതാക്കളെക്കുറിച്ച് അടുത്തകാലത്ത് പോളണ്ടില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ മിലെന കിന്ദുസിക് എന്ന എഴുത്തുകാരിയാണ് പ്രശ്നസങ്കീര്‍ണമായ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയായിത്തീര്‍ന്ന കരോള്‍ വോയ്റ്റീവ ജുനിയറിന്റെ അമ്മയുടെ ഗര്‍ഭധാരണത്തെക്കുറിച്ചും അബോര്ഷന് നിര്‍ദ്ദേശത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുള്ളത്. വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ അമ്മ എമിലിയായ്ക്ക് തന്റെ സ്വന്തം ജീവനും തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവനും തമ്മില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടായിരുന്നു. എന്നല്‍, അവളുടെ ആഴമായ വിശ്വാസം അബോര്ഷന് നടത്തുന്നതില്‍ നിന്ന് അവളെ തടഞ്ഞു എന്ന് കിന്ദുസിക് പറയുന്നു. വേണമെങ്കില്‍ കുഞ്ഞിനുവേണ്ടി സ്വന്തം ജീവന് ബലിയര്‍പ്പിക്കാനും അവള് തയാറായിരുന്നുവത്രെ. എമിലിയയെ പരിചരിച്ച ടാറ്ററോവ എന്ന മിഡ് വൈഫിന്റെയും രണ്ട് സുഹൃത്തുക്കളുടെയും അവരുടെ നാടായിരുന്ന വോഡോവിസിലെ നാട്ടുകാരുടെയും ഓര്‍മ്മകളും സാക്ഷ്യങ്ങളും പുതിയ പുസ്തകത്തിലുണ്ട്.
ആദ്യം എമിലിയയെ നോക്കിയിരുന്ന ഡോക്ടര്‍ ജാന്‍ മോസ്കലയുടെ അബോര്ഷന് തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധി എമിലിയായെ വളരെയധികം വേദനിപ്പിച്ചിരുന്നു. പക്ഷേ അതൊന്നും വകവെക്കാതെ എമിലിയയും ഭര്‍ത്താവ് കരോള്‍ വോയ്റ്റീവയും (സീനിയര്‍) ഒരു തീരുമാനമെടുത്തിരുന്നു. ഉദരത്തിലെ കുഞ്ഞിനെ എന്തുവിലകൊടുത്തും ജനിക്കാന്‍ അനുവദിക്കുമെന്ന്. അതുകൊണ്ട് അവര്‍ അബോര്ഷന് നടത്തുവാന്‍ നിര്‍ബന്ധിച്ച് ഡോക്ടറെ ഒഴിവാക്കി വേറെ ഡോക്ടറെ സമീപിച്ചു. രണ്ടാമത്തെ ഡോക്ടര്‍ ഒന്നാം ലോകയുദ്ധത്തിനുശേഷം വോഡോവിസിലേക്ക് കുടിയേറിയ ജൂതനായ ഡോ. സാമുവല്‍ തൗഫ് ആയിരുന്നു. ആ ഡോക്ടറും അവളോട് പറഞ്ഞു. സംഭവം ഗൗരവമേറിയതാണ്. പ്രസവം വളരെ കോപ്ലിക്കേഷനായിരിക്കും അമ്മയുടെ ജീവന് തന്നെ അപകടത്തിലായേക്കാം. മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അബോര്ഷന് അവരെ നിര്‍ബന്ധിച്ചില്ല. കുഞ്ഞിന് ജډം നല്‍കുന്നതുവരെ ബെഡ്റെസ്റ്റ് എടുക്കുവാനും നന്നായി ഭക്ഷിക്കുവാനും ഡോക്ടര്‍ ഉപദേശിച്ചിരുന്നു.
