എയ്ഡ്സ് കുഞ്ഞുങ്ങളുടെ ലില്ലി
ജെയ്സണ്‍ പീറ്റര്‍ - ജുണ് 2019
കെനിയയില്‍ എയ്ഡ്സ് വന്നാല്‍ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വലിച്ചെറിയുക തെരിവിലേയ്ക്കാണ്. തെരുവില്‍ കിടന്ന് നരകിച്ച് മരിക്കുകയാണ് ആ കുഞ്ഞുങ്ങളുടെ വിധി. എയ്ഡ്സ് വന്നു മരിച്ചുപോയ മാതാപിതാക്കളില്ലാത്ത കുഞ്ഞുങ്ങളെ ബന്ധുക്കളാകാം തെരുവിലെറിഞ്ഞ് കടന്നുകളയുന്നത്. അതാണ് അവിടുത്തെ പതിവ്. കെനിയയിലെ എയ്ഡ്സ് ബാധിതരായ അനാഥ കുഞ്ഞുങ്ങളുടെ കദനകഥകള്‍ സഹസന്യാസിനിയില് നിന്നും കേട്ടറിഞ്ഞ ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ സി. ലില്ലിയ്ക്ക് പിന്നെ ഉറക്കമില്ലാത്ത നാളുകളായിരുന്നു. അനാഥരായ കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത നിലവിളികളും അവരുടെ കണ്ണീരുണങ്ങാത്ത മിഴികളും പ്രാര്‍ത്ഥനാവേളകളില്‍ പോലും സി. ലില്ലിയെ മനസിനെ വേട്ടയാടിക്കൊണ്ടിരുന്നു. നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും വിചിന്തനങ്ങള്‍ക്കും ശേഷം എയ്ഡ്സ് ബാധിതരായ കെനിയയിലെ കുഞ്ഞുങ്ങള തേടിപ്പോകുവാനുള്ള തന്റെ ആഗ്രംഹം മദറിനെ അറിയിച്ചു.
അങ്ങനെ 2009 ല്‍ സി. ലില്ലി കെനയിയിലെ സാബുരുവിലെത്തി. എയ്ഡ്സ് ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ വാത്സല്യവും ക്രിസ്തുവിന്റെ സ്നേഹവും പകരുകയായിരുന്നു ദൗത്യം. അവിടുത്തെ സാംബുരു ട്രൈബല്‍സ് ഏയ്ഡ്സ് ബാധിച്ചവരെ ശപിക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി കണക്കാക്കി സമൂഹത്തില്‍ നിന്നും പുറം തള്ളുകയാണെന്ന് സി. ലില്ലി തിരിച്ചറിഞ്ഞു. എയ്ഡ്സ് ബാധിതരായ മുതിര്‍ന്നവരും കുഞ്ഞുങ്ങളും വഴിയോരങ്ങളിലും തെരുവീഥികളിലും പരിക്ഷീണിതരായി കിടന്നിരുന്നു. ആരും ഒരു തുള്ളിവെള്ളം പോലും കൊടുക്കുവാന്‍ ഇല്ലാതെ, അവിടെകിടന്ന് മരിക്കുവാനായിരുന്നു അവരുടെ വിധി. കാരണം അവര്‍ എയ്ഡ്സ് ദൈവശാപമായിട്ടാണ് കരുതിയിരുന്നത്.
സി. ലില്ലി അവിടെയെത്തിയതില്‍ പിന്നെ ആരെയും വഴിയില്‍ കിടന്നു മരിക്കാന്‍ വിട്ടുകൊടുക്കില്ല. എല്ലാ ദിവസവും രാവിലെ നോര്‍ത്ത് കെനിയയിലെ എന്ചിരു എന്ന ഗ്രാമത്തില്‍ നിന്നും സിസ്റ്റര്‍ തന്റെ വാഹനം സ്റ്റാര്‍ട്ട് ചെയ്യും. രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നഗരത്തിലെത്തും. വണ്ടിയുമായി നഗരത്തിലൊന്നു കറങ്ങും. എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ കണ്ടാല്‍ വണ്ടി നിര്‍ത്തി അവരെ വാഹനത്തിലേക്ക് മാറ്റും. പിന്നെ കിട്ടിയ കുഞ്ഞുങ്ങളെയുമായി എയ്ഡ്സ് ബാധിതരായ കുട്ടികള പുനരധിവസിപ്പിക്കുന്ന എന്ചിരുവിലെ സെന്റ് ക്ലയര്‍ ഭവനിലേക്ക് മടങ്ങും. വര്‍ഷങ്ങളായി സിസ്റ്റര്‍ ലില്ലിയുടെ ദിനചര്യയാണിത്. ഒരു ദിവസം രണ്ടു കുഞ്ഞുങ്ങളെങ്കിലും ഉണ്ടാകും മടക്കയാത്രയില്‍.
