വിശുദ്ധ കൊച്ചുത്രേസ്യായുടെ സന്തോഷത്തിലേക്കുള്ള
കുറുക്കുവഴി എന്തായിരുന്നുവെന്നറിയാമോ?
സി. അര്‍പ്പണ - ഫെബ്രുവരി 2025
നമുക്ക് മുമ്പേ കടന്നുപോയ വിശുദ്ധന്മാര് അവരുടെ ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തിയിരുന്നു. കഷ്ടപാടുകളിലും നഷ്ടങ്ങളിലും വെല്ലുവിളികളിലും പതറാതെ അവര്‍ അവരുടെ വിശ്വാസവും വിജ്ഞാനവും പരിപോഷിപ്പിച്ചു. ദൈവവുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ അവര്‍ ജീവിതത്തിലെ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തി. വലിയ മല മറിക്കുന്ന കാര്യങ്ങളല്ല, ചെറിയ ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്തുകൊണ്ടായിരുന്നു അവര്‍ പുണ്യജീവിതം നയിച്ചത്. ഓരോ വിശുദ്ധര്‍ക്കും ജീവിതത്തില്‍ ഓരോരോ വഴികളും ശൈലികളും ഉണ്ടായിരുന്നു. ആ്ത്മീയ ജീവിതത്തില്‍ മുന്നോട്ടുപോകാനാകാതെ, വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ ഇല്ലല്ലോ എന്ന് പരിതപിക്കുന്നവര്‍ക്ക് നമുക്ക് മുമ്പേ പോയ വിശുദ്ധരുടെ ജീവിതശൈലികള്‍ ഒരു വഴിവിളക്കാണ്.
കോണ്‍വെന്റിന്റെ ആവൃതിക്കുള്ളില്‍ നിന്നും പുറത്തുപോകാതെ സഭയിലെ വലിയ വിശുദ്ധയായി മാറിയ വി. കൊച്ചുത്രേസ്യായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്:
ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക
ചെറുപുഷ്പം എന്നു വിളിക്കപ്പെട്ടിരുന്ന വി. കൊച്ചുത്രേസ്യ വളരെ ചെറുതും എന്നാല്‍ ആഴമേറിയ ആത്മീയതയുള്ളതുമായി ജീവിതമാണ് കാര്മ്മലീത്ത കോണ്‍വെന്റിനുള്ളില്‍ കഴിച്ചത്. ലിറ്റില്‍ വേ എന്നതായിരുന്നു കൊച്ചുത്രേസ്യയുടെ ഈ മാര്‍ഗ്ഗം അറിയപ്പെട്ടിരുന്നത്. അതായത് ചെറിയ കാര്യങ്ങള്‍ വലിയ സന്തോഷത്തോടെ ചെയ്യുക.
ജീവിതം ശ്രമകരമാകുമ്പോള്, ചെറിയതും സന്തോഷകരവുമായ കാര്യങ്ങളില്‍ ഫോക്കസ് ചെയ്യുക. കൊച്ചുത്രേസ്യ ചെയ്ത ചെറിയ കാര്യങ്ങള്‍ ഇവയായിരുന്നു-മറ്റുള്ളവരെ കാണുമ്പോള്‍ പുഞ്ചിരിക്കുക, തന്നെ ഏല്പിച്ചിരിക്കുന്ന ഏറ്റവും ചെറിയ ജോലി പോലും ദൈവത്തിന് സമ്മാനമായി കാഴ്ചവെക്കുക.
യഥാര്‍ത്ഥ ആനന്ദം എന്നത് ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യുമ്പോള്‍ കിട്ടുന്നതാണെന്ന് വി. കൊച്ചുത്രേസ്യായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com