മതത്തെയും മനുഷ്യനെയും കാരുണ്യവത്കരിച്ച മദര്‍
ജോണ്‍ മണ്ണാറത്തറ CMI - സെപ്തംബര്‍ 2020
1929ല്‍ ആണ് മദര്‍ തെരേസ കല്‍ക്കട്ടയിലെത്തിയത്. യുഗോസ്ലാവിയയില്‍ നിന്നുള്ള ലൊറേറ്റ സിസ്റ്റേഴ്സ് കല്‍ക്കട്ടയില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. 1946 ല്‍ ധ്യാനത്തിനും പ്രാര്‍ഥനക്കും വേണ്ടി ഡാര്‍ജീലിംഗിലേക്ക് ട്രെയിന്‍ യാത്ര ചെയ്യുമ്പോഴാണ് ചേരിയെ തന്റെ കര്‍മ്മഭൂമിയായി തിരഞ്ഞെടുക്കാന്‍ ഉള്‍പ്രേരണ ഉണ്ടായത്. സ്വസ്ഥതയും സുഖവും സമാധാനവും അനുഭവിച്ചിരുന്ന മദറിനെ ഹതഭാഗ്യരുടെ ദുരിതലോകം അസ്വസ്ഥമാക്കാന്‍ തുടങ്ങി. ധന്യതയില്‍ കൂടാരം തീര്‍ത്ത ഈ സന്യാസിനിക്ക് അതിധന്യതയിലേക്കുള്ള വിളിയായിരുന്നു അത്. "It was a call within my vocation. It was a second calling" എന്നാാണ് മദര്‍ ഇതിനെ വിശേഷിപ്പിച്ചത്. പുതിയ ദൗത്യത്തിന് കല്‍ക്കട്ട ആര്‍ച്ച്ബിഷപ്പിന്റെയും ലൊറേറ്റ മദര്‍ ജനറലിന്റെയും പോപ്പിന്റെയും സമ്മതപത്രങ്ങളും മദര്‍ കൈപ്പറ്റി. പാറ്റ്നയിലുള്ള സിസ്റ്റേഴ്സില്‍നിന്നും ആതുരശുശ്രൂഷയില്‍ പരിശീലനവും നേടിയാണ് ചേരിയിലേക്കിറങ്ങിയത്.
ഇന്ത്യയിലെ അനേകലക്ഷം ദരിദ്രരുടെ വസ്ത്രധാരണരീതി ഗാന്ധി അവലംബിച്ചു. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞതിന്റെ ഫലമായിരുന്നു അത്. വെള്ളനിറവും നീല കരകളുള്ള അലക്കുതൊഴിലാളികളുടെ സാരിയാണ് മദര്‍ തെരേ സന്യാസവസ്ത്രമായി തിരഞ്ഞെടുത്തത്.
മാലിന്യത്തെ നിര്‍മ്മാര്‍ജനം ചെയ്യുന്ന സ്ത്രീകളുടെ ഈ വേഷം പ്രതീകാത്മകം കൂടിയായിരുന്നു. വെളുപ്പ് വിശുദ്ധിയുടെയും നൈര്‍മല്യത്തിന്റെയും പ്രതീകമാണ്. നീല അനന്തതയുടെയും. വിശുദ്ധിയെ അനന്തതയുടെ കരയില്‍ കൊണ്ടെത്തിക്കുകയായിരുന്നു മദറിന്റെ ശ്രമം. മദറിന്റെ വസ്ത്രം നിത്യതയുടെ തീരത്തെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മനുഷ്യരെ നിത്യതയുടെ തീരത്തെത്തിക്കാന്‍ ഒരു കടത്തുകാരിയാകുകയെന്നതും മദറിന്റെ നിയോഗമായിരുന്നു. ഭൂരിപക്ഷം മനുഷ്യരുടെ നില ശോചനീയമായിരിക്കെ, തങ്ങളുടെ മെച്ചമായ വസ്ത്രധാരണം അഹംഭാവമാകുമെന്ന തിരിച്ചറിവ് ഗാന്ധിക്കും