മദര്‍ തെരേസയുമായി അഭിമുഖം നടത്തി ഒടുവില്‍ മാമ്മോദീസ സ്വീകരിച്ച മാധ്യമപ്രവര്ത്തകന്
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2020
ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വിശുദ്ധരിലൊരാളാണ് മദര്‍ തെരേസ. കൊല്‍ക്കത്തയിലെ ചേരികളില്‍ ആരോരുമില്ലാത്തവരെ പരിചരിച്ച് ആരുമറിയാതെ കടുന്നുപോകുകയായിരുന്ന മദര്‍ തെരേസയെ ലോകത്തിന്റെ കണ്ണുകളിലേക്ക് എത്തിച്ച അതിപ്രശസ്തനമായ മാധ്യമപ്രവര്‍ത്തകനായിരുന്നു മാല്‍കം മാഗ്റിഡ്ജ്. 2016 ല്‍ കത്തോലിക്കസഭ മദര്‍ തെരേസയെ ഔദ്യോഗികമായി വിശുദ്ധ എന്ന് നാമകരണം ചെയ്യുന്നതിനും എത്രയോ മുമ്പു തന്നെ മദര്‍ തെരേസയെ ലോകം സെയിന്റ് ഓഫ് ഗട്ടേര്‍സ് എഎന്ന് വിശേഷിപ്പിച്ചുതുടങ്ങിയിരുന്നു. അതിനുകാരണമായത് ഒരു പക്ഷേ അദ്ദേഹം മദര്‍ തെരേസയെക്കുറിച്ച് ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ച വാര്‍ത്തകളും ഡോക്യുമെന്ററിയുമായിരുന്നു. അതോടെയാണ് പാശ്ചാത്യലോകം മദര്‍ തെരെസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടമായത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ബ്രിട്ടീഷ് ചാരനും ഒക്കെയായിരുന്ന മാല്‍കം മാഗ്റിഡ്ജ് രചിച്ച സംതിംഗ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ് എന്ന മദര്‍ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകത്തിന് വന്‍ സ്വീകാര്യതയായിരുന്നു അന്ന് ലഭിച്ചിരുന്നത്. മാഗ്റിഡ്ജ് തീവ്ര നിരീശ്വരവാദിയായിരുന്നു എന്നാല്‍ മദര്‍ തെരേസയുമായുള്ള കൂടിക്കാഴ്ചകള്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. മദര്‍ തെരേസയുടെ ജീവിത സാക്ഷ്യം അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ തലകീഴായി മറിച്ചു. അദ്ദേഹം 1982 ല്‍ 79 ാമത്തെ വയസ്സില്‍ കത്തോലിക്കനായി മാമ്മോദീസ സ്വീകരിച്ചു. ദീര്‍ഘകാലമായി ഒഴിഞ്ഞുകിടന്നിരുന്ന വീട്ടിലെ വിരുന്നുമേശയില്‍ തിരിച്ചെത്തിയ അനുഭവം എന്നായിരുന്നു അദ്ദേഹം തന്റെ ക്രിസ്ത്യാനിറ്റിയിലേക്കുള്ള മടങ്ങിവരവിനെ വിശേഷിപ്പിച്ചിരുന്നത്.
