വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രസാറ്റിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച അത്ഭുതം എന്തായിരുന്നു?
ഷേര്‍ളി മാണി - ഡിസംബര്‍ 2024
ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ എം.ആര്.ഐ സ്കാനിലാണ് ലോസ് ആഞ്ചലസ് രൂപതയ്ക്കുവേണ്ടി പഠനം നടത്തിക്കൊണ്ടിരുന്ന സെമിനാരിയന്റെ ആക്കിലസ് ടെന്റണ് സാരമായ പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ എം.ആര്.ഐ സ്കാനില്‍ ഗുരുതരമായ പരിക്കാണെന്നും അദ്ദേഹത്തോട് ഓര്‍ത്തോപീഡിക് സര്‍ജനെ കാണുവാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. കാലിന്റെ വേദന കൊണ്ട് ആകുലനായ അദ്ദേഹം അടുത്ത ദിവസം തന്നെ വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രസാറ്റിയോടുള്ള നൊവനേ ആരംഭിച്ചു. അദ്ദേഹത്തിന് ഏറെ പ്രിയങ്കരനായ വ്യക്തിയായിരുന്നു വാഴ്ത്തപ്പെട്ട പിയര്‍. ചാപ്പലില്‍വെച്ച് കരഞ്ഞുകൊണ്ട് നൊവേന ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണങ്കാലില്‍ വലിയ ചൂട് അനുഭവപ്പെട്ടു.
ഒരാഴ്ചയ്ക്ക്ശേഷം ഓര്‍ത്തോപീഡിക് സര്‍ജനെ കാണാന്‍ ചെന്നപ്പോള്‍, എം.ആര്.ഐ സ്കാന്‍ റിപ്പോര്‍ട്ടിലേക്കും കാലിലേക്കും മാറിമാറി നോക്കി സര്ജന് അവനോട് ചോദിച്ചു. ' സ്വര്‍ഗ്ഗത്തില്‍ താങ്കളെ ഇഷ്ടമുള്ള ആരോ ഉണ്ടല്ലോ?'
പെട്ടെന്നു തന്നെ കാലിന് കാര്യമായ പരിക്കേറ്റ സെമിനാരിയന് വീണ്ടും ബാസ്ക്കറ്റ് കളിക്കുവാന്‍ സാധിച്ചു. ഈ ആത്ഭുതം രൂപതാതലത്തിലുള്ള ഇന്‍ക്വയറി കമ്മീഷനും ഡയകാസ്റ്ററി ഫോര്‍ ദ കോസസ് ഓഫ് ദ സെയിന്റ്സ് മെഡിക്കല്‍ ബോര്‍ഡും, തിയോളജിയന്സും ഒക്കെ വിശദമായി പഠിച്ച് അംഗീകരിച്ചു. 2023 ല്‍ ആ സെമിനാരിയന് വൈദികനായി പൗരോഹിത്യം സ്വീകരിച്ചു.
പ്രശസ്ത ഇറ്റാലിയന്‍ പത്രം ലാ സ്റ്റാമ്പയുടെ സ്ഥാപകന്റെ മകനാണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുവാന്‍ പോകുന്ന ചെറുപ്പക്കാരന്. വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രസാറ്റി. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം ദരിദ്രരെയും രോഗികളെയും ആലംബഹീനരെയും ഒക്കെ പരിപാലിക്കുന്നതില്‍ മുമ്പന്തിയിലായിരുന്നു. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയില്‍ അംഗമായിരുന്നു. അതിനിടയിലും അദ്ദേഹം തനിക്കിഷ്ടമുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. മലകയറ്റമായിരുന്നു ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ ഏറ്റവും ്അവസാനം എടുത്ത മലകയറുന്ന ഫോട്ടോയില്‍ അദ്ദേഹം കുറിച്ചത് വേഴ്സോ എല്‍ ആള്‍ട്ടോ എന്നായിരുന്നു. ആ ലത്തീന്‍ വാക്കുകളുടെ അര്‍ത്ഥം ഉയരങ്ങളിലേക്ക് എന്നായിരുന്നു. അത് അന്വര്‍ത്ഥമാക്കിക്കൊണ്ട് വിശുദ്ധിയുടെ ഉന്നതങ്ങളിലേക്ക് അദ്ദേഹം വൈകാതെ കയറിപ്പോയി.
1925 ജൂലൈ 4 ന് 24-ാമത്തെ വയസില്‍ ഫ്രസാറ്റി പോളിയോ ബാധിച്ച് മരിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന് പിന്നീട് സ്ഥിരീകരിച്ചു. 1990 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ പിയര്‍ ജിയോര്‍ജിയോയെ വാഴ്ത്ത്പ്പെട്ടനായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായും.
അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ട് അന്ന് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ പറഞ്ഞതിങ്ങനെയായിരുന്നു...
പിയര്‍ ജിയോര്‍ജിയോ സമ്പന്നമായ ഒരു അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബത്തിലാണ് ജനിച്ചത്, എന്നാല്‍ കമ്പിളിപ്പുതപ്പിനുള്ളിലെ ചൂടിനുള്ളിലല്ല അവന് വളര്‍ന്നത്, സുഖിച്ച് ജീവിക്കുവാനും മെനക്കെട്ടില്ല, കാരണം അവന്റെ ഉള്ളിലുണ്ടായിരുന്നത് പരിശുദ്ധാത്മാവിന്റെ ജീവരക്തമായിരുന്നു, അവനില്‍ നിറഞ്ഞുനിന്നത് ഈശോയോടും സഹോദരന്മാരോടുമുള്ള സ്നേഹമായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com