മദറിനും ഉണ്ടായിരുന്നു. തങ്ങളുടെ സന്തോഷത്തിന്റെയും സന്ദേഹത്തിന്റെയും അളവുകോല്‍ പാവപ്പെട്ടവരുടെ ഭാഗധേയമായിരിക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ജീവിതത്തിന്റെ നാല്ക്കവലയില് ഭാവിയെപ്പറ്റിയുള്ള സുനിശ്ചിതമായ ദിശാബോധവും അതിനുവേണ്ട പരിവര്‍ത്തിത ജീവിതവുമാണ് മദറിലും ഗാന്ധിയിലും നാം കാണുന്നത്. അടിസ്ഥാനപരമായി ഒരാളുടെ ഉള്‍വിളിയുടെ ആന്തരികലോകമാണ് വേറിട്ട ജീവിതവഴി തിരഞ്ഞെടുക്കാന്‍ അയാളെ നിര്‍ബന്ധിക്കുന്നത്. സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന ജീവിതം ഒരാള്‍ ഏറ്റെടുക്കുന്ന വിളിയുടെ ഔന്നത്യംകൊണ്ട് ഏവരേയും അയാളിലേക്ക് ആകര്‍ഷിക്കുന്നു.
ബില്ഹൈബെല്സ്തന്റെ വിശുദ്ധമായ അസംതൃപ്തി (Holy Discontent) എന്ന പുസ്തകത്തില്‍ അടിമത്തത്തോട് സമരം ചെയ്ത് സ്വാതന്ത്ര്യത്തിലേക്ക് ഒരു ജനതയെ നയിച്ച മോസസിനെപ്പോലുള്ള ബൈബിള്‍ കഥാപാത്രങ്ങളെ അപഗ്രഥിക്കുകയാണ്. മനുഷ്യാന്തസിനെ ആദരിക്കാത്ത ഭരണകൂടത്തോടാണ് മോസസ് അസ്വസ്ഥനാകുന്നത്. ചെറുത്തുനില്പും സമരംചെയ്യലും മദറിന്റെവഴിയായിരുന്നില്ല. ഒരിക്കല്‍ തിരഞ്ഞെടുത്ത വിളിയോട് സംതൃപ്തയാകാതിരിക്കുന്നിടത്താണ് മദര്‍ തന്റെ വിശുദ്ധമായ അസംതൃപ്തി മനസിലാക്കിയത്. ഇവിടെ മദര്‍ സമരം ചെയ്തത് തന്നോടുതന്നെയായിരുന്നു. അങ്ങനെയാണ് അരികുവല്‍ക്കരിക്കപ്പെട്ടവരെ സ്നേഹത്തിന്റെ സത്രത്തിലെത്തിക്കാനും അവരുടെ മുറിവുകള്‍ വെച്ചുകെട്ടാനുമുള്ള പ്രാര്‍ഥനാനിര്‍ഭരമായ വഴിയാണ് മദര്‍ തിരഞ്ഞെടുത്തത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ആര്‍ദ്രതയുടെ കൂടാരങ്ങള്‍ പണിയുവാനായിരുന്നു മദറിന്റെ വിളി. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട വ്രണിതരെയാണ് മദര്‍ നെഞ്ചിലേറ്റിയത്.
മനുഷ്യരെ ദൈവത്തിന് എത്രയെക്ക് എത്രക്ക് ആര്ദ്രമാക്കാന് കഴിയുമെന്നതിന്റെ ദൃഷ്ടാന്തമാണ് മദര്‍ തെരേസ. അലിവായി മാറാന്‍ എത്ര ചെറുതാകണം, ആരോടൊപ്പമായിരിക്കണം, മതം നല്കുന്ന ഏതു പാഠം സമ്യക്കായി ജീവിക്കണം, ഏതൊക്കെ സ്വസ്ഥതകളെ വേണ്ടെുവെയ്ക്കണം, ഇതൊക്കെ മദറിന്റെ ജീവിതം സുവ്യക്തമാക്കിത്തരുന്നുണ്ട്.
