കാലത്തിനുമുമ്പെ പറന്ന കര്‍മ്മയോഗി
ജോര്‍ജ് .കെ. ജെ - ഡിസംബർ 2019
കേരളത്തിലെ വിദ്യാഭ്യാസ മേഖലയക്ക് വിലപ്പെട്ട സംഭവാനകള്‍ നല്കിയ വൈദികശ്രേഷ്ഠനായിരുന്നു ഫാ. ജോസഫ് പൈകട. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിനായി അദ്ദേഹം വാര്‍ത്തെടുത്ത ദേവഗിരി കോളജിനെ ഇന്ത്യയിലെ തന്നെ മുന്‍നിര കോളജുകളിലൊന്നാക്കി മാറ്റിയ ശേഷമാണ് അദ്ദേഹം ഈ ലോകത്തില്‍ നിന്നും വിടവാങ്ങിയത്. അദ്ധ്യാപകനായും പ്രിന്‍സിപ്പലായും മാനേജരായും ജീവിതത്തിന്റെ ഭുരിഭാഗവും അദ്ദേഹം മാറ്റിവെച്ചത് ദേവഗിരി കോളജിനു വേണ്ടിയായിരുന്നു. ദൈവത്തിനും ജനത്തിനും വേണ്ടി എന്ന ദേവഗിരി കോളജിന്റെ മോട്ടോ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ദേവഗിരി കോളജിനെ ഒരു ഓട്ടോണമസ് യുനിവേഴ്സിറ്റിയാക്കി വളര്‍ത്തുന്നതിനുള്ള അക്ഷീണപരിശ്രമത്തിലായിരുന്നു അദ്ദേഹം. വിശ്രമില്ലാത്ത ഒരു ജീവിത്തിനൊടുവില്‍ അദ്ദേഹം 2019 ഡിസംബര്‍ 20 നാണ് പിതാവായ ദൈവത്തിന്റെ പക്കലേക്ക് തിരികെ വിളിക്കപ്പെട്ടത്. കര്‍മ്മനിരതനും മനുഷ്യസ്നേഹിയും ആദരണീയനുമായിരുന്ന അദ്ദേഹം വരും തലമുറയ്ക്ക് കൈമാറിയിട്ട് പോയത് അനന്യമായ ഒരു പൈതൃകമാണ്.
കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസമേഖലയില്‍ അനിഷേധ്യമായ വലിയ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിര്‍മാണത്തിനും വളര്‍ച്ചയ്ക്കും നെടുനായകത്വം വഹിച്ച് തന്റെ നാമം അനശ്വരമാക്കിയ ശേഷമാണ് ആ യുഗ പുരുഷന് ഈ ലോകത്തോട് വിടപറഞ്ഞത്. അതും ദേവഗിരി കോളജിന്റെ മാനേജര്‍, കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം കേരളത്തിലെ ഓട്ടോണമസ് കോളജുകളുടെ കണ്‍സോര്‍ഷ്യം ചെയര്മാന് എന്നിങ്ങനെ തിരക്കേറിയ പ്രവര്‍ത്തനപാതയില്‍ അതിവേഗം മുന്നേറുന്നതിനിടയിലാണ് 83-ാം വയസ്സില്‍ അദ്ദേഹത്തിന്റെ വിയോഗം. യുവക്കളെപ്പോലും തോല്പിക്കുന്ന വേഗതയും അസൂയാവഹമായ ഓര്‍മ്മശക്തിയും അതുലായമായ പോരാട്ട വീര്യവും നിശ്ചയദാര്‍ഡ്യവും ഏതു ദൗത്യവും മടികൂടാതെ ഏറ്റെടുക്കുവാനുള്ള ഊര്‍ജ്ജസ്വലതയും അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു.
