ലോകത്തെ തകിടം മറിച്ച മാര്‍പാപ്പമാരുടെ മാര്‍പാപ്പ
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2019
ഓര്‍മ്മകള്‍ക്ക് മരണമില്ല. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ബാല്‍ക്കണിയില്‍നിന്ന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഇന്നലെ ഇറങ്ങിനടന്നുമറഞ്ഞതുപോലെ തോന്നുന്നു. മടങ്ങും മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നതുപോലെ; ഭയപ്പെടരുത്, വാതിലുകള്‍ ക്രിസ്തുവിനായി തുറന്നിടുക. അദ്ദേഹം ഇങ്ങനെ പറഞ്ഞ് സ്വര്‍ഗ്ഗത്തിലേയ്ക്ക് മടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു എന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. അനേകായിരങ്ങളെ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യവും അസാധാരണമായ വിജ്ഞാനം ഒളിപ്പിച്ചുവെച്ച അക്ഷരങ്ങളും സ്വാധീനിക്കാത്ത ഹൃദയങ്ങളില്ല.
മാര്‍പാപ്പമാരുടെ മാര്‍പാപ്പ എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിച്ചത്. ഇന്നത്തെ ലോകത്തില്‍ എങ്ങനെയാണ് ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നത് എന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. സ്നേഹത്തിന്റെ പതാകയുമായി അദ്ദേഹം വത്തിക്കാന്റെ അടച്ചിട്ട വാതിലുകള്‍ തുറന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പറന്നുചെന്നു. എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു. എങ്ങനെയാണ് സഹിക്കേണ്ടതെന്ന് അദ്ദേഹം കാണിച്ചുതന്നു. അഭിമാനത്തോടെ ദൈവത്തിലാശ്രയിച്ച് വിശ്വാസത്തോടെ മരണത്തെ സ്വീകരിക്കേണ്ടത് എങ്ങനയാണ് എന്ന് അദ്ദേഹം ജീവിതത്തിലൂടെ വെളിപ്പെടുത്തി. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞു; ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളും സന്തോഷമുള്ളവരായിരിക്കണം. നമുക്ക് ആനന്ദത്തോടെ പ്രാര്‍ത്ഥിക്കാം.
നാടകരചയിതാവും തത്വികനും കവിയും ബുദ്ധിരാക്ഷസനുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ. ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞ വിശാലഹൃദയനായിരുന്നു അദ്ദേഹം. പ്രഘോഷിച്ചത് ജീവിച്ചുകാണിച്ച ക്രിസ്തുവിന്റെ യഥാര്‍ത്ഥ വികാരിയും.
ലോകം മുഴുവന്‍ അദ്ദേഹം ചുറ്റിക്കറങ്ങി. തടവറയിലുള്ളവര്‍ക്ക് മോചനവും തെറ്റായ ആശയങ്ങളുടെ അടിമകളായവര്‍ക്ക് സത്യവും കാണിച്ചു കൊടുക്കുവാന്‍. അദ്ദേഹം ക്രിസ്തുവിന്റെ സന്ദേശം ആനുകാലിക പ്രസക്തമാക്കി, കൂടുതല്‍ വ്യക്തമാക്കി ലോകത്തിന് പകര്‍ന്നുകൊടുത്തു. പുതിയ തോല്ക്കുടങ്ങളില് പകര്‍ന്ന് ക്രൈസ്തവ സന്ദേശം കൂടുതല്‍ ആകര്‍ഷകമാക്കി. ലോകം അദ്ദേഹത്തെ സ്നേഹിച്ചപ്പോഴും പലരും അദ്ദേഹത്തെ പഴഞ്ചന്‍ എന്ന് വിളിച്ചു. പക്ഷേ അദ്ദേഹം കുലുങ്ങിയില്ല. സഭയുടെ ഇളകാത്ത അടിത്തറയില്‍ തന്നെ ചവിട്ടിനിന്നുകൊണ്ട് അദ്ദേഹം സധൈര്യം ക്രിസ്തുവിനെ പ്രഘോഷിച്ചു.