മനുഷ്യര്‍ അദ്വിതീയരും വിശുദ്ധരും ആകുന്നത് ആദ്യം ദ്വിതീയരാകുമ്പോഴാണ്. മദറിന്റെ പുനര്‍ജനി അലിവായിട്ടായിരുന്നു. കാരുണ്യത്തിന്റെ മാതൃരൂപമാണ് അവര്‍. സ്ത്രീയെന്ന നിലയില്‍ ക്രിസ്തുവെന്ന പ്രാണേശ്വരന്റെ ഹൃദയത്തോട് അടുക്കാനുള്ള തീര്‍ത്ഥാടനമായിരുന്നു മദറിന്റെ ജീവിതം. ക്രിസ്തുവിന്റെ കാരുണ്യം ഹൃദയം കൊണ്ടറിഞ്ഞ ഒരുകൂട്ടം സ്ത്രീകള്‍ അന്നും ഉണ്ടായിരുന്നു. പാവപ്പെട്ടവന്റെ ദുരിതപര്‍വ്വം ക്രിസ്തുവിന്റെ ഹൃദയത്തിലൂടെ നോക്കിക്കാണുകയായിരുന്നു മദര്‍. ആത്മസാക്ഷാത്ക്കാരം തനിച്ചല്ല, പതിതരോടൊപ്പമാണെന്ന് അറിയുന്നതാണ് നല്ല സമൂഹ്യബോധം. ക്രിസ്തുവിനോടുള്ള ആത്മൈക്യമാണ് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ആല്‍കമി. തന്റെ ശ്രമങ്ങള്‍ വിജയിക്കുമെന്ന ആത്മവിശ്വാസം എങ്ങനെ കിട്ടിയെന്ന മാല്‍കം മഗറിഡ്ജിന്റെ ചോദ്യത്തിന് മദറിന്റെ മറുപടി ഇങ്ങനെയാണ്: 'ക്രിസ്തു എന്നെക്കൊണ്ട് ചെയ്യിക്കും. എനിക്കല്ല, ക്രിസ്തുവിനാണ് അതിന്റെ കര്‍തൃത്വം. ഞാന്‍ പരാജയപ്പെടുകയില്ലെന്ന് അതുകൊണ്ടാണ് എനിക്ക് ബോധ്യമുള്ളത്.'
മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതിയുടെ പ്രതിഭാസമാണ് രക്തബന്ധവും പ്രണയവു ംസംഘബോധവും. 'അമ്മ കുഞ്ഞിനെ മറന്നാലും ഞാന്‍ മറക്കില്ല' എന്ന വേദവാചകം അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു മദറിന്റേത്. രക്തബന്ധങ്ങളിലും സ്വാര്‍ത്ഥതയുടെ പൂരണങ്ങളുണ്ട് ധാരാളം. കണക്കുകളും കണക്കുകൂട്ടലുകളും കുടുംബങ്ങള്‍ക്കുണ്ട്. പ്രകൃതി ഒരിക്കലും ഒരേ തീവ്രതയില്‍ എന്നേക്കുമായി സ്ത്രീപുരുഷന്മാരെ ചേര്‍ത്തുനിര്‍ത്തുന്നില്ല. മക്കളെയും മാതാപിതാക്കډാരെയും ചേര്‍ത്തു നിര്‍ത്തുന്നില്ല. ആദാനപ്രദാനങ്ങളുടെ ഊഷ്മളഭാവത്തെ കുടുംബാന്തരീക്ഷത്തിലാണ് നാം അനുഭവിക്കാറുള്ളത്. എന്നാല്‍ അനാഥരാക്കപ്പെടുന്ന മനുഷ്യന്റെ ദുര്യോഗം ബാല്യത്തിലും വാര്‍ധക്യത്തിലും രോഗത്തിലും വേര്‍പാടിലും 'ഹ്യൂമന്‍ പ്രെഡിക്കമെന്റാ'ണ്. ഇവിടെയാണ് അലിവിന്റെ അമ്മയുടെ പ്രസക്തി.