സെന്റ് ക്ലയര്‍ ഭവനിലെത്തിയാല്‍ സ്വന്തം അമ്മയെപ്പോലെ അവരെ ചേര്‍ത്ത് പിടിക്കും. അവര്‍ക്ക് ഭക്ഷണവും മരുന്നു ചികിത്സയും സൗജന്യമായി നല്‍കും. അനാഥരായ കുഞ്ഞുങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നുകൊടുക്കും. പരിചരണം മാത്രമല്ല ഈശോയില്‍ പുതിയൊരു ജീവിതവും സിസ്റ്റര്‍ അവര്‍ക്ക് സമ്മാനിക്കും. 500 ലധികം കുഞ്ഞുങ്ങളെയാണ് സിസ്റ്റര്‍ ലില്ലി രക്ഷപ്പെടുത്തിയിട്ടുള്ളത്.
അനാഥകുഞ്ഞുങ്ങള്‍ക്ക് പാര്‍പ്പിടവും ചികിത്സയും നല്‍കുന്നതിന് ഒരു ക്ലിനിക്കും സെന്റ് ക്ലയര്‍ ഭവനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മരണം കാത്തുകഴിയുന്ന അവര്‍ക്കെല്ലാം സൗജന്യമായിട്ടാണ് ഭകഷണവും ചികിത്സയും നല്‍കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സിലിംഗും നല്‍കും, വേദപാഠവും പഠിപ്പിക്കും. ദൈവം എല്ലാവരുടെയും പിതാവാണ് എന്ന് സി. ലില്ലി ആ കുരുന്നുകള്‍ക്ക് പറഞ്ഞുകൊടുക്കും. സി. ലില്ലി തേടിപ്പിടിച്ചത് 500 ലധികം കുഞ്ഞുങ്ങളെയാണ്. അവരെല്ലാം തന്നെ തെരുവീഥികളില്‍ മരിച്ചുവീഴേണ്ടവരായിരുന്നു.
ഡോക്ടറായ ഫാ. ഫ്രാന്‍സിസ് റിവയാണ് ക്ലിനിക്കിന്റെ സ്ഥാപകന്‍. അവിടെ സിസ്റ്റര്‍ ലില്ലിയോടൊപ്പം മറ്റ് രണ്ട് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഹോദരിമാര്‍ കൂടി ദൈവവേല ചെയ്യുന്നു. ഈ സന്യാസിനിമാര്‍ കുട്ടികള്‍ക്ക് യേശുവിന്റെ യഥാര്‍ത്ഥ സ്നേഹം കാണിച്ചുകൊടുക്കുന്നു. അവര്‍ അവരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുവെന്നും ഫാ. റിവ പറയുന്നു.
പാവപ്പെട്ടവരോടുകൂടെയായിരിക്കുക എന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും അവരെ ശുശ്രൂഷിക്കുമ്പോള്‍ തനിക്ക് എന്തെന്നില്ലാത്ത സന്തോഷം ലഭിക്കുന്നുവെന്നും സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതൊന്നുമല്ല, എനിക്കിനിയും കുഞ്ഞുങ്ങളെ രക്ഷിക്കണം. അവരെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു സമൂഹത്തെയും വളര്‍ത്തിയെടുക്കണമെന്നതാണ് ജീവിതലക്ഷ്യമെന്ന് സി. ലില്ലി പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com