മദ്രാസ് ലയോള കോളജില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ പൈകടയച്ചന് ദേവഗിരി കോളജില്‍ അദ്ധ്യാപകനായെത്തുന്നത് 1970 ല്‍ 34-ാമത്തെ വയസ്സിലായിരുന്നു. അന്ന് ദേവഗിരി കോളജിന് പ്രായം 14. അന്ന് മലബാറിലുണ്ടായിരുന്ന ചുരുക്കം കോളജുകളില്‍ ഏറ്റവും മികച്ചതായിരുന്നു ദേവഗിരി. അന്നത്തെ മാനേജരായിരുന്ന കൊളംബസച്ചന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബര്‍സാര്‍ എന്ന സ്ഥാനമാണ് അധ്യാപകജോലിക്കുപുറമെ പൈകടയച്ചനെ ഏല്‍പ്പിച്ചത്. 1971 ല്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ആകെ പിടിച്ചുകുലുക്കിയ ഡയറക്ട് പേയ്മെന്റ് പ്രക്ഷോഭം നടന്നു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരുമായി മാനേജ്മെന്റുകള്‍ ഉണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യുന്നതിനും രൂപപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കാന്‍ പൈകടയച്ചന് കഴിഞ്ഞു. ഇക്കാലത്ത് ഡയറക്ട് പേയ്മെന്റ് വ്യവസ്ഥകളുടെ പശ്ചാത്തലമറിയുന്ന അപൂര്‍വ്വം വ്യക്തികളിലൊരാളായിരുന്നു പൈകടയച്ചന്. മാനേജരായും സന്യാസഭവനത്തിന്റെ തലവനായുമൊക്കെ പ്രവര്‍ത്തിച്ച പൈകടയച്ചന് 1982 ല്‍ ദേവഗിരി കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയേറ്റു. കേരളത്തിലെ കോളജുകളില്‍ വിദ്യാര്‍ത്ഥി ബാഹുല്യം മൂലം ഷിഫ്റ്റ് ഏര്‍പ്പെടുത്തി തുടങ്ങിയ വര്‍ഷങ്ങളായിരുന്നു അത്. പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം വര്‍ദ്ധിച്ചു. കോളജിന്റെ നിയന്ത്രണം ബുദ്ധിമുട്ടേറിയതായി. കൂടാതെ വിദ്യാര്‍ത്ഥി സമരങ്ങളുടെ വേലിയേറ്റവും. അച്ചന് ഓഫീസിലിരിക്കറെ ഇല്ലായിരുന്നു. വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയും അധ്യാപകര്‍ കൃത്യമായി ക്ലാസെടുക്കുന്നുണ്ടെന്നുറപ്പിച്ചും നിരന്തരം കാമ്പസില്‍ ചുറ്റി നടന്നു. ഓഫീസ് ജോലികള്‍ രാത്രിയില്‍ ചെയ്യും. ദേവഗിരി കോളജ് പലതവണ കാലിക്കട്ട് യുനിവേഴ്സിറ്റിക്ക് കീഴിലെ കോളജുകള്‍ക്കിടയില്‍ പ്രീഡ്രഗിക്ക് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടുന്നു കോളജായി.
കോഴിക്കോട് യുനിവേഴ്സിറ്റിക്ക് കീഴിലെ ഏറ്റവും നല്ല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജെന്ന നിലയില്‍ ദേവഗിരിയെ എത്തിച്ചിട്ടാണ് 1989 ല്‍ അച്ചന് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് വിരമിച്ചത്. വിരമിച്ച ഉടനെ തന്നെ സിഎംഐ സഭ അദ്ദേഹത്തെ കാഷ്മീരിലെ സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. പാക്കിസ്ഥാന് അതിര്‍ത്തിയായ പുഞ്ച് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച അച്ചന് ക്രൈസ്റ്റ് സ്കൂളുകള്‍ എന്ന വിദ്യാലയ ശൃംഖല കാഷ്മീരിലെ നാല് ജില്ലകളിലായി സ്ഥാപിച്ചു. 22 വര്‍ഷം കാഷ്മീരില്‍ പ്രവര്‍ത്തിച്ച പൈകടയച്ചന് ക്രൈസ്റ്റ് സ്കൂളുകളെ കാഷ്മീരിലെ ഏറ്റവും നല്ല സ്കൂളാക്കി ഉയര്‍ത്തി. ഇന്ന് കാഷ്മീരില്‍ എന്‍ജിനിയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സുകളില്‍ ഏറ്റവും അധികം നേട്ടങ്ങള്‍ കൊയ്യുന്നത് ക്രൈസ്റ്റ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
2011 ല്‍ പൈകടയച്ചന് ദേവഗിരിയില്‍ തിരികെയെത്തി. മാനേജരായും ദേവഗിരി ആശ്രമത്തിന്റെ പ്രിയോരായും ചുമതലയേറ്റു. രണ്ട് തവണ നാക് അക്രെഡിറ്റേഷന്‍ ഒന്നാമത്തെ ഗ്രേഡില്‍ തന്നെ നിലനിര്‍ത്തി ദേവഗിരി ഗവേഷണമേഖലയിലാകെ ചുവടുറപ്പിച്ച തുടങ്ങിയ സമയമായിരുന്നു അത്. വളര്‍ച്ചയ്ക്കുള്ള അനന്തസാധ്യതകള്‍. പക്ഷേ, സാമ്പത്തിക പ്രതിസന്ധികളടക്കമുള്ള കാരണങ്ങളാല്‍ വേണ്ടവിധം ഉപയോഗിക്കാനാവാതെ ദേവഗിരി കിതച്ച് നില്ക്കുന്ന സമയം. പൈകടയച്ചന്റെ വരവോടെ ദേവഗിരി കുതിക്കാന്‍ തുടങ്ങി.
