രക്തസാക്ഷിയായ കത്തോലിക്ക വൈദികന് അമ്മയ്ക്കയച്ച ഹൃദയസ്പര്‍ശിയായ കത്ത്
ക്രിസ് ജോര്‍ജ് - ഒക്ടോബര്‍ 2021
സ്പാനിഷ് ആഭ്യന്തര യുദ്ധക്കാലത്ത് ഏതാണ്ട് 6800 ലധികം വൈദികരും സന്യസ്തരുമാണ് കത്തോലിക്കവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായത്. അതില്‍ 2000 രക്തസാക്ഷികളെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തിരുന്നു. 2021 ഒക്ടോബര്‍ മാസത്തില്‍ 127 രക്തസാക്ഷികളെക്കൂടി വാഴത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ബാക്കിയുള്ളവരുടെ നാമകരണനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്പെയിനില്‍ അടുത്തദിവസങ്ങളില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ട 127 പേരില്‍ 79 വൈദികരും, 5 സെമിനാരിയന്‍സും 4 സന്യസ്തരും 39 ആത്മായരുമാണ് ഉണ്ടായിരുന്നത്.
അവരിലൊരാളായിരുന്നു ഫാ. ജുവാന്‍ ഏലിയാസ് മെഡിന. 1936 സെപ്റ്റംബര്‍ 25 നാണ് 33 ാമത്തെ വയസില്‍ അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ജയിലില്‍ നിന്നും കണ്ടെത്തിയ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാപുസ്തകത്തില്‍ നിന്നാണ് രക്തസാക്ഷിയാകാന്‍ പോകുന്ന ഒരു മകന് അമ്മയ്ക്കയച്ച ഹൃദയസ്പര്‍ശിയായ ആ കത്ത് കണ്ടെത്തിയത്... ആ കത്തിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..
അമ്മേ... ഞാന്‍ ഇതെഴുതുമ്പോള്‍, എന്റെ മരണം തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നു. എന്നിരുന്നാലും ഞാന്‍ ഇതെഴുതുന്നത് വളരെ ശാന്തതയോടെയാണ്. എന്റെ മരണവാര്‍ത്ത കേള്‍ക്കുന്നതിന് ദൈവം അമ്മയ്ക്ക് ശക്തിപകരട്ടെ. ദൈവത്തിന് ഒരു മകനെ സമ്മാനിക്കുവാന്‍ കഴിയുക എന്നത് സന്തോഷമുള്ള കാര്യമാണ്, ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അമ്മ ഒരാളെ ദൈവത്തിന് നല്കുവാന് പോകുകയാണ്. നാം സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന് ഇടയ്ക്കിടെ പ്രാര്‍ത്ഥിക്കുക, നല്ലൊരു കുമ്പസാരം നടത്തുക, അങ്ങനെ നാം മഹത്വത്തില്‍ എന്നെന്നേക്കും ഒരുമിച്ച് വസിക്കും.
എന്നെക്കുറിച്ച് ചോദിക്കുന്നവരോട് എനിക്കുവേണ്ടി ഒത്തിരി പ്രാര്‍ത്ഥിക്കണമെന്ന് പറയുക. എന്റെ സഹോദരങ്ങളോട് നല്ലവരായിരിക്കുവാനും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ വീഴ്ചവരുത്താതിരിക്കുവാനും പറയുക. എല്ലാത്തിനുമുപരിയായി, അമ്മയുടെ മകന് സംതൃപ്തിയോടെയാണ് മരിക്കുന്നതെന്ന് ഓര്‍മ്മിക്കുക. ഈ മണിക്കൂറുകളില്‍ മറ്റെന്നത്തെക്കാളും കൂടുതലായി, അമ്മേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു... അമ്മയുടെ മകന്, ജുവാന്‍...
രക്തസാക്ഷിയായ ഫാ. ജുവാന്‍ എത്ര സന്തോഷത്തോടെയും ശാന്തതയോടെയുമാണ് രക്തസാക്ഷിത്വം വഹിക്കുവാന്‍ ഒരുങ്ങുന്നത് എന്നു നോക്കുക. ക്രൈസ്തവ പീഡനങ്ങള്‍ ലോകമെങ്ങും പെരുകുകയാണ്. രക്തസാക്ഷികളുടെ എണ്ണവും കൂടുന്നു. നശിപ്പിക്കപ്പെടാനാവാത്തതാണ് ക്രൈസ്തവവിശ്വാസം. കാരണം ഫാ. ജുവാനെപ്പോലെ ധീരതയോടെ മരണത്തെപുല്കിയവരാണ് പീഡിത ക്രൈസ്തവര്‍ക്ക് നിത്യാന്തകാലത്തോളം പ്രചോദനമായി നിലകൊള്ളുന്നത്.
Send your feedback to : onlinekeralacatholic@gmail.com