ലണ്ടനിലെ ക്രോയ്ഡണ്‍ എന്ന സ്ഥലത്തായിരുന്നു 1903 ല്‍ മാല്‍കം മാഗ്റിഡ്ജിന്റെ കേംബ്രിഡ്ജിലെ പഠനശേഷം അദ്ദേഹം ഈജിപ്തില്‍ അദ്ധ്യാപകനായി. പിന്നീട് ജേണലിസത്തിലേക്ക് തിരിച്ചെത്തി. ലോകപ്രശസ്തനായ മാദ്ധ്യമപ്രവര്‍ത്തകനായി. ലോകത്തിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ സ്ഥലം പിടിച്ചു. കാതറിന് എന്ന യുവതിയെ വിവാഹം കഴിച്ച് മോസ്ക്കോയിലേക്ക് കുടിയേറി. നിരിശ്വരവാദവും കമ്മ്യൂണിസവുമൊക്കെയായി ശിഷ്ടകാലം കഴിക്കാം എന്നു കരുതി. അങ്ങനെയിരിക്കെ കമ്മ്യൂണിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മതിപ്പ് വന്മതിലുപോലെ തകര്‍ന്നുവീണു. കാരണം ഉക്രെയിനില്‍ സ്റ്റാലിന് പടച്ചുവിട്ട കൃത്രിമക്ഷാമം. അതിനെക്കുറിച്ച് ലോകത്തില്‍ രണ്ടേ രണ്ടുപേരായിരുന്നു വാര്‍ത്തയെഴുതിയത്. അതിലൊന്ന് നമ്മുട മാല്‍കം മാഗ്റിഡ്ജ് ആയിരുന്നു. പത്തുവര്‍ഷത്തോളം അദ്ദേഹം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ആ കാലഘട്ടത്തില്‍ ഇന്ത്യയിലും എത്തിയിരുന്നു. പിന്നെ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് ചാരനായി പാരിസിലും ആഫ്രിക്കയിലും പരതി നടന്നു. യുദ്ധത്തിനുശേഷം വീണ്ടും മാധ്യമരംഗത്തേക്ക് മടങ്ങി. ഇത്തവണ ഡെയ്ലി ടെലഗ്രാഫിന്റെ വാഷിംഗ്ടണ്‍ കറസ്പോണ്ടന്റായായാരുന്നു നിയമനം. 1950 കളിലെ ഏറ്റവും പോപ്പുലറായ ഇന്റര്വ്യൂവര്, പാനലിസ്റ്റ്, ഡോക്യുമെന്റേറിയന്‍ എന്ന നിലകളില്‍ അദ്ദേഹം മാധ്യമമേഖലയില്‍ കത്തിനിന്നു.
മാല്‍കം മാഗ്റിഡ്ജ് എഴുതിയ സംതിംഗ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ് എന്ന പുസ്തകം മദര്‍ തെരേസയുടെും ഉപവിയുടെയും സഹോദരികളുടെയും അവിശ്വസനീയമായ സേവനങ്ങളെക്കുറിച്ച് താന്‍ തയാറാക്കിയ ഡോക്യുമെന്റിറിയുടെ പശ്ചാത്തലത്തില്‍ തയാറാക്കിയതായിരുന്നു. ഡോക്യുമെന്ററി ഷൂട്ട് ചെയ്യുമ്പോഴുണ്ടായ രസകരമായ ഒരു അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. തെരുവില്‍ കിടന്നുമരിക്കാറായ ഒരു മനുഷ്യനെ സഹോദരിമാര്‍ മദറിന്റെ അരികിലേക്ക് കൊണ്ടുവരുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ വെളിച്ചം വളരെ കുറവായിരുന്നു. വെളിച്ചം കുറവായിരുന്നതുകൊണ്ടുതന്നെ ആ സീന്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം മനസില്‍ കരുതി. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആ സീന്‍ പ്രകാശം നിറഞ്ഞുനില്ക്കുന്ന ഒന്നായി മാറി. മദര്‍ തെരേസയുടെ വെളിച്ചം ആ സീനിന് വെളിച്ചം പകര്‍ന്നുവെന്നായിരുന്നു പിന്നീട് അദ്ദേഹം അതെക്കുറിച്ച് അഭിപ്രായപ്പെട്ടത്. മദര്‍ തെരേസ സാന്നിധ്യം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു.
1988 ല്‍, തന്റെ ജീവിതകാലത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം എഴുതിയ കണ്‍ഫഷന്‍സ് ഓഫ് എ ട്വന്റിയത്ത് സെഞ്ചുറി പില്‍ഗ്രിം എന്ന പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി- ഞാനാദ്യം മദര്‍ തെരേസയെ കണ്ടപ്പോള്‍...അഭൗമിക ശ്രേഷഠതകളുള്ള ഒരു വ്യക്തിയുടെ മുമ്പിലാണ് നില്‍ക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ ശ്രേഷ്ഠതയാകട്ടെ മദര്‍ തെരേസയില്‍ നിറഞ്ഞുനിന്നിരുന്ന ബുദ്ധിയോ, മറ്റുള്ളവരെ മനസിലാക്കുവാനുള്ള കഴിവോ, എളിമയോ, അപാരമായ ഭക്തിയോ ഒന്നുമായിരുന്നില്ല മറിച്ച് വിശുദ്ധിയുടെ സൗന്ദര്യമായിരുന്നു. അതുല്യമായ ആ പ്രകാശധാര പ്രവഹിച്ചിരുന്നത് ദൈവത്തിനും ദൈവത്തിന്റെ സൃഷ്ടികള്‍ക്കുമായി അര്‍പ്പിക്കപ്പെട്ട മദറിന്റെ ജീവിതത്തില്‍ നിന്നായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com