2014 ലെ നാക് അക്രെഡിറ്റേഷന്‍ അന്ന് പ്രിന്‍സിപ്പലായിരുന്ന തോട്ടനാനിയച്ചനെയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും മാനേജ്മെന്റിനെയും ഒറ്റച്ചരടില്‍ കോര്‍ത്തെടുത്ത് എ.പ്ലസ്.പ്ലസ് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രേഡ് നേടിയെടുക്കുന്നതില്‍ പൈകടയച്ചന് വഹിച്ച പങ്ക് അനിഷേധ്യമാണ്. ഇന്ന് ദേവഗിരി കേരളത്തിലെ ഏറ്റവും മികച്ച കോളജായിരിക്കുന്നത് അച്ചന് അടുത്തകാലത്തായി പണിതുയര്‍ത്തിയ കെട്ടിടങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയവു മൊക്കെ ചേര്‍ത്തുള്ള നേട്ടങ്ങള്‍ കൊണ്ടാണ്. മുഴുവന്‍ സമയവും കോളജില്‍ തന്നെ ചിലവഴിച്ചിരുന്ന ്അച്ചന്‍ വിദ്യാര്‍ത്ഥികളടക്കം എല്ലാവര്ക്കും സുപരിചിതനും സമീപസ്ഥനുമായിരുന്നു.
വ്യക്തിപരമായി ഏറ്റവും അധികം എളിമ സൂക്ഷിക്കുന്ന ഒരു സന്യാസിയാണ് പൈകടയച്ചന്. ശബ്ദമുയര്‍ത്തി സംസാരിക്കാറേയില്ല. സന്തോഷവും പുഞ്ചിരിയും പുഷ്പിച്ച സന്യാസ ജീവിതം. ഒരിക്കല്‍ സംസാരിക്കുന്ന ആരും അച്ചനെ ഇഷ്ടപ്പെട്ടുപോവും. പേരുകള്‍ ഓര്ത്തുവെക്കുന്നതിലും വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതിലും അസാധാരണ വൈഭവമാണ് പൈകടയച്ചനുണ്ടായിരുന്നത്. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ ഏറ്റവു താഴേക്കിടയിലുള്ളവരുമായും ഏറ്റവും വലിയ ഔന്നത്യം പ്രാപിച്ചവരുമായും അച്ചന് ഓരേതരം ബന്ധമാണ്.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് പ്രത്യേക താല്പര്യം എന്നും കാത്തുസൂക്ഷിച്ചിരുന്ന പൈകടയച്ചന് മികച്ച ഒരു മിഷനറിയായിരുന്നു. വിശ്രമമില്ലാത്ത കര്‍മ്മയോഗി, ഹൃദയം കവര്‍ന്ന മനുഷ്യസ്നേഹി, വിദ്യാഭ്യാസ രംഗത്തെ കുലപതി എന്നിങ്ങനെ ഏന്തൊക്കെ വിശേഷണങ്ങള്‍ ചേര്‍ത്തുവെച്ചാലും പൈകടയച്ചന് എന്ന സന്യാസവര്യനെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാകില്ല.
Send your feedback to : onlinekeralacatholic@gmail.com