മെയ് 18, 1920. അന്നായിരുന്നു പിന്നീട് മാര്‍പാപ്പയായി മാറിയ രണ്ടാമത്തെ മകന് കരോള്‍ വോയ്റ്റീവയ്ക്ക് ജന്മം നല്‍കിയത്. പ്രസവസമയത്ത് എമിലിയ പോളണ്ടിലെ കോസിലെനയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കഴിഞ്ഞിരുന്നത്. ലീവിംഗ് റൂമില്‍ ഒരു മിഡ് വൈഫ് അവള്‍ക്കൊപ്പമുണ്ടായിരുന്നു. അന്നേ ദിവസം ഇടവക ദേവാലയത്തില്‍ പ്രാര്‍ത്ഥനാറാലി ഉണ്ടായിരുന്നു. ലൊറേറ്റോ മാതാവിന്റെ ലുത്തീനയയും പാടി വിശ്വാസികള്‍ ആ തെരുവിലൂടെ റാലിയായിപ്പോകുന്നു. അവരോടൊപ്പം ചേരുവാന്‍ അവളുടെ ഭര്‍ത്താവും മൂത്തമകന് എഡ്മണ്ടും പോയി. പ്രസവ വേദന ആരംഭിച്ചപ്പോള്‍ എമിലിയ മിഡ് വൈഫിനോട് ലീവിംഗ് റൂമിന്റെ ജനലുകള്‍ തുറന്നിടുവാന്‍ ആവശ്യപ്പെട്ടു. കാരണം താന്‍ ജന്മം കൊടുക്കുവാന്‍ പോകുന്ന മകന് ഭൂമിയിലേക്ക് വരുമ്പോള്‍ ആദ്യം കേള്‍ക്കേണ്ടത് മാതാവിന്റെ ഗാനമായിരിക്കണമെന്ന് ആ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ രണ്ടാമത്തെ പുത്രനായ കരോള്‍ വോയ്റ്റീവ ലൊറോറ്റോ മാതാവിന്റെ ലൂത്തിനിയ കേട്ടുകൊണ്ട് ഭൂമിയിലേക്ക് വന്നു.
താന്‍ പിറന്നുവീണത് മാതാവിന്റെ ലൂത്തീനിയ കേട്ടുകൊണ്ടായിരുന്നുവെന്ന് മാത്രമല്ല താന്‍ ജനിച്ച അതേ സമയത്ത് തന്നെയാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഒരിക്കല്‍ തന്റെ സെക്രട്ടറിയായിരുന്ന സ്റ്റനിസ്ലാവൂസ് ഡിസ്വിസിനോട് പറഞ്ഞിരുന്നു.
വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ മാതാപിതാക്കളുടെ നാമകരണനടപടികള്‍ പോളണ്ടില്‍ ആരംഭിച്ചുകഴിഞ്ഞു. പിതാവ് കരോള്‍ വോയ്റ്റീവ പോളീഷ് പട്ടാളക്കാരനായിരുന്നു, അമ്മ എമിലിയ സ്കൂള്‍ ടീച്ചറായിരുന്നു. 1906 ഫെബ്രുവരിയിലായിരുന്നു അവരുടെ വിവാഹം. അവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നു. മൂത്തവന് എഡ് മണ്ട്, രണ്ടാമത്തെ കുഞ്ഞായിരുന്ന ഒല്‍ഗ ജനിച്ച് അധികം വൈകാതെ മരിച്ചുപോയി. കരോള്‍ വോയ്റ്റീവ പിറന്നത് 1920 ലായിരുന്നു. വിശ്വാസത്തിന്റെ നിറകുടമായിരുന്ന എമിലിയ കരോള്‍ വോയ്റ്റീവയുടെ ഒമ്പതാം പിറന്നാളിന് ഒരു മാസം മുമ്പ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ചെറുപ്പത്തില്‍ തന്നെ കരോളിന് തന്റെ സഹോദരനെയും നഷ്ടപ്പെട്ടു. പിന്നീട് പിതാവായിരുന്നു അവന് എല്ലാമെല്ലാം. പിതാവും മരണത്തിനുകീഴടങ്ങിയതോടെ അവന് പരിശുദ്ധ അമ്മയ്ക്ക് തന്നെതന്നെ സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. അമ്മേ നീയാണ് ഇനി എന്റെ എല്ലാം.
Send your feedback to : onlinekeralacatholic@gmail.com