കമ്മ്യൂണിസവും നിരീശ്വരവാദവും മതേതരവാദവും പോലെയുള്ള തെറ്റായ ആശയങ്ങളുടെ പൊള്ളയായ വാദങ്ങള്‍ അദ്ദേഹം ലോകത്തിനുമുമ്പില്‍ തുറന്നുവെച്ചു. ഇരുമ്പു മറകള്‍ ദ്രവിച്ചുവീണു. ലോകത്തിന്റെ രക്ഷയ്ക്ക് ഒരോയൊരു സന്ദേശം ക്രിസ്തുവിന്റെ സന്ദേശമാണ് എന്ന് അദ്ദേഹം സധൈര്യം പ്രഘോഷിച്ചു. വ്യക്തിക്കും സമൂഹത്തിനും ലോകത്തിനും സ്വാതന്ത്ര്യം യേശുവിന്റെ സന്ദേശത്തിലുണ്ടെന്ന് അദ്ദേഹം തെളിയിച്ചുകൊടുത്തു. സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ മറ്റേതൊരു മാര്പാപ്പയുമെഴുതിയിട്ടുള്ളതിനെക്കാള് കുടുതല്‍ ചാക്രികലേഖനങ്ങളും പ്രബോധനങ്ങളും അദ്ദേഹം എഴുതി. അദ്ദേഹം തന്നെ വി.പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ ജീവിക്കുന്ന കത്തായിരുന്നു.
സ്വാര്ത്ഥനിറഞ്ഞ ലോകത്ത് നിസ്വാര്‍ത്ഥ സേവനമാണ് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. മരണസംസ്ക്കാരത്തിന്റെ മുമ്പില്‍ ജീവന്റെ സംസ്ക്കാരം അദ്ദേഹം അവതരിപ്പിച്ചു. എല്ലാ രാജ്യങ്ങളും രാജ്യക്കാരും സഹോദരി സഹോദരډാരാണ് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കത്തോലിക്ക സഭയെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്ന കമ്മ്യുണിസ്റ്റ് രാജ്യങ്ങളിലേയ്ക്ക് അദ്ദേഹം ചെന്നു. ലോകനേതാക്കള്‍ അദ്ദേഹത്തെ കാണാന്‍ വത്തിക്കാനില്‍ ക്യൂനിന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകം അദ്ദേഹം കൈപ്പിടിയിലൊതുക്കി. ലോകത്തിന്റെ തലസ്ഥാനം വത്തിക്കാനാക്കി മാറ്റിയ അദ്ദേഹം എല്ലാ ജനതകളെയും അകമഴിഞ്ഞു സ്നേഹിച്ചു.
ശത്രുക്കള്‍ അടങ്ങിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടം ഏര്‍പ്പെടുത്തിയ വാടകകൊലയാളിയുടെ തോക്കിന്കുഴലുകള്ക്ക് അദ്ദേഹത്തെ നിശബ്ദമാക്കാനായില്ല. പക്ഷേ, കമ്മ്യൂണിസമെന്ന ഉണക്കമരം അദ്ദേഹം പിടിച്ചുകുലുക്കി. അവ വേരറ്റുനിലത്തുവീണു, ചിതലരിച്ചു.
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഒരു പ്രവാചകനായിരുന്നു. യഥാര്‍ത്ഥ സത്യം എല്ലാവരും അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിഭജിച്ചുകഴിയുന്ന ക്രൈസ്തവരോട് ഒന്നിച്ചുനില്ക്കുവാന് അദ്ദേഹം ഉപദേശിച്ചു.അദ്ദേഹത്തിന്റെ എല്ലാവരും ഒന്നായിരിക്കട്ടെ എന്ന ചാക്രികലേഖനത്തില്‍ സഭയുടെ കൂട്ടായ്മയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. പൗരസ്ത്യ-പാശ്ചത്യ ക്രൈസ്തവസമൂഹങ്ങളോട് ഒന്നിച്ചുനില്ക്കുവാനും അങ്ങനെ ക്രൈസ്തവ സഭ രണ്ട് ശ്വാസകോശത്തിലൂടെയും ശ്വസിക്കട്ടെയെന്നും ഒരുമയോടെ ലോകത്തിന് ക്രിസ്തുവിന്റെ സ്നേഹം വെളിപ്പെടുത്തട്ടെയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സഭൈക്യത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ വാക്കുകളിലൊതുങ്ങില്ല. ജൂതപള്ളിയിലേയ്ക്കും മുസ്ലിം പളളിയിലേയ്ക്കും അദ്ദേഹം കയറിച്ചെന്നു. എല്ലാ മതങ്ങളിലും ദൈവത്തിന്റെ ച്ഛായ കണ്ടെത്തിയ പ്രവാചകനായിരുന്നു അദ്ദേഹം.
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍പോലും വര്‍ഷങ്ങള്‍ക്കുശേഷവും ലോകത്തെ ത്രസിപ്പിക്കുന്നു. അദ്ദേഹം പിതാവിന്റെ ഭവനത്തിലേയ്ക്ക് പോയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞുവെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച വെല്ലുവിളികള്‍ സഭയ്ക്കുമുമ്പില് ഇപ്പോഴും അവശേഷിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com