മനുഷ്യന്റെ അസ്തിത്വദുഃഖങ്ങളെ താത്വികമായി അഭിസംബോധന ചെയ്യാനല്ല സുകൃതകര്മ്മങ്ങള്കൊണ്ട് തലോടാനാണ് മദര്‍ മുതിര്‍ന്നത്. ആശയങ്ങളല്ല, ആളുകളാണ് വലുത്. 'പിന്നീടല്ല ഇപ്പോഴാണ് വേണ്ടത്. അപരനുകൂടിയല്ലെങ്കില് എന്റെ ജീവിതം എത്ര നിരര്‍ത്ഥകം' എന്ന് 'തല്മുദി'ല്‍ പറയുുണ്ട്. മദറിന്റെ ജീവിതം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്.
രക്തബന്ധം പരാജയപ്പെടുന്നിടത്ത് ദൈവം ആത്മബന്ധമായി അവതരിക്കും. ഇതാണ് പെറ്റമ്മ മറന്നാലും താങ്ങും തണലുമാകാന്‍ ദൈവം ഉണ്ടാകുമെന്ന് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. ദൈവത്തിന്റെ ഈ ഉറപ്പ് വിശുദ്ധരിലൂടെയും മഹാത്മാക്കളിലൂടെയും നിറവേറ്റുന്നതായാണ് നമ്മുടെ അനുഭവം. അതുകൊണ്ടാണ് കെടുതികളും യുദ്ധങ്ങളും മനുഷ്യന്റെ ക്രൂരതയും സൃഷ്ടിക്കുന്ന ദുരന്തബോധത്തിലും നിഹിലിസത്തിലും തളരാതെ എല്ലാം ശുഭാന്ത്യമായി പരിണമിപ്പിക്കുന്ന ദൈവപരിപാലനയില്‍ മനുഷ്യര്‍ ആശ്രയിക്കുന്നത്. മദറിന്റെ ജോലി ദൈവകരങ്ങളിലാണ് മനുഷ്യരെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തലായിരുന്നു. 'ദൈവത്തിനുവേണ്ടി മനോഹരമായത് വല്ലതും ചെയ്യുക' എന്ന അഭിവാഞ്ചയാണ്മദറിനുണ്ടായിരുന്നത്.
ക്രിസ്തു മരിച്ചപ്പോള്‍ അവന്റെ അനുകമ്പ ഏറ്റുവാങ്ങിയവരുടെ നൊമ്പരംപോലെ, മദര്‍ മരിച്ചപ്പോള്‍ അലമുറയിട്ടുകരഞ്ഞത് മദര്‍ സനാഥരാക്കിത്തീര്ത്ത മനുഷ്യരാണ്. മദറിനെ ജീവനിലേക്ക് തിരികെ വിളിക്കാന്‍ നമുക്കാവില്ലല്ലോ. കനിവിന്റെ കണങ്ങള്‍ ആത്മാംശമായുള്ള നമുക്ക് 'കാരുണ്യമേ എന്നില്‍ ഉണരൂ' എന്ന് പ്രാര്ഥിക്കാനേയാകൂ. ഓരോരുത്തരിലും അലിവുണര്ന്നാല് ഈ ഭൂമി സ്വര്‍ഗമാകും.'സ്നേഹിക്കാന്‍ മെച്ചമായ സ്ഥലം ഭൂമിയായിരിക്കെ അതിനു വേറെ എവിടെയാണു പോകേണ്ടത്'എന്ന് റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞത് മദര്‍ സ്നേഹിച്ച ഭൂമിയെ നോക്കിയാണെന്നും വ്യാഖ്യാനിക്കാവുന്നതാണ്. നാം മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയല്ല, മദര്‍ മനുഷ്യരെ വിശുദ്ധിയുടെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്.
Send your feedback to : onlinekeralacatholic@gmail.com